വിശക്കുന്നവര്‍ക്ക് വഴിയോരത്ത് 'സൗജന്യ ഭക്ഷണക്കൂട്' ഒരുക്കി മാതൃകയായിരിക്കുകയാണ് കോട്ടയം മുണ്ടക്കയം സ്വദേശിനി റബീന സിയാദ് എന്ന അമ്പത്താറുകാരി വീട്ടമ്മ. സ്വപ്നങ്ങള്‍ ഇല്ലാത്തവരായി ആരുമില്ല. എന്നാല്‍, താന്‍ കാണുന്ന സ്വപ്നങ്ങളിലധികവും തന്റെ സഹജീവികള്‍ക്ക് വേണ്ടിയാണ് എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്. 'സൗമ്യത കുടുംബശ്രീ' സെക്രട്ടറി കൂടിയാണവര്‍. കുടുംബശ്രീ അംഗങ്ങളുമായും 'തണല്‍ അയല്‍ക്കൂട്ടായ്മ'യിലെ അംഗങ്ങളുമായും ചേര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിവരുന്നു.
മാലിന്യം നിക്ഷേപിച്ചിരുന്ന വഴിയോരം വൃത്തിയാക്കി ചെടികള്‍ നട്ടു പിടിപ്പിച്ച് ആ പ്രദേശത്തെ മനോഹരമായ പൂന്തോട്ടമാക്കി മാറ്റി. കടുത്ത വേനല്‍ക്കാലത്ത് ദാഹിച്ചു വലഞ്ഞു വരുന്ന വഴി യാത്രക്കാര്‍ക്ക് കുടിവെള്ളം സ്ഥാപിച്ചായിരുന്നു തുടക്കം. തന്റെ ചുറ്റുവട്ടത്ത് ഒറ്റപ്പെട്ട് കഴിയുന്ന വ്യദ്ധരും രോഗികളും മറ്റു ആവശ്യക്കാരായ യാത്രക്കാര്‍ക്കും ആരുടെ മുന്നിലും കൈനീട്ടാതെ ഭക്ഷണം കൊടുക്കുന്ന മാര്‍ഗത്തെ കുറിച്ച് ചിന്തിച്ചു. എല്ലാവരുടെയും വിശപ്പ് ഞാന്‍ ഒരാള്‍ തീര്‍ക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കി 'പൊതു സൗജന്യ ഭക്ഷണക്കൂട്' എന്ന ആശയം മനസ്സില്‍ വെച്ചു. ചെറുപ്പത്തില്‍ ദീനീ പഠനം ലഭിക്കാത്ത അവര്‍ ഖുര്‍ആന്‍ പഠിക്കണമെന്ന ആഗ്രഹത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ പോകുന്നുണ്ട്. ഒരു സഹപാഠി ഭക്ഷണക്കൂട് സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കി. അങ്ങനെ ആ സ്വപ്ന പദ്ധതി നടപ്പാക്കി ഏകദേശം രണ്ട് മാസങ്ങള്‍ ആകുമ്പോഴേക്കും സമാന മനസ്കരായ ആളുകള്‍ അതില്‍ ഭക്ഷണം നിക്ഷേപിക്കുകയും, ആവശ്യക്കാരായ ആളുകള്‍ അതില്‍നിന്ന് ഭക്ഷണം എടുക്കുകയും ചെയ്യുന്നു. സൗജന്യ ഭക്ഷണക്കൂട് എന്ന ആശയം എല്ലാ ഇടങ്ങളിലും സ്ഥാപിക്കുകയും, പട്ടിണി കിടക്കുന്നവന്റെ ഒരു നേരത്തെയെങ്കിലും വിശപ്പ് മാറ്റാന്‍ ഒരു നാട് മുഴുവന്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.
