ഏറ്റവും ലളിതമായ രൂപത്തില്‍, ജീവിതത്തിലെ അനിശ്ചിതത്വങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്ന നഷ്ടങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി രൂപകല്‍പന ചെയ്ത ഒരു സാമ്പത്തിക ക്രമീകരണമാണ് ഇന്‍ഷുറന്‍സ്. ഒരു വ്യക്തിയോ ഒരു സ്ഥാപനമോ (പോളിസി ഉടമ Policy Holder) ഒരു നിശ്ചിത തുക (പ്രീമിയം) ഇന്‍ഷുറര്‍ക്ക് (Insurer) നല്‍കുന്ന ഒരു കരാറാണിത്. ഒരു നിര്‍ണിത നഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനത്തിന് പകരമായി ഇന്‍ഷുറര്‍ ഒരു പ്രതിഫലം സ്വീകരിക്കുന്നു. ഈ ക്രമീകരണത്തിന്റെ സാരാംശം അപകടത്തില്‍ നിന്നുദ്ഭവിക്കാന്‍ സാധ്യതയുള്ള നഷ്ടം, തനിച്ച് വഹിക്കുന്നതിന് പകരം സമാന സാഹചര്യം അഭിമുഖീകരിക്കുന്ന ഒരു വിഭാഗം ആളുകളിലേക്ക് വ്യാപിപ്പിക്കുന്നു എന്നതാണ്. ഇതിനെ റിസ്‌ക് പൂളിങ് (risk pooling) എന്ന് പറയുന്നു.
സമാനമായ ഒരു നഷ്ടം ഭയപ്പെടുന്ന കുറേയാളുകള്‍, അപകടത്തില്‍ നിന്നുദ്ഭവിച്ചേക്കാവുന്ന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതായ ഒരു തുക ഒരു പൊതുഫണ്ടിലേക്ക് നല്‍കുന്നു. ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വലിയ നഷ്ടത്തെ ഇന്നത്തെ ഒരു ചെറിയ നഷ്ടംകൊണ്ട് ഇല്ലായ്മ ചെയ്യാം എന്നതാണ് അവര്‍ക്ക് ഈ തുകകള്‍ നല്‍കുന്നതിനുള്ള പ്രേരകം. അവരില്‍ നഷ്ടം സംഭവിക്കുന്ന ഒരാള്‍ക്ക് ഈ പൊതു ഫണ്ടില്‍ നിന്നും അയാളുടെ നഷ്ടം പൂര്‍ണമായോ ഭാഗികമായോ പരിഹരിക്കാന്‍ മതിയായ തുക നല്‍കുന്നു. ഈ രീതിയില്‍ ഒരു വ്യക്തിയെ തകര്‍ത്ത് കളഞ്ഞേക്കാവുന്ന ഒരു നഷ്ടത്തെ വലിയ ഒരു സമൂഹത്തിലേക്ക് വ്യാപിപ്പിച്ച് (risk pooling) നഷ്ടത്തിന്റെ ആഘാതം ലഘൂകരിക്കുന്നു (risk mitigation). ഈ സംവിധാനം നഷ്ടത്തെയോ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തെയോ ഇല്ലാതാക്കുന്നില്ല. നഷ്ടത്തിന്റെ ആഘാതത്തെ പുനര്‍വിതരണം (redistribute) നടത്തുകയാണ് ചെയ്യുന്നത്.
അപ്രതീക്ഷിത സംഭവങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിലൂടെ, ഇന്‍ഷുറന്‍സ് വ്യക്തികളെ സംരക്ഷിക്കുക മാത്രമല്ല, വിശാലമായ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തങ്ങളുടെ സംരംഭങ്ങള്‍ വിനാശകരമായ നഷ്ടത്തില്‍നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് അറിയുമ്പോള്‍ സംരംഭത്തിനുള്ള സന്നദ്ധതയും വര്‍ധിക്കുന്നു. ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ ചെലവുകള്‍ ഇന്‍ഷ്വര്‍ ചെയ്യുമ്പോള്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ അവരുടെ ഭാവി ആസൂത്രണം ചെയ്യാന്‍ കഴിയും. സാമൂഹിക തലത്തില്‍, ഇന്‍ഷുറന്‍സ് ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്ന ഒരു ബഫറായി (buffer) പ്രവര്‍ത്തിക്കുന്നു, വ്യക്തിഗത ദുരന്തങ്ങള്‍ അപരിഹാര്യമായ പ്രതിസന്ധികളിലേക്ക് വളരുന്നത് തടയുന്നു. സാരാംശത്തില്‍, ഇന്‍ഷുറന്‍സ് ഒരു സാമൂഹികവും സാമ്പത്തികവുമായ സുരക്ഷാ കവചത്തെ പ്രതിനിധീകരിക്കുന്നു.
ഖുര്‍ആനിക അടിസ്ഥാനങ്ങള്‍
ഖുര്‍ആന്‍ വിശ്വാസികളെ നീതിയിലും പരസ്പര പിന്തുണയിലും സഹകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു:
''നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല. അല്ലാഹുവിനെ ഭയപ്പെടുവിന്‍. അവന്റെ ശിക്ഷ അതികഠിനമാകുന്നു.'' (ഖുര്‍ആന്‍, 5:2).
