പാശ്ചാത്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവും നമ്മുടെ തലയില്‍ കുത്തിക്കയറ്റിയിരിക്കുന്ന മിഥ്യാ ധാരണകളുടെ ഫലമായി വെളുത്ത നിറത്തിനും ചുവന്ന ചുണ്ടിനും ഉയര്‍ന്ന മാറിടത്തിനും ഇടതൂര്‍ന്ന മുടിക്കുമുള്ള നിലക്കാത്ത ഓട്ടത്തിലാണെല്ലാവരും. ഇതിനായി നാം വാങ്ങിക്കൂട്ടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും തേടുന്ന ചികിത്സാ രീതികള്‍ക്കും കണക്കില്ല. സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണിയുടെ വലുപ്പം ഇതിന് സാക്ഷ്യം വഹിക്കുന്നു. ഇതിനു ബലമേകാനായി ഈ വിപണിയുടെ പങ്ക് പറ്റുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളും ചെറുതല്ല. എന്നാല്‍, ഇവ വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ഇന്ന് കാണുന്ന രോഗങ്ങളില്‍ പലതിന്റെയും ഉറവിടം, നിലവാരമില്ലാത്തതും വ്യാജന്മാരുമായ സൗന്ദര്യ വര്‍ധക വസ്തുക്കളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളില്‍ കാണുന്ന കാന്‍സറിന് പ്രധാന കാരണം സൗന്ദര്യ വസ്തുക്കളിലെ രാസവസ്തുക്കളാണ്. ഇവിടെ കുട്ടികള്‍ക്കു മാത്രമായി കാന്‍സര്‍ ആശുപത്രി ആരംഭിക്കാന്‍ പോവുകയാണത്രെ. പിഞ്ചുകുഞ്ഞിന്റെ ചുണ്ടില്‍ ചായം പൂശിക്കൊണ്ടു നടക്കുന്ന അമ്മമാരുള്ളപ്പോള്‍ ഇതൊക്കെ വേണ്ടിവരും. മക്കളെ രോഗികളാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് അമ്മമാരാണ്. രണ്ടാം സ്ഥാനത്താണ് പിതാവ്. കുടുംബക്കാര്‍ക്കും അല്‍പം പങ്ക് ഇക്കാര്യത്തിലുണ്ട്. കുട്ടികളെ കാണാന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന ബിസ്‌ക്കറ്റും മിഠായിയും പാക്കറ്റ് ഭക്ഷ്യ വസ്തുക്കളും അവരുടെ ആരോഗ്യത്തെ തകരാറാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിരവധിയുണ്ടെങ്കിലും ആദ്യം ലിപ്സ്റ്റിക്കില്‍നിന്നു തന്നെ തുടങ്ങാം. ലിപ്സ്റ്റിക്കില്‍ കലര്‍ത്തുന്ന ലെഡ് സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്തനങ്ങള്‍ വലുതാവുന്നതുപോലുള്ള പ്രതീതി അവരിലുണ്ടാവും. ഇത് വരാനിരിക്കുന്ന സ്തനാര്‍ബുദത്തിന്റെ മുന്നോടിയായിക്കാണണം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്ത്രീകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. സ്തന വളര്‍ച്ച, സൗന്ദര്യം എന്നിവക്ക് ഈ ഹോര്‍മോണ്‍ കൂടിയേ തീരൂ. സ്ത്രീകളുടെ ലൈംഗിക വികാരങ്ങളെ ഉണര്‍ത്തുന്നതും ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമാണ്. സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികിത്സയില്‍ ചില ഡോക്ടര്‍മാര്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുത്തിവെക്കും. പരിചയമില്ലാത്തവര്‍ അമിതമായി കുത്തിവെച്ചാല്‍ അത് ബ്രസ്റ്റ് കാന്‍സറിന് കാരണമാവും. ഇതിനു കാരണം, ഈസ്ട്രജനെ ആഗിരണം ചെയ്യാനുള്ള കഴിവ് സ്തനങ്ങളിലെയും ഗര്‍ഭാശയത്തിലെയും സെല്ലുകള്‍ക്ക് വളരെ കൂടുതലാണ്. ശരീരത്തിലേക്ക് കൂടുതലായി ഹോര്‍മോണ്‍ എത്തിയാല്‍ അതൊക്കെ ആഗിരണം ചെയ്യുന്നതിനാല്‍ പ്രശ്നം ഗുരുതരമാവുകയാണ്.
എണ്ണ, മെഴുക്, കൊഴുപ്പ് എന്നിവയാണ് ലിപ്സ്റ്റിക്കിന്റെ നിര്‍മാണത്തിനാവശ്യം. ഇതിനൊപ്പം ലെഡ്, കാഡ്മിയം, ക്രോമിയം, മാംഗനീസ്, അലൂമിനിയം തുടങ്ങിയ ഹെവി മെറ്റലുകളും ഇതില്‍ ചേര്‍ക്കും. നിറത്തിനുവേണ്ടി ചേര്‍ക്കുന്ന ചായത്തിലും ഹെവി മെറ്റല്‍സ് അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ലിപ്സ്റ്റിക്കില്‍ എന്തൊക്കെ ചേര്‍ക്കുന്നു എന്ന കാര്യം വ്യക്തമായി രേഖപ്പെടുത്തണമെന്ന് നിയമമുണ്ടെങ്കിലും പല കമ്പനികളും അവ പാലിക്കാറില്ല. അതുകൊണ്ടുതന്നെ ഉപഭോക്താവിന് താന്‍ വാങ്ങുന്ന ലിപ്സ്റ്റിക് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനാവില്ല. ഹെവി മെറ്റല്‍സ് നേരിട്ട് അതില്‍ ചേര്‍ക്കാത്തതിനാല്‍ ബെയ്‌സ് മെറ്റീരിയല്‍സ്, പിഗ്മെന്റ്സ് എന്നാണ് രേഖപ്പെടുത്തുക. അങ്ങനെ എഴുതിയാല്‍ വാങ്ങുന്നവര്‍ക്ക് അതിന്റെ രഹസ്യം മനസ്സിലാവുകയില്ല. ലിപ്സ്റ്റിക്കിന്റെ കമ്പനികള്‍ ഇക്കാര്യം മറച്ചുവെച്ചിട്ടും വിദേശങ്ങളില്‍ പരിശോധനയിലൂടെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ലെഡ് ചേര്‍ന്നതായി അമേരിക്കയിലെയും കാലിഫോര്‍ണിയയിലെയും യൂനിവേഴ്സിറ്റികള്‍ നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. ഹെഗ്ഡെ പറയുകയുണ്ടായി.
കണ്ടെത്താം
ലിപ്സ്റ്റിക്കില്‍ ലെഡ് കലര്‍ന്നതാണോ എന്ന് കണ്ടുപിടിക്കാന്‍ എളിയ മാര്‍ഗമുണ്ട്. ലിപ്സ്റ്റിക് പുരട്ടിയാല്‍ അധിക നേരം നിറം മങ്ങാതെ നില്‍ക്കുന്നുവെങ്കില്‍ അത് അപകടമുണ്ടാക്കുന്നതാണ്. സ്വര്‍ണത്തില്‍ ഉരച്ചുനോക്കിയാല്‍ അത് കറുപ്പായി മാറും.
രോഗങ്ങള്‍
ചര്‍മത്തില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാവുക, ചുണ്ടുകള്‍ വിണ്ടുകീറുക, ചുണ്ടുകളില്‍ കറുപ്പു നിറം വ്യാപിക്കുക, മറുകുപോലെ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ കറുത്ത തടിപ്പുകള്‍ കാണുക തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ആദ്യ ഘട്ടങ്ങളിലുണ്ടാവും. നിറത്തിനുവേണ്ടി ചേര്‍ക്കുന്ന കെമിക്കലുകളാല്‍ അലര്‍ജിക് കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് (Allergic Contact Dermatitis) എന്ന ചര്‍മരോഗം വരാന്‍ സാധ്യത കൂടുതലാണ്. ചിലരില്‍ ചുണ്ടിലെ തോല്‍ ഉരിഞ്ഞുപോവും. പ്രത്യേകിച്ച് ലിപ്സ്റ്റിക് പുരട്ടി വെയിലില്‍ നടക്കുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളേറ്റ് ചുണ്ട് വിണ്ടുകീറാനും ഇടയാകും. ഭക്ഷണം കഴിക്കുന്ന അവസരങ്ങളില്‍ ലിപ്സ്റ്റിക്കിന്റെ അംശം വയറ്റിലുമെത്തും. ചര്‍മത്തില്‍ എന്ത് തടവിയാലും അത് രക്തത്തിലെത്തും.
ലെഡ് ശരീരത്തില്‍ കടന്നാലുണ്ടാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എക്കാലവും വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഞരമ്പു മണ്ഡലത്തെയാണിത് അധികം ബാധിക്കുക. കൂടാതെ കിഡ്നി, കരള്‍ എന്നീ അവയവങ്ങളെ രോഗബാധിതമാക്കാനും ലെഡിന് കഴിയും.