(പൂര്‍ണ്ണചന്ദ്രനുദിച്ചേ....30)
മുസ് ലിംകളെക്കുറിച്ച വര്‍ത്തമാനങ്ങള്‍ മക്കക്കാര്‍ പാടിനടക്കുന്നത് ഇതിഹാസ കഥകള്‍ എന്ന പോലെയാണ്. അതൊക്കെ പറയുമ്പോള്‍ അവരുടെ ആവേശമൊന്ന് കാണണം. പറഞ്ഞത് തന്നെ എത്ര വീണ്ടും വീണ്ടും പറഞ്ഞാലും അവര്‍ക്ക് മടുക്കില്ല. ചിലരെങ്കിലും പരിഹാസരൂപേണയാണ് സംഭവങ്ങള്‍ പറയുക. ഇതൊന്നും അത്ര കാര്യമാക്കാനില്ല എന്ന മട്ടില്‍. മുസ് ലിം ശക്തിയെക്കുറിച്ച ഊതിവീര്‍പ്പിച്ച കഥകള്‍ എന്ന് അവര്‍ കൊച്ചാക്കും. പക്ഷേ, ഭൂരിപക്ഷവും അങ്ങനെയല്ല. മുസ് ലിംകളുടെ മക്കയിലേക്കുള്ള ഈ വരവ് അവരെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. വളരെ താല്‍പര്യത്തോടെയാണ് അവര്‍ സംഭവങ്ങള്‍ വിവരിക്കുക. 'ഇതു പോലൊന്ന് മുമ്പ് ഞങ്ങള്‍ കേട്ടിട്ടില്ല' എന്ന് അവര്‍ ഇടക്കിടെ പറയുന്നുമുണ്ടാവും. ബിലാല്‍ ഉമറിനൊപ്പവും ഉസ്മാനൊപ്പവും അബൂബക്കറിനൊപ്പവും അവരെപ്പോലെ തുല്യനായ ഒരാളായി ഇരുന്നുകൊണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതാണ് മക്കക്കാരെ വല്ലാതെ അത്ഭുതപ്പെടുത്തിയത്. ചിലപ്പോള്‍ ബിലാല്‍ പറയുന്ന അഭിപ്രായം ആ പ്രമുഖരെല്ലാം പറയുന്ന അഭിപ്രായങ്ങള്‍ക്ക് എതിരാവും. എന്നാലും റസൂല്‍ ചിലപ്പോള്‍ സ്വീകരിക്കുക ബിലാലിന്റെ അഭിപ്രായമായിരിക്കും. അങ്ങനെ സ്വീകരിച്ചാല്‍ മറ്റുള്ളവരുടെ മുഖത്ത് യാതൊരു വെറുപ്പോ അനിഷ്ടമോ ഒന്നും കാണാനില്ല. നൂറ്റാണ്ടുകളായി നിന്ദ്യതയിലും പതിത്വത്തിലും കഴിയുന്ന, തൊലി കറുകറുത്ത എത്യോപ്യന്‍ അടിമകളുടെ പിന്മുറക്കാരനല്ലേ ഈ ബിലാല്‍!
മക്കയിലെ ഈ കഥപറച്ചിലുകാര്‍ക്ക്, പരസ്പരം താങ്ങായും സഹായിച്ചുമാണ് മുസ് ലിംകള്‍ ജീവിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പണക്കാരന്‍ പാവപ്പെട്ടവന് നല്‍കുന്നു. ഭക്ഷണത്തിലും പാനീയത്തിലും അവനെ പങ്കാളിയാക്കുന്നു. തറവാട്ടുകാരും അടിമകളും തോളോട് തോള്‍ ചേര്‍ന്ന് സേവനനിരതരാണ്. നമസ്‌കരിക്കുകയാണെങ്കില്‍ എല്ലാവരും ഒരൊറ്റ സ്വഫ്ഫായാണ് നില്‍ക്കുന്നത്. മക്കയിലെയും മദീനയിലെയും തറവാടികളെക്കാള്‍ മുന്നിലാണ് ചിലപ്പോള്‍ ബിലാല്‍ നില്‍ക്കുക. നേരത്തെയുണ്ടായിരുന്നതൊക്കെ ഇടിച്ച് പൊടിച്ച് പുതിയൊരു മനുഷ്യനെ ഉണ്ടാക്കാനുള്ള മാവ് മുഹമ്മദ് കുഴച്ചെടുത്തിരിക്കുന്നു. ആ പുതിയ മനുഷ്യന്‍ താന്‍ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും അതിനു വേണ്ടി അഭിമാനത്തോടെ മരിക്കാന്‍ മത്സരിച്ചോടുകയും ചെയ്യുന്നു... ജീര്‍ണിച്ച പഴയ മൂല്യവ്യവസ്ഥ തകര്‍ന്നടിഞ്ഞിരിക്കുന്നു. പുതിയൊരു മൂല്യവ്യവസ്ഥയിലാണ് അവരുടെ ജീവിതം...
