ഒരു പിതാവ് തന്റെ മകളും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടും, രൂക്ഷമാകുമ്പോള്‍ മകള്‍ മാതാപിതാക്കളുടെ കൂടെ ഫ്ളാറ്റില്‍ വന്നു നില്‍ക്കും. ഇത്തവണ കാര്യങ്ങള്‍ അല്‍പം രൂക്ഷമായി.
എല്ലാവരെയും വിശദമായി കേട്ടപ്പോള്‍ പ്രശ്നങ്ങള്‍ ഗൗരവപ്പെട്ടതൊന്നുമല്ലെന്ന് മനസ്സിലായി. പരിഹരിക്കാന്‍ അധിക സമയം എടുത്തതുമില്ല.
മകളുടെ ഭര്‍ത്താവിന് ചില പെരുമാറ്റ പ്രശ്നങ്ങളുണ്ട്. അത് ഭാര്യയുടെ അടുത്താണ് അധികവും പ്രകടമാവുക.
എന്നാല്‍, അവളുടെ മാതാപിതാക്കളുടെ മുന്നില്‍ അയാള്‍ പൊതുവില്‍ നല്ല സമീപനം സ്വീകരിക്കുന്നവനാണ്. അതുകൊണ്ടുതന്നെ മകള്‍ പറയുന്നത് മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവര്‍ പലപ്പോഴും മകളെ കുറ്റപ്പെടുത്തും. ഇതവള്‍ക്ക് സഹിക്കാന്‍ പ്രയാസമായിരുന്നു. മാതാപിതാക്കളുമായുള്ള വിശദമായ ചര്‍ച്ചയില്‍നിന്ന് മകളുടെ ഭര്‍ത്താവിന്റെ പല പ്രശ്നങ്ങളും അവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചു. യഥാര്‍ഥത്തില്‍ ഭര്‍ത്താവിന് ചില വ്യക്തിത്വ വൈകല്യങ്ങള്‍ ഉണ്ടായിരുന്നു, ഏറ്റവും അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ചിലത്.
പരിഹാരമാര്‍ഗങ്ങളില്‍ പ്രധാനം മാതാപിതാക്കളുടെ സമീപന രീതിയില്‍ വരുത്തിയ മാറ്റങ്ങളായിരുന്നു. മകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ അവര്‍ അംഗീകരിച്ചു, അവര്‍ മകളെ മനസ്സിലാക്കി പെരുമാറാന്‍ തുടങ്ങി,
ഭര്‍ത്താവിനോടുള്ള സമീപനത്തിലും ഗുണപരമായിത്തന്നെ മാറ്റങ്ങള്‍ വരുത്തി. 'സ്വന്തം മാതാപിതാക്കള്‍ എന്നെ മനസ്സിലാക്കിയല്ലോ, അതുമതി എനിക്ക്, ഇനി കാര്യങ്ങള്‍ ഏറക്കുറെ എനിക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ' - അവള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
കുടുംബ ജീവിതത്തെ, ദാമ്പത്യത്തെ അസ്വസ്ഥമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണ് വ്യക്തിത്വ വൈകല്യങ്ങള്‍ (Personality Disorder). സ്ത്രീക്കും പുരുഷനും ഇതുണ്ടാകാം. ചിലപ്പോള്‍, കുടുംബാംഗങ്ങള്‍ക്കോ, മാതാപിതാക്കള്‍ക്ക് തന്നെയോ
ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ചില വ്യക്തിത്വ വൈകല്യങ്ങള്‍ വളരെയേറെ ഇഴുകിച്ചേര്‍ന്ന് സാമാന്യം ദീര്‍ഘമായി ഒരുമിച്ച് ജീവിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. പൊതുവായി ഇടപെടുന്നവര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.
ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മക്കള്‍ക്ക് ലഭിക്കേണ്ട പരിഹാരങ്ങളിലൊന്ന് മാതാപിതാക്കളുടെ ചേര്‍ത്തുപിടിക്കലാണ്. പെണ്‍മക്കള്‍ക്ക് മാത്രമല്ല, ആണ്‍മക്കള്‍ക്കും. വിവാഹം കഴിഞ്ഞ മക്കള്‍ ചിലപ്പോള്‍ പലതരം പ്രയാസങ്ങള്‍ നേരിടുന്നുണ്ടാകാം. പലപ്പോഴും മാതാപിതാക്കള്‍ അത് അറിയുന്നുണ്ടാകില്ല. മാതാപിതാക്കളോട് തുറന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യങ്ങളും ചിലര്‍ക്കുണ്ട്, ഇത് രക്ഷിതാക്കളുടെ നിലപാടുകൊണ്ടാകാം, മക്കളുടെ പ്രകൃതം കാരണമാകാം. കൃത്യസമയത്ത് കാര്യങ്ങള്‍ പറയുകയോ അറിയുകയോ ഗൗരവത്തില്‍ കാണുകയോ പരിഹരിക്കുകയോ ചെയ്യാതിരിക്കുമ്പോള്‍ ഗുരുതരമായ ദുരന്തങ്ങള്‍ക്ക് അത് വഴിതുറക്കുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും മാനസിക രോഗങ്ങളും മറ്റുമൊക്കെയായിരിക്കും ഫലം. അല്ലെങ്കില്‍, ഇത്തരം ദമ്പതികളുടെ കുട്ടികള്‍ വലിയ വ്യക്തിത്വ പ്രശ്നങ്ങളുള്ളവരായി വളരുകയും ചെയ്യാം.
സമീപകാലത്ത് നടന്ന നാല് ആത്മഹത്യകളുടെ വാര്‍ത്തകള്‍ ശ്രദ്ധിച്ച് നോക്കൂ. ഷാര്‍ജ, കൊണ്ടോട്ടി, നാദാപുരം, കൊല്ലം, മഞ്ചേരി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഈയിടെ നടന്ന ആത്മഹത്യാ ദുരന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനങ്ങളും സാമ്പത്തിക ചൂഷണങ്ങളുമാണ് പല പെണ്‍കുട്ടികളെയും ആത്മഹത്യയിലേക്ക് നയിച്ചത്. ഏറെ വേദനിപ്പിക്കുന്ന കാര്യം, ഭര്‍ത്താവിന്റെ വീട്ടില്‍, തങ്ങളുടെ മകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പല മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു എന്നതാണ്. മകളുടെ ആത്മഹത്യക്ക് ശേഷം, 'അവനും വീട്ടുകാരും എന്റെ മകളെ കൊന്നതാണ്, അവരുടെ പീഡനങ്ങളെ കുറിച്ച് അവള്‍ എന്നോട് പറയാറുണ്ടായിരുന്നു, അവളുടെ മെസേജ് ഇതാ ഫോണിലുണ്ട്....' എന്നൊക്കെ രക്ഷിതാക്കളും ബന്ധുക്കളും പറയാറുണ്ട്. അതിനര്‍ഥം, പെണ്‍മക്കള്‍ അനുഭവിക്കുന്ന പീഡനത്തെ കുറിച്ച് പലപ്പോഴും രക്ഷിതാക്കള്‍ക്ക് അറിയാം എന്നതാണ്. പക്ഷേ, ചില രക്ഷിതാക്കളെങ്കിലും അവയെ മുഖവിലക്ക് എടുക്കാറില്ല.
അനിയത്തിമാരുടെ കല്യാണം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, എല്ലാ പ്രയാസങ്ങളും സഹിക്കേണ്ടവളാണ് പെണ്ണ് എന്ന ധാരണ, നീ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കൂ എന്ന ഉപദേശം, തിരികെ വന്നാല്‍ ബാധ്യതയാകുന്ന സഹോദരന്മാരുടെ പേടി.... അറിയാവുന്ന യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെ പല കാരണങ്ങളാല്‍ അവഗണിക്കുകയാണ് പലരും ചെയ്യാറുള്ളത്.
'എനിക്ക് പറ്റില്ല അമ്മേ, എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ, അതു നടന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല....' എന്നെല്ലാം പല തവണ സ്വന്തം വീട്ടുകാരോട് കരഞ്ഞ് പറഞ്ഞിട്ടും പരിഹാരമില്ലാതെ വന്ന പെണ്‍കുട്ടികള്‍ ഒടുവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍, ഭര്‍ത്താവും വീട്ടുകാരും മാത്രമാണോ അതിന് ഉത്തരവാദികള്‍!
