എറണാകുളം ജില്ലയില്‍ ഏറ്റവുമധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് മട്ടാഞ്ചേരി. വേണ്ടപ്പെട്ടവര്‍ ആരെങ്കിലും മരിച്ചാല്‍ മൃതദേഹം കുളിപ്പിക്കാനോ നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും ഒരുനോക്ക് കാണാനായി കിടത്താനോ ഇടമില്ലാതെ വിഷമിക്കുന്ന നിരവധി പേര്‍ താമസിക്കുന്ന പ്രദേശം കൂടിയാണിവിടം. സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്തവരും ഒരു സെന്റിലും ഒന്നര സെന്റിലും ജീവിക്കുന്നവരും, ചെറിയ മുറികളില്‍ കൂട്ടമായി താമസിക്കുന്നവരും വാടക കെട്ടിടങ്ങളില്‍ താമസിക്കുന്നവരേയും മട്ടാഞ്ചേരിയില്‍ കാണാം. വീടുകള്‍ക്കൊന്നും നല്ല മുറ്റം പോലുമുണ്ടാവില്ല. സ്ഥലപരിമിതി മൂലം കല്യാണവും മറ്റ് ആഘോഷപരിപാടികളുള്‍പ്പെടെ മിക്ക പരിപാടികളും പുറത്തെവിടെയെങ്കിലും വെച്ച് സജ്ജീകരിക്കുന്നത് സ്ഥിരമാണ്.
പക്ഷേ, ക്ഷണിക്കപ്പെടാതെ മരണമെത്തി കൂട്ടത്തിലൊരാളെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മയ്യിത്ത് പരിപാലന കാര്യത്തില്‍ ഇന്നിവര്‍ക്ക് ആശങ്കയില്ല.
വലിയ അളവോളം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് മട്ടാഞ്ചേരിയിലെ ഒരു കൂട്ടം വനിതകള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച മയ്യിത്ത് പരിപാലന കേന്ദ്രമാണ്.
ആശയത്തിന് പിന്നില്‍...
പതിനഞ്ച് മാസം മുമ്പാണ് മട്ടാഞ്ചേരിയിലെ മരക്കടവില്‍ 20 വനിതകള്‍ ചേര്‍ന്ന് മയ്യിത്ത് പരിപാലന കേന്ദ്രം തുടങ്ങിയത്. ഷെഫീദ നിസാര്‍, സെമീന ഭായ്, തസ്മീന്‍ ജുനൈദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 'അന്നുജൂം' എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം.
വനിതകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ തന്നെ ഇത്തരമൊരു സംരംഭം ആദ്യമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ സജീവമായിരുന്നു. വിധവകളായി വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ബിരിയാണി നല്‍കിക്കൊണ്ടുള്ള സേവനമാണ് കൂട്ടായ്മ ആദ്യം തുടങ്ങിയത്. പിന്നീട് ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികളെ പരിപാലിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനം കൂടി ആരംഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി മുമ്പോട്ട് പോകുമ്പോഴാണ് ഒറ്റമുറി വീടുകളിലും മറ്റും കഴിയുന്നവര്‍ കുടുംബത്തിലെ ഒരംഗം മരിക്കുമ്പോള്‍ ബുദ്ധിമുട്ടുന്നത് കണ്ടത്. ഇതോടെയാണ് മയ്യിത്ത് പരിപാലനത്തിന് ഒരു കേന്ദ്രം വേണമെന്ന ആശയം മൊട്ടിട്ടത്. പഴയ കെട്ടിടം എല്ലാവിധ സൗകര്യങ്ങളോടെയും പുനര്‍നിര്‍മിച്ചു. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍ സജ്ജമാക്കി. പിന്നീട് ആധുനിക രീതിയില്‍ മൃതദേഹം കുളിപ്പിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കി. മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കുന്നതിനുള്ള സൗകര്യമൊരുക്കി. നൂറ് ശതമാനം വൃത്തിയും വെടിപ്പും മനോഹരമായും ഒരുക്കിയിട്ടുള്ള ഈ കേന്ദ്രത്തിന്റെ നിര്‍മാണം തന്നെ ഏവരേയും ആകര്‍ഷിക്കുന്നതാണ്. മാത്രമല്ല, മയ്യിത്ത് ആചാരപ്രകാരം കുളിപ്പിക്കുന്നതിന് ഈ വനിതകളെല്ലാം മികച്ച രീതിയില്‍ പരിശീലനം നേടുകയും ചെയ്തിട്ടുമുണ്ട്. മരിക്കുന്നത് സ്ത്രീ ആണെങ്കില്‍ ഏത് സമയത്തും മൃതദേഹം കുളിപ്പിക്കുന്നതിന് ഇവര്‍ തയാറാണ്. പുരുഷന്മാരാണ് മരിക്കുന്നതെങ്കില്‍ അവരെ കുളിപ്പിക്കുന്നതിന് പുരുഷന്മാരുടെ സംഘവുമുണ്ട്. മൃതദേഹത്തിന് ആവശ്യമായ തുണികളെല്ലാം ഇവര്‍ തന്നെ നല്‍കും. ഒരു സേവനത്തിനും ഒരു പൈസ പോലും ഈടാക്കുന്നില്ല. ട്രസ്റ്റിനെ സഹായിക്കാന്‍ ആരെങ്കിലും സന്നദ്ധമാണെങ്കില്‍ ഇഷ്ടമുള്ള ചെറിയ സംഖ്യയോ വലിയ തുകയോ ട്രസ്റ്റില്‍ തന്നെയുളള ബോക്‌സില്‍ നിക്ഷേപിക്കാവുന്നതാണ്. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും സേവനം ലഭിക്കാതിരിക്കില്ല. പതിനഞ്ച് മാസത്തിനിടെ 221 മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം വീട്ടിലാണെങ്കിലും ആശുപത്രിയിലാണെങ്കിലും ഈ കേന്ദ്രത്തിലെത്തിക്കുന്നതിന് ആംബുലന്‍സ് സൗജന്യമായി ലഭിക്കും. മൃതദേഹം കുളിപ്പിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനും ആംബുലന്‍സ് വിട്ടുനല്‍കും. വീട്ടില്‍ സൗകര്യം കുറവാണെങ്കില്‍ ഇവിടെ തന്നെ പൊതുദര്‍ശനത്തിന് വെക്കാനുളള സൗകര്യവുമുണ്ട്. തീര്‍ത്തും സൗജന്യമായി തന്നെ ഇതെല്ലാം ചെയ്യാം. മട്ടാഞ്ചേരിയിലെ മയ്യിത്ത് പരിപാലന കേന്ദ്രം കൊച്ചിയില്‍ താമസിക്കുന്ന ലക്ഷദ്വീപുകാര്‍ക്കും സഹായകമായിട്ടുണ്ട്. അന്നുജൂം ട്രസ്റ്റിന്റെ പരോപകാര പ്രവര്‍ത്തനം വലിയ വാര്‍ത്തയായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ മാതൃകയില്‍ മയ്യിത്ത് പരിപാലന കേന്ദ്രങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ തിരുനാവായ, വേങ്ങര എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ ഫറൂക്കിലും എറണാകുളത്തെ കരിമുഗളിലും ഇതേ മാതൃകയില്‍ മയ്യിത്ത് പരിപാലന കേന്ദ്രങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.