ഓട്ടോമന്‍ വനിതകളുടെ വഖ്ഫുകളും സാമൂഹിക വികാസവും

നസീഫ് എം.കെ
ഒക്ടോബര്‍ 2024

മുസ്ലിം സമൂഹങ്ങളിലെ നാഗരിക വികാസങ്ങളില്‍ വഖ്ഫ് സ്വത്തുക്കള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. പള്ളികള്‍, മദ്റസകള്‍, കോളേജുകള്‍, ആശുപത്രികള്‍, ജലസേചനം, മഖ്ബറകള്‍ തുടങ്ങി സമൂഹവുമായി ബന്ധപ്പെട്ട അനേകം സ്ഥാപനങ്ങള്‍ രൂപംകൊണ്ടതും നിലനിന്നു പോന്നതും വഖ്ഫുകളായാണ്. തുര്‍ക്കി പോലുള്ള പ്രദേശങ്ങളിലെ ഒരാളുടെ ജീവിത ചക്രത്തെക്കുറിച്ച് 'വഖ്ഫ് ചെയ്യപ്പെട്ട തൊട്ടിലില്‍ ജനിച്ച് വഖ്ഫ് മുതലില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് വഖ്ഫാക്കപ്പെട്ട ഖബറില്‍ അടക്കം ചെയ്യുന്നു' എന്ന് ഗിബ്സിനെ പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മുസ്ലിം ജീവിതത്തിലെ വഖ്ഫിന്റെ മാറ്റിനിര്‍ത്തപ്പെടാനാവാത്ത സാന്നിധ്യം കാരണമാണ്. വഖ്ഫുകളുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ സുപ്രധാനമായതും നിരവധി പഠനങ്ങള്‍ നടന്നിട്ടുള്ളതുമായ ഒരു മേഖലയാണ് മുസ്ലിം വനിതകളുടെ വഖ്ഫുകള്‍ എന്നത്. സ്ത്രീകളെയും വഖ്ഫിനെയും ബന്ധിപ്പിച്ചുകൊണ്ട് പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവരുടെ സംഭാവനകള്‍ 'കുടുംബ പരിപാലനക്കാര്‍' അല്ലെങ്കില്‍ 'ഭക്തരായ വനിതകള്‍' എന്നതിനപ്പുറത്തേക്ക് പലപ്പോഴും എഴുതപ്പെടാറില്ല.

മുസ്ലിം സ്ത്രീകളും വഖ്ഫുകളും  പഠനവിധേയമാക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വത്തിന് മേല്‍ ഉണ്ടായിരുന്ന അവകാശം, കുടുംബ വീടുകളുടെ നടത്തിപ്പുകളില്‍ അവര്‍ ചെലുത്തിയ സ്വാധീനം തുടങ്ങിയവയാണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടത്. പഠനങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് പറയുന്നത് ഏത് തരത്തിലുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് സ്ത്രീകളെ വഖ്ഫുകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന തലത്തില്‍ പരിമിതപ്പെടാറാണ് പതിവ്. പലപ്പോഴും, ഭര്‍ത്താക്കന്മാരില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ഒരു ഉപാധിയായാണ് വഖ്ഫിനെ സ്ത്രീകള്‍ കണ്ടത് എന്ന തരത്തിലാണ് പല പഠനങ്ങളും മുന്നോട്ടു പോയിട്ടുള്ളത്. കേരളത്തില്‍ നടന്നിട്ടുള്ള മരുമക്കത്തായ വഖ്ഫുകളെക്കുറിച്ച പഠനങ്ങളിലും ഇവ മുഴച്ചു നില്‍ക്കുന്നതായി കാണാം. അതേസമയം ഇത്തരം ഉദ്ദേശ്യലക്ഷ്യങ്ങളിലും കുടുംബ സംവിധാനത്തിനകത്തും പരിമിതപ്പെടുത്താന്‍ കഴിയുന്നതല്ല മുസ്ലിം  വനിതകളുടെ പ്രവര്‍ത്തന ലോകം എന്ന് ഇസ്താംബൂളിലെ വഖ്ഫ് സമുച്ചയങ്ങള്‍ ഫോക്കസ് ചെയ്തുകൊണ്ട് എന്‍ഗിന്‍ ഇസിനും എബ്റു ഉസ്തുന്‍ ദാഗും നിരീക്ഷിക്കുന്നുണ്ട്.

