ശത്രുപക്ഷത്ത് നില്‍ക്കുന്നൊരാളെ അതിശയിപ്പിക്കാന്‍ പോന്ന സ്‌നേഹം,
പ്രവാചകന് പ്രിയപ്പെട്ടവരായിത്തീരാനുള്ള മത്സരം!
മുഹമ്മദ് നബി (സ) എങ്ങനെയാണ് അനുചരര്‍ക്ക് അവരുടെ ജീവനെക്കാള്‍ പ്രിയപ്പെട്ടവനായത്?
'ഖുറൈശികളേ, ഞാന്‍ കിസ്റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതു പോലെ മറ്റൊരു നേതാവിനെയും അവരുടെ അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.''
ഹുദൈബിയ സന്ധിയുടെ വേളയാണ്. ഖുറൈശികളുടെ പ്രതിനിധിയായി പ്രവാചകനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയപ്പോള്‍ ഉര്‍വതുബ്നു മസ്ഊദ് ഖുറൈശികളോട് പറയുന്ന വാക്കുകളാണിത്.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക; എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ' (ആലു ഇംറാന്‍ 31). സത്യവിശ്വാസികള്‍ക്ക് പ്രവാചകനോടുള്ള പ്രണയം അവരുടെ വിശ്വാസത്തിന്റെ പൂര്‍ണതയുമായി ബന്ധപ്പെട്ടതാണ്. പ്രവാചകനെ സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യുമ്പോഴേ നാം ദൈവത്തിനു പ്രിയപ്പെട്ടവരാകുന്നുള്ളൂ. 'പ്രിയ റസൂലേ, എന്നെക്കഴിഞ്ഞാല്‍ ഈ ദുനിയാവില്‍ എനിക്കേറ്റവും ഇഷ്ടം അങ്ങയോടാണ് എന്ന് ഉമര്‍ (റ) വന്നു പറയുന്നൊരു സന്ദര്‍ഭമുണ്ട്. ഉമറിനോട് നബി (സ) പറയുന്ന മറുപടി ''സ്വന്തത്തെക്കാള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍ ഞാനാകുമ്പോഴേ നിങ്ങളുടെ വിശ്വാസം പൂര്‍ണമാകൂ'' എന്നാണ്. ''അതെ നബിയെ, എനിക്ക് എല്ലാത്തിലും പ്രിയം അങ്ങയോടു തന്നെയാണ്'' എന്ന് ഉമര്‍ (റ) ഉടനടി സ്വയം തിരുത്തി. 'എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ, സ്വന്തത്തെക്കാളും സ്വന്തം ധനത്തെക്കാളും സന്താനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത് വരെ നിങ്ങളിലാരും വിശ്വാസികളാവുകയില്ല'' (ബുഖാരി).
അബൂബക്കര്‍ (റ) പ്രവാചകനോട് ഹിജ്‌റക്ക് സമ്മതം ചോദിച്ചപ്പോള്‍ നബി (സ) അദ്ദേഹത്തോട് പറഞ്ഞു: ''അബൂബക്കര്‍, നീ ധൃതി കാണിക്കരുത്. അല്ലാഹു നിനക്കൊരു കൂട്ടുകാരനെ തരുന്നത് വരെ കാത്തിരിക്കൂ.'' ഹിജ്‌റക്ക് സമ്മതം നല്‍കി അല്ലാഹുവിന്റെ വഹ് യ് അവതരിച്ചപ്പോള്‍ പ്രവാചകന്‍ അബൂബക്കറി(റ)നോട് ഹിജ്‌റക്ക് ഒരുങ്ങാന്‍ പറഞ്ഞു. ഇതുകേട്ട് അബൂബക്കര്‍(റ) ചോദിച്ചു: 'റസൂലേ, അങ്ങാണോ എന്റെ കൂട്ടുകാരന്‍?' 'അതെ' എന്ന് പ്രവാചകനും മറുപടി പറഞ്ഞു. ആഇശ(റ) പറയുകയാണ്: 'അന്ന് അബൂബക്കര്‍(റ) സന്തോഷംകൊണ്ട് കരഞ്ഞത്ര മറ്റൊരാളും കരയുന്നതായി ഞാന്‍ കണ്ടിട്ടില്ല' (ബുഖാരി). പ്രവാചകന്റെ സാമീപ്യവും അദ്ദേഹത്തോടൊപ്പമുള്ള സഹവാസവും സന്തോഷാധിക്യത്താല്‍ കരയിക്കുന്നത്രയും അബൂബക്കര്‍ (റ) ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. റസൂലുല്ലാഹിയെ സ്‌നേഹിക്കാന്‍ സ്വഹാബികള്‍ തമ്മില്‍ മത്സരമായിരുന്നു.