സഹകരണം എന്ന തത്ത്വം ഇന്‍ഷുറന്‍സിന്റെ നട്ടെല്ലാണ്. ആധുനിക ഇന്‍ഷുറന്‍സ് കോണ്‍ട്രാക്ടുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നിഷിദ്ധമായ ഘടകങ്ങളില്‍നിന്ന് മുക്തമായി ഇസ് ലാമികമായ സ്വീകാര്യതയോടു കൂടി സംഘടിപ്പിക്കപ്പെടുന്ന ഇന്‍ഷുറന്‍സ് പദ്ധതികളെ സാങ്കേതികമായി തകാഫുല്‍ എന്ന് വ്യവഹരിക്കുന്നു. അവശ്യസമയത്ത് പരസ്പരം സഹായിക്കാന്‍ വ്യക്തികള്‍ കൂട്ടായി സംഭാവന ചെയ്യുന്നതില്‍, ഈ ഖുര്‍ആനിക നിര്‍ദേശം ഉള്‍ക്കൊള്ളുന്നു.
ദോഷങ്ങള്‍ക്കെതിരെ സാധ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ഖുര്‍ആന്‍ വിശ്വാസികളോട് കല്പിക്കുന്നു:
''അവര്‍ക്കെതിരില്‍ നിങ്ങള്‍ കഴിവിന്‍പടി അധികമധികം ശക്തി സംഭരിക്കുകയും സുസജ്ജമായ കുതിരപ്പടയെ ഒരുക്കിനിര്‍ത്തുകയും ചെയ്യുവിന്‍. അതുവഴി അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താം; അവരെക്കൂടാതെ ഇപ്പോള്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതും അല്ലാഹുവിനറിയുന്നതുമായ മറ്റു ശത്രുക്കളെയും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്താവട്ടെ, അതിന് സമ്പൂര്‍ണ പ്രതിഫലം ലഭിക്കുന്നതാകുന്നു. നിങ്ങളോട് ഒരിക്കലും അനീതിയുണ്ടാവുന്നതല്ല. (ഖുര്‍ആന്‍ 8:60).
ഭാവിയിലെ അപകടസാധ്യതകള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ഇസ് ലാമിക മാര്‍ഗനിര്‍ദേശങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ തെളിവായി പണ്ഡിതന്മാര്‍ പലപ്പോഴും ഈ വാക്യം ഉദ്ധരിക്കുന്നു.
പ്രവാചകാധ്യാപനങ്ങള്‍
പരസ്പര പരിചരണത്തിന്റെയും കൂട്ടായ ഉത്തരവാദിത്വത്തിന്റെയും ആശയം മുഹമ്മദ് നബി (സ) ഊന്നിപ്പറഞ്ഞു.
''വിശ്വാസികള്‍, അവരുടെ പരസ്പര സ്‌നേഹം, കാരുണ്യം എന്നിവയില്‍ ഒരു ശരീരം പോലെയാണ്. അതിന്റെ ഒരു ഭാഗം കഷ്ടപ്പെടുകയാണെങ്കില്‍, ശരീരം മുഴുവന്‍ ഉറക്കമില്ലായ്മയും പനിയുംകൊണ്ട് പ്രതികരിക്കും'' (സ്വഹീഹ് അല്‍ ബുഖാരി, ഹദീസ് നമ്പര്‍ 6011; സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍ 2586).
ഇസ് ലാമിക ഇന്‍ഷുറന്‍സ് അഥവാ തകാഫുല്‍ എന്ന ആശയത്തിന് അടിത്തറയായ ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ആത്മാവിനെ ഈ ഹദീസ് ചിത്രീകരിക്കുന്നു. മനുഷ്യശരീരം ഒരു അവയവത്തിന്റെ കഷ്ടപ്പാടുകളോട് പ്രതികരിക്കുന്നതുപോലെ, മുസ് ലിം സമൂഹം അതിന്റെ അംഗങ്ങളുടെ ബുദ്ധിമുട്ടുകളോട് പ്രതികരിക്കണമെന്ന് പഠിപ്പിക്കുന്നു.
മറ്റൊരു ഹദീസ് സംരക്ഷണത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ബാധ്യതയെ ഊന്നിപ്പറയുന്നു:
''ഒരു മുസ് ലിം ഒരു മുസ് ലിമിന്റെ സഹോദരനാണ്. അവര്‍ അന്യോന്യം ദ്രോഹിക്കുകയോ ഉപേക്ഷിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നില്ല'' (സ്വഹീഹ് മുസ് ലിം, ഹദീസ് നമ്പര്‍ 2564).
ഈ കൂട്ടായ ധാര്‍മികത, പരസ്പരം ഉപദ്രവങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനായി മുസ് ലിംകള്‍ വിഭവങ്ങള്‍ ശേഖരിക്കുന്ന സംവിധാനങ്ങളെ പിന്തുണയ്ക്കുന്നു.
