''മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനും നിറഞ്ഞ ആകാശം നിഗൂഢതകളുടെതാണ്. പക്ഷേ, നക്ഷത്രങ്ങള്‍ തിളങ്ങുന്നില്ലെന്നും അത്ര മനോഹരമല്ലെന്നും ശാസ്ത്രാന്വേഷണങ്ങളിലൂടെ വെളിപ്പെട്ടു. അതുകൊണ്ട് ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നു'' നിങ്ങള്‍ കണ്ടതില്‍ വിശ്വസിക്കരുത്; ഉപ്പും പഞ്ചസാര പോലെ കാണപ്പെടാം.'' ഉള്ളടക്കത്തിന്റെ ആത്മാവ് പ്രതിഫലിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആമുഖമാണിത്. അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്വപ്നസ്വര്‍ഗ്ഗമെന്ന മായികവലയം സൃഷ്ടിച്ച് സമൂഹത്തെ നാശോന്മുഖമാക്കിക്കൊണ്ടിരിക്കുന്ന ലിബറല്‍ ആശയങ്ങളെ സംബന്ധിച്ചും ഈ വാചകങ്ങള്‍ അക്ഷരം പ്രതി ശരിയാണ്.
സ്വതന്ത്ര ലൈംഗികത എന്നത് ഏറെ വിപണി സാധ്യതയുള്ള വ്യവസായമാണ് മുതലാളിത്തത്തിന്. അവര്‍ അതിനു വേണ്ട പരിസരമൊരുക്കിയത് ലിബറലിസത്തിന്റെ നീരാളിക്കരങ്ങളിലൂടെയാണ്. മതമൂല്യങ്ങളും കുടുംബ വ്യവസ്ഥയും ആണ്‍-പെണ്‍ അതിരുകളും അതിന് വിഘാതമായപ്പോള്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സ് ഉയര്‍ത്തിക്കൊണ്ടുവരികയും ജെന്‍ഡര്‍ ന്യൂട്രാലിറ്റി പോലുള്ള ആശയങ്ങള്‍ നടപ്പില്‍ വരുത്തി ഇളംതലമുറയെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാന്‍ അജണ്ടയൊരുക്കുകയും ചെയ്തു. ജീവിതത്തെക്കുറിച്ച ഭൗതികമാത്ര കാഴ്ചപ്പാട് വളര്‍ത്തി വ്യക്തിയെ ആസക്തികളില്‍ മാത്രം തളച്ചിട്ട് അതിരുകളില്ലാതെ ആസ്വദിക്കാന്‍ പ്രേരിപ്പിക്കുന്ന ലിബറല്‍ മൂല്യങ്ങള്‍ പിടിമുറുക്കുന്നതിന്റെ അനന്തരഫലമാണ് പെരുകുന്ന ലൈംഗികാതിക്രമങ്ങള്‍.
അധാര്‍മികത പെരുകുന്നു എന്നതിനേക്കാള്‍ നടുക്കമുളവാക്കുന്നതാണ് അതില്‍ തെല്ലും അലോസരം തോന്നാത്ത മാനസികാവസ്ഥ. വിവാഹ ബാഹ്യ ലൈംഗിക ബന്ധം സ്വാഭാവികതയായി മനസ്സിലാക്കപ്പെടുകയും കണ്‍സെന്റ് (സമ്മതം) ഉണ്ടോ എന്നത് മാത്രമാണ് പ്രശ്‌നമെന്ന് വരികയും ചെയ്യുന്നത് നമ്മുടെ സമൂഹം എത്തിനില്‍ക്കുന്ന മൂല്യത്തകര്‍ച്ചയുടെ ആഴം പ്രതിഫലിപ്പിക്കുന്നു. ശരി തെറ്റുകളുടെ അതിരടയാളങ്ങള്‍ മാഞ്ഞുപോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട് തിരുദൂതര്‍. അത്തരമൊരു ഘട്ടത്തില്‍ ധര്‍മത്തെ അധര്‍മമായും അധര്‍മത്തെ ധര്‍മമായും മനസ്സിലാക്കപ്പെടുകയും പിന്നീട് അധര്‍മം കല്‍പ്പിക്കുകയും ധര്‍മം വിരോധിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ സംജാതമാകുകയും ചെയ്യുമെന്നും പ്രവാചകന്‍ (സ)ദീര്‍ഘ ദര്‍ശനം ചെയ്യുന്നുണ്ട്. ('ആത്മ സംസ്‌കരണം', അമീന്‍ അഹ്‌സന്‍ ഇസ്ലാഹി. പേജ്:130) ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് നിര്‍ണയിക്കപ്പെടുന്നത് ആ സമൂഹത്തില്‍ കുടികൊള്ളുന്ന ധാര്‍മികതയുടെ കരുത്തിനെ ആധാരമാക്കിയാണ് എന്നതാണ് ഖുര്‍ആനിക പാഠം. അതുകൊണ്ടുതന്നെ ധര്‍മം അനുശാസിക്കുക, അധര്‍മം വിലക്കുക എന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ബാധ്യതയായി ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു.
