(ആമിനുമ്മയുടെ ആത്മകഥ - 10)
പുത്തന്‍ വീട്ടില്‍ സുലൈഖയുടെ ഇപ്പോഴത്തെ വിശേഷങ്ങള്‍ ആര്‍ക്കുമറിയില്ല. പക്ഷേ, ആമിനുമ്മക്ക് സുനിതയെ കാണുമ്പോള്‍ സുലൈഖയെ ഓര്‍മവരും. സുലൈഖയുടെ അതെ ഛായയാണ് സുനിതക്ക്. ആമിനുമ്മയുടെ വീട്ടിലേക്ക് സുലൈഖ കടന്നുവരുന്നതിനു മുമ്പു തന്നെ അത്തറിന്റെ മണമെത്തും.
സുലൈമാൻ നബിയുടെ കഥയിലെ ബില്‍കീസ് രാജ്ഞി.
അങ്ങനെയാണ് അവരെ ആമിനുമ്മ വിശേഷിപ്പിക്കുക. സുനിതയുടെ തലയില്‍ കൈവെച്ച് അവരുടെ കഥ ആമിനുമ്മ വിവരിക്കും. എല്ലാവരുടേയും കണ്ണ് നിറയും.
കുഞ്ഞു എന്ന കുഞ്ഞുമുഹമ്മദ് നല്ല മനുഷ്യനായിരുന്നു. പൊടിമീശക്കാരന്‍ പയ്യന്‍. പാട്ടിന്റെ പിരാന്തുമായാണ് അവന്‍ ജനവാടിയിലൂടെ നടക്കുക. മഴയുള്ള രാത്രിയില്‍ കപ്പലണ്ടി വറുത്തതും കട്ടന്‍ ചായയും നടുക്കുവെച്ചു പായയില്‍ നിലത്തിരിക്കുമ്പോള്‍ ഇങ്ങനെയാണ് ആമിനുമ്മ കഥ തുടങ്ങുക:
അവന്റ ബാപ്പ അന്ത്രമാന് അവനെ പഠിപ്പിച്ച് മാഷാക്കണമെന്നായിരുന്നു ആഗ്രഹം. അതിനായിട്ടയാള്‍ പഠിച്ച പണി പതിനെട്ടും നോക്കി. പള്ളിക്കൂടത്തിലെ പഠിത്തം. അതിനു ശേഷം വീട്ടിലെ പഠിത്തം. പയ്യനാകെ പൊറുതിമുട്ടി. വൈകുന്നേരമാകുമ്പോള്‍ ചിലപ്പോളവന്‍ ആമിനുമ്മയുടെ അടുക്കളയില്‍ വരും. വിഷമത്തോടെ മൂലയില്‍ മാറി നില്‍ക്കും.
എന്താടാ...?
ആമിനുമ്മ ചോദിക്കും.
ബാപ്പ തല്ലി.
എന്തിനാടാ...?
പാട്ടു പാടീട്ട്.
ആമിനുമ്മ അവനെ സമാധാനിപ്പിക്കും. തുണിയുടെ കോന്തല അഴിച്ച് ചില്ലറ പൈസ കൊടുക്കും. തല തടവി ആശ്വസിപ്പിക്കും.
ഒരു ദിവസം വൈകുന്നേരം വന്ന് അവന്‍ ആമിനുമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. കവിളിലൊരുമ്മയും കൊടുത്തു വേഗം ഇറങ്ങിപ്പോയി.
പാതിരാത്രിയായപ്പോഴുണ്ട് അന്ത്രമാന്‍ വാതിലില്‍ മുട്ടി അബ്ദുറഹിമാന്‍ മുസ് ലിയാരെ എഴുന്നേല്‍പ്പിക്കുന്നു.
ഉസ്താദേ, കുഞ്ഞു ഇതേവരെ വീട്ടിലെത്തിയിട്ടില്ല.
മുസ് ലിയാര്‍ ഉടനെ പുറത്തിറങ്ങി. ഖാലിദ് മൂപ്പനെ വിളിച്ച് ഒരു വണ്ടി തയ്യാറാക്കി പുറത്തേക്കിറങ്ങി.
പന്തുകളി നടക്കാറുള്ള മൈതാനത്തും കടപ്പുറത്തും മറ്റെല്ലായിടത്തും കുഞ്ഞുവിനെ അവര്‍ അന്വേഷിച്ചു. പക്ഷേ, കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതിനുശേഷം അന്ത്രമാനെ ചിരിച്ചു കണ്ടിട്ടില്ല. ആകെയുണ്ടായ ഒരാണ്‍തരിയായിരുന്നു.
മുസ് ലിയാരേ, ഞാനവനെ ഒരുപാട് തല്ലീട്ട്ണ്ട്. അതവന്‍ നന്നാവാന്‍ വേണ്ടിയാര്‍ന്ന്. ഈ കടുംകൈ ചെയ്യുന്ന് ബിചാരിച്ചില്ല.