ആധുനിക ഇന്‍ഷുറന്‍സ് പോളിസികള്‍ - ശറഈ പ്രശ്‌നങ്ങള്‍
ആധുനിക വാണിജ്യ ഇന്‍ഷുറന്‍സ് ഘടനയും പ്രയോഗവും ശരീഅത്തിന്റെ പ്രധാന തത്ത്വങ്ങളുമായി വൈരുധ്യത്തിലാണ്. ഇക്കാരണത്താല്‍, ഇസ് ലാമിക നിയമജ്ഞരും സമകാലിക ഫിഖ്ഹ് കൗണ്‍സിലുകളും ആധുനിക ഇന്‍ഷുറന്‍സ് പോളിസികള്‍ അനുവദനീയമല്ലെന്ന് വിധിച്ചിട്ടുണ്ട്. പ്രധാന പ്രശ്‌നങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
പലിശ
സാമ്പത്തിക വ്യവഹാരങ്ങളിലെ നിരോധനങ്ങളില്‍ പരമ പ്രധാനമാണ് പലിശ. ഇന്‍ഷുറന്‍സ് പോളിസിയുടെ സാര്‍വത്രികമായ ഉപയുക്തത, ആധുനിക പോളിസികളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പലിശയുടെ ഖണ്ഡിതവും കഠിനവുമായ നിരോധനത്തെ അവഗണനീയമാക്കുകയില്ല. ആധുനിക പോളിസികളിലെ ക്രയവിക്രയങ്ങളും കരാറുകളും പലിശാധിഷ്ഠിതമാണ് എന്നതാണ് അതിനെ നിരോധിതമാക്കുന്നതിനുള്ള പരമപ്രധാനമായ കാരണം.
പോളിസി പ്രീമിയം സമാഹരിച്ചുകൊണ്ട് അവ പലിശാധിഷ്ഠിതമായ ഡെപ്പോസിറ്റുകളിലും, പണ-വായ്പ വിപണിയിലെ ഉപകരണങ്ങളിലും നിക്ഷേപിക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത്. സമാഹരിക്കുന്ന പ്രീമിയം തുകയുടെ 65%-75% ശതമാനം ദീര്‍ഘകാല വായ്പ ഉപകരണങ്ങളില്‍ നിക്ഷേപിക്കണമെന്നത് Insurance Regulatory & Development Authority (IRDA) മാനദണ്ഡങ്ങളില്‍ പ്രധാനമാണ്. കൂടാതെ, പല ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും പലിശയെ അടിസ്ഥാനമാക്കിയുള്ള വരുമാനം വ്യക്തമായി ഉറപ്പുനല്‍കുന്നു. ആധുനിക പോളിസികളിലെ ഈ ഒഴിവാക്കാനാവാത്ത ഘടകങ്ങള്‍ അവ അനുവദനീയമല്ലാതാക്കുന്നു.
അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ claim amount ആയി നല്‍കുന്ന തുക ഇന്‍ഷുറന്‍സ് കമ്പനി നേടിയ പലിശ വരുമാനം വലിയ തോതില്‍ ഉള്‍ച്ചേര്‍ന്നവയാണ്. ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രീമിയം തുക സമകാലിക പലിശാധിഷ്ഠിത സാമ്പത്തിക സംവിധാനത്തിന്റെ ചാലക ശക്തികളില്‍ ഒന്നാണ്. സ്വയം പലിശയില്‍ പങ്കു ചേരുന്നു എന്നത് മാത്രമല്ല, പലിശാധിഷ്ഠിതമായ ഒരു സാമ്പത്തിക സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു എന്നത് കൂടിയാണ് ആധുനിക പോളിസികള്‍ നിര്‍ലോഭം ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. തകാഫുല്‍ പോളിസികളില്‍ സമാഹരിക്കപ്പെടുന്ന തുക അനുവദനീയമായ മേഖലകളില്‍ മാത്രമേ നിക്ഷേപിക്കുകയുള്ളൂ. ഈ രീതിയില്‍ ആധുനിക പോളിസികളിലെ ഏറ്റവും വലിയ പ്രശ്‌നം തകാഫുല്‍ പോളിസികളില്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു.