'ഏറ്റവും ഉത്തമമായ മാതൃക' എന്നാണ് പ്രവാചകനെ കുറിച്ച് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. സൂറ അല്‍ അഹ്‌സാബില്‍ അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഏറ്റവും ഉത്തമമായ മാതൃകയുണ്ട്. അല്ലാഹുവെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുകയും ധാരാളമായി അല്ലാഹുവെ സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്.' അഹ്സാബ് യുദ്ധത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അല്ലാഹു ഇത്തരം ഒരു പ്രയോഗം നടത്തുന്നതെന്നത് പ്രസക്തമാണ്. ഹജ്ജിന്റെ വേളയിലോ നമസ്‌കാര സമയത്തോ നോമ്പുമായി ബന്ധപ്പെട്ടോ അല്ല, യുദ്ധസമയത്താണ്. കേവലം ആത്മീയതയില്‍ മാത്രമല്ല, മറിച്ച് ജീവിതത്തിന്റെ സര്‍വ തുറകളിലും പുണ്യറസൂലില്‍ മാതൃകയുണ്ട് എന്നാണ് ആ പശ്ചാത്തലം നമുക്ക് നല്‍കുന്ന സന്ദേശം. കല്‍പ്പിക്കുന്ന നേതാവായിരുന്നില്ല, അനുയായികളോടൊപ്പം വയറ്റില്‍ കല്ല് വെച്ചുകെട്ടി പണിയെടുക്കുന്ന നേതാവായിരുന്നു റസൂല്‍ (സ).
ലോകാവസാനം വരെ പിന്തുടരപ്പെടേണ്ട ഒരു ആശയമാണ് യഥാര്‍ഥത്തില്‍ നോബിജീവിതം. അത് സമഗ്രമാണ്. അടുക്കളയിലും അരങ്ങിലും വീട്ടിലും സമൂഹത്തിലും സൗഹൃദത്തിലും രാഷ്ട്രീയത്തിലും എങ്ങനെ പെരുമാറണമെന്ന് ആ ജീവിതം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പ്രവാചകത്വം എന്ന മഹത്തായ സവിശേഷത മാറ്റിനിര്‍ത്തിയാലും പ്രചോദിപ്പിക്കുന്ന ഒരു പച്ചമനുഷ്യനെ റസൂലില്‍ നമുക്ക് കാണാന്‍ കഴിയും. ആ ജീവിതത്തില്‍ അതിശയോക്തികളുണ്ടായിരുന്നില്ലല്ലോ. പ്രവാചകന് ലഭിച്ച ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ഖുര്‍ആനായിരുന്നു. അത് ചര്‍ച്ച ചെയ്യുന്നതാവട്ടെ, മനുഷ്യജീവിതവും. സ്‌നേഹത്തെക്കാള്‍ വേഗത്തില്‍ വെറുപ്പ് സഞ്ചരിക്കുന്ന കാലത്ത്, പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്ന് നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരികയാണ് സ്‌നേഹ റസൂല്‍.