ഈ വിചിത്രമായ പുതിയ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ മക്കയിലെ പ്രമുഖന്മാര്‍ക്കും മദീനയിലെ പ്രമാണിമാര്‍ക്കും അവരുടെ പഴയ ഗര്‍വും പൊങ്ങച്ചവുമൊക്കെ പൊയ്പ്പോയതായി ഇക് രിമതുബ്നു അബീജഹല്‍ പറഞ്ഞു. റസൂലിനൊപ്പം ചേര്‍ന്ന പാവങ്ങള്‍ക്കും അടിമകള്‍ക്കുമായി ഈ പ്രമാണിമാര്‍ സകലതും അടിയറവെക്കുകയാണ്. ഖാലിദു ബ്നുല്‍ വലീദ് പരിഹാസത്തോടെ ചിരിച്ചു. 'നിങ്ങള്‍ സത്യത്തില്‍നിന്ന് അകന്നുപോയി ഇക് രിമാ. ആര്‍ക്കും ഒന്നും പൊയ്പോയിട്ടില്ല. അവര്‍ എല്ലാം നേടിയിട്ടേയുള്ളൂ. അവര്‍ ആദര്‍ശത്തിന്റെയും അര്‍പ്പണത്തിന്റെയും രുചി ആസ്വദിച്ചവരാണ്. ജനിച്ചു വളര്‍ന്ന പശ്ചാത്തലം അവരില്‍ കുത്തിവെച്ച ദുര്‍മോഹങ്ങളൊക്കെയും അവര്‍ ഉപേക്ഷിച്ചു. പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും ഒപ്പം ചേരുക എന്നത് അവരെ സംബന്ധിച്ചേടത്തോളം ദൈവസാമീപ്യത്തിലേക്കും മോക്ഷത്തിലേക്കും സ്വര്‍ഗത്തിലേക്കുമുള്ള വഴിയാണ്. നിങ്ങള്‍ നോക്കുന്ന ഈ കണ്ണുകള്‍ കൊണ്ടല്ല ഇപ്പോഴവര്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത്. കണ്ടില്ലേ, ഇങ്ങനെയൊരു രീതിയിലേക്ക് മാറാന്‍ ആരും അവരെ നിര്‍ബന്ധിക്കുന്നില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം മാറുകയാണ്.''
ഇക് രിമ കൈകള്‍ കൂട്ടിപ്പിരിച്ചു.
''ഇതു തന്നെയാണ് എനിക്ക് മനസ്സിലാവാത്തത്. ആഢ്യഗോത്രക്കാര്‍ എന്ന നിലക്കുള്ള മുഴുവന്‍ അവകാശങ്ങളും അവര്‍ വേണ്ടെന്ന് വെക്കുകയാണ്. പൈതൃകമായി കിട്ടിയ പരിശുദ്ധ അവകാശങ്ങള്‍ വരെ. ആരിത് വിശ്വസിക്കും!''
അപ്പോഴാണ് ഒരു മനസ്സമാധാനവുമില്ലാതെ ഹുവൈരിസ് അങ്ങോട്ട് കടന്നുവന്നത്. സംസാരത്തില്‍ ഇടപെടുകയും ചെയ്തു.