ചൂത് (മൈസിര്‍)
ആധുനിക ഇന്‍ഷുറന്‍സ് കരാറുകളില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്ഥാനം, പോളിസി എടുക്കുന്നവരുമായുള്ള കരാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള അവകാശ ബാധ്യതകള്‍ എന്നിവയും ശറഈയായി അസ്വീകാര്യവും നിഷിദ്ധവുമാണ്. ആധുനിക പോളിസികളില്‍, പോളിസി പ്രീമിയം ഇന്‍ഷുറന്‍സ് കമ്പനിയുടെ വരുമാനമാണ്. പ്രീമിയം വരുമാനവും ക്ലെയിംസ് സെറ്റില്‍മെന്റും തമ്മിലുള്ള വ്യത്യാസമാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ലാഭമാകുന്നത്. പരസ്പരം ലാഭേച്ഛയോട് കൂടി ഏര്‍പ്പെടുന്ന ഉടമ്പടിയായതിനാല്‍, ഒരു കക്ഷിയുടെ നഷ്ട സാധ്യത ഇടപാടിനെ നിഷിദ്ധമാക്കും. എന്തിനെതിരെയാണോ ഇന്‍ഷ്വര്‍ ചെയ്യുന്നത്, അത് സംഭവിക്കുകയാണെങ്കില്‍ പോളിസി ഹോള്‍ഡര്‍ക്ക് ഗുണകരമാവുകയും അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഗുണകരമാവുകയും ചെയ്യുന്ന, ഒരു ഫലം മറ്റൊന്നിനെ തടയുന്ന mutually exclusive outcome ഉള്ള ഉടമ്പടിയാണ് ഇന്‍ഷുറന്‍സ്. ഇത്തരം ഉടമ്പടികളെയും ക്രയവിക്രയങ്ങളെയുമാണ് ശറഇല്‍ മൈസിര്‍ എന്ന് പറയുന്നത്.
രണ്ട് കക്ഷികള്‍ക്കിടയില്‍ നഷ്ടസാധ്യതയുള്ള എന്തും ചൂതാട്ടമാണ്, ഒരു കക്ഷി നേട്ടമുണ്ടാക്കുകയും മറ്റേ കക്ഷി നഷ്ടപ്പെടുകയും ചെയ്യുന്നു. (തഫ്‌സീര്‍ ഇബ്നു കസീര്‍ 5:90).
ഈ അവസ്ഥ ഉണ്ടാകുന്നത് ഇന്‍ഷുറന്‍സ് കമ്പനി പോളിസി വില്പന നടത്തുകയും ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ അത് വില കൊടുത്തു വാങ്ങുകയും ചെയ്യുന്ന ഇടപാടിന്റെ ഫലമായാണ്. തകാഫുല്‍ ഇതില്‍നിന്ന് വ്യതിരിക്തമാണ്. തകാഫുല്‍ കമ്പനി പരസ്പര സഹകരണാടിസ്ഥാനത്തില്‍ ഒരു നഷ്ടത്തില്‍നിന്ന് അന്യോന്യം സംരക്ഷിക്കാന്‍ പൈസ ഒരു പൊതു ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന സഹകാരികളുടെ ഫണ്ട് മാനേജര്‍ മാത്രമാണ്. ഒരു ഘട്ടത്തിലും സമാഹരിക്കപ്പെടുന്ന തുകയുടെ ഉടമസ്ഥത തകാഫുല്‍ കമ്പനിക്ക് ലഭിക്കുകയില്ല. ആളുകള്‍ ഫണ്ടിലേക്ക് പൈസ കൊടുക്കുന്നത് ഒരു പോളിസി വാങ്ങുന്നതിനുള്ള പ്രതിഫലമായല്ല. പൊതുവായ നഷ്ട സാധ്യതയെ ലഘൂകരിക്കാനുള്ള പൊതുസംവിധാനത്തിലേക്കുള്ള തന്റെ വിഹിതമായിട്ടാണ്. ഇത് മുആവദാത്തിന്റെ പരിധിയില്‍ വരികയില്ല. പുണ്യകരമായ ധനവ്യയത്തിന്റെ പരിധിയിലാണ് അത് പരിഗണിക്കപ്പെടുക. അതില്‍ ഒരാളുടെ സംഭാവനകൊണ്ട് മറ്റൊരാളുടെ നഷ്ടം നികത്തപ്പെട്ടു എന്നതുകൊണ്ട് മൈസിര്‍ ഉണ്ടാവുകയില്ല.
ആധുനിക ഇന്‍ഷുറന്‍സിന്റെ അനിവാര്യത;
ശറഇയ്യായ നിബന്ധനകള്‍
''അല്ലാഹുവിങ്കല്‍നിന്നു വല്ല നിബന്ധനയും നിങ്ങളുടെ മേല്‍ ഉണ്ടെങ്കില്‍ അത് ഇതാകുന്നു: ശവം തിന്നരുത്, രക്തവും പന്നിമാംസവും വര്‍ജിക്കുക, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട വസ്തുക്കളും ഭക്ഷിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, ഒരാള്‍ നിര്‍ബന്ധിതാവസ്ഥയിലകപ്പെട്ട്, നിയമലംഘനമിച്ഛിക്കാതെയും അത്യാവശ്യത്തിന്റെ അതിരുകടക്കാതെയും ഇക്കൂട്ടത്തില്‍ വല്ല വസ്തുക്കളും ആഹരിക്കേണ്ടിവന്നാല്‍ കുറ്റമില്ല. പൊറുക്കുന്നവനും ദയാനിധിയുമല്ലോ അല്ലാഹു'' (2:173).