കാരുണ്യം
കാരുണ്യമാണ് തന്റെ സത്ത എന്നു തോന്നിപ്പിക്കുമാറ് കരുണയുള്ള മനുഷ്യനായിരുന്നു നബി (സ). വിശുദ്ധ ഖുര്‍ആന്‍ തിരുദൂതരെ 'റഹ്‌മത്തുന്‍ ലില്‍ ആലമീന്‍' (സര്‍വ ലോകത്തിനും കാരുണ്യമായവന്‍) എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. കരുണയായിരുന്നു അവിടുത്തെ കരുത്ത്. കുഞ്ഞനുറുമ്പ് മുതല്‍ സര്‍വ ചരാചരങ്ങളെയും സ്‌നേഹിച്ച കരുണ. പ്രതികാരം ചെയ്യാനുള്ള അര്‍ഹതയുണ്ടായിട്ടും ശിക്ഷിക്കാനുള്ള അധികാരമുണ്ടായിട്ടും, 'ഹേ ഖുറൈശികളേ, നിങ്ങളെല്ലാവരും ഇന്ന് സ്വതന്ത്രരാണ്' എന്ന് മക്കം ഫത്ഹില്‍ പ്രഖ്യാപിച്ച കരുണ.
നിശ്ചയ ദാര്‍ഢ്യം
മനുഷ്യനെന്ന നിലക്ക് നിരവധി പരീക്ഷണങ്ങളെ അതിജീവിച്ചിട്ടുണ്ട് പ്രവാചകന്‍. അനാഥനായാണ് തിരുമേനി പിറക്കുന്നത് തന്നെ. ആറു വയസ്സില്‍ തന്റെ ഉമ്മയെ ഖബര്‍ അടക്കുന്നതിനു അവിടുന്ന് ദൃക്സാക്ഷിയായിട്ടുണ്ട്. സ്വന്തക്കാര്‍ ആട്ടിയോടിച്ചിട്ടുണ്ട്. ഭ്രാന്തന്‍ എന്ന് പരിഹസിച്ചിട്ടുണ്ട്. കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്. അതിനൊക്കെയുമപ്പുറത്ത്, സ്വന്തം നാട്ടില്‍നിന്ന് ഹിജ്റ ചെയ്യേണ്ടിവന്നിട്ടുണ്ട്. പക്ഷേ, പ്രവാചകന്റെ സുതാര്യമായ ജീവചരിത്രത്തിലെവിടെയും അദ്ദേഹം നിരാശപ്പെട്ടതായി പറയുന്നില്ല. തന്റെ ദൗത്യം വഴിയില്‍വെച്ച് നിര്‍ത്തിയിട്ടില്ല. പരീക്ഷണങ്ങളെ പ്രാര്‍ഥനകൊണ്ട് ചെറുക്കുകയായിരുന്നു പ്രവാചകന്റെ രീതി. ദൈവിക പരീക്ഷണങ്ങളില്‍ പതറാത്ത വിശ്വാസിയാകാനാണ് നബി നമ്മെ പഠിപ്പിക്കുന്നത്. സമ്പത്ത് കൊണ്ടല്ല, ദാരിദ്ര്യം കൊണ്ടാണ് പ്രവാചകന്‍ നമ്മെ സ്വാധീനിക്കുന്നത്. അംഗീകാരങ്ങള്‍ കൊണ്ടല്ല, തിരസ്‌കാരങ്ങള്‍ കൊണ്ടാണ് നമ്മെ പ്രചോദിപ്പിക്കുന്നത്.
സമൂഹനിര്‍മിതി
മനുഷ്യരെ പല തട്ടുകളായി തരം തിരിച്ചിരുന്ന ഒരു സമൂഹത്തിലാണ്, എല്ലാ മനുഷ്യരും തുല്യരാണ് എന്ന് നബി പ്രബോധനം ചെയ്യുന്നത്. അടിമയും ഉടമയുമില്ല, സ്ത്രീയും പുരുഷനുമില്ല, വര്‍ണ-ജാതി വ്യത്യാസങ്ങളില്ല. ദൈവ സമക്ഷത്തില്‍ എല്ലാവരും മനുഷ്യര്‍ മാത്രം. ആ ആശയം തന്നെയായിരുന്നു ഖുറൈശികളെ ചൊടിപ്പിച്ചതും.