''നോക്കൂ, ആ കറുത്തിയുടെ മോന്‍ അതാ നമ്മുടെ പുണ്യപുരാതന വിശുദ്ധ ഗേഹത്തിന്റെ മുകളിലോട്ട് കയറുന്നു, എന്നിട്ട് ബാങ്ക് വിളിക്കുന്നു. കഅ്ബക്കകത്തുള്ള നമ്മുടെ വിഗ്രഹങ്ങളെ പരിഹസിക്കുകയല്ലേ അവന്‍?''
ഇക് രിമയുടെ മുഖം വിവര്‍ണമായി. ബിലാലിന്റെ ശ്രവണ സുന്ദരമായ ബാങ്കൊലി ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കാം. ചുറ്റും നടന്ന് മക്കക്കാര്‍ ഇതൊക്കെ കണ്ടും കേട്ടും കൊണ്ട് നില്‍ക്കുകയല്ല. അവരുടെ മനസ്സിലും ഒരു ഇഷ്്ടവും അടുപ്പവും തോന്നുകയില്ലേ? എന്നാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഖാലിദിന്റെ മുഖത്ത് അത്തരം വികാര പ്രകടനങ്ങളൊന്നുമില്ല.
''അവര്‍ ചെയ്യട്ടെ. അതിലെന്ത്?''
ഹുവൈരിസിന്റെ അട്ടഹാസമാണ് പിന്നെ കേട്ടത്.
''അതിലെന്താണെന്നോ? ഇത് മഹാ ദുരന്തമാണ്, ഹേ. ഇപ്പോക്കാണുന്ന ഈ കാഴ്ചകളുണ്ടല്ലോ അത് മക്കക്കാരുടെ മനസ്സില്‍ എന്നെന്നും പച്ചപിടിച്ച് നില്‍ക്കും. നമുക്ക് ഇതില്‍ പരം നാണക്കേടുണ്ടോ? മുഹമ്മദ് മനപ്പൂര്‍വം നമ്മുടെ ഇലാഹുകളെ പരിഹസിക്കുകയാണ്; നമ്മളെ എങ്ങനെയൊക്കെ പ്രകോപിപ്പിക്കാനാവും എന്നും നോക്കുകയാണ്. നമ്മില്‍ ഒരു കടുകുമണി ആത്മാഭിമാനം ശേഷിച്ചിരുന്നുവെങ്കില്‍ ഒറ്റയാള്‍ എന്ന പോലെ ഒരൊറ്റ ചാട്ടം ചാടി നാം ആ കറുത്തിയുടെ മോനെ വിശുദ്ധ ദേവാലയത്തിന്റെ മോന്തായത്തില്‍നിന്ന് താഴേക്ക് എറിഞ്ഞ് അവന്റെ കഴുത്തൊടിച്ചേനെ.''
ഖാലിദിന് മറുപടിയുണ്ട്.
''മൂന്ന് ദിവസം നാം അവര്‍ക്ക് വിട്ടുകൊടുത്തിട്ടുള്ളതാണ്. ഈ ദിവസങ്ങളില്‍ തങ്ങളുടെ എന്ത് ആരാധനകള്‍ നിര്‍വഹിക്കുന്നതിനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും.''