അനിവാര്യതക്ക് കര്‍മശാസ്ത്രത്തില്‍ രണ്ട് അടിസ്ഥാനങ്ങളുണ്ട്:
- അനിവാര്യതകള്‍ നിരോധിക്കപ്പെട്ടതിനെ അനുവദനീയമാക്കുന്നു
- അനിവാര്യത അതിന്റെ യഥാര്‍ഥ അളവനുസരിച്ചു മാത്രമാണ് (അതിനപ്പുറമില്ല)
അനിവാര്യതയുടെ ഉപാധികള്‍
- അനുവദനീയമായതിന്റെ അഭാവം: അനുവദനീയമായതിന്റെ അഭാവത്തില്‍ മാത്രമേ 'അനിവാര്യതയുടെ നിയമം' നിലനില്‍ക്കുകയുള്ളൂ. ഇന്ത്യയില്‍ തകാഫുലിന്റെ അഭാവത്തില്‍ അനിവാര്യതയുടെ അടിസ്ഥാന സാഹചര്യം നിലനില്‍ക്കുന്നു.
- ഉപദ്രവത്തിന്റെ കാഠിന്യം: നിഷിദ്ധം സ്വീകരിക്കാത്തത് കൊണ്ടുള്ള ഉപദ്രവം യഥാര്‍ഥവും പരിഗണനീയവുമായിരിക്കുക. ജീവനഷ്ടം, സാമ്പത്തിക തകര്‍ച്ച, അടിസ്ഥാന ജീവനോപാധികള്‍ നഷ്ടപ്പെടുക, അന്തസ്സ് നഷ്ടപ്പെടും വിധം പരാശ്രയത്തില്‍ അകപ്പെടുക തുടങ്ങിയ സാഹചര്യങ്ങള്‍ ഉണ്ടാവുക. സൗകര്യങ്ങളുടെ നഷ്ടമോ ജീവിത നിലവാരത്തില്‍ കുറവ് വരുമെന്നതോ, സാമ്പത്തിക ലാഭത്തിനുള്ള അവസരം നഷ്ടപ്പെടുമെന്നതോ അനിവാര്യതയുടെ നിയമം ബാധകമാകുന്ന സാഹചര്യങ്ങളല്ല.
- ഉപയോഗം അനിവാര്യതയില്‍ പരിമിതപ്പെടുത്തുക: അനിവാര്യതയില്‍ കവിഞ്ഞ ഉപയോഗത്തിന് അനുമതിയില്ല. സ്വതന്ത്രമായ ഉപയോഗത്തിന് അനിവാര്യതയുടെ നിയമം ഉപയോഗിക്കരുത്. രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് നിയമപരമായി നിര്‍ബന്ധമാണ് എന്നത് കൊണ്ട് എല്ലാ തരം ഇന്‍ഷുറന്‍സും നിര്‍ബാധം ഉപയോഗിക്കുവാന്‍ അനിവാര്യതയുടെ നിയമം ഉതകുകയില്ല.
- അനിവാര്യതയുടെ അനുവാദം താത്കാലികം മാത്രം: അനിവാര്യതയുടെ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം മാത്രമേ അനിവാര്യതയുടെ അനുവാദവും നിലനില്‍ക്കുകയുള്ളൂ. സാഹചര്യം നീങ്ങിപ്പോവുകയോ അനുവദനീയമായ മാര്‍ഗങ്ങള്‍ ലഭിക്കുകയോ ചെയ്യുന്നതോടെ അനിവാര്യതയുടെ അനുവാദവും അവസാനിക്കും.
- ഉപദ്രവം തടയാനുള്ള നിയമത്തിന്റെ ഉപയോഗം കൂടുതല്‍ വലിയ ഉപദ്രവങ്ങള്‍ സൃഷ്ടിക്കരുത്: ഭാരിച്ച ചികിത്സാ ചെലവുകള്‍ കണ്ടെത്താനുള്ള അനിവാര്യമായ ഇന്‍ഷുറന്‍സ് എടുക്കുന്നതിലൂടെ ഒരു വ്യക്തി ഇതിന്റെ പ്രചാരകനായി മാറുകയും സമൂഹത്തില്‍ ഇതിന്റെ അനിയന്ത്രിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, അയാള്‍ക്ക് തടയപ്പെട്ട ഉപദ്രവത്തെക്കാള്‍ വലിയ ഉപദ്രവമാണ് അയാള്‍ സൃഷ്ടിക്കുന്നത്.
അനിവാര്യതയുടെ നിയമവും വിവിധയിനം ഇന്‍ഷുറന്‍സുകളും
- നിയമപരമായി നിര്‍ബന്ധമായ ഇന്‍ഷുറന്‍സ്: വാഹന ഇന്‍ഷുറന്‍സ് ഇന്ത്യയില്‍ നിയമപരമായി നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനവും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഇവിടെ അനിവാര്യതയുടെ നിയമം ബാധകമാകും.