വഖ്ഫ് സമുച്ചയങ്ങള്‍
പള്ളികള്‍ കേന്ദ്രീകരിച്ചും അവയോട് ചേര്‍ന്നും സ്ഥാപിക്കപ്പെട്ട വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്ന 'കുല്ലിയ' എന്ന് വിളിക്കപ്പെടുന്ന വഖ്ഫ്  കോംപ്ലക്സുകള്‍ ഇസ്താംബൂളില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശ്രദ്ധേയമായ വഖ്ഫ് കേന്ദ്രങ്ങളാണ്. പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്പത്തിക രംഗത്തിന്റെ 16 ശതമാനവും പതിനെട്ടാം നൂറ്റാണ്ടില്‍ 27 ശതമാനവും വഖ്ഫുകള്‍ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനകത്തെ എട്ട് ശതമാനം തൊഴിലുകള്‍ നല്‍കിയിരുന്നതും വഖ്ഫുകളായിരുന്നു. മദ്റസകള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, കച്ചവട കേന്ദ്രങ്ങള്‍, ജലധാരകള്‍, ആശുപത്രികള്‍, പബ്ലിക് കിച്ചണുകള്‍, ലോഡ്ജുകള്‍, മഖ്ബറകള്‍ കുളിമുറികള്‍ തുടങ്ങിയവയെല്ലാം ഇത്തരം സമുച്ചയങ്ങളുടെ ഭാഗമായി കാണാം. ഓരോ വഖ്ഫും ഒറ്റപ്പെട്ട കെട്ടിടങ്ങളോ ഭൂമികളോ അല്ല, നിരവധി വഖ്ഫുകള്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഒത്തുചേര്‍ക്കുന്ന തരത്തില്‍ മികച്ച സാമൂഹിക സഹകരണത്തിന്റെയും കൂട്ടായ്മയുടെയും മാതൃകകള്‍ കൂടിയാണ് ഇത്തരം വഖ്ഫ് കോംപ്ലക്‌സുകള്‍. ഓട്ടോമന്‍ ആര്‍ക്കിടെക്ചറിന്റെ ഘടനാപരമായ സവിശേഷതകള്‍ മാത്രമല്ല ഇവ വിളിച്ചോതുന്നത്, മറിച്ച് ഓട്ടോമന്‍ പൗരന്മാര്‍ ഇത്തരം വൈവിധ്യമാര്‍ന്ന സേവനസംവിധാനങ്ങളില്‍  നിന്നും പ്രയോജനം നേടിയ ഒരു സോഷ്യല്‍ ആന്‍ഡ് എക്കണോമിക് നെറ്റ്വര്‍ക്കാണ് ഇത്തരം സംവിധാനങ്ങള്‍. കുല്ലിയ്യകള്‍  തങ്ങളിലും മറ്റുള്ളവരിലും നാഗരിക സ്വത്വങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും പൗരന്മാര്‍ എന്ന നിലയില്‍ പൗര ഐക്യദാര്‍ഢ്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടങ്ങളായി മാറുകയും അക്കാലത്ത്  നഗര കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ഓട്ടോമന്‍ പൗരന്മാര്‍ക്ക് സാമൂഹികവും സാംസ്‌കാരികവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിലും ഇവ സുപ്രധാനമായിരുന്നു. വ്യക്തികളുടെ അവകാശങ്ങള്‍ എന്നത് ആധുനിക കാലത്തെ പാശ്ചാത്യന്‍  പൗരത്വ സങ്കല്പത്തിലൂടെയാണ് പരിഗണിക്കപ്പെട്ടത് എന്ന വാദങ്ങള്‍ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് ഇസ്ലാമിക നാഗരികതയില്‍ വഖ്ഫ് സംവിധാനങ്ങള്‍ നിര്‍വഹിച്ച സാമൂഹികവും സാംസ്‌കാരികവുമായ സേവനങ്ങള്‍ എന്നത്. ഈയൊരു വീക്ഷണം മുന്നില്‍ വച്ചുകൊണ്ട് നോക്കുമ്പോള്‍ വഖ്ഫ് പാരമ്പര്യത്തിനകത്തു നിന്നുകൊണ്ട് മുസ്ലിം സ്ത്രീകള്‍ നടത്തിയ വഖഫുകള്‍ക്ക്  വലിയ തോതിലുള്ള സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി സാമൂഹിക, സാംസ്‌കാരിക, മതപര, സാമ്പത്തിക മേഖലകളില്‍ ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്നതിന് വഖ്ഫുകള്‍ക്ക് സാധിച്ചിരുന്നു. ആധുനിക കാലത്ത് ഒരു പൗരന് ഒരു രാഷ്ട്രം വാഗ്ദാനം ചെയ്യുന്ന  വൈവിധ്യമാര്‍ന്ന അവകാശങ്ങളും സേവനങ്ങളും നിരവധി നൂറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഓട്ടോമന്‍ പ്രാദേശങ്ങളില്‍ ഉറപ്പ് വരുത്തിയിരുന്നത്  ഇത്തരത്തിലുള്ള സമുച്ചയങ്ങളായിരുന്നു.
 