വിവാഹ ഉടമ്പടി (നികാഹ്) കഴിഞ്ഞ് ഒരാഴ്ചക്കകം ഭര്‍ത്താവിന്റെ ചില പ്രശ്നങ്ങള്‍ ബോധ്യപ്പെട്ട മകള്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചു. മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടുത്താനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരുടെയും മാതാപിതാക്കള്‍ പെട്ടെന്നു തന്നെ വിഷയം മനസ്സിലാക്കുകയും കൗണ്‍സലറുടെ അടുത്ത് പോയി ഗുണപരമായ രീതിയില്‍ പരിഹരിക്കുകയും ചെയ്തു. ഇരുവരും ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു.
ചര്‍ച്ചകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍, ഉപ്പ മകളോട് പറഞ്ഞു:'മോളേ, നിങ്ങള്‍ രണ്ട് സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്, വ്യത്യസ്ത സ്വഭാവ പ്രകൃതമുള്ളവര്‍, ചില കാര്യങ്ങളൊക്കെ മനസ്സിലാക്കിയും ചിലതിലെല്ലാം വിട്ടുവീഴ്ച ചെയ്തു മുന്നോട്ടു പോകണം, അതാണ് ജീവിതം.
പക്ഷേ, പ്രയാസങ്ങള്‍ പരിധിക്കപ്പുറത്തേക്ക് പോകുന്നുണ്ടെങ്കില്‍ തുറന്ന് പറയാന്‍ താമസിക്കരുത്, ജീവിതം ദുനിയാവില്‍ നരകിച്ച് തീര്‍ക്കാനുള്ളതല്ല.... ഞങ്ങളെപ്പോഴും നിന്റെ കൂടെയുണ്ട്'!
ആ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം ആകാശത്തോളം ഉയരാന്‍ ഈ വാക്കുകളെക്കാള്‍ വലുതൊന്നും അവള്‍ക്ക് കിട്ടാനില്ല. പക്ഷേ, വിവാഹാനന്തരം മാതാപിതാക്കള്‍ മക്കളെ മനസ്സിലാക്കുന്നത് ചിലരുടെയൊക്കെ കാര്യത്തില്‍ തീരെ കുറഞ്ഞുപോകുന്നുണ്ട്. ഇതാണ് പലരും ജീവന്‍ നഷ്ടപ്പെടുത്തുന്നത്. ചിലരുടെ കാര്യത്തില്‍, മാതാപിതാക്കളുടെ അന്വേഷണവും ഇടപെടലും കൂടുതലായിരിക്കും; ഇത് പലരുടെയും ദാമ്പത്യ ജീവിതം തകര്‍ക്കുകയും ചെയ്യുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഭാര്യയുടെ പ്രശ്‌നങ്ങള്‍ മൂലം പ്രയാസപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍. കുറച്ച് മാസങ്ങള്‍ പലതും സഹിച്ച് മുന്നോട്ട് പോകുന്നു. ശേഷം, സ്വന്തം വീട്ടുകാരോട് വിഷയം അവതരിപ്പിച്ചപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
'എല്ലാം സഹിച്ച് മുന്നോട്ട് പോവുക, നമുക്ക് നാട്ടുകാരുടെയും കുടുംബക്കാരുടെയും മുഖത്ത് നോക്കണ്ടേ, നിന്റെ അനിയന്മാരുടെയും അനിയത്തിയുടെയും വിവാഹങ്ങള്‍ നടത്തണ്ടേ....' ആ ചെറുപ്പക്കാരന്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുഴുവന്‍ കേള്‍ക്കാന്‍ പോലും സ്വന്തം മാതാപിതാക്കള്‍ ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ല. അവര്‍ യാഥാര്‍ഥ്യ ലോകത്തേക്ക് വരാന്‍ കുറേ സമയമെടുത്തു. മാതാപിതാക്കള്‍ ഇങ്ങനെ നിഷേധാത്മക സമീപനം ഉള്ളവരായാല്‍ മക്കളുടെ ജീവിതം കൈവിട്ടു പോകും. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു സംഭവമുണ്ട്: മകന്‍ വിവാഹം ചെയ്ത് കൊണ്ടുവന്ന പെണ്‍കുട്ടി, തങ്ങളുടെ മകനില്‍നിന്ന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ടറിഞ്ഞത് അവന്റെ മാതാപിതാക്കള്‍ തന്നെയാണ്. അവര്‍ ആ വിവാഹബന്ധം വേര്‍പെടുത്തിച്ചു, അവള്‍ക്ക് മറ്റൊരു ഭര്‍ത്താവിനെ കണ്ടെത്തി, വിവാഹം ചെയ്തുകൊടുത്തു. മറ്റൊരു വീട്ടില്‍ രണ്ടാമത്തെ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും എല്ലാ പിന്തുണയും നല്‍കുന്നത് ആദ്യ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തന്നെ. ഇങ്ങനെയും ചിലരുണ്ട്, മനുഷ്യത്വത്തിന്റെ മാലാഖമാരായി!