- ആരോഗ്യ ഇന്‍ഷുറന്‍സ്: ഒരു കുടുംബത്തിന് അവരുടെ ആസ്തി വരുമാനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് വലിയ ചികിത്സാ ചെലവുകളെ അവര്‍ ഭയപ്പെടുന്നുവെങ്കില്‍ അനിവാര്യതയുടെ ആനുകൂല്യം ലഭിക്കും. സാമ്പത്തിക സുസ്ഥിതി തകര്‍ത്ത് കളയുന്ന ചികിത്സാ ചെലവുകള്‍ ഉണ്ടാവുകയും ആ കുടുംബം പരസഹായത്തിനായി അന്തസ്സും അഭിമാനവും നഷ്ടപ്പെടുത്തുകയും ചെയ്യുക എന്നത് ദീനിയായ കല്പനകളുടെ ഉദ്ദേശ്യമോ ലക്ഷ്യമോ അല്ല. എന്നാല്‍, അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കഴിയും വിധത്തില്‍ ആസ്തിയും വരുമാനവുമുള്ള ഒരു കുടുംബത്തിന് അനിവാര്യതയുടെ നിയമം ബാധകമാവുകയില്ല.
- ലൈഫ് / ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷുറന്‍സ്: ഇതിന് പൊതുവെ അനിവാര്യതയുടെ നിയമം ബാധകമാവുകയില്ല. എന്നാല്‍, ഒരു കുടുംബത്തിന്റെ നാഥന്‍ മരണപ്പെടുകയാണെങ്കില്‍ ആ കുടുംബത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ ആ അളവില്‍ ലൈഫ് ഇന്‍ഷുറന്‍സിന് അനിവാര്യതയുടെ പരിഗണന ലഭിക്കും.
'തകാഫുല്‍' ഇസ്ലാമിക അടിത്തറയുള്ള സഹകരണ ഇന്‍ഷുറന്‍സ്
വ്യക്തികളോ സ്ഥാപനങ്ങളോ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നഷ്ടസാധ്യതയെ മുന്നില്‍ കണ്ട് പൊതുവായ ഒരു ഫണ്ടിലേക്ക് വിഭവസമാഹരണം നടത്തുകയും യഥാര്‍ഥത്തില്‍ നഷ്ടം സംഭവിക്കുന്നവര്‍ക്ക് അവരുടെ നഷ്ടം നികത്തുന്നതിന് വേണ്ടി ഫണ്ട് പരിപാലിച്ചു നിലനിര്‍ത്തുകയും ചെയ്യുന്ന, ഇസ് ലാമിക സാമ്പത്തിക നിരോധനങ്ങളില്‍നിന്ന് മുക്തമായ ഇന്‍ഷുറന്‍സ് സംവിധാനത്തെയാണ് തകാഫുല്‍ എന്ന് പറയുന്നത്. ഫണ്ട് മാനേജ് ചെയ്യുന്നതിന് വേണ്ടി പ്രതിനിധികളെയോ പ്രൊഫഷണല്‍ തകാഫുല്‍ മാനേജ്മെന്റ് സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്താവുന്നതാണ്. നഷ്ടങ്ങള്‍ നികത്താന്‍ മതിയായതിലും കവിഞ്ഞ തുക ഫണ്ടില്‍ സമാഹരിക്കപ്പെട്ടാല്‍ മിച്ചമുള്ളത് ലാഭം നല്‍കുന്ന ഇസ് ലാമികമായി അനുവദനീയമായ നിക്ഷേപങ്ങള്‍ നടത്തുന്നതിനും തടസ്സമില്ല. പ്രായോഗിക ലോകത്ത് പ്രൊഫഷണല്‍ തകാഫുല്‍ സ്ഥാപനങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നവയായിരിക്കും തകാഫുല്‍ ഫണ്ടുകള്‍. എന്നാല്‍ ഒരിക്കലും സ്വരൂപിക്കപ്പെടുന്ന ഫണ്ടിന്റെ ഉടമസ്ഥത സ്ഥാപനങ്ങള്‍ക്ക് ലഭിക്കുകയോ അതവരുടെ വരുമാനമാവുകയോ ഇല്ല. പ്രധാനമായും മൂന്ന് രീതികളിലാണ് തകാഫുല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുക:
- വകാല മോഡല്‍ (Agency-Based Model): തകാഫുല്‍ ഫണ്ട് മാനേജ് ചെയ്യുന്ന ഏജന്റ് ആയി തകാഫുല്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ആരോഗ്യകരമായ രീതിയില്‍ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനും അനിവാര്യമായ ഫണ്ട് മാനേജ്മന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ചുമതലപ്പെട്ട തകാഫുല്‍ കമ്പനി അതിനുള്ള നിര്‍ണിതമായ ഫീസ് ഫണ്ടില്‍ നിന്നും ഈടാക്കുന്നു. നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത ഫണ്ടുകളിലാണ് ഏജന്‍സി മോഡല്‍ ഉപയോഗിക്കുന്നത്.
- മുദാറബ മോഡല്‍ (Profit-Sharing Model): തകാഫുല്‍ ഫണ്ടിന് നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ടെകില്‍ ഈ മോഡല്‍ കൂടുതല്‍ ഉപയുക്തമാകുന്നു. നിക്ഷേപങ്ങള്‍ മാനേജ് ചെയ്യുന്നതിന് തകാഫുല്‍ കമ്പനി ഫണ്ടിന്റെ നിക്ഷേപ ലാഭത്തിന്റെ മുന്‍കൂട്ടി നിര്‍ണയിച്ച ഒരു വിഹിതം സ്വീകരിക്കുന്നു.