ബിഷമിക്കാതിരി അന്ത്രൂ. അവനെവിടെപ്പോകാനാ... ഞമ്മളെ കുട്ട്യല്ലേ... അബന്‍ ബരും.
മുസ് ലിയാര്‍ സമാധാനിപ്പിക്കും. എന്നിട്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കും.
റബ്ബുല്‍ ആലമീനായ തമ്പുരാനേ. കിഴക്കും പടിഞ്ഞാറിന്റേം നാഥാ... നീ ഞമ്മളെ കുഞ്ഞൂനെ ഒരു പരിക്കുമില്ലാതെ ഹാജരാക്കണേ റബ്ബേ.
ആമിനുമ്മ കരഞ്ഞുകൊണ്ട് ആമീന്‍ പറയും.
കുഞ്ഞു പോയതിന്റെ പിറ്റേന്ന് കുഴഞ്ഞുവീണതാണ് ഉമ്മ സുബൈദ. അവള്‍ക്കിപ്പോള്‍ അന്ത്രമാനെ കാണുന്നത് വെറുപ്പാണ്. അയാളാണ് കൂഞ്ഞുവിനെ അവള്‍ക്ക് നഷ്ടമാക്കിയതെന്നാണവളുടെ വിചാരം. കുറേക്കാലം അവര്‍ മിണ്ടാട്ടമില്ലാതെ ആശുപത്രിയില്‍ കിടന്ന്. പിന്നെ ജനവാടിയിലെത്തിയത് അവരുടെ മയ്യിത്തായിരുന്നു.
അന്ത്രമാന്‍ പിരാന്തനെ പോലെ അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു നടന്നു. മരിച്ചതുപോലെയുള്ള ജീവിതം.
പക്ഷേ, അബ്ദുറഹിമാന്‍ മുസ് ലിയാരുടെ പ്രാര്‍ഥനയും ആമിനുമ്മയുടെ ആമീനും കിഴക്കിന്റേയും പടിഞ്ഞാറിന്റേയും തമ്പുരാന്‍ കേട്ടു.
ഒരു ദിവസമുണ്ട് കോട്ടും സൂട്ടും കറുത്ത കണ്ണടയുമായി ഒരു ചെറുപ്പക്കാരന്‍ ആമിനുമ്മയെ വന്നു കെട്ടിപ്പിടിക്കുന്നു. ആമിനുമ്മ ആദ്യമൊന്നു കുതറി മാറി. അത് മറ്റാരുമായിരുന്നില്ല.
കുഞ്ഞുമൊയ്തീന്‍ എന്ന കുഞ്ഞുവായിരുന്നു. ഉടനെ വിവരം അന്ത്രമാനെ അറിയിച്ചു. അന്ത്രമാന്‍ ശരവേഗത്തിലെത്തി. പിന്നെ അവിടെ കണ്ട കാഴ്ചകള്‍ വിവരിക്കാന്‍ ആര്‍ക്കും കഴിയുന്നതല്ല.
സുബൈദയുടെ ഖബറിടത്തില്‍ പോയി അന്ത്രമാന്‍ പറഞ്ഞു:
സുബീ...നമ്മുടെ മോന്‍ തിരിച്ചെത്തി. ഇനിയെങ്കിലും എന്നോട് പൊരുത്തപ്പെടണം. പെണക്കം മാറ്റണം.
അവിടെ നിന്ന് രണ്ടു പേരും കുറേനേരം കരഞ്ഞു.
കുഞ്ഞു പറഞ്ഞാണ് ബോംബെയിലെ കഥകള്‍ ജനവാടിക്കാര്‍ കേള്‍ക്കുന്നത്. പാതിരാത്രിയില്‍ ജനവാടിയില്‍നിന്ന് ഹാള്‍ട്ടിലേക്ക് നടന്നതും കള്ള വണ്ടി കയറിയതും മഹാനഗരത്തിലെത്തിച്ചേര്‍ന്നതും. ചെറിയ ചെറിയ കടകളില്‍ പണിയെടുത്തു തുടങ്ങി. രാത്രിയിലെ പാട്ടു കച്ചേരികളില്‍ പങ്കെടുത്തു. കുറച്ചു കാശ് സംഘടിപ്പിച്ചു. കൂട്ടുകാരുമൊത്തു ലോഞ്ചില്‍ ഗള്‍ഫിലേക്ക് കടന്നു. നല്ലവനായ ഒരറബിയുടെ വീട്ടില്‍ വേലക്കാരനായി ജോലി കിട്ടി. ഇപ്പോള്‍ രണ്ടു മാസത്തെ അവധിക്ക് വന്നിരിക്കുകയാണ്. കഥ കേട്ടവര്‍ക്കെല്ലാം കൈകളില്‍ അവന്‍ അത്തറ് പുരട്ടിക്കൊടുത്തു. അന്നു രാത്രി അവന്റെ വക എല്ലാവര്‍ക്കും തീറ്റയും പാട്ടുമുണ്ടായിരുന്നു. ഹിന്ദിയിലും അറബിയിലുമുള്ള അവന്റെ പാട്ടു കേട്ടു അന്ത്രമാന്‍ അവനെ കെട്ടിപ്പിടിച്ചു.
കുഞ്ഞുവിനെ കിട്ടിയപ്പോള്‍ അന്ത്രമാന്‍ ആളാകെ മാറി. വലിയ ആവേശമായി. എണ്ണിചുട്ടപ്പം പോലുള്ള അവന്റെ അവധി തീരുംമുമ്പ് തന്നെ അവന് ഒരു കുടുംബമാക്കി കൊടുക്കണം. ആ അന്വേഷണത്തിനിടയിലാണ് പുത്തന്‍ വീട്ടില്‍ സുലൈഖ ആമിനുമ്മയുടെ കണ്ണില്‍ പെടുന്നത്. സുന്ദരി. തങ്കം പോലെയുള്ള സ്വഭാവം. സാമ്പത്തികം അത്ര പോരാ. കുഞ്ഞുവിന് പക്ഷേ പണം വേണ്ടായിരുന്നു. അവര് തമ്മിലുള്ള വിവാഹവും മധുവിധുവും ആഘോഷത്തോടെ നടന്നു. കുഞ്ഞുവന്ന് എല്ലാവര്‍ക്കും ബിരിയാണിയുടെ കൂടെ അലിസ എന്നു പേരുള്ള ഭക്ഷണം വിളമ്പി. ജനവാടിക്കാരത് ആദ്യമായാണ് കാണുന്നതെങ്കിലും വേഗം എല്ലാവരും ചെമ്പ് കാലിയാക്കി. ജനവാടിയിലെ ആദ്യത്തെ അത്തറ് മണക്കുന്ന കല്യാണമായിരുന്നു കുഞ്ഞുവിന്റേത്.
രണ്ടു മാസം നിമിഷങ്ങള്‍കൊണ്ട് കൊഴിഞ്ഞുപോയി. കുഞ്ഞു യാത്രയായി. സുലൈഖ കരച്ചിലോട് കരച്ചിലായി. അന്ന് കത്തുപാട്ടുകളുടെ കാലമാണ്. കുഞ്ഞു അവള്‍ക്ക് ആ കാസറ്റുകള്‍ നല്‍കിയാണ് പോയത്.
ഇടക്കിടക്ക് കുഞ്ഞുവിന്റെ കത്തുകള്‍ വരും. അതിനിടയില്‍ ചെറിയൊരു കഷണം ആമിനുമ്മക്കുമുണ്ടാകും. ആമിനുമ്മയുടെ ആവശ്യപ്രകാരം ജനവാടിയിലുള്ള ധാരാളം പേര്‍ക്ക് ദുബായിലേക്ക് പറക്കാനുള്ള ഭാഗ്യമുണ്ടായി. മുകളില്‍ വലിയ പെട്ടിവെച്ച ടാക്‌സി കാറുകള്‍ നിരത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു തുടങ്ങി. അവരുടെ കൈയില്‍ കുഞ്ഞു സംസാരം പിടിച്ച കാസറ്റുകളും കൊടുത്തയച്ചു. അതുകേട്ടു സുലൈഖ പകല്‍ ചിരിക്കുകയും രാത്രി കരയുകയും ചെയ്തു.
കണ്ണീരു വീണു മഷി കലര്‍ന്നു വായിക്കാന്‍ കഴിയാത്ത കത്ത് സുലൈഖയും കൊടുത്തയക്കും.
എന്റെ പൊന്നേ എന്തിനാണ് ഇങ്ങനെയൊരു ജീവിതം. രാത്രിയില്‍ ഇരുട്ടു മാത്രമാണെന്റെ കൂട്ട്, രാത്രിയുടെ നീളം എനിക്ക് നന്നായി നിശ്ചയമുണ്ട്. ജനവാടിയുടെ പാതയിലൂടെ രാത്രി എത്ര വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നും എത്ര നായ്ക്കള്‍ ഓരിയിടുന്നുണ്ടെന്നും ഞാന്‍ അറിയുന്നുണ്ട്. കുഞ്ഞിക്ക, ആകെ മടുത്തു. ദിനങ്ങളെണ്ണി എനിക്കിനി വയ്യ. കരഞ്ഞു കരഞ്ഞു എന്റെ കണ്ണുനീരു വറ്റി. ഇപ്പോഴാണെങ്കില് എടക്കിടക്ക് തലചുറ്റലും മേല് വിയര്‍ക്കലും. ആരുമില്ലാതാകുമ്പോള്‍ എല്ലാം റബ്ബിനോട് കരഞ്ഞു പറയും.
ഇതാണ് കത്തുകളുടെ സാരം. അങ്ങനെയായിരിക്കണം കുഞ്ഞു ഗള്‍ഫ് ജീവിതം തല്‍ക്കാലം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.
കൂട്ടുകാരന്റെയടുത്ത് കൊടുത്തയച്ച കാസറ്റില്‍ അവന്‍ പറഞ്ഞു. അതുമായി അവള്‍ ആമിനുമ്മയുടെ അടുത്ത് എത്തി. വലിയ വര്‍ത്തമാനത്തിന്റെ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പറ്റുന്ന ഭാഗം അവള്‍ ഓണ്‍ ചെയ്തു.
പ്രിയപ്പെട്ട സുലു,
നിന്റെ കത്തുകള്‍ എനിക്ക് വായിക്കാനാവൂല്ല....മതി. ഞാന്‍ മതിയാക്കുകയാണ്. ബാബയോട് പറഞ്ഞു കിട്ടാനുള്ള കായും വാങ്ങി അടുത്ത മാസം ഞാന്‍ അവ്‌ടെയെത്തും. ഇനി മുതല്‍ ഞമ്മളൊന്നിച്ചു ജീവിക്കും. ഒന്നിച്ചു. ചക്കരമുത്തം.
ചക്കരമുത്തം എന്നതു എല്ലാവരും കേട്ടപ്പോള്‍ അവള്‍ക്ക് നാണം വന്നു. അതിനിടയിലാണ് സുലുവൊന്ന് തലചുറ്റി വീണത്. പെണ്ണിന് പുയ്യാപ്ല വരുന്ന നെഹളിപ്പാണെന്നാണ് പെണ്ണുങ്ങള് പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് അറിയുന്നത്, സുലുവിന് പള്ളേലുണ്ടെന്ന്. പിന്നെ അവള്‍ക്ക് സ്വപ്നങ്ങളും കൂട്ടുണ്ടായിരുന്നു. കുഞ്ഞു അപ്പോഴേക്കും യാത്ര പുറപ്പെട്ടതിനാല്‍ ഈ വിശേഷം അവള്‍ക്ക് അറിയിക്കാന്‍ കഴിഞ്ഞില്ല. വഴികണ്ണുമായി അവള്‍ കൊതിയോടെ കാത്തിരുന്നു.
പക്ഷേ, പറഞ്ഞ ദിവസം കുഞ്ഞുവെത്തിയില്ല. ബോംബെ വഴിയുള്ള വിമാനത്തിലെത്തിയിട്ട് പിന്നെ തീവണ്ടിയിലാണ് വരികയെന്നാണ് അറിയിച്ചിരുന്നത്. ഏതോ കൂട്ടുകാരനെ അറിയിച്ചതനുസരിച്ച് അവന്‍ ജയന്തിജനത വരുന്നതും കാത്തു സ്റ്റേഷനില്‍ നിന്നിരുന്നു. എല്ലാവരും പോയതിനു ശേഷവും കുഞ്ഞു വിനെ കണ്ടില്ല. കൂട്ടുകാരന്‍ നിരാശനായി തിരിച്ചുപോന്നു.
അടുത്ത ദിവസം വെളുത്ത അംബാസിഡര്‍ കാര്‍ ജനവാടിയിലെത്തി. സര്‍ക്കാര്‍ മുദ്ര ചുവപ്പുനിറത്തില്‍ എഴുതിവെച്ചത് കണ്ടു ആളുകള്‍ കൂടി. കാറില്‍ നിന്നിറങ്ങിയ ശിപായി അന്വേഷിച്ചു:
മേലേടത്ത് അന്ത്രുമാന്റെ വീട്.
ആളുകള്‍ വീട് കാണിച്ചുകൊടുത്തു. സുലൈഖയുമായി അന്ത്രുമാന്‍ ആശുപത്രിയില്‍ പോയതായിരുന്നു.
കളക്ടറാണ് വന്നിരിക്കുന്നത്. ആമിനുമ്മ വേഗം അവര്‍ക്ക് കട്ടന്‍ ചായയും പലഹാരവും നല്‍കി. അതു പക്ഷേ, മേശപ്പുറത്തിരുന്നതേയുള്ളൂ.
വിവരമറിഞ്ഞതനുസരിച്ച് അന്ത്രുമാനും സുലൈഖയും പാഞ്ഞെത്തി.
കളക്ടര്‍ അന്ത്രുമാന്റെ ചെവിയിലതു പറഞ്ഞതും അന്ത്രുമാന്‍ തളര്‍ന്നു വീണതും ഒന്നിച്ചായിരുന്നു.
(തുടരും)