ഓട്ടോമന്‍ വനിതകളും വഖ്ഫുകളും
ഇസ്തംബൂളിലെ വഖ്ഫുകളില്‍ ഗണ്യമായ അളവില്‍ മുസ്ലിം വനിതകളുടെ വഖ്ഫുകള്‍ ഉണ്ടായിരുന്നു എന്ന് പഠനങ്ങളില്‍ കാണാം. 15 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ ഇസ്താംബൂളില്‍ സ്ഥാപിതമായിട്ടുള്ള വഖ്ഫുകളിലും അവയുടെ പരിപാലനത്തിലും മുസ്ലിം വനിതകള്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി കാണാം.  പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇസ്താംബൂളില്‍, ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ഔഖാഫിന്റെ സ്ഥാപകരില്‍ 37% സ്ത്രീകളായിരുന്നു. 1930-കളില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഓട്ടോമന്‍ ഇസ്താംബൂളില്‍ നിര്‍മിച്ച 491 ജലധാരകളില്‍ 128 എണ്ണം വിവിധ സാമൂഹിക വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളാല്‍ സംഭാവന ചെയ്യപ്പെട്ടവയാണ്. ഈ ഔഖാഫുകളില്‍ പലതും വഖ്ഫ് സമുച്ചയങ്ങളുടെ  ഭാഗങ്ങളായാണ് സ്ഥാപിച്ചത്. ഇസ്താംബൂളിലെ ദൈനംദിന നഗരജീവിതം രൂപപ്പെടുത്തുന്നതിലും  തങ്ങളുടെ നഗരങ്ങളിലെ ആവശ്യങ്ങള്‍  നിരീക്ഷിക്കുന്നതിലും മനസ്സിലാക്കുന്നതിലും ഇടപെടുന്നതിലും വനിതകള്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഓട്ടോമന്‍ വനിതകള്‍ക്ക് അവരുടെ നഗര കേന്ദ്രങ്ങളെ കുറിച്ചിട്ടുള്ള  ധാരണകളും സാധ്യതകളും, പരിമിതികളും  അതോടൊപ്പം അവയുടെ ആവശ്യകതയെ കുറിച്ചിട്ടുള്ള ധാരണകളും ഉണ്ടായിരുന്നുവെന്നത് അവരുടെ വഖ്ഫ് ആധാരങ്ങള്‍ സാക്ഷ്യം വഹിക്കുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അനാഥര്‍, അഗതികള്‍, യാത്രക്കാര്‍, അടിമകള്‍, പാവപ്പെട്ടവര്‍, വിധവകള്‍ തുടങ്ങി സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ നിരവധി വിഭാഗങ്ങള്‍ക്ക് അവരുടെ വഖ്ഫ് ആധാരങ്ങളില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നതായി കാണാന്‍ സാധിക്കും.

ഇസ്താംബൂളില്‍ സ്ത്രീകള്‍ സ്ഥാപിച്ച നിരവധി പ്രധാന വഖ്ഫ് സമുച്ചയങ്ങള്‍  ഉണ്ട്. ഹസെകി ഹുറെം എന്ന വനിത വഖ്ഫ് ചെയ്ത സമുച്ചയം, പ്രശസ്ത  വാസ്തുശില്പിയായ സിനാന്‍ 1538-നും 1550-നും ഇടയില്‍ ഒന്നിലധികം ഘട്ടങ്ങളിലായാണ് നിര്‍മിച്ചത്. മസ്ജിദ്, സ്‌കൂള്‍, സൂപ്പ് കിച്ചണ്‍, സ്ത്രീകള്‍ക്കുള്ള ആശുപത്രി എന്നിവയുള്‍പ്പെടെ നിരവധി യൂണിറ്റുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഈ പ്രദേശം ജനസാന്ദ്രതയുള്ള മേഖലയായി രൂപപ്പെടുന്നതില്‍  ഈയൊരു വഖ്ഫ് സുപ്രധാന പങ്കുവഹിച്ചതായി  കാണാം. മക്ക, ജറൂസലേം, അങ്കാറ എന്നിവയുള്‍പ്പെടെ ഇസ്താംബൂളിന് പുറത്ത് മറ്റ് നിരവധി ഫൗണ്ടേഷനുകളും ഹുറെം കമ്മീഷന്‍ നല്‍കിയിരുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കും തീര്‍ഥാടകര്‍ക്കും അടിമകള്‍ക്കുമായി അവര്‍ ഗണ്യമായ തുക നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ കാണിക്കുന്നുണ്ട്. തന്റെ ഉമ്മയെ പിന്തുടര്‍ന്ന് മിഹ്രിമ സുല്‍ത്താനും ഇസ്താംബൂളില്‍ രണ്ട് വഖ്ഫ് സമുച്ചയങ്ങള്‍ സ്ഥാപിച്ചു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഏഷ്യന്‍-യൂറോപ്യന്‍ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഒരു സുപ്രധാന സ്ഥലമായ ഉസ്‌കുദാര്‍ പരിസരത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

