മക്കളെ മാത്രം
ആശ്രയിച്ചു
വാര്‍ധക്യ കാലം
മുന്നോട്ടുകൊണ്ടുപോകാതെ ആരോഗ്യമുള്ള
കാലത്തുതന്നെ
ഭാവിയിലേക്ക്
വേണ്ട ചില
മന്‍കരുതലുകള്‍
ബുദ്ധിപൂര്‍വം എടുക്കണം
(കൗണ്‍സലിംഗ്)
വാര്‍ധക്യ കാലം പൊതുവെ എല്ലാവര്‍ക്കും ഒരു പേടിസ്വപ്നമാണ്. അതിനുള്ള പ്രധാന കാരണം ആരോഗ്യപ്രശ്നങ്ങള്‍, സാമ്പത്തിക പരാധീനത, ഒറ്റപ്പെടല്‍. ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്ന ഒട്ടനവധി കയ്പേറിയ അനുഭവങ്ങള്‍ പ്രായമായവരെ ആശങ്കാഭരിതരാക്കുന്നു. ജീവിതസായാഹ്നം സന്തോഷത്തിന്റെയും ആത്മീയതയുടെയും നിര്‍വൃതി പ്രദാനം ചെയ്യുന്നതായിരിക്കണം. ജനറേഷന്‍ ഗ്യാപ് മുഖേനയുണ്ടാകുന്ന പ്രശ്നങ്ങള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതെല്ലാം ഉള്‍ക്കൊണ്ടേ മതിയാകൂ. അതുപോലെ മാതാപിതാക്കളുടെ കാഴ്ചപ്പാടുകളിലും ചിന്തകളിലും മാറ്റം വരുത്തേണ്ട കാലം കഴിഞ്ഞു. മക്കളെ മാത്രം ആശ്രയിച്ചു വാര്‍ധക്യ കാലം മുന്നോട്ടുകൊണ്ടുപോകാതെ ആരോഗ്യമുള്ള കാലത്തുതന്നെ ഭാവിയിലേക്ക് വേണ്ട ചില മന്‍കരുതലുകള്‍ ബുദ്ധിപൂര്‍വം എടുക്കണം. അടുക്കും ചിട്ടയുമുള്ള ഒരു ജീവിതരീതി, സാമ്പത്തിക അച്ചടക്കം, ടൈം മാനേജ്മെന്റ്, സാമൂഹിക സമ്പര്‍ക്കം എല്ലാം കോര്‍ത്തിണക്കി വാര്‍ധക്യ കാലത്തെ സന്തോഷകരമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം.
ഒരേ കാഴ്ചകളും ഒരേ അനുഭവങ്ങളുമാണ് ജീവിതത്തിന്റെ സാധ്യതകളെയും സാഹസികതയെയും ഇല്ലാതാക്കുന്നത്. ഒന്നിലും ഒരു പുതുമയും പരീക്ഷിക്കാത്തവര്‍ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ബാധ്യതയായിരിക്കും. തങ്ങള്‍ ചെയ്യുന്നതും ശീലിച്ചതും മാത്രമാണ് ശരിയെന്നും മറ്റെല്ലാം അപകടങ്ങളിലേക്കുള്ള വഴികളാണെന്നും വിശ്വസിക്കുന്നവരുടെ നിര്‍ബന്ധങ്ങളാണ് തലമുറകളെപ്പോലും ബലഹീനരും കഴിവില്ലാത്തവരുമാക്കുന്നത്.
വാര്‍ധക്യത്തിലെ ഒറ്റപ്പെടല്‍
എങ്ങനെ മറികടക്കാം?
