ചെറുപ്പത്തില്‍ തന്നെ മക്കളില്‍ മൊബൈല്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ പിന്നീടത് വലിയ സ്വഭാവ ഭവിഷ്യത്തുകള്‍ക്ക് കാരണമാകും
(കൗണ്‍സലിംഗ്)
ഇന്ത്യയിലെ പ്രശസ്ത മനോരോഗ സ്ഥാപനമായ നിംഹാന്‍സില്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്റിലെ കണ്‍സല്‍റ്റേഷന്‍ റൂമിലേക്ക് ഒരു രക്ഷിതാവ് തന്റെ ആറ് വയസ്സുള്ള മകനെയും കൂട്ടി കയറിവന്നു.
'ഡോക്ടര്‍, എന്റെ മകന്‍ എവിടെയും അടങ്ങി ഇരിക്കുന്നില്ല, അവന്‍ എപ്പോഴും ഓടിക്കൊണ്ടേയിരിക്കും. ഒരു പ്രവൃത്തിയും മുഴുവനാക്കാന്‍ അവന് സാധിക്കുന്നില്ല. പഠിത്തത്തില്‍ തീരെ ശ്രദ്ധ ഇല്ല, സ്‌കൂളിലെ അധ്യാപകരെല്ലാം അവനെ കുറിച്ച് പരാതിയാണ്. സാറേ, ഇതെന്താണ് പ്രശ്നം?'
കുട്ടി അപ്പോഴും ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു. സൈക്യാട്രിസ്റ്റ് രക്ഷിതാവിനോട് ഫോണ്‍ വാങ്ങിവെക്കാന്‍ ആവശ്യപ്പെടുന്നു. വാങ്ങിവെച്ചതും അവന്‍ വാശി പിടിച്ച് കസേരയില്‍ നിന്നെഴുന്നേറ്റ് അലക്ഷ്യമായി റൂമിന് ചുറ്റും ഓടാന്‍ തുടങ്ങി. ഡെസ്‌കിലുള്ള വസ്തുക്കള്‍ ഓരോന്നായി എടുക്കുകയോ വാതില്‍ തുറന്ന് പുറത്തേക്ക് ഓടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു.
'കുട്ടിക്ക് എന്ന് മുതലാണ് ഇത്തരം സ്വഭാവങ്ങള്‍ കണ്ടുതുടങ്ങിയത്?'
'2 കൊല്ലം മുമ്പ് ചെറിയ രീതിയില്‍ ഇത്തരം സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.'
'പിന്നീട് എന്താ സംഭവിച്ചത്?'
'അവന്‍ മുഴു സമയം ഫോണിലാണ് ഡോക്ടറേ, ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണ്‍ വേണം, ഫോണ്‍ കൊടുക്കാതിരുന്നാല്‍ അലറി, വാശി പിടിക്കും. ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്തതുകൊണ്ട് ഞങ്ങള്‍ അവന് ഫോണ്‍ കൊടുത്തിരുന്നു. ഫോണ്‍ കിട്ടിയാല്‍ അവന്‍ അടങ്ങി ഇരിക്കും. പിന്നീട് ഞങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധിച്ചതേ ഇല്ല. സ്‌കൂളില്‍ പോവാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് സാറേ പ്രശ്നങ്ങള്‍ വഷളാവാന്‍ തുടങ്ങിയത്. ഇനി എന്താ ചെയ്യേണ്ടത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല.'
കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ലോകത്തിലെ ഒട്ടുമിക്ക മനുഷ്യരുടെയും മാനസിക നില വളരെ സംഘര്‍ഷഭരിതമായിരുന്നു. എന്നാലും അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് വളര്‍ന്നുവരുന്ന കുട്ടികളിലായിരുന്നു. കാരണം, ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് സാമൂഹിക സമ്പര്‍ക്കം (Social Interaction) എന്നത്. ഇത് നഷ്ടപ്പെടുന്ന വേളയില്‍ സംസാരശേഷി, പ്രാഥമിക വിജ്ഞാനം, വൈകാരിക തിരിച്ചറിവ് എന്നിവയെ സാരമായി ബാധിക്കും. ഇതിലെ വില്ലന്‍ മൊബൈല്‍ ഫോണ്‍ തന്നെയാണ്. പി.ജി പഠനത്തിന്റെ ഭാഗമായി നിംഹാന്‍സ് ഹോസ്പിറ്റലില്‍ ട്രെയിനിങ് ആരംഭിച്ചത് മുതല്‍ ഞാന്‍ കാണുന്ന 80 ശതമാനത്തോളം കേസുകളും മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ മൂലമുള്ളതാണ്.
ന്യൂറോ ഡെവലപ്പ്മെന്റല്‍ ഡിസോര്‍ഡറുകളായ ഓട്ടിസം, IDD, ADHD, SLD തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാകുമെന്നതാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. പല രക്ഷിതാക്കളും ഇതറിയാതെ താല്‍ക്കാലിക ശമനത്തിനും സമാധാനത്തിനും വേണ്ടി മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കും. പിന്നീട് കുട്ടികളില്‍ ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി, പഠന വൈകല്യം, അമിതമായ ദേഷ്യം, ആക്രമണ മനോഭാവം, സംസാര വൈകല്യം എന്നീ ലക്ഷണങ്ങള്‍ രൂപപ്പെടും. കുട്ടികള്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ പല രക്ഷിതാക്കളും അത് അവഗണിക്കുകയാണ് പതിവ്. പിന്നീട് സ്‌കൂളിലോ മറ്റു സാമൂഹിക സന്ദര്‍ഭങ്ങളിലോ പ്രകടമാകുമ്പോഴാവും ഇതൊരു പ്രശ്നമാണ് എന്ന തിരിച്ചറിവുണ്ടാവുക. അപ്പോഴേക്കും കുട്ടിയുടെ മാനസിക നില സങ്കീര്‍ണമായ രീതിയിലേക്ക് മാറിയിട്ടുണ്ടാവും.
ഒരു ചെറിയ പനി വന്നാല്‍ പോലും ഡോക്ടറെ കാണിക്കുന്ന നമ്മള്‍ പലപ്പോഴും കുട്ടികള്‍ക്ക് ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ മനോരോഗ വിദഗ്ധനെ കാണാന്‍ മടിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം കണ്ടുവരുന്ന അമിതമായ താര ആരാധനയും ഭവിഷ്യത്തുകളും നമ്മള്‍ നിരന്തരം സോഷ്യല്‍ മീഡിയകളിലൂടെ കണ്ടിട്ട് പോലും ഇതൊരു വലിയ പ്രശ്നമാണെന്ന് തോന്നിയിട്ടില്ല. ഒരു വയസ്സുള്ള കുട്ടി മുതല്‍ മുതിര്‍ന്നവര്‍ വരെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ഉള്ളവരാണ്.
ചെറുപ്പത്തില്‍ തന്നെ മക്കളില്‍ മൊബൈല്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ അത് പിന്നീട് വലിയ സ്വഭാവ ഭവിഷ്യത്തുകള്‍ക്ക് കാരണമാകും. പൂര്‍ണമായ നിയന്ത്രണം സാധ്യമാവുന്നില്ലെങ്കില്‍ നിശ്ചിതമായ സമയം നല്‍കി അതിനെ നിയന്ത്രിക്കുക. ഇത്തരം നിയന്ത്രണങ്ങളാല്‍ കുട്ടികള്‍ സ്വഭാവ, മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ വൈകാതെ തന്നെ ശിശു മനോരോഗ വിദഗ്ധനെ സമീപിക്കുക. മികച്ച രീതിയിലുള്ള ചികിത്സ വളരെ നേരത്തെ തന്നെ ഇത്തരം കുട്ടികള്‍ക്ക് ലഭിച്ചു കഴിഞ്ഞാല്‍ അത് അവര്‍ക്ക് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകും.