വഖ്ഫ് കൈയൊപ്പ് ചാര്‍ത്തി മുസ് ലിം വനിതകള്‍

അലവി ചെറുവാടി
ഒക്ടോബര്‍ 2024

'മനുഷ്യന്‍ മരിച്ചാല്‍ മൂന്നെണ്ണമൊഴികെ സകലതും അവനെ വിട്ടുപിരിയും: എന്നെന്നും നിലനില്‍ക്കുന്ന ദാനധര്‍മം (വഖ്ഫ്), ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സച്ചരിതരായ സന്താനങ്ങള്‍' (നബിവചനം).

നിലനില്‍ക്കുന്ന ദാനധര്‍മത്തിന്റെ വിവക്ഷ വഖ്ഫാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ച്, സമൂഹത്തിന്റെ പൊതുവായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വസ്തുക്കള്‍ നീക്കിവെക്കുമ്പോള്‍ അത് വഖ്ഫായി കണക്കാക്കപ്പെടുന്നു. ഇസ് ലാമിന്റെ ആരംഭകാലം തൊട്ട് തന്നെ സ്ത്രീകളും വഖ്ഫ് ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

സമ്പത്ത്, ഭൂമി, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍ തുടങ്ങി ദീനീപരവും വൈജ്ഞാനികവും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിലൊക്കെ സ്ത്രീകള്‍ വഖ്ഫ് സേവനത്തില്‍ കൈയൊപ്പ് ചാര്‍ത്തിയതായി കാണാം. പ്രവാചകന്റെ പ്രിയപത്നി ഉമ്മുല്‍ മുഅ്മിനീന്‍ മഹതി ആഇശ ഒരു വീട് പാവങ്ങള്‍ക്കു വേണ്ടി വഖ്ഫ് ചെയ്യുകയുണ്ടായി. നബിപത്നിയും ഉമറിന്റെ പുത്രിയുമായ മഹതി ഹസ്രത്ത് ഹഫ്സ്വ 20,000 ദീനാറിന് ആഭരണങ്ങള്‍ വാങ്ങി തന്റെ കുടുംബത്തിലെ പാവപ്പെട്ട സ്ത്രീകള്‍ക്കായി വഖ്ഫ് ചെയ്യുകയുണ്ടായി.
ഇസ് ലാമിക ഖിലാഫത്ത് നിലനിന്ന വിവിധ കാലഘട്ടങ്ങളില്‍ ഭരണാധികാരികളുടെ മാതാക്കളും പത്നിമാരും അടിമസ്ത്രീകളും സാധാരണക്കാരും വഖ്ഫ് രംഗത്ത് അവരുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയുണ്ടായി.