മക്കളുടെ വിവാഹത്തോടെ മാതാപിതാക്കളുടെ ഉത്തരവാദിത്വം തീരുന്നില്ല. തുടര്‍ന്നും തങ്ങളുടെ സ്നേഹവും കരുതലും ശരിയായ രീതിയില്‍, ഗുണപരമായി മക്കള്‍ക്ക് നല്‍കണം. ഭാരവും ബാധ്യതയുമായി കരുതി മക്കളെ വിവാഹത്തോടെ കൈയൊഴിക്കുന്നത് ശരിയായ നിലപാടല്ല. വിവാഹിതരായ മക്കള്‍ അവരുടേതായ ജീവിതം സമാധാനത്തോടെ ജീവിക്കട്ടെ. അപ്പോഴും മാതാപിതാക്കളുടെ മനസ്സും വീടിനകത്തെ അവരുടെ മുറിയും വിവാഹം കഴിഞ്ഞ് പോയ മക്കള്‍ക്കായി
തുറന്നു തന്നെ ഇരിക്കണം. അവരുടെ പ്രയാസങ്ങളില്‍ താങ്ങായി നില്‍ക്കണം. രക്ഷിതാക്കളേ, നിങ്ങളുടെ മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ ജീവിക്കുന്ന കാലമത്രയും അവര്‍ മക്കള്‍ തന്നെയാണ്. അവര്‍ മാതാപിതാക്കളുടെ സ്നേഹ സാന്ത്വനം നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ, പേരക്കുട്ടികളുള്ള ഒരു വല്യുമ്മ, സ്വന്തം പിതാവ് മരണപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞപ്പോഴും കണ്ണു നിറച്ചുകൊണ്ട് പറഞ്ഞത്, 'ഉപ്പ മരിച്ചതോടെ ഞാന്‍ യതീമായി' എന്നാണ്! അമ്പതാം വയസ്സിലും അനുഭവപ്പെടുന്ന ഈ അനാഥത്വത്തെ കുറിച്ച് ആലോചിച്ച് നോക്കൂ. മാതാപിതാക്കളും സഹോദരങ്ങളും ജീവിച്ചിരിക്കെ അനാഥത്വം അനുഭവപ്പെടുന്ന വിവാഹിതരായ നിരവധി മക്കള്‍, വിശേഷിച്ചും പെണ്‍മക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്.
'ഞാനെന്റെ മകളെ ഇത്രയും കാലം വളര്‍ത്തി നിങ്ങളെ ഏല്‍പിക്കുകയാണ്, അവളെ നന്നായി നോക്കുമെന്ന് എനിക്കറിയാം. എങ്ങാനും നിങ്ങള്‍ക്ക് അവള്‍ ഭാരമായി തോന്നിയാല്‍, അവളെ തല്ലാനും കൊല്ലാനും നില്‍ക്കരുത്, എന്നോട് പറഞ്ഞാല്‍ മതി, ഞാന്‍ അവളെ സ്വീകരിച്ചോളാം...'
വിവാഹം കഴിഞ്ഞ് മകളെ യാത്രയാക്കുമ്പോള്‍, അവളെ കെട്ടിപ്പിടിച്ച്, ഒരു പിതാവ് അടുത്ത് നില്‍ക്കുന്ന പുയ്യാപ്ലയോട് പറയുന്നത് ഈയിടെ ഒരു വീഡിയോയില്‍ കാണാനിടയായി. ഓര്‍ക്കുക, വിവാഹം കഴിച്ചയച്ച പെണ്‍മക്കള്‍ താമസം മാറുന്നത് വീട്ടില്‍നിന്ന് മാത്രമാണ്. അവരെ കുടുംബത്തില്‍നിന്ന് അടര്‍ത്തി മാറ്റുന്നില്ല, മനസ്സില്‍നിന്ന് ഇറക്കിവിടുന്നുമില്ല. അവര്‍ മറ്റൊരാളുടെ ഭാര്യയോ, ഭര്‍ത്താവോ ആയാലും മാതാപിതാക്കളുടെ മക്കള്‍ തന്നെയാണ്.