ചുറ്റുപാടും ഉയര്‍ന്നുകേള്‍ക്കുന്ന അസുഖകരമായ അനേകം വാര്‍ത്തകള്‍, ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ കുറിച്ച് നമ്മെയെല്ലാം ഓര്‍മപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ഹേമ കമ്മീഷന് റിപ്പോര്‍ട്ട്, കുട്ടികള്‍ ഉണ്ടായിട്ടും ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയവര്‍, മകളാകാനും സഹോദരിയാകാനും അമ്മയാകാനും പ്രായമുള്ള സ്ത്രീകളോടും പിഞ്ചു കുഞ്ഞുങ്ങളോടും വരെ അഭിനിവേശം തോന്നുന്ന പുരുഷന്മാര് ഇങ്ങനെ വാര്‍ത്തകള്‍ ഒരുപാടുണ്ട്. ഒരു പരിധിവരെ ഇതിനെല്ലാം കാരണം കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാണ്.
തികച്ചും വ്യത്യസ്തമായ രണ്ടിടങ്ങളില്‍നിന്ന് വന്ന രണ്ടുപേര്‍, അവര്‍ക്കിടയില്‍ പുതിയൊരു കുടുംബം കെട്ടിപ്പടുക്കുമ്പോള്‍ മാനസികമായും ശാരീരികമായും വൈകാരികമായും ഉണ്ടാകേണ്ട അടുപ്പത്തില്‍ എവിടെയെങ്കിലും തെറ്റുപറ്റുന്നേടത്താണ് മൂന്നാമതൊരാള്‍ കടന്നുകൂടുന്നത്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മനസ്സുകളില്‍ തങ്ങളുടെ ഇണ പ്രണയപൂര്‍വം വസിക്കുന്നുവെങ്കില്‍ ആ മനസ്സുകളിലേക്ക് മറ്റൊരാള്‍ക്ക് കടക്കാനാകില്ല. ദിനവും പരസ്പരം കാണുന്ന ഇണകള്‍ക്കിടയില്‍ പറയാനും കേള്‍ക്കാനുമുള്ള കാര്യങ്ങള്‍ തീര്‍ന്നുപോയതുപോലെ മൗനം കൂടുകൂട്ടുന്നു. ആ കൂട് വളര്‍ന്നുവളര്‍ന്ന് അന്യന് പാര്‍ക്കാന്‍ മാത്രം വലിയ വീടാകുന്നു. ആ വീട് ഓരോരുത്തരും ഹൃദയത്തില്‍ പേറുന്നു. ഇണയോടുള്ള മടുപ്പ്, പഴകിയ വസ്ത്രങ്ങള്‍ മാറ്റി പുതിയത് ധരിക്കാനുള്ള ആഗ്രഹം പോലെയോ, തുണിക്കടയിലെ ഡ്രസ്സിംഗ് റൂമില്‍ കയറി പല വസ്ത്രങ്ങള്‍ തനിക്ക് പാകമാകുമോ എന്നണിഞ്ഞു നോക്കി ഉപേക്ഷിക്കുന്നതുപോലെയോ ആണ് പലരും ചിന്തിക്കുന്നത്.
ഇവക്കെല്ലാം അടിസ്ഥാന കാരണം വൈവാഹിക ജീവിതത്തെക്കുറിച്ച് ഇണകള്‍ക്ക് കൃത്യമായ ബോധമില്ലാത്തതാണ്. ഇസ്ലാമികമായ കുടുംബജീവിതം എന്താണെന്ന് അറിയുന്ന നവദമ്പതികള്‍ ഇക്കാലത്ത് വളരെ കുറവാണ്. അതിനാല്‍ തന്നെ അക്രമങ്ങളും അനീതികളും മാറ്റിനിര്‍ത്തലുകളും പുതിയ ഇടങ്ങള്‍ തേടിപ്പോകലുകളും സാധാരണമായിരിക്കുന്നു. ലഹരിയും തുറന്ന ലൈംഗികതയും സ്വാതന്ത്ര്യം എന്ന പേരില്‍ പലരും പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നു. അതോടെ ഇതെല്ലാം പുരോഗമനമായും ജീവിതത്തിന്റെ രസങ്ങളായും തെറ്റിദ്ധരിക്കപ്പെടുന്നു. സമൂഹത്തില്‍നിന്ന് സാംസ്കാരിക മൂല്യങ്ങള്‍ മാഞ്ഞുപോകുന്നു.
എന്താണ് വിവാഹം, എന്തിനാണ് വിവാഹം, ഒരു ഭാര്യക്ക് ഭര്‍ത്താവിനോടുള്ള കടമകള്‍ ഇന്നതാണ് എന്നെല്ലാം പൊതുവായി പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും. ചെറുപ്പം മുതല്‍ ഓരോ പെണ്‍കുട്ടിയോടും വീട്ടില്‍നിന്നും അതെല്ലാം ഓര്മപ്പെടുത്തുന്നുമുണ്ടാകും. എന്നാല്‍, ''സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോട് മാത്രമാണോ ബാധ്യത? അവള്‍ക്ക് അവകാശങ്ങളില്ലേ? അവള്‍ക്ക് ഉള്ളതുപോലെ അവന് ബാധ്യതകള്‍ ഇല്ലേ? ആ ബാധ്യതകള്‍ അവന് നിര്‍വഹിച്ചില്ലെങ്കില്‍ അവള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും?'' തുടങ്ങി അനേകമനേകം ചോദ്യങ്ങളെ അവയ്ക്കുള്ള ഉത്തരത്തോടുകൂടി, വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ആണും പെണ്ണും അറിഞ്ഞിരിക്കുകയാണെങ്കില്‍ ആ ജീവിതം എത്ര രസകരമായിരിക്കും!
തന്റെ മനസ്സില്‍ തന്റെ ഇണ പൂര്‍ണമായും സ്നേഹാനുരാഗങ്ങളോടെ വസിക്കുകയാണെങ്കില്‍ അവിടെ മറ്റൊരാള്‍ക്കും ഇടം കിട്ടുകയില്ലെന്നത് ഉറപ്പാണ്. എന്നാല്‍, വിവാഹജീവിതം വെറും കുട്ടികളെ നോക്കാനും ക്ഷീണിക്കുമ്പോള്‍ വന്നുകിടന്നുറങ്ങാനും വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാനും ഫീസ് അടക്കേണ്ടതില്ലാത്ത ഒരു ഇടമായി മാത്രം കണക്കാക്കപ്പെടുന്നത്, പലപ്പോഴും ഇണകളില്‍ ഒരാള്‍ ഏതെങ്കിലും ഒരു അപരനുമായി മനസ്സ് പങ്കുവെക്കുന്നതിലേക്കും പിന്നീട് ഇറങ്ങിപ്പോകുന്നതിലേക്കുമാണ് എത്തിച്ചേരുന്നത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍, നവദമ്പതികള്‍ക്ക് തികച്ചും മൂല്യവത്തായ ഒരു സമ്മാനമായി നല്കാവുന്ന കൃതിയാണ് 'നവദമ്പതികള്‍ക്ക് ഒരു ഉപഹാരം.' ഇസ്തംബൂള്‍ സ്വദേശിയായ മഹ്മൂദ് മഹദി അല്‍ ഇസ്തംബൂലി, അറബി ഭാഷയില്‍ രചിച്ച ഈ ഗ്രന്ഥം മൗലവി മുഹമ്മദ് റഫീഖ് അല്‍ ഖാസിമി ആണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
''മനുഷ്യ ജീവിതത്തിലെ സംഭവബഹുലമായ ഇടനാഴിയാണ് ദാമ്പത്യം. സന്തോഷവും സന്താപവും പ്രതീക്ഷയും നിരാശയും പുഞ്ചിരിയും കണ്ണീരും ഇഴപിരിഞ്ഞ മനോഹര മുഹൂര്‍ത്തങ്ങള്‍. ഒരു പുരുഷായുസ്സിലെ പകരം വെക്കാനാകാത്ത അസുലഭ നിമിഷങ്ങള്‍. അവധാനതയോടെ കരുക്കള്‍ നീക്കിയാല്‍ ഒരുവന് ദാമ്പത്യം സ്വര്‍ഗഭൂമിയാക്കാന്‍ കഴിയും.' ഭാവിയുടെ വര്‍ണാഭമായ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാനും പ്രതിസന്ധികളെ ലളിതമായി അതിജീവിക്കാനും അതവനെ പ്രാപ്തനാക്കും. ആസൂത്രണം നഷ്ടമായാല്‍ ദാമ്പത്യത്തെക്കാള്‍ കയ്പേറിയ അനുഭവം മറ്റൊന്നുണ്ടാകില്ല.
ദാമ്പത്യം അനുഭവമാണ്. അതൊരു പാഠശാലയാണ്. ജീവിതം തളിരിടുന്നതും പുഷ്കലമാകുന്നതും ആ മലര്‍വാടിയിലാണ്. ദാമ്പത്യജീവിതം മധുരിതമാക്കാന്‍ ദമ്പതികളെ മൗലികമായ മൂല്യങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കൃതി.
''ഇതിലെ ഓരോ വരികളും മന്ദമാരുതനാണ്. ഹൃദയങ്ങളെ തഴുകിയുണര്ത്തിയേ അതിനു മുന്നോട്ട് പോകാന്‍ കഴിയൂ'' എന്ന് 'നവദമ്പതികള്ക്കൊരു ഉപഹാരം'- Award to New Couples എന്ന മലയാള ഗ്രന്ഥത്തിന്റെ ബ്ലര്‍ബില്‍ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നു.
പുസ്തകം: നവദമ്പതികള്ക്കൊരു ഉപഹാരം
പ്രസാധനം: അറേബ്യന്‍ ബുക്ക് ഹൗസ്
രചന: മഹ്മൂദ് മഹ്ദി അല്‍ ഇസ്തംബുലി
വിവര്‍ത്തനം: മൗലവി മുഹമ്മദ് റഫീഖ് അല്‍ ഖാസിമി
പേജ്: 447
വില 400/