ചിലപ്പോള്‍ ജീവിത പങ്കാളികളിലൊരാള്‍ വിടപറഞ്ഞാല്‍ മാതാപിതാക്കള്‍ മക്കളുടെ സംരക്ഷണത്തില്‍ ജീവിച്ചു വരുന്നത് കാണുന്നുണ്ട്. അവിടെ അവര്‍ സംതൃപ്തരാണോ? ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പറ്റില്ലെങ്കിലും ചില ശ്വാസംമുട്ടലുകള്‍ ചിലയിടങ്ങളിലെങ്കിലും നിഴലിക്കുന്നുണ്ട്. ഇവിടെ സന്തോഷകരമായ അന്തരീക്ഷമാക്കി മാറ്റാന്‍ ശ്രദ്ധിക്കേണ്ട ഒന്നുരണ്ടു കാര്യങ്ങളുണ്ട്. മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക, നിര്‍ദേശം കൊടുക്കാതിരിക്കുക, അവരുടെ സ്വകാര്യതകളില്‍ കടന്നുചെല്ലാതിരിക്കുക. അവര്‍ക്കിടയില്‍ ഒരു സ്പെയ്സ് വെക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കില്‍ അവിടെ അസ്വസ്ഥതകളും അകല്‍ച്ചകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
രണ്ടാമതായി ഏതു നേരവും പരാതികളും പരിഭവങ്ങളും ആരോഗ്യ പ്രശ്നങ്ങളുമായി അവരെ മുഷിപ്പിക്കാതെയും അലട്ടാതെയും ഇരിക്കാന്‍ ശ്രദ്ധിക്കണം. അവരവര്‍ക്ക് അവരുടേതായ പല പ്രശ്നങ്ങളും കാണും. അതേസമയം പ്രധാനപ്പെട്ട ആവശ്യങ്ങള്‍ മറച്ചുവെക്കണമെന്നര്‍ഥമില്ല. നമ്മുടെ ആവശ്യങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ എല്ലാം അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ സാവധാനം എടുത്തുപറയാവുന്നതേയുള്ളൂ. അതിന് മടിക്കേണ്ട കാര്യമില്ല. അവതരിപ്പിക്കുന്ന രീതിയിലാണ് പ്രശ്നം. ഇത് എത്രമാത്രം പരിഗണിക്കപ്പെടും എന്നുള്ളത് ഓരോ കുടുംബങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
കൂട്ടായ്കൾ വളർത്തുക
മാതാപിതാക്കള്‍ മാത്രം ഒറ്റപ്പെട്ടു താമസിക്കുന്ന വീടുകളും ഉണ്ട്. മക്കള്‍ കൂടെ താമസമില്ല. അല്ലെങ്കില്‍ അവര്‍ക്ക് മക്കള്‍ ഉണ്ടാവില്ല. ഇങ്ങനെയുള്ളവര്‍ക്ക് വീടും വരുമാനവും പെന്‍ഷനും അത്യാവശ്യം ആരോഗ്യവും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ഒരുവിധം സമാധാനമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റും. കൂടെ ആരുമില്ലാത്ത കാര്യം ആലോചിച്ച് ആകുലപ്പെടാതെ മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങള്‍ ഊഷ്മളമാക്കുകയാണ് ചെയ്യേണ്ടത്. അത് കുടുംബക്കാരാകാം, അയല്‍ക്കാരാകാം, സുഹൃത്തുക്കളാകാം, സഹപാഠികളാകാം. കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ടുവരുക. സോഷ്യല്‍ കണക്്ഷന്‍സ് വര്‍ധിപ്പിക്കുക. പലതരം സംഘടനകളുമായി ബന്ധം സ്ഥാപിച്ച് ചെറിയ ചെറിയ യാത്രകള്‍, വൃദ്ധസദനങ്ങള്‍, അനാഥ മന്ദിരങ്ങള്‍, പുതിയ പുതിയ സ്ഥലങ്ങള്‍... സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്യണം. ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ നമുക്ക് നഷ്ടമാകുന്ന സന്തോഷം തിരിച്ചുപിടിക്കാനും ജീവിതത്തിലെ വിരസത മായ്ച്ചുകളഞ്ഞ് എനര്‍ജി തിരിച്ചുപിടിക്കാനും സാധിക്കും.
ഒറ്റപ്പെട്ട മാതാപിതാക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വരുമ്പോള്‍, കാര്യക്ഷമത കുറഞ്ഞുവരുമ്പോള്‍ സാമ്പത്തിക ഭദ്രതയുള്ളവരാണെങ്കില്‍ സഹായത്തിന് ഒരു ഹോം നഴ്സിനെ വെക്കാനോ, നല്ല ചികിത്സ നടത്താനോ സാധിച്ചെന്നുവരും. സാമ്പത്തികം മോശമല്ലെങ്കില്‍ ഏതു പ്രശ്നങ്ങളും ഒരു പരിധിവരെ പിടിച്ചു നില്‍ക്കാന്‍ പറ്റും. ഇന്നത്തെ കാലത്ത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നാനാവിധ സൗകര്യങ്ങളുള്ള ഓള്‍ഡ് എയ്ജ് ഹോംസ് (Old age homes), റിട്ടയര്‍മെന്റ് ഹോംസ് (Retirement home) പല സംഘടനകളും നടത്തുന്നുണ്ട്. തങ്ങളുടെ കഴിവിനനുസരിച്ച് സ്വമേധയാ തങ്ങളുടെ വാര്‍ധക്യ കാലം തുടര്‍ന്നു കൊണ്ടുപോകാന്‍ ചില വൃദ്ധ ദമ്പതികള്‍ മുന്നോട്ടുവരുന്നുണ്ട്. വാര്‍ധക്യത്തില്‍ തനിച്ചാകുമ്പോള്‍ വന്നേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും വീഴ്ചകളും അസ്വസ്ഥതകളും എല്ലാറ്റിനും പരിഹാരവും ചികിത്സയും സഹകരണവും അവിടെ ഉണ്ടായിരിക്കും.
മാത്രമല്ല, പലതരത്തിലുള്ള മാനസിക ഉല്ലാസത്തിനുള്ള വഴികളും യോഗ, മെഡിറ്റേഷന്‍, ആരോഗ്യകരമായ ഭക്ഷണക്രമവും അവിടെ ലഭ്യമാണ്. എന്നാല്‍ ഇതിനെല്ലാം പണം വേണം.
സ്വന്തമായി വരുമാനവും പെന്‍ഷനും ഇല്ലാത്തവര്‍ക്ക് താമസിക്കാന്‍ ഒരു വീടെങ്കിലും ഉണ്ടെങ്കില്‍ തങ്ങളുടെ വസ്തുക്കള്‍ ബാങ്കിന് എഴുതിക്കൊടുത്ത് ബാങ്കില്‍നിന്ന് വസ്തുവിന്റെ മൂല്യം അനുസരിച്ച് ഒരു തുക അവര്‍ക്ക് ജീവിതച്ചെലവില്‍ മാസാവസാനം ബാങ്ക് കൊടുക്കുന്ന ഒരു പദ്ധതി ഇപ്പോള്‍ ഗവണ്‍മെന്റ് കൊണ്ടുവന്നിട്ടുണ്ട്. അവരുടെ കാലശേഷം അവര്‍ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്കായിരിക്കും പിന്നീട് ആ വസ്തുവിന്റെ ഉടമസ്ഥാവകാശം. ബാങ്ക് അവര്‍ക്ക് നല്‍കിയ വായ്പാ തുക മൊത്തം ഈ നോമിനി ബാങ്കിനെ ഏല്‍പിച്ചതിനു ശേഷം മാത്രമേ വസ്തു അവര്‍ക്ക് കൈവശമാക്കാന്‍ സാധ്യമാവുകയുള്ളൂ. അല്ലെങ്കില്‍ ആ വസ്തു ബാങ്കിനായിരിക്കും. സ്വന്തമായി ഒരു വീടോ, വസ്തുവോ ഉണ്ടെങ്കില്‍ ചിലര്‍ക്കെങ്കിലും ഇതൊരാശ്വാസമായിരിക്കും.
നല്ല കേൾവിക്കാരനാവുക
വാര്‍ധക്യത്തില്‍ പല കാരണങ്ങള്‍കൊണ്ട് ചിലര്‍ ആത്മഹത്യാ പ്രവണതയിലേക്ക് ചെന്നുപെടാറുണ്ട്. ഇന്ത്യയിലെ ആത്മഹത്യാ നിരക്കുകള്‍ നോക്കുമ്പോള്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് അധികം കണ്ടുവരുന്നത്. ഇതിന് പ്രധാനപ്പെട്ട കാരണം മാനസികമായ പിന്തുണ കുറഞ്ഞതുകൊണ്ടാണ് (Emotional Support). അത്യാവശ്യമായും പങ്കാളികളില്‍നിന്നും കിട്ടേണ്ട സൗഹൃദം, കെയറിംഗ്, ബഹുമാനം, പരിഗണന എന്നിവ ചോര്‍ന്നുപോകുന്നതാണ് കാരണം. ഏതവസ്ഥയിലും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് തനിക്ക് പിന്തുണ നല്‍കണം എന്ന് എല്ലാവരും ആഗ്രഹിക്കും. പങ്കാളി നല്ലൊരു കേള്‍വിക്കാരന്‍ (ലിസനര്‍) ആയിരിക്കണം. തോല്‍വികളില്‍ ആശ്വാസമായ നല്ല വാക്കുകള്‍കൊണ്ട് പങ്കാളിയുടെ ആത്മവിശ്വാസം ഉറപ്പിക്കുകയാണ് വേണ്ടത്. പങ്കാളിയുടെ രോഗാവസ്ഥയില്‍ അയാളുടെ അവശത മനസ്സിലാക്കി ഒരു താങ്ങായി, തണലായി ആശ്വാസത്തിന്റെയും കരുതലിന്റെയും ഒരു മാനസിക പിന്തുണ നല്‍കാന്‍ സാധിച്ചാല്‍ അതിനപ്പുറം വേറൊന്നില്ല. കൂടെ നില്‍ക്കുന്നവര്‍ നല്‍കുന്ന ആത്മവിശ്വാസം മതി പുരുഷന്മാരുടെ കുറെയൊക്കെ ആത്മഹത്യാ നിരക്ക് കുറയ്ക്കാന്‍. പുരുഷനോ ഭര്‍ത്താവോ എന്ന ചിന്തയല്ല, പരമാവധി അയാള്‍ ഒരു മനുഷ്യനാണെന്ന പരിഗണന മാത്രം മതി.
വൃദ്ധ മാതാപിതാക്കള്‍ എവിടെയാണെങ്കിലും ആരുടെ സംരക്ഷണത്തിലാണെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ ഇടക്കൊക്കെയെങ്കിലും അവരെയൊക്കെ ഈ പുറംലോകം ഒന്നു കാണിച്ചു കൊടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. നാലു ചുമരുകള്‍ക്കു പുറത്തുള്ള ശുദ്ധ വായുവും ആകാശവും മലകളും പുഴകളും സമുദ്രങ്ങളും ചുറ്റുപാടുള്ള മനുഷ്യ സമൂഹത്തെയും അവരും കാണട്ടെ.
നല്ല സൗഹൃദങ്ങള്‍
രക്തബന്ധങ്ങളില്‍ നിന്നു മാത്രമല്ല, നല്ല സുഹൃദ് ബന്ധങ്ങളില്‍നിന്നും നമുക്ക് കൂടപ്പിറപ്പുകളെ കിട്ടുമെന്ന് നമ്മളെ പഠിപ്പിച്ചത് നല്ല സുഹൃദ് ബന്ധങ്ങളാണ്. ജീവിതത്തില്‍ എല്ലാവരും കുറ്റം പറയുമ്പോഴും നമ്മളെ മനസ്സിലാക്കാന്‍ ഒരാളെങ്കിലും നമ്മുടെ കൂടെ ഉണ്ടാകുന്നത് നല്ല സുഹൃദ് ബന്ധങ്ങളില്‍നിന്നാണ്. എന്തും തുറന്നുപറയാന്‍ പറ്റുന്ന ഒരു ബന്ധം അത് സൗഹൃദങ്ങളില്‍ മാത്രം കിട്ടുന്ന കാര്യമാണ്. ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വലിയ സമ്പാദ്യവും സൗഹൃദം തന്നെയാണ്.
നല്ല സൗഹൃദങ്ങളെ സൃഷ്ടിക്കുന്നവരാകാന്‍ നമുക്ക് സാധിക്കണം. വാര്‍ധക്യാവസ്ഥയിലായിരിക്കും ഇതിന്റെ നന്മ കൂടുതല്‍ നമുക്ക് അനുഭവിക്കാന്‍ പറ്റുന്നത്.
ഒറ്റപ്പെടലിന്റെ വേദന മാറ്റാന്‍, സന്തോഷിക്കാന്‍ പറ്റിയ ആക്റ്റിവിറ്റീസ് പോഷിപ്പിച്ചെടുക്കാന്‍ പറ്റാതെ പോയ പല സ്‌കില്‍സും ഈ സമയത്ത് പുനരാരംഭിക്കാം. വായനയും എഴുത്തും ഗാര്‍ഡനിംഗും ടെയിലറിംഗും പെയിന്റിംഗും ക്രാഫ്റ്റ് വര്‍ക്സും അവരവരുടെ താല്‍പര്യം അനുസരിച്ച് കണ്ടുപിടിക്കുക. പുതിയ പുതിയ ടെക്നിക്സ് പഠിക്കുക. നിത്യജീവിതത്തില്‍ പരസഹായം ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ഉപകരിക്കും. അതുപോലെ ഒന്നിച്ചു കൂടാനുള്ള അവസരങ്ങള്‍ പാഴാക്കാതെ ചെറിയ ബുദ്ധിമുട്ടു സഹിച്ചിട്ടാണെങ്കിലും പങ്കെടുക്കാന്‍ ശ്രമിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ നോക്കണം. പുതിയ തലമുറയുടെ മുന്നില്‍ തോറ്റുകൊടുക്കരുത്. അവര്‍ക്ക് നമ്മളൊരു മാതൃകയാവുകയാണ് വേണ്ടത്.
വയസ്സായാല്‍
- ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുകയും വരണ്ടതാവുകയും കൂടുതല്‍ ചുളിവുകള്‍ വീഴുകയും ചെയ്യുന്നു.
- മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും.
- മുറിവുകളും പരിക്കുകളും സ്ഥിരമായ പാടുകള്‍ അവശേഷിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
- ഉറക്ക പ്രശ്നങ്ങള്‍ വാര്‍ധക്യത്തില്‍ 50 ശതമാനത്തിലധികം നീണ്ടുനില്‍ക്കുകയും പകല്‍ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
- രുചി മുകുളങ്ങള്‍ കുറയുന്നു.
- 85 വയസ്സിനു മുകളില്‍, ദാഹം കുറയുന്നു. അതിനാല്‍ വേണ്ടത്ര വെള്ളം കുടിക്കുന്നില്ല.
- വാര്‍ധക്യത്തില്‍, വോക്കല്‍ കോഡുകള്‍ ദുര്‍ബലമാവുകയും സാവധാനത്തില്‍ വൈബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു. ഇത് ദുര്‍ബലമായ, ശ്വാസോച്ഛ്വാസമുള്ള ശബ്ദത്തിന് കാരണമാകുന്നു.