''ഈ നാണം കെട്ട കീഴടങ്ങലിന് നാം വില കൊടുക്കേണ്ടി വരും' എന്നും പറഞ്ഞ് ഹുവൈരിസ് കലിയടക്കാനാവാതെ തിരിഞ്ഞ് നടന്നു. ബിലാല്‍ കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കുന്ന ചിത്രം അയാളുടെ മനസ്സില്‍നിന്ന് മാഞ്ഞു പോകുന്നില്ല. മായ്ക്കാന്‍ നോക്കുന്നുവെങ്കിലും കഴിയുന്നില്ല. നിയതി തന്റെ ചിന്തയിലും ഭാവനയിലും കേറി കളിക്കുന്നുണ്ടോ? ചിലപ്പോള്‍ ബിലാലിന്റെ മുഖം ഭാവനയില്‍ തെളിഞ്ഞു തെളിഞ്ഞ് വരുമ്പോള്‍ ഊക്കനൊരു അടിവെച്ച് കൊടുക്കും ഹുവൈരിസ്. കൈ വെറുതെ വായുവില്‍ ചുഴറ്റിയെറിഞ്ഞതിന്റെ ഇളിഭ്യതയില്‍ അയാള്‍ വീണ്ടും കൈ താഴ്ത്തിയിടും. കല്ലുനിറഞ്ഞ വഴിയിലൂടെ തട്ടിയും തടഞ്ഞും നടക്കുമ്പോള്‍ അയാള്‍ ആത്മഗതം ചെയ്തു: മുഹമ്മദ്, നിന്റെ ഒടുക്കത്തെ ശത്രു ആയിരിക്കും ഞാന്‍ മരണം വരെ. നീ വന്നിട്ടുള്ളത് ഈ നികൃഷ്ട ജന്മങ്ങളെയൊക്കെ തറവാട്ടുകാരുടെ സ്ഥാനത്തേക്ക് ഉയര്‍ത്താനാണോ? പദവിയില്‍ എല്ലാവരും തുല്യരാവുകയോ? അതെങ്ങനെ നടക്കും? പദവിയും ശ്രേഷ്ഠതയും ഒരു വിഭാഗമാളുകള്‍ക്ക് മാത്രമേ ഉണ്ടാകാവൂ. അപ്പോഴേ അതിന് മൂല്യമുള്ളൂ. അല്ലെങ്കിലത് വിലകെട്ടുപോകും. വിഡ്ഢികള്‍ നിന്റെ ചുറ്റും ഓടിക്കൂടുന്നുണ്ടാകും. 'ഹാ നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, കാരുണ്യം' എന്നൊക്കെ ആര്‍ത്ത് അവര്‍ ഉന്മാദിക്കുന്നുണ്ടാവാം. ഇതൊക്കെ പാവങ്ങളെ ചാക്കിടാനുള്ള വിദ്യകളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. പ്രമാണിമാരെ ഒന്ന് കൊട്ടുകയും ചെയ്യാമല്ലോ. നിലനില്‍ക്കുന്ന മൂല്യങ്ങളും തത്ത്വങ്ങളും നീ അട്ടിമറിക്കുന്നത് സ്വയം രാജാവാകാന്‍ വേണ്ടി മാത്രമാണ്. ഞാനതിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല.'
പിന്നില്‍നിന്ന് ഒരു പൊട്ടിച്ചിരി കേട്ടപ്പോള്‍ ഹുവൈരിസ് തിരിഞ്ഞു നോക്കി.
''നീയോ?''
''എന്താ പാവത്താനേ ആലോചിക്കുന്നത്?''
''ലുഅ്ലുഅാ, കളിയാക്കുകയാണോ?''
''എന്തു പറ്റി? മുഖമാകെ കരുവാളിച്ച് കിടക്കുന്നല്ലോ. നോട്ടമൊന്നും ഒരിടത്ത് ഉറക്കുന്നില്ലല്ലോ. ഇന്നലെ ഉറങ്ങിയില്ലേ, അതോ പൂസായി കിടക്കുകയായിരുന്നോ?''
അയാള്‍ ദുഃഖത്തോടെ തലയാട്ടി.
''ആ കറുത്തിയുടെ മോനില്ലേ, അവന്‍ കഅ്ബക്ക് മുകളില്‍ കയറി ബാങ്ക് കൊടുത്തിരിക്കുന്നു.''
''അതിനെന്താ?'
''എക്കാലത്തേക്കും നാണക്കേടായില്ലേ?'
''എനിക്ക് സന്തോഷമേ തോന്നുന്നുള്ളൂ. നിങ്ങള്‍ കറുത്തിയുടെ മകന്‍ എന്ന് പറഞ്ഞില്ലേ, അവന്‍ എന്റെ വംശത്തില്‍ പെടുന്നവനാണ്. ഇത്യോപ്യക്കാരനാണ്. ഞാന്‍ ഇത്യോപ്യക്കാരിയും.''
ഹുവൈരിസ് ആശയക്കുഴപ്പത്തിലായി.
''അങ്ങനെയല്ല... നിങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
അവന്‍ മുസ് ലിം, വെറുക്കപ്പെട്ടവന്‍. നീ...''
ലുഅ്ലുഅ ഒന്ന് ആക്കിച്ചിരിച്ചു.
''ഞാന്‍ വെറുക്കപ്പെട്ട ബഹുദൈവ വിശ്വാസിനി... എന്താ പറഞ്ഞത്, എന്റെ മ്ലേഛതയും അവന്റെ മ്ലേഛതയും തമ്മില്‍ വ്യത്യാസമുണ്ടെന്ന്. എന്റെ മ്ലേഛത സ്വീകാര്യം, മധുരതരം... അല്ലേ?''
ഹുവൈരിസ് അവളെ സൂക്ഷിച്ചു നോക്കി.
''നീ രാവിലെത്തന്നെ കുടിച്ചിട്ടുണ്ടോ?''
''ഉറപ്പല്ലേ... പിരിമുറുക്കമുള്ള ഈ നാളുകളില്‍ മദ്യമല്ലാതെ മറ്റെന്തുണ്ട് ചികിത്സ...''
പിന്നെ അവള്‍ മന്ത്രിച്ചു.
''സത്യം പറഞ്ഞാല്‍ ഇത് മുഹമ്മദിന്റെ നന്മയാണ്.''
''എന്താ പറഞ്ഞത്?''
''ബിലാലിനെ ബാങ്ക് വിളിക്കാന്‍ ഏല്‍പ്പിച്ചത് മുഹമ്മദിന്റെ നന്മയല്ലേ എന്ന്. ഇങ്ങനെയൊന്ന് മുമ്പ് കേട്ടിട്ടുണ്ടോ? ബിലാലിനെ ഞാന്‍ കണ്ടു. അടിമത്തത്തിന്റെ ഒരു ശേഷിപ്പും അയാളില്‍ ഇപ്പോള്‍ ഇല്ല.''
ലുഅ്ലുഅ പറയുന്നത് അയാള്‍ കേട്ടുകൊണ്ടിരുന്നു. ഇടക്കിടെ ഒരു ലക്ഷ്യവുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
''ലുഅ്ലുആ, മുഹമ്മദിന്റെ ഒപ്പമുള്ളവര്‍ നാട്ടിലെ അടിമകളും പാവങ്ങളും മറ്റു ദുര്‍ബല വിഭാഗങ്ങളുമാണ്. അവരാണ് ജനങ്ങളില്‍ ഭൂരിപക്ഷം. അവരാണ് മുഹമ്മദിനു വേണ്ടി വാളേന്തി ഇക്കണ്ട യുദ്ധവിജയങ്ങളെല്ലാം നേടിയത്.''
ലുഅ്ലുഅയുടെ സംസാരത്തില്‍ പരിഹാസം വിട്ടൊഴിഞ്ഞിരുന്നില്ല.
''ഹുവൈരിസ്, ഞാന്‍ കണ്ടത് കണ്ടതു പോലെ പറയുന്നവളാണ്. നിങ്ങളിപ്പറയുന്നത് കള്ളമാണ്, ആള്‍ക്കാരെ പറ്റിക്കാന്‍ വേണ്ടി പറയുന്നതാണ്. ദുര്‍ബലരും പാവപ്പെട്ടവരും മാത്രമാണോ മുഹമ്മദിന്റെ കൂടെയുള്ളത്? ധനികരില്ലേ? ശക്തരില്ലേ? പിന്നെ, ഈ ശക്തരും ദുര്‍ബലരും മുഹമ്മദിന്റെ പണം കണ്ടിട്ടാണോ ഒപ്പം കൂടുന്നത്? അല്ലല്ലോ. അവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ അവര്‍ക്ക് നഷ്ടപ്പെടുന്നുണ്ട്. ജനങ്ങളെ വിലയ്ക്കു വാങ്ങാന്‍ മുഹമ്മദന്റെ കൈയില്‍ സ്വര്‍ണക്കൂമ്പാരമോ താഴ്വരകളില്‍ നിറഞ്ഞു പരക്കുന്ന ഒട്ടകക്കൂട്ടങ്ങളോ ഇല്ല. എല്ലാം പണയപ്പെടുത്തി അവര്‍ അദ്ദേഹത്തോടൊപ്പം ചേരുകയാണ്. ശരിയല്ലേ?''
ഹുവൈരിസ് വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.