ദീനീരംഗത്ത്

തൂനിസ് ജയിച്ചടക്കിയ ഉഖ്ബതുബ്നു നാഫിഉല്‍ ഫിഹ് രിയുടെ സന്താന പരമ്പരയിലെ മുഹമ്മദുല്‍ ഫിഹ് രിയ്യയുടെ പുത്രി ഫാത്വിമ ഫിഹ് രിയ്യ മൊറോക്കോയുടെ മുന്‍ തലസ്ഥാനമായിരുന്ന ഫാസില്‍ ജാമിഉല്‍ ഖുറവിയ്യീന്‍ എന്ന പേരില്‍ പള്ളി സ്ഥാപിച്ചു. ഉമ്മുല്‍ ബനീന്‍ (കുട്ടികളുടെ മാതാവ്) എന്ന പേരില്‍ അവര്‍ അറിയപ്പെട്ടിരുന്നു. പിന്നീട് അവിടെ അവര്‍ ലോകത്തിലെ ആദ്യ യൂനിവേഴ്സിറ്റി എന്നറിയപ്പെടുന്ന ജാമിഅത്തുല്‍ ഖുറവിയ്യീന്‍ (അല്‍ ഖുറവിയ്യീന്‍ സര്‍വകലാശാല) സ്ഥാപിക്കുകയുണ്ടായി. ഫ്രഞ്ച് ഓറിയന്റലിസ്റ്റ് ജോര്‍ജ് ഡെല്‍ഫിന്‍ തന്റെ ഒരു ഗ്രന്ഥത്തില്‍ ഇത് രേഖപ്പെടുത്തുകയും യുനെസ്‌കോ പൈതൃകപട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ അവരുടെ സഹോദരി മര്‍യം ഫിഹ് രിയ്യ അതിന്റെ എതിര്‍വശത്തായി അന്ദലുസ് മസ്ജിദ് നിര്‍മിച്ചു. ഫാത്വിമി ഖലീഫ അല്‍ മുഇസ്സിന്റെ പത്നി തഗ് രീദ് ജാമിഉല്‍ ഖറാഫ പള്ളി നിര്‍മിച്ചു. ഇത് അന്ന് ഈജിപ്തിലെയും കൈറോവിലെയും വലിയ പള്ളികള്‍ക്ക് സമാനമായിരുന്നു. ഖലീഫ അല്‍ആമിറിന്റെ പത്നി നിരവധി പള്ളികള്‍ വഖ്ഫ് ചെയ്തിരുന്നു. നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബിന്റെ പുത്രി റുഖിയ്യയുടെ സ്മരണാര്‍ഥം നിര്‍മിക്കപ്പെട്ട മസ്ജിദ് സയ്യിദ റുഖിയ്യ അതിലൊന്നാണ്. അന്ദലുസില്‍ അവര്‍ നിര്‍മിച്ച പള്ളിയുടെ ഒരു ഭാഗത്ത് പാവങ്ങളായ വിധവകള്‍ക്കായി ഒരു സത്രവും പണിതിരുന്നു. എ.ഡി 16-ാം നൂറ്റാണ്ടില്‍ ഉസ്മാനീ ഭരണകാലത്ത് സയ്യിദ് മുഹ്സിന സ്ഥാപിച്ച ജാമിഅ് സയ്യിദ അള്‍ജീരിയയിലെ അന്നത്തെ ഏറ്റവും വലിയ പള്ളിയായിരുന്നു. 1849-ല്‍ അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത ഫാത്വിമ നസൂമര്‍ അള്‍ജീരിയയില്‍ ഒരു പള്ളിയും അനുബന്ധമായി ഒരു സത്രവും ഖുര്‍ആന്‍ മനഃപാഠമാക്കുന്നവര്‍ക്കായി ഒരു ഷെഡും നിര്‍മിക്കുകയുണ്ടായി.
അബ്ബാസി ഖലീഫ അല്‍ മുസ്തളീഇന്റെ ഭാര്യ സുംറദ് ഖാത്തൂന്‍ ബഗ്ദാദില്‍ അല്‍ ഖഫാഫീന്‍ മസ്ജിദ് നിര്‍മിച്ചു.

വൈജ്ഞാനിക മേഖലയില്‍

അയ്യൂബി ഭരണാധികാരി അബൂബക്കര്‍ ഇബ്നു അയ്യൂബിന്റെ പുത്രി കര്‍മശാസ്ത്ര പണ്ഡിതന്മാരെയും ഖുര്‍ആന്‍ പാരായണ വിദഗ്ധരെയും വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് ഒരു കലാലയം സ്ഥാപിച്ച് വഖ്ഫ് ചെയ്തു. ഹിജ്റ ഒമ്പതാം നൂറ്റാണ്ടുവരെ ഇത് നിലനിന്നതായി ഇസ് ലാമിക ചരിത്രകാരന്‍ തഖിയ്യുദ്ദീന്‍ മഖ് രീസി രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്മാനിയ ഭരണാധികാരി മുറാദ് അഞ്ചാമന്റെ പുത്രി ഫഹീമ ബെക് ഈജിപ്തിലെ ബനീ സുവൈഫ് പട്ടണത്തില്‍ നദീതീരത്ത് നൂറോളം ഏക്കര്‍ കൃഷിസ്ഥലം ഏറ്റെടുത്ത് വഖ്ഫ് ചെയ്യുകയും, തന്റെ മരണശേഷം അവിടം വിജ്ഞാനത്തിനും ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും ഉതകുന്ന കലാലയം നിര്‍മിക്കണമെന്ന് വസ്വിയ്യത്ത് നല്‍കുകയുമുണ്ടായി. അബ്ബാസി ഖലീഫ അല്‍ മുസ്തഅ്സ്വിമിന്റെ ഭാര്യ ഹിജ്റ 649-ല്‍ അല്‍ മുസ്തന്‍സ്വിരിയ്യ സ്‌കൂളിന് സമാനമായി ബഗ്ദാദില്‍ ഇസ് ലാമിലെ പ്രധാനപ്പെട്ട നാലു മദ്ഹബുകള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നവിധം ബശീരിയ്യ സ്‌കൂള്‍ സ്ഥാപിച്ച് വഖ്ഫ് ചെയ്തു. ശാഹിന്‍ശാ ഇബ്നു അയ്യൂബ് ശാദീ ഖാത്തൂനിന്റെ പുത്രി അദ്റാഅ് ഹിജ്റ 580-ല്‍ ദമസ്‌കസില്‍ അദ്റാവിയ്യ സ്‌കൂള്‍ സ്ഥാപിക്കുകയുണ്ടായി. സിത്തുശ്ശാം എന്നറിയപ്പെടുന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരി ഫാത്വിമ ഖാത്തൂന്‍ ദമസ്‌കസില്‍ ശാമിയ ബറാനിയ്യ സ്‌കൂളും ശാമിയ ജുവാനിയ സ്‌കൂളും സ്ഥാപിച്ചു. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പത്നി ഖാത്തൂന്‍ സിറിയയില്‍ ഹിജ്റ 570-ല്‍ ഖാത്തൂനിയ ജുവാനിയ സ്‌കൂള്‍ സ്ഥാപിച്ചു. സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനിയുടെ പത്നി ഖുറം ഖാസ്വകി ഇസ്തംബൂളില്‍ മെഡിക്കല്‍ സ്‌കൂളും, മക്കയിലും മദീനയിലും വിദ്യാര്‍ഥികള്‍ക്കായി ധാരാളം വഖ്ഫുകളും ചെയ്തിരുന്നു. സുല്‍ത്താന്‍ സലീം രണ്ടാമന്റെ ഭാര്യമാരിലൊരാളും ജൂതമതക്കാരിയുമായിരുന്ന നൂര്‍ബാനു ഇസ് ലാം സ്വീകരിക്കുകയും എസ്‌കോദാരില്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയും കോളേജും സ്‌കൂളും സ്ഥാപിക്കുകയും ചെയ്തു. ഉസ്മാനി സുല്‍ത്താന്‍ ഇബ്റാഹീം ഒന്നാമന്റെ പത്നി തുര്‍ഖാന്‍ ഖദീജ ദാറുല്‍ ഹദീസ് സ്‌കൂള്‍ സ്ഥാപിച്ചു.

ആരോഗ്യ മേഖലയില്‍

ഇസ് ലാമിലെ പ്രഥമ ആതുരാലയം അസ് ലം ഗോത്രത്തിലെ സ്വഹാബി വനിത റുഫൈദക്കു വേണ്ടി പ്രവാചകന്‍ അവിടുത്തെ പള്ളിയില്‍ പണികഴിപ്പിച്ച കേന്ദ്രമായിരുന്നു. ഇസ് ലാമിലെ ആദ്യത്തെ ഡോക്ടറും നഴ്സുമായി അവര്‍ അറിയപ്പെടുന്നു. അവര്‍ മുറിവുകള്‍ മരുന്ന് വെച്ച് കെട്ടുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. ഖന്‍ദഖ് യുദ്ധത്തില്‍ മുറിവേറ്റവരെ അവര്‍ ചികിത്സിക്കുകയുണ്ടായി. സല്‍ജൂഖി സുല്‍ത്താന്‍ ഖിലിജ് അര്‍സ് ലാന്റെ പുത്രി മധ്യധരണ്യാഴിയുടെ തീരത്തുള്ള ഖൈസാരിയ്യയില്‍ ഒരാശുപത്രി സമുച്ചയം പണിതുയര്‍ത്തി. ഖലീഫ മുഖതദിറിന്റെ മാതാവ് ശഗബ് ബഗ്ദാദില്‍ ടൈഗ്രീസ് നദീതീരത്ത് ഒരാശുപത്രി പണിതു. സുല്‍ത്താന്‍ മഹ് മൂദ് രണ്ടാമന്റെ പത്നി ബസം ആലം ഇസ്തംബൂളില്‍ സാധുജനങ്ങള്‍ക്കായി ഒരാശുപത്രി പണിയുകയും രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയും ചെയ്തു. അതുപോലെ മറ്റൊരു പത്നിയായ ബര്‍ത്ത ഫന്‍യാല്‍ മക്കയിലും മദീനയിലുമായി പാവപ്പെട്ട മുസ് ലിംകള്‍ക്കായി ആശുപത്രി വികസിപ്പിച്ചു. അതില്‍ ഡോക്ടര്‍മാരും മിഡ് വൈഫുമാരും ഫാര്‍മസിസ്റ്റുകളും സര്‍ജന്മാരും ജോലി ചെയ്തിരുന്നു.

