പിഞ്ചുകുഞ്ഞിന് ജീവവായു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ജീവൗഷധമാണ് മുലപ്പാല്‍. പുതുലോകത്തിലേക്ക് കൗതുകത്തോടെയും ഉത്കണ്ഠയോടെയും പ്രവേശിക്കുന്ന ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് മുലപ്പാല്‍ പകര്‍ന്നു കൊടുക്കുന്ന അമ്മയെ ശാസ്ത്രലോകം 'പ്രാചീന കല, ആധുനിക അത്ഭുതം' (Ancient Art, Modern Miracle) എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കുക എന്നത് വികസിത രാജ്യങ്ങളില്‍ വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുലപ്പാല്‍ നല്‍കുന്നതിലുള്ള അസൗകര്യങ്ങള്‍, മുലപ്പാല്‍ ഉല്‍പാദനത്തിലെ അപര്യാപ്തത, ജോലിത്തിരക്ക് മൂലമുള്ള പ്രയാസങ്ങള്‍, തൊഴിലിടങ്ങളില്‍ മുലപ്പാല്‍ നല്‍കാന്‍ സൗകര്യമില്ലായ്മ, മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി പറയുന്നത്.
കുഞ്ഞിന്റെ വിശപ്പിന് മാത്രമല്ല ഉല്‍ക്കണ്ഠക്കും ക്ഷീണത്തിനും ദാഹത്തിനും മുലപ്പാല്‍ ശമനിയാണ്. അമ്മയുടെ മാറിടത്തില്‍ ചേര്‍ന്ന് കിടക്കുമ്പോള്‍ അവിടെ വേര്‍പ്പെടുത്താനാവാത്ത ഒരു ആത്മബന്ധമാണ് രൂപപ്പെടുന്നത്. മുലപ്പാലിന്റെ മറ്റു മേന്മകളെ കുറിച്ചറിയാം.
ഇവ ശ്രദ്ധിക്കണേ...
- കുഞ്ഞു ജനിച്ചാല്‍ കഴിയുന്നതും വേഗത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടി തുടങ്ങണം. ഇത് കുഞ്ഞില്‍ ആവശ്യമായ ഷുഗറിന്റെ അളവ് കുറയുന്നത് (Hypoglycemia) തടയാനും അമ്മയില്‍ പ്രസവാനന്തര രക്തസ്രാവം (Postpartum Hemorrhage), വിളര്‍ച്ച (Anemia) തുടങ്ങിയവ തടയാനും പാലുല്‍പാദനം ത്വരിതപ്പെടാനും, അമ്മയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വലിയ അളവില്‍ സഹായിക്കുന്നു.
- തുടക്കത്തില്‍ പാല്‍ വലിച്ചു കുടിക്കുന്നതിനും കിടത്തുന്ന പൊസിഷനിലും കുഞ്ഞ് Comfortable ആകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.
- ആവശ്യമായ പാലിന്റെ അളവ് കുഞ്ഞിന്റെ തൂക്കത്തെയും പാല്‍ വലിച്ചു കുടിക്കാനുള്ള കഴിവ് എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടും. ആവശ്യാനുസരണവും നിശ്ചിത ഇടവേളകളിലായും മുലയൂട്ടുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
- ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം (Exclusive Breastfeeding) നല്‍കാന്‍ ശ്രദ്ധിക്കണം. പ്രസ്തുത കാലയളവില്‍ വേറെ ഒന്നും തന്നെ കുഞ്ഞിന് ആവശ്യമില്ല. മാത്രമല്ല, മുലപ്പാലിന് പുറമെ നല്‍കുന്നതെന്തും കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
- മുലയൂട്ടുമ്പോള്‍ ആദ്യം ഒരു മുലയില്‍ നിന്നും പൂര്‍ണമായും നല്‍കാന്‍ ശ്രദ്ധിക്കുക. കാരണം ആദ്യം വരുന്ന പാല്‍ (Foremilk) കുഞ്ഞിന്റെ ദാഹം ശമിപ്പിക്കാന്‍ ഉതകുന്ന നേര്‍ത്ത, ജലാംശം കൂടുതലുള്ള പാലാണ്. ശേഷം വരുന്ന Hindmilk പോഷകസമൃദ്ധവും വിശപ്പിനെ ശമിപ്പിക്കുന്നതുമാണ്. അതിനാല്‍, ഒരു മുലയില്‍ നിന്നും പൂര്‍ണമായും നല്‍കിയതിനു ശേഷം മാത്രം രണ്ടാമത്തേതില്‍ നിന്നും നല്‍കുക.
- മുലയൂട്ടുന്ന കാലയളവില്‍ അമ്മ പ്രത്യേകം പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടതുണ്ട്. അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും വൃത്തിയും കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.
- അമ്മയുടെ ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മല്‍സ്യം, പാല്‍ (Seafood, Dairy Produc-ts), മുട്ട, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളമായി ഉള്‍പ്പെടുത്തുക. വെള്ളം നന്നായി കുടിക്കുന്നത് പാലുല്‍പാദനത്തിനും മൂത്രത്തിലെ അണുബാധ, മലബന്ധം തുടങ്ങിയവ തടയാനും സഹായിക്കുന്നു.
- അമ്മ കോഫിയും ചായയും പരമാവധി കുറക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചോക്ലേറ്റ്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് തുടങ്ങിയവ ഒഴിവാക്കുക.
- പശുവിന്‍ പാല്‍ മുലപ്പാലിന് പകരമല്ല.
- പരിഹരിക്കാനാവാത്ത വിധം മുലപ്പാല്‍ അപര്യാപ്തമാണെങ്കില്‍ മാത്രമാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം Artificial Feeding നല്‍കേണ്ടത്.
മുലപ്പാല്‍ നിഷേധം കുഞ്ഞുങ്ങളോടുള്ള അവകാശ നിഷേധവും അനീതിയുമാണ്. അതിന്റെ ഗൗരവപൂര്‍ണമായ പ്രത്യാഘാതങ്ങള്‍ നമ്മളും വരും തലമുറയും നേരിടേണ്ടി വരും.
അത്ഭുതങ്ങളുടെ കലവറ
- കുഞ്ഞിന് ഏറ്റവും ശുദ്ധവും സുരക്ഷിതവുമായ പാനീയമാണ് മുലപ്പാല്‍.
- കുഞ്ഞിന്റെ ആദ്യ ആറ് മാസ പ്രായത്തില്‍ ആവശ്യമായ വെള്ളവും പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. നിശ്ചിത കാലയളവില്‍ ഡോക്ടര്‍ നിര്‍ദേശിച്ചാലല്ലാതെ വേറെ ഒന്നും തന്നെ നല്‍കേണ്ടതില്ല.
- മുലപ്പാല്‍ കുട്ടികളില്‍ പോഷകാഹാരക്കുറവ് തടയുന്നു മരണനിരക്ക് കുറക്കുന്നു.
- കുഞ്ഞിന് അണുബാധകള്‍ക്കും മറ്റു അസുഖങ്ങള്‍ക്കും എതിരെയുള്ള രോഗപ്രതിരോധ ശേഷിദായകമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.
- മാസം തികയാതെ പിറക്കുന്ന കുഞ്ഞിലടക്കം മുലപ്പാല്‍ എളുപ്പത്തില്‍ ദഹിക്കുന്നു.
- മുലകുടി അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കുന്നു.
- നിശ്ചിത ഇടവേളകളിലുള്ള മുലകുടി കുഞ്ഞിന്റെ താടിയെല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ സഹായിക്കുന്നു.
- കുഞ്ഞു പിറന്ന ആദ്യ ആഴ്ചയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മുലപ്പാല്‍ കൊളസ്ട്രം (Colostrum) എന്നറിയപ്പെടുന്നു. ഇതില്‍ വലിയ അളവില്‍ രോഗപ്രതിരോധശേഷി ദായകമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു, അതിനു പുറമെ കുഞ്ഞിന്റെ കുടലിനെ ദഹനപ്രക്രിയകള്‍ക്കായി പാകപ്പെടുത്തുകയും, കുഞ്ഞിന്റെ ആദ്യ മലവിസര്‍ജനം (Meconium) പുറംതള്ളാന്‍ സഹായിക്കുകയും മഞ്ഞപ്പിത്തം തടയുകയും ചെയ്യുന്നു.
- ആഴ്ചകള്‍ പിന്നിടുന്നതിനനുസരിച്ച് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പാലിന്റെ ഘടനയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.
- കുഞ്ഞിന്റെ ശരീരത്തിലെ ജൈവ-രാസ (Biochemical) സന്തുലിതത്വം നിലനിര്‍ത്തുന്നു. കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ കുറവ് മൂലമുണ്ടാവുന്ന അവസ്ഥകള്‍ (Hypocalcemia, Hypomagnesemia) തടയുന്നു.
- മുലപ്പാല്‍ കുഞ്ഞുങ്ങളില്‍ അമിത വണ്ണം (Obesity) തടയുന്നു.
- ചിട്ടയായ മുലയൂട്ടല്‍ കുട്ടികള്‍ക്കിടയില്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെ ഇടവേള (Birth Spacing) സാധ്യമാക്കുന്നു.
- മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രത്യേക ഫാറ്റി ആസിഡുകള്‍ കുഞ്ഞുങ്ങളില്‍ ഇന്റലിജന്‍സ് കോഷ്യന്റും (IQ) കാഴ്ചശക്തിയും വര്‍ധിപ്പിക്കുന്നു.
- മുലയൂട്ടല്‍, പ്രമേഹമുള്ള അമ്മമാരില്‍ ഇന്‍സുലിന്‍ ഡോസ് കുറയ്ക്കാന്‍ സഹായിക്കുന്നു. സ്തനാര്‍ബുദം (Breast Cancer) അണ്ഡാശയാര്‍ബുദം (Ovarian Cancer), അസ്ഥിക്ഷയം (Osteoporosis) തുടങ്ങിയവയുടെ സാധ്യത കുറക്കുന്നു.