ഫാത്തിഹ് നഗരത്തിലെ സമുച്ചയങ്ങള്‍ക്ക് സമാനമായി നഗരത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുകയും നിറവേറ്റുകയും ചെയ്യുന്ന തരത്തില്‍ ഗണ്യമായ  സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു 1583-ല്‍ നൂര്‍ബാനു സ്ഥാപിച്ച വഖ്ഫ് സമുച്ചയം. വളരെ തന്ത്രപ്രധാനമായ ഇടം തന്നെ തെരഞ്ഞെടുത്തായിരുന്നു ഇത് ഉയര്‍ത്തിയതെന്നും,  ഉസ്‌കുദാറിലും പരിസരത്തും പുതിയ വാസസ്ഥലങ്ങളെയും വികസനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഇതിന്റെ നിര്‍മാണത്തിനുശേഷം, ഈ പ്രദേശം ഇസ്താംബൂളിലെ ഒരു നിര്‍ണായക പാര്‍പ്പിട, വാണിജ്യ കേന്ദ്രമായി മാറി. 1856-ല്‍ നഗരത്തില്‍ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒരു പൊതു ആശുപത്രിയായി ഉപയോഗിച്ചിരുന്നതും ഈയൊരു സമുച്ചയമായിരുന്നു. വലിയ തോതിലുള്ള സാമൂഹികമായ ഇടകലരലുകള്‍ക്ക് അവസരമൊരുക്കി എന്നതിനാല്‍ തന്നെ പൗര സ്വത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഇവക്ക് സാധ്യമായിട്ടുണ്ട്. അതുപോലെതന്നെ , ബെസ്മി ആലം വലീദ് സുല്‍ത്താന്റെ (സുല്‍ത്താന്‍ അബ്ദുല്‍മെസിറ്റിന്റെ ഉമ്മ) എന്‍ഡോവ്മെന്റുകള്‍ പരിശോധിച്ചാല്‍, നഗരത്തോടും അതിലെ പൗരന്മാരോടുമുള്ള അവരുടെ സേവന ഐക്യദാര്‍ഢ്യങ്ങള്‍ കാണാന്‍ സാധിക്കും. 1840-നും 1843-നും ഇടയിലായി ഇസ്താംബൂളില്‍ നിരവധി ജലധാരകള്‍ അവര്‍ നിര്‍മിച്ചു. പൊതു കുളിയിടങ്ങള്‍ പോലെ, ജലധാരകളുടെ നിര്‍മാണം പ്രസ്തുത ദേശത്തെ  ജനസംഖ്യാ വര്‍ധനവിലും ഒരു നഗരമായി രൂപപ്പെടുന്നതിലും നിര്‍ണായക പങ്കു വഹിക്കുന്ന ഘടകങ്ങളായിരുന്നു. മുകളില്‍  നല്‍കിയ ഉദാഹരണങ്ങള്‍ സമൂഹത്തിലെ വരേണ്യ  സ്ത്രീകളെ പ്രതിനിധീകരിക്കുന്നുവെന്ന് വാദിക്കാമെങ്കിലും, മറ്റു സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും ഇസ്താംബൂളില്‍ വഖ്ഫുകള്‍ നല്‍കിയിട്ടുണ്ടെന്നതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്.

ചുരുക്കത്തില്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ അവകാശവും ഇടപഴകലുകളിലും പൗരസ്വത്വത്തിന്റെ രൂപീകരണത്തിലും വഖ്ഫ്  സ്ഥാപകരായ വനിതകള്‍ നിര്‍ണായകമായ സംഭാവന നല്‍കിയിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അതുകൊണ്ടുതന്നെ, വീടകങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന, സ്വന്തമായ തീരുമാനങ്ങളോ നിലപാടുകളോ ഇല്ലാത്തവരായി മുസ്ലിം വനിതകളെ ചിത്രീകരിക്കുന്നതിനെ അവരുടെ വഖ്ഫ് പാരമ്പര്യവും ഇടപെടലുകളും തീര്‍ച്ചയായും ചോദ്യം ചെയ്യുന്നുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media