'ദാനധര്‍മം ഒരാളുടെയും സമ്പത്തില്‍ കുറവു വരുത്തുന്നില്ല. വിട്ടുവീഴ്ച പ്രതാപമല്ലാതെ വര്‍ധിപ്പിക്കുന്നില്ല. വിനയം ഒരാളുടെ പദവി അല്ലാഹുവിന്റെ അടുത്ത് ഉയര്‍ത്താതിരിക്കില്ല.'
ദൈവദൂതന്റെ പ്രതീക്ഷയേകും ഈ മഹത് വചനത്തെ ഏറ്റെടുത്തു നടത്തുന്നതില്‍ ശുഷ്‌കാന്തിയുള്ളവരാണ് എന്നും സ്ത്രീകള്‍. വീട്ടു മുറ്റത്തേക്ക് കൈനീട്ടിവരുന്നവന് കൈയും വയറും നിറയെ കൊടുത്തു പറഞ്ഞയക്കുന്നവര്‍ വീട്ടിലെ പെണ്ണുങ്ങളാണ്. ചോറ് വെക്കാനിടുന്ന അരിയില്‍ നിന്നൊരു പിടി എന്നും മറ്റൊരു കലത്തില്‍ ആരും കാണാതെയിടും. ആ അരിമണികള്‍ അന്നം തേടി വാതിലില്‍ മുട്ടുന്നവനുള്ളതാണ്. ആ ധാന്യമണികള്‍ ഒന്നിനു പത്തും പത്തിന് ആയിരവുമായി നാളെ പരലോകത്ത് സുഗന്ധം പരത്തുന്നത് വീടകത്തിരുന്ന് അവള്‍ സ്വപ്നം കാണുന്നുണ്ട്. ചോദിച്ചുവരുന്നവന്റെ പൈദാഹമകറ്റാതെ ഏതൊരു വീട്ടമ്മയും ആരെയും മടക്കിയയച്ചിട്ടില്ല.
ആ ദാനശീലമങ്ങനെ വളര്‍ന്ന് ഭൂമിയില്‍ വേരുകളാഴ്ത്തി പടര്‍ന്നു പന്തലിച്ച് തണല്‍ വിരിച്ച മരം പോലെ ലോകത്താകമാനം പടര്‍ന്നു കിടക്കുന്നുണ്ട്; പാഠശാലകളായും ആതുരാലയങ്ങളായും അഗതി മന്ദിരങ്ങളായും കുടിനീര്‍ കേന്ദ്രങ്ങളായും... അറിവാണാദ്യം എന്ന തിരിച്ചറിവുള്ളവള്‍ ആദ്യം സ്ഥാപിച്ചത് പാഠശാലയാണ്. ലോകത്താദ്യം സ്ഥാപിതമായ പാഠശാല ഒരു മുസ്്‌ലിം പെണ്ണിന്റെ പേരിലാണ്. പരലോകത്തോളം ചെന്നെത്തുന്ന ദാനധര്‍മമായ വഖ്ഫ് സ്വത്തുക്കളില്‍ വലിയൊരു പങ്ക് സ്ത്രീകളുടെതാണുതാനും. തലയെടുപ്പോടെ നിലകൊള്ളുന്ന വഖ്ഫിന്റെ കെട്ടിടസമുച്ചയങ്ങള്‍ക്കും പറയാനുണ്ട് പോരിശയുള്ള പെണ്‍പേരുകള്‍. ചരിത്രമെഴുതിയവര്‍ ഓര്‍മയോടെ പകര്‍ത്തിവെച്ചതും ആരോരുമറിയാതെ പോയതും പെണ്‍കൈകള്‍ ഉദാരമായി നല്‍കിയവയിലുണ്ട്. മറഞ്ഞുപോകുന്നൊരു പെണ്‍ ചരിതത്തെ മറവിയിലാഴ്ത്താതെ കാത്തുസൂക്ഷിക്കേണ്ടത് കാലം അവളോടു ചെയ്യുന്ന നീതിയാണ്. ആ പേരുകള്‍ മുസ്്‌ലിം പെണ്ണിന് വഴികാണിക്കാന്‍ ഭൗതികതയുടെ പ്രത്യയശാസ്ത്രത്തണല്‍ ആവശ്യമില്ലെന്ന ഉള്‍ക്കരുത്തു കൂടിയാണ് നല്‍കുന്നത്.
അതിനാല്‍, വഖ്ഫിന്റെ പെണ്‍ചരിത്രമാണ് ആരാമത്തിലെ ഇന്നത്തെ വായന. നടന്നടുക്കുന്ന വാര്‍ധക്യത്തെ ആലസ്യത്തിന്റെതാക്കാതെ എങ്ങനെ ആസ്വാദ്യകരമാക്കാമെന്നും, ദാമ്പത്യ ജീവിതം സുഖകരമാക്കാനുള്ള കുറിപ്പുകളും മറ്റെല്ലാ വായനാനുഭവത്തോടൊപ്പം ഇക്കുറി ആരാമത്തിലുണ്ട്.