'ഞങ്ങളങ്ങനെ സങ്കടപ്പെട്ടിട്ട് എന്താ കാര്യം ള്ളത്?' - ഒരുപാട് ചിന്തിപ്പിച്ച ഒരു ചോദ്യം ആയിരുന്നു ഇത്.
ഏകദേശം മൂന്ന് വര്‍ഷം മുമ്പ് വിദ്യാലയത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വനമേഖലയായ കക്കാടംപൊയിലില്‍ ആദിവാസി ഗോത്രസമൂഹമായ ചോലനായ്ക്കരെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഏഷ്യയിലെ തന്നെ വിരളമായ ഗോത്രം. വിക്കിപീഡിയയും യൂട്യൂബും എല്ലാം സര്‍വവിജ്ഞാനകോശങ്ങളായ ഈ കാലത്ത് അവയില്‍നിന്ന് ലഭിച്ച ശരികളും തെറ്റുകളും കലര്‍ന്ന അറിവുകളുമായാണ് ഞങ്ങളുടെ സംഘം കാട് കയറിയത്.
അഞ്ച് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിക്കണം ചോലനായ്ക്കരുടെ താമസസ്ഥലത്ത് എത്താന്‍. അവിടെ ചെന്നപ്പോള്‍ കണ്ടത്, നിരപ്പായ സ്ഥലത്ത് ചെറിയ ഗുഹകള്‍ പോലുള്ള കുടിലുകള്‍. ശൗചാലയമില്ല. ഒരാള്‍ പൊക്കം പോലുമില്ലാത്ത വാതിലുകള്‍. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ആളുകള്‍...
സര്‍വ സൗകര്യങ്ങളോട് കൂടെ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാം നമ്മള്‍ അര്‍മാദിക്കുന്ന കാലത്ത്, നമ്മുടെ സഹോദരങ്ങള്‍ തന്നെ ഉള്‍ക്കാടുകളില്‍ ഈ തരത്തില്‍ ജീവിക്കുന്നുണ്ട്. നരകതുല്യമെന്ന് നമുക്ക് തോന്നിയേക്കാവുന്ന ആ ജീവിതങ്ങളെ കുറിച്ച് കൂടുതലറിയാന്‍ ചോലനായക്കരുടെ മൂപ്പന്റെ അടുത്ത് ചെന്നു. പ്രായത്തില്‍ മൂത്ത ആളാണ് അവരുടെ ഗോത്രത്തലവന്‍ അഥവാ മൂപ്പന്‍. ഒരു കൗതുകത്തിനെന്നോണം അദ്ദേഹത്തോട് ചോദിച്ചു: 'ങ്ങള്‍ക് സന്തോഷം ണ്ടോ?' 'ഞങ്ങള്‍ക്ക് സന്തോഷം അല്ലാതെ വേറെ എന്താണുള്ളത്!' വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാണിച്ച് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ഈ കുറവുകളില്‍ ങ്ങള്‍ സങ്കടപ്പെടാറുണ്ടോ?'
മറുപടിയായി അദ്ദേഹം ഒരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്; 'ഞങ്ങളങ്ങനെ സങ്കടപ്പെട്ടിട്ട് എന്താ കാര്യം ള്ളത്?'
ഈ ചോദ്യം നമ്മളോട് എല്ലാവരോടുമാണ്. താമസിക്കാന്‍ ഒരു വീടോ, സ്വന്തമായി ഒരു തരി മണ്ണോ, മാറി ഉടുക്കാന്‍ ഒരു നല്ല വസ്ത്രമോ, എന്തിനേറെ പറയുന്നു, വിശപ്പകറ്റാന്‍ പല സമയത്തും ഭക്ഷണം പോലും ഇല്ലാതെ, ഉള്‍ക്കാടുകളില്‍ നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരു സമൂഹം ചോദിക്കുകയാണ്- സങ്കടപ്പെട്ടിട്ട് എന്ത് കാര്യമാണ് ഉള്ളതെന്ന്!
സുഖലോലുപതയില്‍ കഴിയുമ്പോഴും ആഗ്രഹിച്ചതെന്തോ കിട്ടാതാവുമ്പോഴേക്കും സങ്കടപ്പെട്ട്, ദേഷ്യപ്പെട്ട് മാറി നില്‍ക്കുന്നവരും പ്രതിസന്ധികള്‍ വരുമ്പോള്‍ പ്രതിവിധികളെക്കുറിച്ച് ചിന്തിക്കാന്‍ കരുത്തില്ലാതെ ആത്മഹത്യക്ക് തുനിയുന്നവരുമാണ് നമ്മള്‍.
അതേ സമയം ഒന്നുമില്ലായ്മയിലും സങ്കടപ്പെടാതെ, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, സന്തോഷം കണ്ടെത്തി കഴിയുന്നവരാണിവര്‍. ആദിവാസികള്‍ എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോഴും തങ്ങളുടെ ജീവിതങ്ങളില്‍ അവര്‍ സംതൃപ്തരാണ്. കുറവുകളോട് പൊരുത്തപ്പെട്ടവരാണ്. പുറംലോകത്തിന്റെ പണം അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്ത് മനുഷ്യര്‍, ചിരിയോടെ, സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കുന്നുണ്ടെന്ന സത്യം അദ്ദേഹമാണ് ആദ്യമായി മനസ്സിലേക്ക് ഇട്ടു തന്നത്.
കെട്ടുകഥകള്‍ എന്നു തോന്നിക്കാവുന്ന ജീവിതങ്ങളാണവ... അല്ലെങ്കിലും ബെന്യാമിന്‍ പറഞ്ഞപോലെ, 'നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്'.