''ലുഅ്ലുആ, നീ എന്റെ കൂടെയോ അതോ മുഹമ്മദിന്റെ കൂടെയോ?''
''നിങ്ങളുടെ കൂടെ.''
''പിന്നെ എന്ത് വര്‍ത്തമാനമാണിത്!'
''അതുകൊണ്ടൊന്നും എന്റെയോ നിങ്ങളുടെയോ നിലപാട് മാറാന്‍ പോകുന്നില്ലല്ലോ.''
''നമ്മള്‍ക്കാണ് തെറ്റിയത്, മുഹമ്മദാണ് ശരി എന്നല്ലേ അതിന്റെ സൂചന?''
അവള്‍ ചിരിച്ചു.
'മുഹമ്മദിന് മുഹമ്മദിന്റെ ലോകം, നമുക്ക് നമ്മുടെ ലോകം.''
''പക്ഷേ, മുഹമ്മദിന് വേണ്ടി ആരും ഇങ്ങനെ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.''
''ഇത് മുഹമ്മദിന് വേണ്ടി സംസാരിക്കുന്നതല്ല; സംഭവങ്ങളുടെ വ്യാഖ്യാനം പറഞ്ഞു എന്നേയുള്ളൂ.''
''നീ വാക്കുകള്‍ കൊണ്ട് കളിക്കുകയാണ്, ലുഅ്ലുആ. ഈ വ്യാഖ്യാനം മുഹമ്മദിന് മാത്രമാണ് പ്രയോജനപ്പെടുക.''
അവള്‍ വിഷയം മാറ്റി.
''അവസാന വാര്‍ത്ത അറിഞ്ഞോ?''
ഹുവൈരിസ് ജിജ്ഞാസയോടെ-
''ഇനിയും പുതിയ വാര്‍ത്തയോ?''
''ഖാലിദുബ്നുല്‍ വലീദിന്റെ അമ്മായി ഇല്ലേ, നമ്മുടെ അബുല്‍ ഫദ്ലിന്റെ ഭാര്യാസഹോദരി- മൈമൂന. മൂപ്പത്തി ഇസ് ലാം സ്വീകരിക്കുകയാണത്രെ.''
''നുണ.''
''നുണ പറഞ്ഞിട്ട് എനിക്ക് എന്ത് കിട്ടാനാ...'
''മുസ്വീബത്തുകള്‍ ആര്‍ത്തലച്ച് വരാന്‍ പോകുന്നു. അതിന്റെ തുടക്കമാണിത്. ഒരു പെണ്ണ് പരസ്യമായി താന്‍ ഇസ് ലാം സ്വീകരിക്കുകയാണെന്ന് പറയുക. അപ്പോള്‍ പിന്നെ ആണുങ്ങള്‍ എന്തൊക്കെ ചെയ്യാതിരിക്കില്ല?' ഹുവൈരിസ് പറഞ്ഞത് തന്നെ സ്വന്തത്തോട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അയാളുടെ സംസാരം ശബ്ദമില്ലാതെ സ്വന്തത്തോട് മാത്രമായി. 'ഖുറൈശികളേ, നിങ്ങള്‍ ഖേദിക്കേണ്ടി വരും. നിങ്ങള്‍ക്ക് അവസാന അവസരം ഒത്തുവന്നതാണ്. അതും നിങ്ങള്‍ നഷ്ടപ്പെടുത്തി. ഇപ്പോഴിതാ മൈമൂന ഇസ് ലാം സ്വീകരിക്കുന്നു. ഖാലിദുബ്നുല്‍ വലീദ് തടയുന്നില്ല. അബ്ബാസ് എന്ന അബുല്‍ ഫദ് ല്‍ ഉപദേശിച്ച് നേരെയായിക്കുന്നില്ല. ഭീരുക്കളായ ഖുറൈശികള്‍ എല്ലാം നിശ്ശബ്ദം കണ്ടുനില്‍ക്കുന്നു. അപ്പോള്‍ പിന്നെ അവരെ കൊച്ചാക്കിക്കൊണ്ട് മുഹമ്മദ്, സ്വഫാ-മര്‍വക്കിടയില്‍ ഓടും; പുണ്യപുരാതന കഅ്ബക്ക് ചുറ്റും പ്രദക്ഷിണം വെച്ച് തക്ബീറുകളും തല്‍ബിയത്തുകളും ചൊല്ലിക്കൊണ്ടിരിക്കും. സ്വാഭാവികമല്ലേ. എന്തൊരു മാനക്കേട്...''
''ഹുവൈരിസേ...''
അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നപ്പോള്‍ അവള്‍ പറഞ്ഞു:
''ഈ രാത്രി നിങ്ങളെ കാണാന്‍ എനിക്ക് ഉദ്ദേശ്യമില്ല... നിങ്ങള്‍ ഭാര്യയുടെ അടുത്തോട്ട് പോണം.''
അയാളുടെ ഹൃദയം ശക്തിയായി മിടിച്ചു.
''നീ എന്താണിപ്പറയുന്നത്?''
''ഞാന്‍ ഇന്നലെ മുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഒന്നിലും ഒരു ശ്രദ്ധയില്ലാതെ, തൂങ്ങിപ്പിടിച്ച്... ഇങ്ങനെ ചിന്തിച്ചുകൂട്ടിയാല്‍ ഈ ശരീരകാന്തിയും ഓജസ്സുമൊക്കെ അങ്ങ് പോകും. ഇങ്ങനെ ഒരു ഹുവൈരിസിനെ എനിക്ക് പരിചയമില്ല. ചിന്ത തന്നെ ചിന്ത. പിന്നെ തൂങ്ങിപ്പിടിച്ചിരിക്കലും. ഇത്തരം ദുര്‍ബലരെ എനിക്ക് ഇഷ്ടമില്ല.''
ഹുവൈരിസ് കരച്ചിലിന്റെ വക്കോളമെത്തി.
''അങ്ങനെ പറയരുത്, ലുഅ്ലുആ... നീ എന്റെ അഭിമാനത്തിലും ആഢ്യത്വത്തിലും തൊട്ടാണ് കളിക്കുന്നത്. എന്റെ രക്തം ചിന്താന്‍ മുഹമ്മദ് മൗനാനുവാദം നല്‍കി എന്ന് കേട്ടപ്പോഴുണ്ടായ പ്രയാസത്തേക്കാള്‍ കഠിനമാണ് നിന്റെയീ വാക്കുകള്‍ ഉണ്ടാക്കിയ മനഃപ്രയാസം. നീ ഭാവനയില്‍ കാണുന്ന തരത്തിലുള്ള ആളായിട്ടില്ല ഞാന്‍.''
കള്ളച്ചിരിയോടെ അവള്‍ ഒളികണ്ണിട്ട് നോക്കി.
''അപ്പോള്‍ നിങ്ങള്‍ക്കെന്നോട് ഇപ്പോഴും ആ ഭ്രാന്തന്‍ സ്നേഹമുണ്ട്.''
''സംശയമുണ്ടോ? നീയല്ലേ എന്റെ ജീവിതം, മതം, സുഖസന്തോഷങ്ങളുടെ ഉല്‍പ്പത്തി...'
''മതി, മതി... പക്ഷേ, ഹുവൈരിസ്, ഇത് ഭയങ്കര സംശയത്തിന്റെ ദിനങ്ങളാണല്ലോ.''
അയാളുടെ തലയില്‍ കൈവെച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.
''ഭാവിയെ ഭയവും അസ്വസ്ഥതകളും കളങ്കപ്പെടുത്തുന്നു.''
ശബ്ദത്തിന് മൂര്‍ച്ചകൂട്ടി അവള്‍ പിന്നെയും-
''പക്ഷേ, നമ്മള്‍ എന്തിനെയാണ് ഭയപ്പെടുന്നത്?'
ഹുവൈരിസ്: ''ഒന്നിനെയും ഭയപ്പെടുന്നില്ല.''
''എങ്കില്‍ നമുക്ക് പാടാം, കുടിക്കാം, നൃത്തമാടാം... അവസാനം വരെ.''
അവള്‍ ചിരിച്ചു. അയാളും ചിരിച്ചു.
''അതെ, അവസാനം വരെ.''
(തുടരും)
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി