ന്യൂനപക്ഷം എന്നൊരു അസ്തിത്വം തന്നെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനും വിദ്വേഷ പ്രചാരണത്തിനും ഇരയാകുന്നതിനെതിരെ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നുവെന്നാണ് യു.എന്നിന്റെ സംഘടനാ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ കമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ടില്‍, ഇന്ത്യയില്‍ ആദിവാസികള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും എതിരായി ഉണ്ടാവുന്ന അതിക്രമങ്ങള്‍ എണ്ണിപ്പറയുന്നു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് മുസ് ലിംകളുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടത്, ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ മുസ് ലിംകളും ക്രൈസ്തവരും ഇരയാക്കപ്പെട്ടത്, മണിപ്പൂരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ തുടങ്ങിയവ എടുത്തു പറയുന്നു.
തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, അധികാരം കൈയാളുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പോലും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും ആക്രമണങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഗോര രക്ഷാ ഗുണ്ടകള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ നിര്‍മാണം നടത്തണമെന്നും യു.എന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നു. മുസ് ലിംകളെയും ആദിവാസി മേഖലകളിലെ ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെയും വേട്ടയാടുന്നത് രാജ്യത്ത് പതിവായിരിക്കുന്നു. ക്രിസ്തു മതത്തിലേക്കോ ഇസ് ലാമിലേക്കോ മതപരിവര്‍ത്തനം നടത്തുന്ന പിന്നാക്കക്കാര്‍ ആക്രമിക്കപ്പെടുകയും അവര്‍ക്ക് സംവരണം നഷ്ടമാവുന്ന സാഹചര്യം നിലനില്ക്കുകയും ചെയ്യുന്നതായും യു. ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു.
പുതിയ പൗരത്വ ബില്ലിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും മുസ് ലിംകളെ പ്രതികൂലമായി ബാധിക്കുന്ന നിബന്ധനകളുണ്ട്. അസമില്‍ 20 ലക്ഷം മുസ് ലിംകള്‍ രാജ്യത്തു നിന്ന് തന്നെ പുറത്തു പോവേണ്ട സാഹചര്യമാണ് ഉള്ളതെന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നേരത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ശക്തമായി പ്രതികരിക്കുകയും ന്യൂനപക്ഷ സമുദായങ്ങളുടേതുള്‍പ്പെടെ എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം മുന്നോട്ടു വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.