സ്ത്രീകളെ നികൃഷ്ടരായി കണക്കാക്കിയിരുന്ന ഇസ്ലാമിനു മുമ്പുള്ള അറേബ്യന്‍ സമൂഹത്തില്‍ എഴുത്തും വായനയും അഭ്യസിച്ച ചുരുക്കം അറബി സ്ത്രീകളില്‍ ഒരാളായിരുന്നു ശിഫാ ബിന്‍ത് അബ്ദുല്ല(റ). പഠിക്കാനും മനസ്സിലാക്കാനും താല്‍പര്യം കാണിച്ചിരുന്നതിനാല്‍ തന്നെ വൈദ്യശാസ്ത്ര മേഖലകളില്‍ അവര്‍ വൈദഗ്ധ്യം നേടി. അല്‍ശിഫ എന്ന പേരിനെ അര്‍ഥവത്താക്കുന്ന രീതിയില്‍ ആയിരുന്നു അവരുടെ പ്രവര്‍ത്തനവും.
ഇസ്ലാം സ്വീകരിച്ചപ്പോള്‍ ഏതൊരു പുതു മുസ്ലിമിനും ഉണ്ടായേക്കാവുന്ന ഹലാല്‍-ഹറാം സംശയങ്ങള്‍ അവര്‍ക്കും ഉണ്ടായിരുന്നു. തനിക്ക് ജോലി തുടരാന്‍ ആകുമോയെന്ന് പ്രവാചകന്‍ (സ)യോട് അവര്‍ സംശയം പ്രകടിപ്പിച്ചു. സമ്മതം നല്‍കുക മാത്രമല്ല, നബി (സ) അവരെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതായി ചരിത്രത്തില്‍ കാണാം. ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ ബിന്‍ത് ഉമര്‍ (റ)യെ എഴുത്തും വായനയും പഠിപ്പിക്കാനും എസ്‌കിമ പോലുള്ള ത്വക്ക് രോഗത്തെ ചികിത്സിക്കേണ്ടത് എങ്ങനെയെന്ന് അവരെ പഠിപ്പിക്കാനും നബി (സ) അവരോട് ആവശ്യപ്പെടുകയും ചെയ്തു.
മദീനയിലേക്ക് ഹിജ്‌റ പോയ സ്വഹാബി വനിതകളില്‍ ശിഫ (റ)യും ഉണ്ടായിരുന്നു. പ്രവാചകനില്‍നിന്ന് പല കാര്യങ്ങളും അവര്‍ ചോദിച്ചറിയാറുണ്ടായിരുന്നു. മദീനയില്‍ വെച്ച് വിജ്ഞാന സദസ്സുകളില്‍ പങ്കെടുത്ത് ഇസ്ലാമിക വിഷയങ്ങളിലും അവര്‍ അറിവ് സമ്പാദിച്ചു.
ഉമര്‍ (റ)യുടെ ഭരണകാലത്ത് വ്യാപാര മേഖല വികസിച്ചപ്പോള്‍ അവിടെ മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹം കണ്ടെത്തിയത് ശിഫാ ബിന്‍ത് അബ്ദുല്ല(റ)യെ ആയിരുന്നു. ബിസിനസ് സമ്പ്രദായങ്ങള്‍ എന്നും ഇസ്ലാമുമായി പൊരുത്തപ്പെടുന്നതാണെന്ന് ഉറപ്പുവരുത്തല്‍ ആയിരുന്നു അവരുടെ നിയമന ലക്ഷ്യം. വഞ്ചനയും തന്ത്രങ്ങളും നടന്നിട്ടില്ലെന്നും, വാങ്ങുന്നവനും വില്‍ക്കുന്നവനും ഇസ്ലാമിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ അവര്‍ മാര്‍ക്കറ്റിലൂടെ ചുറ്റി നടന്നു. ഒരു പ്രത്യേക ഇടപാടിന്റെ നിയമസാധ്യതയെ കുറിച്ച് സംശയമുണ്ടെങ്കില്‍ ശിഫ(റ)യോട് ചോദിക്കണമെന്ന് ഉമര്‍ (റ) കടയുടമകളോട് പറഞ്ഞു. ഇസ്ലാമിനെ കുറിച്ചുള്ള അവരുടെ അറിവിലും, കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷിയിലും കഴിവിലും ഉമര്‍ (റ) വിശ്വാസം അര്‍പ്പിച്ചു. പുരുഷന്മാരുടെ ഇടമായി കണക്കാക്കപ്പെടുന്ന വാണിജ്യ മേഖലയില്‍ അക്കാലത്ത് സ്ത്രീയെ നിയമിച്ചത് ആരും ചോദ്യം ചെയ്യപ്പെടുകയോ എതിര്‍ക്കപ്പെടുകയോ ചെയ്തില്ല. മാര്‍ക്കറ്റ് ഇടങ്ങളില്‍ വാങ്ങുന്നവരായും വില്‍ക്കുന്നവരായും സ്ത്രീകള്‍ കൂടിയുണ്ടായിരുന്നു എന്നതിനും ഈ സംഭവം തെളിവാണ്. പുരുഷന്മാര്‍ മാത്രമായിരുന്നുവെങ്കില്‍ അവര്‍ക്ക് അവരുടെ ചുമതല നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമല്ലോ. ഈ നിയമനം വിജയകരമായപ്പോള്‍ മക്കയിലും സംറ ബിന്‍ത് നുഹൈക് എന്നവരെയും മാര്‍ക്കറ്റ് കണ്‍ട്രോളറായി ഉമര്‍ (റ) നിയമിക്കുകയുണ്ടായി.
ശിഫ ബിന്‍ത് അബ്ദുള്ള (റ)യുടെ ഭര്‍ത്താവിന്റെ പേര് അബൂ ഹുത്മ ഇബ്‌നു ഹുദൈഫ എന്നായിരുന്നു. ഇവര്‍ക്ക് സുലൈമാന്‍ എന്ന മകനും ഉണ്ടായിരുന്നു. നല്ല വിശ്വാസിയായി തന്നെ അവര്‍ മകനെ വളര്‍ത്തി. സ്ത്രീ ആയാലും പുരുഷനായാലും കഴിവുകള്‍ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും മുന്‍കൈയെടുക്കുകയും ചെയ്ത നമ്മുടെ പൂര്‍വ നേതാക്കളുടെ മാതൃക നമുക്കിവിടെ വായിക്കാം.