ജല പദ്ധതികള്‍

അബ്ബാസി ഖലീഫ ഹാറൂന്‍ റശീദിന്റെ മാതാവ് നിരവധി കുളങ്ങളും ജല ഉറവിടങ്ങളും കിണറുകളും നിര്‍മിച്ചിരുന്നു. സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനിയുടെ പത്നി ഖാസകി മക്കയില്‍ രണ്ടും മദീനയില്‍ ഒന്നും ജല ഉറവിടങ്ങള്‍ നിര്‍മിക്കുകയുണ്ടായി. ഖലീഫ ഹാറൂന്‍ റശീദിന്റെ പത്നി സുബൈദ തന്റെ ഹജ്ജ് വേളയില്‍ മക്കയില്‍ ഒരു കിണര്‍ നിര്‍മിച്ച്, പ്രദേശ വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ശുദ്ധജല വിതരണത്തിന് സംവിധാനമൊരുക്കി. മാത്രമല്ല, നീര്‍ച്ചാലുകള്‍ നിര്‍മിച്ച് മക്കയുടെ പരിസരങ്ങളിലും മറ്റും വെള്ളമെത്തിക്കാന്‍ എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും നിശ്ചയിക്കുകയുണ്ടായി. 'ഐന്‍ സുബൈദ' (സുബൈദ കിണര്‍) എന്ന പേരില്‍ അതറിയപ്പെട്ടു. ഉസ്മാനിയാ ഖിലാഫത്തില്‍ അങ്കാറയിലെ ജി.ഡി.പി.എഫ്.എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പയസ് ഫൗണ്ടേഷന്‍) 30,000 വഖ്ഫ് സര്‍ട്ടിഫിക്കറ്റുകളില്‍ 2300-ലധികം സ്ത്രീകളുടേതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്തംബൂളിലെ 491 പൊതു ജലധാരകള്‍ 1930 വരെ നിലനില്‍ക്കുകയും അതില്‍ 30 ശതമാനം സ്ത്രീകളുടേതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സാമൂഹിക മണ്ഡലം