മുച്ചൂടും അധാര്‍മികതയിലാണ്ട് കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ധാര്‍മികതയുടെ ഗിരിശൃംഗങ്ങള്‍ പുല്‍കിയ മാതൃകാ സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ വിജയഗാഥ പറയുവാനുണ്ട് ഇസ്ലാമിന്. പ്രവാചകന്‍ (സ്വ) അത് സാധ്യമാക്കിയത് നിയമങ്ങള്‍കൊണ്ട് മാത്രമായിരുന്നില്ല, കരുത്തുറ്റ ആദര്‍ശ ബോധവും ശക്തമായ ഉല്‍ബോധനവും പകര്‍ന്നുകൊണ്ട് കൂടിയായിരുന്നു. വ്യഭിചാരത്തിന് അനുമതി തേടി എത്തിയ വ്യക്തിയെ ശിക്ഷ കാട്ടിയായിരുന്നില്ല പ്രവാചകന്‍ പിന്തിരിപ്പിച്ചത്. 'ആരുടെയെങ്കിലും മകളല്ലാത്ത, സഹോദരി അല്ലാത്ത, ഉമ്മയല്ലാത്ത, ഭാര്യയല്ലാത്ത, ഒരു സ്ത്രീയുണ്ടോ ഉലകത്തില്‍?' എന്ന മാനവിക ബോധത്തിന്റെ വിഹായസ്സിലേക്ക് നയിക്കുന്ന ചിന്തകള്‍ ഉണര്‍ത്തിക്കൊണ്ടായിരുന്നു. 'ഇവിടെ വരുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയങ്കരമായിരുന്നു അവിഹിത വേഴ്ച, എന്നാലിപ്പോള്‍ അതെനിക്കേറ്റവും അറപ്പുളവാക്കുന്ന ഒന്നായി മാറിയിരിക്കുന്നു' എന്ന അയാളുടെ ആത്മഗതം മാത്രം മതിയാകും അയാളുടെ ഹൃദയത്തിലുളവായ സംസ്‌കരണത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടാന്‍.
ഇസ്ലാമിക സമൂഹത്തെ പിടിച്ചുലച്ച സംഭവമായിരുന്നല്ലോ ആയിഷ (റ)യെ കുറിച്ച് പ്രചരിച്ച അപവാദം. ഈ സംഭവത്തെ തുടര്‍ന്നാണ് പ്രദീപ്തമായ സാമൂഹിക ജീവിതത്തിനുതകുന്ന അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'അന്നൂര്‍' എന്ന അധ്യായത്തിന്റെ അവതരണം. വ്യഭിചാരത്തിന്റെ ശിക്ഷ വ്യക്തമാക്കുന്നതിനൊപ്പം, ആ തെറ്റിനെ പ്രതിരോധിക്കുവാനുള്ള നിര്‍ദേശം നല്‍കുന്ന പത്തോളം ആയത്തുകള്‍ സൂറത്തുന്നൂറില്‍ ഉണ്ട്. അശ്ലീല പ്രചാരണം (അന്നൂര്‍:15), സന്ദര്‍ശന മര്യാദകള്‍ (അന്നൂര്‍:27-29), വീട്ടിനുള്ളില്‍ പാലിക്കേണ്ട മര്യാദകള്‍ (അന്നൂര്‍:58,59), ദൃഷ്ടി നിയന്ത്രണം, ചാരിത്ര്യ വിശുദ്ധി, അലങ്കാരങ്ങള്‍ മറച്ചു വെക്കല്‍ (അന്നൂര്‍:30,31), വിവാഹം പ്രോത്സാഹിപ്പിക്കല്‍ (32) തുടങ്ങിയ കാര്യങ്ങളെല്ലാം നിര്‍ദേശിക്കുന്നത് വ്യഭിചാരം എന്ന വലിയ തിന്മയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കാനാണ്. പ്രതിരോധം പ്രതിവിധിയേക്കാള്‍ ഉത്തമം എന്ന തത്വം പ്രകടമാണ് ഇസ്ലാമിക വിധികളില്‍. ആദ്യ നോട്ടം നിനക്ക് അനുവദനീയം, ആവര്‍ത്തിച്ചുള്ളത് നിഷിദ്ധം എന്ന് അനുചരനെ ഓര്‍മപ്പെടുത്തുന്നുണ്ട് റസൂലുല്ലാഹ്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും മറ്റ് മേഖലകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ നോട്ടം, സംസാരം, കൂട്ടംചേരലുകള്‍, വസ്ത്രധാരണം, യാത്ര തുടങ്ങി എല്ലായിടത്തും കല്‍പ്പിക്കപ്പെട്ട ജാഗ്രത വിനഷ്ടമാവരുതെന്നത് സ്വന്തത്തിന് എന്നതുപോലെ സമൂഹത്തിനു വേണ്ടി കൂടിയുള്ള കരുതലാണ്. സ്ത്രീ- പുരുഷന്മാര്‍ ഒരുമിക്കുമ്പോള്‍ രാസത്വരകമായി വര്‍ത്തിക്കാവുന്ന ഒന്നാണ് ലൈംഗികത എന്നതിനാല്‍ വിവാഹബന്ധം നിഷിദ്ധമല്ലാത്ത ഒരു സ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചാകുന്നതിനെ വിലക്കുകയും മൂന്നാമനായി അവിടെ ഉണ്ടാവുക പിശാചാണ് എന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു പ്രവാചകന്‍ (സ). സാമൂഹിക ലക്ഷ്യം നേടിയെടുക്കുന്നതില്‍ പരസ്പരം സഹവര്‍ത്തിക്കേണ്ടവരാണ് സ്ത്രീ പുരുഷന്മാര്‍ എന്നാണ് ഖുര്‍ആനിക അധ്യാപനം. 'സത്യവിശ്വാസികളായ സ്ത്രീ- പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പ്പിക്കുന്നു, തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. 'സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ, തീര്‍ച്ച' (അത്തൗബ:71) എന്ന വചനം അതാണ് സൂചിപ്പിക്കുന്നത്.