- ഹൈബ്രിഡ് മോഡല്‍ (Hybrid Model): തകാഫുല്‍ ഫണ്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാനേജ് ചെയ്യുന്നതിന് ഏജന്‍സി ഫീസും നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭത്തിന്റെ നിശ്ചിത വിഹിതവും കമ്പനിക്ക് നല്‍കിക്കൊണ്ടുള്ള മോഡലിനെയാണ് ഹൈബ്രിഡ് മോഡല്‍ എന്ന് പറയുന്നത്.
മൈക്രോ തകാഫുല്‍
(Micro Taka-ful)
ഇസ് ലാമിക് ബാങ്കിങ് പോലെ തന്നെ ഇസ് ലാമിക് ഇന്‍ഷുറന്‍സും നിയമപരമായ തടസ്സങ്ങള്‍ കാരണം വാണിജ്യാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഇന്ത്യയില്‍ നിലവില്‍ സാഹചര്യമില്ല. എന്നാല്‍, സൂക്ഷ്മ തലത്തില്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാതെ തന്നെ തകാഫുലിന്റെ 'സ്പിരിറ്റ്' ഉള്‍ക്കൊള്ളുന്ന സൂക്ഷ്മ സംവിധാനങ്ങള്‍ സാധ്യമാണ്. കൂട്ടുകുടുംബങ്ങളില്‍, റെസിഡന്‍സ് അസോസിയേഷനുകളില്‍, സ്ഥാപനങ്ങളില്‍ എല്ലാം തന്നെ ഇതിന് സാധ്യതയുണ്ട്. നിഷിദ്ധമായ പോളിസികള്‍ ആശ്രയിക്കുന്നത് കുറക്കുന്നതിനായുള്ള ബദല്‍ സംവിധാനമായി മൈക്രോ തകാഫുല്‍ വളര്‍ന്നു വരേണ്ടതുണ്ട്.
ഒരു തകാഫുല്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന 50 പേരടങ്ങുന്ന ഒരു വിശാല കുടുംബത്തില്‍ പ്രായോഗികമായി എങ്ങനെ ഒരു തകാഫുല്‍ ഫണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്ന് പരിശോധിക്കാം. ക്രയവിക്രയങ്ങളുടെ നിയമസാധുതക്ക് ഒരു ഫാമിലി ട്രസ്റ്റ് രൂപീകരിക്കാവുന്നതാണ്.
ഇന്‍ഷുറന്‍സ് ഇസ് ലാമിക പരിപ്രേക്ഷ്യം
അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞു മുന്‍കരുതലുകള്‍ എടുക്കുന്നതും അപ്രതീക്ഷിതമായ ദോഷങ്ങളില്‍നിന്ന് സ്വയം സംരക്ഷിക്കുന്നതും ഇസ് ലാമിന് അന്യമായ ആശയങ്ങളല്ല. നേരെമറിച്ച്, അപകടസാധ്യത കുറയ്ക്കല്‍, സഹകരണം, പരസ്പര പിന്തുണ എന്നിവയുടെ തത്ത്വങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും ആഴത്തില്‍ ഉള്‍ച്ചേര്‍ന്നവയാണ്. ഇസ് ലാമിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ ആധുനികമായ വ്യവഹാരതലങ്ങളുള്ളതും കരാര്‍ സ്വഭാവത്തിലുള്ളതുമായ 'ഇന്‍ഷുറന്‍സ്' നിലവിലില്ലെങ്കിലും, പരസ്പര സഹായത്തിന്റെയും കൂട്ടായ ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനങ്ങള്‍ ഇസ് ലാമികാധ്യാപനങ്ങളില്‍ അനിഷേധ്യമായി ഉള്‍ച്ചേര്‍ന്നവയാണ്.
'ആഖില' ഇസ് ലാമിക സഹകരണ ഇന്‍ഷുറന്‍സിന്റെ ആദ്യരൂപം
ഇസ് ലാമിക സമൂഹം അപകടസാധ്യത പങ്കിടുന്നതിനായി പ്രായോഗിക സംവിധാനങ്ങള്‍ വികസിപ്പിച്ചിരുന്നു. പ്രവാചകന്റെ കാലത്ത് നിലനിന്നിരുന്ന 'ആഖില സമ്പ്രദായം' ഉദാഹരണമാണ്. ആകസ്മികമായ കൊലപാതകങ്ങളുടെ കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഒരു ഗോത്രത്തിലെ അംഗങ്ങള്‍ കൂട്ടായി സംഭാവന ചെയ്യും. കൊലപാതകിയുടെ പുരുഷ ബന്ധുക്കള്‍ ദിയ (നഷ്ടപരിഹാരം) നല്‍കേണ്ട ബാധ്യത പങ്കിട്ട കൂട്ടുത്തരവാദിത്വ വ്യവസ്ഥയെ പ്രവാചകന്‍ (സ) അംഗീകരിച്ചതായി ഇമാം മാലിക് അല്‍ മുവത്തയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മുവത്ത അല്‍ മാലിക്, കിതാബ് അല്‍ ആഖില, ഹദീസ് നമ്പര്‍ 1412). തകാഫുലിന്റെ മുന്നോടിയായി ആധുനിക ഇസ് ലാമിക നിയമജ്ഞര്‍ ഈ ഉദാഹരണം പലപ്പോഴും ഉദ്ധരിക്കുന്നു. വ്യക്തിഗത അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് വിഭവങ്ങളുടെ കൂട്ടായ ശേഖരണം ഇസ് ലാമിക തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഇത് തെളിയിക്കുന്നു.