ഹിജ്റ 684-ല്‍ മംലൂക്ക് സുല്‍ത്താന്‍ അള്ളാഹിര്‍ ബേബറസിന്റെ പുത്രി, തന്റെ സ്മരണാര്‍ഥം മതപരവും വൈജ്ഞാനികവും സാമൂഹികവുമായ ധര്‍മങ്ങള്‍ നിര്‍വഹിക്കാനായി ബഗ്ദാദിയ്യ സത്രം സ്ഥാപിച്ച് വഖ്ഫ് ചെയ്തു. ഹിജ്റ 855-ല്‍ സുല്‍ത്താന്‍ ജമാലുദ്ദീന്‍ ഇബ്നു യൂസുഫിന്റെ മകള്‍ ദരിദ്രരുടെ മക്കള്‍ക്കു വേണ്ടി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അവിടങ്ങളില്‍ അവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കുകയും സാഹിത്യകാരന്മാരെ നിയമിക്കുകയും ചെയ്തു. ഉസ്മാനിയാ സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനിയുടെ ഭാര്യക്ക് കൃഷിഭൂമിക്കും കെട്ടിടങ്ങള്‍ക്കും പുറമെ രണ്ട് കപ്പലുകളും വഖ്ഫ് സ്വത്തായുണ്ടായിരുന്നു. സുല്‍ത്താന്‍ മുറാദിന്റെ മാതാവ് മക്കയിലും മദീനയിലും ഹറമുകളില്‍ ഭൂമി ശേഖരിച്ച് വഖ്ഫ് ചെയ്തു. ഹിജ്റ 8-ാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ ഖാസിം മുറാദിന്റെ മാതാവ് ഭക്ഷണ പാനീയങ്ങള്‍ക്കും വിശ്രമത്തിനും സൗകര്യപ്പെടുന്ന സത്രങ്ങള്‍ വഖ്ഫ് ചെയ്തിരുന്നു. മക്കയിലെ ഖാദി ശിഹാബുദ്ദീന്‍ ത്വബരിയുടെ പുത്രി ഉമ്മുല്‍ ഹുസൈന്‍ ഹിജ്റ 784-ലും ഖുതുബുല്‍ ഖസ്ത്വല്ലാനിയുടെ മാതാവ് 8-ാം നൂറ്റാണ്ടിലും മക്കയില്‍ വഴിയമ്പലങ്ങള്‍ നിര്‍മിക്കുകയുണ്ടായി. സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനിയുടെ പത്നി ഖാസ്വകി മദീനയില്‍ പാവങ്ങള്‍ക്കായി ഒരു അടുക്കള, ബേക്കറി, രണ്ടു സ്റ്റോര്‍ റൂമുകള്‍, ഗോതമ്പും ഈത്തപ്പനയും പൊടിയാക്കി സൂക്ഷിക്കാന്‍ ഒരു കെട്ടിടവും അടുക്കളയോടനുബന്ധിച്ച് വലുതും ഇടത്തരവുമായ രണ്ടു വീടുകളും മറ്റൊരു ചെറിയ വീടും നിര്‍മിച്ച് വഖ്ഫായി നിലനിര്‍ത്തി.

ഗ്രന്ഥങ്ങള്‍, ലൈബ്രറി, മുസ്വ് ഹഫ്

ഹിജ്റ 295-ല്‍ അബൂഅയ്യൂബിന്റെ അടിമയായ ഫദ് ല്‍ സ്വന്തം കൈപ്പടയില്‍ ഖുര്‍ആന്‍ എഴുതി ഓതുന്നവര്‍ക്കായി വഖ്ഫ് ചെയ്തു. ഹിജ്റ അഞ്ചാം നൂറ്റാണ്ടില്‍ ഫാത്വിമ ഹാളിന ഒരു കൂട്ടം വിലപിടിപ്പുള്ള ഗ്രന്ഥങ്ങള്‍ ഖൈറുവാനിലെ ഉഖ്ബതുബ്നു നാഫിഅ് പള്ളിക്കു വേണ്ടി വഖ്ഫ് ചെയ്തു. മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്റെ മകന്‍ അലിയുടെ പുത്രി ഹിജ്റ 13-ാം നൂറ്റാണ്ടില്‍ അബൂ സകരിയ്യാ യഹ് യയുടെ 'സ്വഹീഹു  മുസ് ലിം' വ്യാഖ്യാനത്തിന്റെ മൂന്നാം ഭാഗം വഖ്ഫ് ചെയ്തു.
ഹിജ്റ 1283-ല്‍ ഇമാം ഫൈസ്വല്‍ ഇബ്നു തുര്‍കിയുടെ പുത്രി നൂറ ഇബ്നുല്‍ ഖയ്യിമിന്റെ 'ഇഗാസത്തുല്ലഹ് ഫാന്‍ മിന്‍ മസ്വായിദിശ്ശൈത്വാന്‍' എന്ന കൃതിയുടെ കോപ്പി വഖ്ഫ് ചെയ്തു.

ഈജിപ്തിലെ ഇസ്മാഈല്‍ പാഷയുടെ പത്നി ജിഹാന്‍ ഖാദീന്‍ അസ്ഹര്‍ പണ്ഡിതന്മാരുടെ സംരക്ഷണത്തിനായി 1902-ല്‍ ഭൂമിയും കൃഷി സ്ഥലങ്ങളും വഖ്ഫ് ചെയ്തു.