പിറന്നുവീണ സ്വന്തം പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുന്ന പിതാക്കള്‍ ഉണ്ടായിരുന്ന കാലമായിരുന്നുവല്ലോ അത്. മദ്യത്തിനും ലൈംഗികതക്കും അടിമപ്പെട്ടുപോയ സമൂഹം. ഇരുപത്തിമൂന്ന് വര്‍ഷക്കാലങ്ങള്‍കൊണ്ട് നബി (സ) നടത്തിയ വിപ്ലവം അതിശയിപ്പിക്കുന്നതാണ്. മൃഗീയതയില്‍ നിന്നും പടിപടിയായി ആ സമൂഹത്തെ പ്രവാചകന്‍ മനുഷ്യത്വത്തിലേക്ക് നയിച്ചു. ജാഹിലിയ്യ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുകയും ദുര്‍ബല സൃഷ്ടിയായി കണക്കാക്കുകയും ചെയ്ത സ്ത്രീകളെ മദീനയിലെ പുതിയ ഇസ്ലാമിക സമൂഹത്തിന്റെ നിര്‍മാണത്തില്‍ ശക്തവും ഊര്‍ജസ്വലവുമായൊരു സാന്നിധ്യമായി പ്രവാചകന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. സ്ത്രീകള്‍ക്ക് സ്വന്തമായൊരു അസ്തിത്വം ഉണ്ടെന്ന് പോലും സമ്മതിക്കാതിരുന്നൊരു സമൂഹത്തില്‍ ഖൗല ബിന്‍ത് സഅ്ലബയെ പോലുള്ള അവകാശപോരാളികള്‍ ഉണ്ടായി വരുന്നതങ്ങനെയാണ്.
നിര്‍വികാരത ഭരിക്കുന്ന കാലത്ത് ജീവിക്കുന്ന മനുഷ്യരാണ് നമ്മള്‍. പെരും നുണകളുടെ സത്യാനന്തര കാലം. ചിന്താ ശേഷിയുള്ള മനുഷ്യന് ചിന്തിക്കാന്‍ സമയം നല്‍കാതിരിക്കലാണ് പുതിയ കോര്‍പറേറ്റ് തന്ത്രം. അത് റീലുകളായും പോസ്റ്റുകളായും നമ്മുടെ ഫീഡിലങ്ങനെ നിറഞ്ഞു കിടക്കുകയാണ്. പ്രവാചക വഴിയില്‍ ഉറച്ചു നില്‍ക്കാന്‍ പുതിയ കാലത്ത് ബോധപൂര്‍വമുള്ള തെരഞ്ഞെടുപ്പുകള്‍ അനിവാര്യമാണ്. ആറാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ചത് നമുക്കു കൂടി വേണ്ടിയാണ്. എല്ലാ അനീതികളോടും പൊരുതി സത്യപ്രബോധനം നടത്തിയത് നമുക്ക് കൂടി സന്മാര്‍ഗം ലഭിക്കാനാണ്. പരീക്ഷണങ്ങളുടെ തീച്ചൂളകളിലൂടെ കടന്നുപോയത് ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ്. ചോദ്യമിതാണ്- പ്രവാചകന്റെ അനുയായികളെന്ന് ലോകത്തോട് പരിചയപ്പെടുത്തുമ്പോഴും സ്വന്തം ജീവിതത്തില്‍ നമ്മള്‍ എവിടെയാണ് പ്രവാചകന് സ്ഥാനം നല്‍കുന്നത്? 'എന്റെ സമൂഹത്തില്‍ പെട്ട മുഴുവന്‍ പേരും നരകത്തില്‍നിന്ന് മോചിതനായാലേ എനിക്ക് സമാധാനം ലഭിക്കൂ. എന്റെ മനസ്സ് തൃപ്തമാവൂ' എന്ന് വ്യാകുലപ്പെടുന്നുണ്ട് പ്രവാചകന്‍. വരാനിരിക്കുന്ന തന്റെ തലമുറകളെ കുറിച്ച് അവിടുന്ന് സദാ പ്രാര്‍ഥിച്ചിരുന്നു. ആ നോവും തേട്ടവും എനിക്ക് കൂടി വേണ്ടിയായിരുന്നുവെന്ന തിരിച്ചറിവാണ് നമ്മെ നബി (സ)യിലേക്കടുപ്പിക്കുന്നത്.