സൗജന്യമായി ഭക്ഷണം കൊടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, ഭക്ഷണം നല്‍കാന്‍ സാധിക്കാത്തവര്‍ക്കും വേണ്ടി ഭക്ഷണക്കൂടിനൊപ്പം ഒരു സംഭാവനപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. അതില്‍നിന്ന് ലഭിക്കുന്ന തുകകൊണ്ട് ലാബ് ടെക്‌നീഷ്യന്‍ പഠിച്ച റബീന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഷുഗറും പ്രഷറും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
'സ്വദഖ സെല്‍' രൂപീകരിച്ച് അതില്‍നിന്ന് കിട്ടിയ തുക പൊതുകിണറിനും വിധവാ സഹായങ്ങള്‍ക്കുമായി ചെലവഴിച്ചു. വിധവകളെയും നിരാലംബരായ സ്ത്രീകളെയും സ്വയം പര്യാപ്തരാക്കുന്നതിനുള്ള തൊഴില്‍ പദ്ധതികള്‍ നടപ്പാക്കണമെന്നത് അവരുടെ ഭാവി സ്വപ്നമാണ്. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് തെരഞ്ഞെടുത്ത അഭയ കേന്ദ്രത്തിലേക്ക് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും കളക്ട് ചെയ്യുക, ലഹരിക്കെതിരെ പുതു തലമുറയെ ബോധവത്കരിക്കുക, നിര്‍ധനരായ യുവതികള്‍ക്ക് വരന്മാരെ കണ്ടെത്തി നല്‍കുക തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളിലും അവര്‍ ഇടപെടുന്നു.
റബീനക്കും ദുരിതത്തിന്റെയും വിശപ്പിന്റെയും അടങ്ങാത്ത കഥകള്‍ പറയാനുണ്ട്. മദ്യപാനിയായ പിതാവും, അഭിമാനിയായ മാതാവും. പുറത്തു നിന്ന് ആളുകള്‍ നോക്കുമ്പോള്‍ അടുപ്പില്‍ തീ പുകയുന്നുണ്ട്. എന്നാല്‍ ഉള്ളില്‍ എരിയുന്നത് റബീനയുടെയും സഹോദരങ്ങളുടെയും വയറായിരുന്നു. മറ്റു വീടുകളില്‍ പോയി തങ്ങളുടെ കഷ്ടപ്പാടുകള്‍ പറയുന്നതോ, ഭക്ഷണം വാങ്ങി കഴിക്കുന്നതോ ഉമ്മക്ക് ഇഷ്ടമല്ലായിരുന്നു. പിതാവിന്റെ പ്രശ്‌നങ്ങള്‍ കാരണം മുപ്പത്തിയഞ്ചോളം വീടുകള്‍ മാറിത്താമസിച്ചിട്ടുണ്ട്. ഉടുക്കാന്‍ മതിയായ വസ്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്കും സഹോദരങ്ങള്‍ക്കും പലപ്പോഴും സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. പഠിക്കാന്‍ മിടുക്കരായ സഹോദരങ്ങള്‍ നാലിലും അഞ്ചിലും വെച്ച് പഠിപ്പ് നിര്‍ത്തി ഹോട്ടലുകളില്‍ പണിക്ക് പോയതും, അങ്ങനെ അവര്‍ വയറ് നിറച്ച് ഭക്ഷണം കഴിച്ചതുമൊക്കെ അവര്‍ വേദനയോടെ ഓര്‍ക്കുന്നു. പലരുടെയും സഹായത്തോടെ റബീനക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെട്ട് ഒരാള്‍ വരികയും തന്റെ സഹോദരങ്ങള്‍ അധ്വാനിച്ച ചെറിയ തുകകൊണ്ട് അവരുടെ വിവാഹം നടത്തുകയും ചെയ്തു. വിവാഹശേഷം ആഹാരത്തിനും വസ്ത്രത്തിനും യാതൊരു പ്രയാസവും വന്നിട്ടില്ല എന്നവര്‍ പറയുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ തന്റെ എല്ലാ കാര്യത്തിനും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു. മകന്‍ വിവാഹിതനാണ്. ജോലിയാവശ്യാര്‍ഥം വിദേശത്താണ്. റബീന വീട്ടില്‍ തന്നെ തയ്യാറാക്കിയ കറിപ്പൗഡറുകളുടെ ചെറിയ തോതിലുള്ള വിപണനവും ഇതോടൊപ്പം നടത്തുന്നുണ്ട്.