വഖ്ഫ് സ്ത്രീ സാമ്പത്തികശാക്തീകരണത്തില്‍

പ്രവാചകചര്യ എന്ന നിലക്ക് അവശരും ദുര്‍ബലരുമായ സ്ത്രീ ജനങ്ങളെ സംരക്ഷിക്കുന്നതിന് വഖ്ഫ് ഇന്നോളം വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യാപാര-വാണിജ്യ രംഗം അഭിവൃദ്ധിപ്പെടുത്തുക, തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട പരിശീലനം നല്‍കുക എന്നിവ ലാക്കാക്കി 2010-ല്‍ സുഊദി അറേബ്യയില്‍ സ്ഥാപിതമായ സംരംഭമാണ് സെന്റര്‍ ഫോര്‍ ഫാമിലി പ്രൊഡക്ടീവ് സൊസൈറ്റി -സുലൈമാന്‍ ഇബ്നു അബ്ദില്‍ അസീസ് അല്‍ റാജിഹ് ഫൗണ്ടേഷന്‍ ഫോര്‍ ഫിനാന്‍സ് ഡവലപ്മെന്റിന്റെ സംരംഭങ്ങളിലൊന്നാണിത്. സ്ത്രീകള്‍ക്ക് പലിശ രഹിതമായും ഈട് വാങ്ങാതെയും മൈക്രോ ക്രെഡിറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 2020 അവസാനത്തോടെ 155,000-ലധികം ഗുണഭോക്താക്കള്‍ക്ക് 162,000 സുഊദി റിയാല്‍ വായ്പയായി നല്‍കുകയുണ്ടായി.

വഖ്ഫ് സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ സമഗ്രമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, മാര്‍ക്കറ്റിംഗ് സംവിധാനങ്ങളുമായി ഇടപെടുന്നതില്‍ സ്ത്രീ മത്സരശേഷി വികസിപ്പിക്കുക, സാമ്പത്തിക ശാക്തീകരണം, ചെറുകിട ഹ്രസ്വകാല സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സാമൂഹിക സ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഫലപ്രദമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് ഫലപ്രദമായ രീതികളും സ്തുത്യര്‍ഹമായ പരിശീലനങ്ങളും പ്രയോജനപ്പെടുത്തുക, ശാക്തീകരണ പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നിവയും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പൂര്‍വവും കാലികവുമായ പള്ളികള്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, ആതുരാലയങ്ങള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയിലൊക്കെ ദേശ, ഭാഷാ ഭേദമന്യേയുള്ള സുമനസ്സുകളായ സ്ത്രീകളുടെ വഖ്ഫ് കൈയൊപ്പ് ദര്‍ശിക്കാവുന്നതാണ്. തലശ്ശേരി ടി.സി റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ് ലാമിക് സെന്ററിനോടനുബന്ധിച്ച് ഹിജ്റ 1426 (എ.ഡി 2005)ല്‍ നിര്‍മിക്കപ്പെട്ട പള്ളി ഖത്തര്‍ സഹോദരന്‍ അബ്ദുല്‍ അസീസ് അല്‍ അത്വിയ്യയുടെ മാതാവ് ശരീഫ ബിന്‍ത് അഹ് മദിന്റെ വഖ്ഫാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ സ്വാതന്ത്ര്യസമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയതമയും സ്വാതന്ത്ര്യപോരാളിയുമായ ഫാത്തിമ എന്ന മാളു ഹജ്ജുമ്മ, തന്റെ മരണശേഷം ബാക്കി സ്വത്തുക്കളും വീടും ഏറനാട്ടിലെ കരുവാരക്കുണ്ട് പള്ളിക്ക് നേരത്തെ തന്നെ വഖ്ഫായി വസ്വിയ്യത്ത് ചെയ്തിരുന്നു. നേരത്തെ നല്‍കിയ ഒന്നര ഏക്കറിനു പുറമെ അഞ്ച് ഏക്കറും നല്‍കി. വെള്ളക്കാരുടെ ആക്രമണത്തില്‍ തകര്‍ന്ന മാമ്പുഴപള്ളിക്ക് എട്ടേക്കര്‍ ഭൂമിയും പള്ളിയില്‍ ദര്‍സ്  നടത്താനായി ഏക്കര്‍ കണക്കിന് ഭൂമിയും അവര്‍ വഖ്ഫ് ചെയ്യുകയുണ്ടായി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media