ഇഖ്‌റഇന്റെ കല്പന കിട്ടി സാന്ത്വനം തേടിവന്ന റസൂലിന് പുതപ്പായി മാറിയ ബീവി ഖദീജ(റ)ക്ക് ശേഷം ഇസ്ലാമിനെ അംഗീകരിച്ച മഹതി, റസൂലിന്റെ വീട്ടിലെ നിത്യസന്ദര്‍ശക, റസൂലിന്റെ ഇളയുമ്മ, ഉമ്മത്തിന്റെ പണ്ഡിതന്‍ ഹബ്‌റുല്‍ ഉമ്മത്ത് എന്നറിയപ്പെടുന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)ന്റെ പ്രിയ മാതാവ്, ലുബാബ ബിന്‍ത് ഹാരിസ് (റ). അല്‍ അഖവാത്തുല്‍ മുഅ്മിനാത്ത് എന്ന് റസൂല്‍ (സ) വിശേഷിപ്പിച്ച നാല് 'വിശ്വാസിനികളായ സഹോദരി'മാരില്‍ ഒരാളാണ് ലുബാബ (റ). മൈമൂന (റ), അസ്മാ (റ), സല്‍മ (റ) എന്നിവരാണ് മറ്റു മൂന്നുപേര്‍. പ്രവാചകന്‍ (സ) യഥാര്‍ഥത്തില്‍ അല്‍ അഖവാത്തുല്‍ മുഅ്മിനാത്ത് എന്ന് പറയുമ്പോള്‍ ആ നാല് പേര്‍ വളരെ നേരത്തെ ഇസ്ലാം സ്വീകരിക്കുകയും റസൂലി(സ)ന് അവര്‍ നല്‍കിയ പിന്തുണയും, അല്ലാഹുവിലും റസൂലിലും അവര്‍ വിശ്വസിച്ച രീതിയും നമുക്കു മുന്നില്‍ മഹത്തായി അവതരിപ്പിക്കുകയാണ്.
ബനൂ ഹിലാല്‍ ഗോത്രക്കാരിയാണ് ലുബാബ (റ). അതികഠിനമായ സാഹചര്യങ്ങളെ നേരിടാനുള്ള കഴിവിന് പേരുകേട്ട ഗോത്രമായിരുന്നു ബനൂ ഹിലാല്‍. അങ്ങേയറ്റത്തെ സാഹചര്യങ്ങളില്‍ പോലും ജീവിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. കൃഷിയില്‍ വിദഗ്ധരായിരുന്ന അവര്‍ക്ക് പ്രയാസകരമായ സാഹചര്യങ്ങളില്‍ വിളകള്‍ വളര്‍ത്താന്‍ സാധിച്ചിരുന്നു. കന്നുകാലികളെയും ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചിരുന്ന അവര്‍ നല്ല ഇടയന്മാരായും അറിയപ്പെട്ടു. പരുക്കന്‍ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാന്‍ അറബികള്‍ അവരുടെ കുഞ്ഞുങ്ങളെ ബനൂ ഹിലാലിനൊപ്പം ജീവിക്കാന്‍ അയക്കുന്നത് പതിവായിരുന്നു.
ലുബാബ(റ)ക്കും ബനൂ ഹിലാലിന്റെ സ്വഭാവങ്ങളുണ്ടായിരുന്നു. അബൂലഹബിനെപ്പോലുള്ളവരുടെ ഹൃദയങ്ങളില്‍ പോലും ഭയം ജനിപ്പിക്കുന്ന സാന്നിധ്യമുള്ള ധീരയും നിര്‍ഭയയുമായ സ്ത്രീ. ബദ് ർ യുദ്ധത്തില്‍ മക്കക്കാര്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്തയെത്തിയപ്പോള്‍ മക്കക്കാര്‍ക്കിടയില്‍ അത് വ്യാകുലതയും ഭീതിയും പരത്തി. എന്നാല്‍ അബ്ബാസ് ഇബ്‌നു അബ്ദില്‍ മുത്തലിബ് മോചിപ്പിച്ച അബൂ റാഫിഇന് അയാളുടെ സന്തോഷം അടക്കാനായില്ല. അദ്ദേഹം മുസ്ലിമായിരുന്നു. ഇതുകണ്ട് അബ്ബാസിന്റെ സഹോദരന്‍ അബൂലഹബ് രോഷാകുലനാവുകയും അബൂറാഫി(റ)ഇനെ മര്‍ദിക്കുകയും ചെയ്തു. നിരവധി പ്രഗത്ഭരായ പുരുഷന്മാര്‍ ഈ ആക്രമണം കണ്ടുനിന്നിരുന്നു. മര്‍ദനം കണ്ട് സഹിക്കാന്‍ കഴിയാതെ ലുബാബ (റ), ഒരു കൂടാരത്തൂണ്‍ കൊണ്ട് അബൂലഹബിന്റെ തലയ്ക്ക് അടിച്ചു. ഒരാഴ്ച കഴിഞ്ഞ് അദ്ദേഹം മരണപ്പെട്ടു.
പ്രിയപതി അബ്ബാസ് ഇസ്ലാമിലേക്ക് വരാന്‍ അവര്‍ അതിയായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. ഇസ്ലാം വിലക്കിയ പലിശ സമ്പ്രദായത്തെ വെറുത്ത ഉമ്മുല്‍ ഫദ്ല്‍, തന്റെ ഭര്‍ത്താവ് അതില്‍ ഏര്‍പ്പെടുന്നത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അബ്ബാസ് (റ) അഖബ ഉടമ്പടിയില്‍ സജീവമായി പങ്കുവഹിക്കുന്നത് കണ്ട ഉമ്മുല്‍ ഫദ്ല്‍ അതിശയിക്കുകയും ആഹ്ലാദിക്കുകയും ചെയ്തിരുന്നു. അദ്ദേഹം തന്റെ അനന്തരവന്‍ മുഹമ്മദ്(സ)യുടെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. എന്നാല്‍ ബദ് ർ യുദ്ധത്തില്‍ മുസ്ലിംകളോട് യുദ്ധം ചെയ്യാന്‍ തന്റെ ഭര്‍ത്താവ് ഖുറൈശികളോടൊപ്പം പോകുന്നതു കണ്ടപ്പോള്‍ അവരുടെ വേദനയ്ക്കും ആശങ്കയ്ക്കും അതിരില്ലായിരുന്നു. 'എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്യുന്നത്?', 'എന്തുകൊണ്ടാണ് അദ്ദേഹം പുറത്തുവന്ന് തന്റെ വിശ്വാസം പ്രഖ്യാപിക്കാത്തത്?', അവര്‍ ആശ്ചര്യപ്പെട്ടു. മുസ്ലിംകളെ അല്ലാഹു സഹായിക്കുകയും ഇസ്ലാം വിജയിക്കുകയും ചെയ്തതിന് ശേഷം തന്റെ ഭര്‍ത്താവിനെ ബന്ദിയാക്കുന്നത് കണ്ടപ്പോള്‍ അവരുടെ ആശങ്ക കൂടുതല്‍ തീവ്രമായി.
മദീനയില്‍ ഉമ്മുല്‍ ഫദ്ല്‍ പ്രവാചകന്റെ വീട്ടില്‍ പതിവ് സന്ദര്‍ശകയായിരുന്നു. സഹോദരി മൈമൂനയെ സന്ദര്‍ശിക്കാനോ അല്ലെങ്കില്‍ റസൂല്‍(സ)യുടെ മറ്റു ഭാര്യമാരെ സന്ദര്‍ശിക്കാനോ അവര്‍ അവിടെ എത്താറുണ്ടായിരുന്നു. ഒരു രാത്രി, ഉമ്മുല്‍ ഫദ്ല്‍ ഒരു സ്വപ്നം കണ്ടു; അമ്പരപ്പിലും ആശയക്കുഴപ്പത്തിലുമായ അവര്‍ തന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം തേടി റസൂല്‍(സ)യുടെ അടുത്തേക്ക് പോയി. 'അല്ലാഹുവിന്റെ ദൂതരേ, നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗം എന്റെ വീട്ടില്‍ ഉണ്ടെന്ന് ഞാന്‍ സ്വപ്നത്തില്‍ കണ്ടു!' റസൂലുല്ലാഹ്(സ) വ്യാഖ്യാനിച്ചു: '(എന്റെ മകള്‍) ഫാത്തിമ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും, നിങ്ങള്‍ ഖു ത് മിന്റെ(ലുബാബയുടെ മകന്‍) പാല്‍ കൊണ്ട് അവനെ മുലയൂട്ടും.'
ഫാത്തിമ ഹുസൈന് ജന്മം നല്‍കി, ഉമ്മുല്‍ ഫദ്ല്‍ തന്റെ മകന്‍ ഖു ത് മിനൊപ്പം അവനെ മുലയൂട്ടി. ഹുസൈന്‍(റ)യ്ക്ക് ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍, ഉമ്മുല്‍ ഫദ്ല്‍ അവനെ വല്യുപ്പയുടെ അടുക്കല്‍ കൊണ്ടുവന്നു. റസൂലുല്ലാഹ് (സ) അദ്ദേഹത്തെ മടിയില്‍ ഇരുത്തി; അപ്പോള്‍ കുട്ടി റസൂലുല്ലയുടെ മേല്‍ മൂത്രമൊഴിച്ചു, ഇതുകണ്ട് ഉമ്മുല്‍ ഫദ്ല്‍ അവന്റെ തോളില്‍ ഇടിച്ചു. റസൂല്‍ (സ) ഇതിന് അവരെ ശാസിച്ചു: ''നീ എന്റെ മകനെ വേദനിപ്പിച്ചു! അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ!'' ഇത്രയും വിശാലമായിരുന്നു അവരും റസൂലുല്ലയുടെ കുടുംബവും തമ്മിലുള്ള ബന്ധം. പ്രവാചകന്റെ വീട്ടുകാര്യങ്ങള്‍ നോക്കുന്നതിലും അത് പരിപാലിക്കുന്നതിലും ലുബാബ (റ) പ്രധാന പങ്കുവഹിച്ചിരുന്നു. ഭര്‍ത്താവ് അബ്ബാസും മക്കളുമൊത്ത് റസൂലിനോടൊപ്പം വിടവാങ്ങല്‍ ഹജ്ജ് നടത്താന്‍ അവര്‍ക്ക് ഭാഗ്യം ലഭിച്ചിരുന്നു. അറഫയുടെ അന്ന് ആളുകള്‍ തങ്ങള്‍ക്ക് ഉറപ്പില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. അവര്‍ പരസ്പരം ചോദിച്ചു: ''റസൂലുല്ലാഹിക്ക് നോമ്പുണ്ടോ ഇല്ലയോ? ഈ സമയം ഉമ്മുല്‍ ഫദ്ല്‍ ഒരു പാത്രം പാല്‍ എടുത്ത് റസൂലിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ പ്രവാചകന്‍(സ) അതെടുത്ത് ജനങ്ങള്‍ കാണെ മുഴുവന്‍ കുടിച്ചു. അതിലൂടെ അദ്ദേഹം നോമ്പുകാരനല്ലെന്ന് ആളുകള്‍ക്ക് മനസ്സിലാവുകയും നോമ്പുകാരായിരുന്ന സ്വഹാബികള്‍ നോമ്പ് മുറിക്കുകയും ചെയ്തു. അറഫാ ദിനത്തില്‍ തീര്‍ഥാടകര്‍ക്ക് നോമ്പ് അനുവദനീയമല്ലെന്ന് റസൂലുല്ലാഹിയില്‍ നിന്ന് ഉമ്മുല്‍ ഫദ്ല്‍ നേരത്തെ കേട്ടിരുന്നു. അവരുടെ ബുദ്ധിയും വിവേകവും കൊണ്ട് ഈ പ്രശ്‌നത്തെപ്പറ്റിയുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സാധിച്ചു.