ഈ രീതി മുഹമ്മദ് നബി (സ) അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ സമ്പ്രദായത്തിന് ആഖില എന്ന പേര് വന്നതും അതിനെ പ്രവാചകന്‍ പ്രശംസിച്ചതും, മറ്റുള്ളവരോടും അത് മാതൃകയാക്കാന്‍ കല്പിച്ചതും ചിന്താര്‍ഹമാണ്. സമ്പത്ത് ഭാവിയിലെ അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞു കൂട്ടായ ഉത്തരവാദിത്വത്തിലും പരസ്പര സഹകരണത്തിലും നിലനിര്‍ത്തുകയും, അത് പ്രയാസകരമായ അവസ്ഥകള്‍ തരണം ചെയ്യാന്‍ ബന്ധിച്ച് നിര്‍ത്തുകയും ചെയ്യുന്നത് തികച്ചും ബുദ്ധിപരവും വിവേകപൂര്‍ണവുമായ കാര്യമാണ് എന്നതാണ് ആ പേര് സൂചിപ്പിക്കുന്നത്. അതിന് പ്രവാചകന്റെ അംഗീകാരം ലഭിച്ചു എന്നത് അതങ്ങനെ തന്നെയാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
തകാഫുല്‍ ഫണ്ടിന്റെ ലക്ഷ്യവും കവറേജും
- ആശുപത്രി ചെലവുകള്‍
- അപകട മരണം / പ്രവര്‍ത്തന ക്ഷമത നഷ്ടപ്പെടുക
- മറ്റു അപകടങ്ങള്‍ (തീപ്പിടിത്തം, പ്രകൃതി ദുരന്തങ്ങള്‍, മോഷണം)
തകാഫുല്‍ സംഭാവനകള്‍
- ഒരു അംഗം നല്‍കേണ്ട പ്രതിമാസ സംഭാവന:
500 രൂപ
മൊത്തം അംഗങ്ങള്‍ 50
- പ്രതിമാസം സമാഹരിക്കപ്പെടുന്ന തുക
50 ഃ 500 = 25,000
- വര്‍ഷത്തില്‍ സമാഹരിക്കപ്പെടുന്ന തുക
25000 ഃ 12 = 3,00,000
ഫണ്ടിന്റെ നിബന്ധനകള്‍
ഫണ്ടിലേക്കുള്ള സംഭാവനകള്‍ പൊതു നന്മക്കുള്ള സ്വദഖ ആയിരിക്കും. ഇത് തിരികെ ആവശ്യപ്പെടാന്‍ പാടുള്ളതല്ല. സംഭാവന നല്‍കിയത് കൊണ്ട് തീര്‍ച്ചയായും എന്തെങ്കിലും തിരികെ ലഭിച്ചിരിക്കണം എന്ന് നിബന്ധന ചെയ്യാനും പാടുള്ളതല്ല.
- പ്രാപ്തരായ മുതിര്‍ന്ന 5 ആളുകളെ ഉള്‍പ്പെടുത്തി ഫണ്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുക.
- ഫണ്ടില്‍ സ്വരൂപിക്കപ്പെടുന്ന മിച്ചം അടുത്ത വര്‍ഷത്തേക്ക് ക്യാരി ഫോര്‍വേഡ് ചെയ്യുകയോ, അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയോ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യാം.
ക്ലെയിമുകള്‍ നല്‍കുന്ന വിധം
ചികിത്സ: 60,000 രൂപ ചെലവ് വരുന്ന സര്‍ജറി ആവശ്യമായി വന്ന അംഗത്തിന് 50,000 (മുന്‍ നിര്‍ണയിച്ച പരമാവധി തുക) രൂപ നല്‍കി.
ആക്‌സിഡന്റ്: അപകട മരണം സംഭവിച്ച അംഗത്തിന്റെ കുടുംബത്തിന് 1,00,000 രൂപ നല്‍കി.
പ്രളയത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ച അംഗത്തിന് റിലീഫ് ആയി 30,000 രൂപ നല്‍കി.
മേല്‍പറഞ്ഞ തുകകള്‍ ഉദാഹരണത്തിന് വേണ്ടിയുള്ളതാണ്. ഫണ്ടിന്റെ വലുപ്പമനുസരിച്ച് തുക നിര്‍ണയിക്കാവുന്നതാണ്. വലിയ തുകകള്‍ സമാഹരിക്കപ്പെടുന്ന പക്ഷം അനുവദനീയമായ മേഖലകളില്‍ നിക്ഷേപിക്കാവുന്നതുമാണ്.