ആറ് വര്‍ഷം മുമ്പ് വിവാഹിതനായ യുവാവ് എന്നോട് ചോദിച്ചു: 'എന്റെ ദാമ്പത്യ ജീവിതം വിജയകരമാണെന്നും എന്റെ ഭാര്യയോടുള്ള ബന്ധം ആരോഗ്യകരവും കുറ്റമറ്റതുമാണെന്നും എനിക്കറിയാന്‍ എന്താണ് വഴി?'
ഞാന്‍: 'ഞാന്‍ നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കും. നിങ്ങള്‍ അവയ്ക്ക് മറുപടി പറയണം. മിക്ക ചോദ്യങ്ങള്‍ക്കും 'അതെ' എന്നാണ് ഉത്തരമെങ്കില്‍, അതിനര്‍ഥം നിങ്ങളുടെ ദാമ്പത്യ ജീവിതം ഭദ്രവും സുന്ദരവുമാണെന്നാണ്. ഇനി, 'അല്ല' എന്നാണ് ഉത്തരമെങ്കില്‍ ദാമ്പത്യ ബന്ധം ദുര്‍ബലവും സന്തോഷകരവും അല്ലെന്നാണ്. അത് തിരുത്താനും ബന്ധം ശാക്തീകരിക്കാനും നിങ്ങള്‍ ശ്രമിക്കേണ്ടി വരും.''
യുവാവ്: 'ചോദ്യങ്ങള്‍ കേള്‍ക്കാന്‍ അതീവ താല്‍പര്യമുണ്ട്.''
ഞാന്‍: ഒന്നാമത്തെ ചോദ്യം: പരസ്പരാദരവിനെ കുറിച്ചാണ്. സംസാരത്തിലും പെരുമാറ്റത്തിലും നിങ്ങള്‍ക്കും ഭാര്യക്കുമിടയില്‍ പരസ്പരം ആദരവ് പുലര്‍ത്താന്‍ സാധിക്കുന്നുണ്ടോ!
രണ്ട്: സംഭാഷണവും ആശയ വിനിമയവും. സംഭാഷണം കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വാചിക വര്‍ത്തമാനം തന്നെയാണ്. ദിവസവും നിങ്ങള്‍ക്കിടയില്‍ സംഭാഷണവും വര്‍ത്തമാനവും ഉണ്ടാവാറുണ്ടോ?
മൂന്ന്: ഇനി വാചികമല്ലാത്ത സംസാരം. സംസാരത്തിനിടയിലെ നോട്ടം, ശരീരസ്പര്‍ശം- ഇങ്ങനെയൊക്കെ നിങ്ങള്‍ തമ്മില്‍ ഉണ്ടോ?
നാല്: സുരക്ഷിതത്വ ബോധം: നിങ്ങളുടെ രഹസ്യം സൂക്ഷിക്കുന്നതില്‍, നിങ്ങളുടെ ബന്ധങ്ങള്‍ കരുതലോടെ നിലനിര്‍ത്തുന്നതില്‍, നിങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതില്‍ ഭാര്യയെ വിശ്വസിക്കാമെന്നും അത് പൂര്‍ണ ബോധ്യമാണെന്നും നിങ്ങള്‍ക്ക് പറയാന്‍ ഒക്കുമോ?
അഞ്ച്: വിശ്വാസം. നിങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം രൂഢമായി നിലനില്‍ക്കുന്നുണ്ടോ?
ആറ്: പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍, ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍- അവ നിങ്ങള്‍ക്കിടയിലോ കുടുംബത്തിലോ ആവാം- പിന്തുണയും സഹായവും കിട്ടാറുണ്ടോ?
ഏഴ്: പങ്കാളിത്തം. നിങ്ങള്‍ ഭാര്യയോടൊപ്പം ഏതെങ്കിലും ഹോബിയില്‍ ഏര്‍പ്പെടാറുണ്ടോ? അല്ലെങ്കില്‍ ഏതെങ്കിലും സംരംഭങ്ങളോ പദ്ധതികളോ നടപ്പാക്കുന്നതില്‍ നിങ്ങള്‍ ഭാര്യയെ പങ്കാളിയാക്കാറുണ്ടോ?
എട്ട്: പ്രശ്നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ ഭിന്നാഭിപ്രായങ്ങളും തെറ്റിദ്ധാരണകളും സ്വാഭാവികം. അത്തരം വേളകളില്‍ അത് കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ ഇരുവരും രൂപപ്പെടുത്തിയ രീതിശാസ്ത്രവും പെരുമാറ്റ ചട്ടവും ഉണ്ടോ?
ഒമ്പത്: നിങ്ങള്‍ക്കിടയിലെ സ്വകാര്യ ബന്ധം. വൈകാരിക ബന്ധം, കിടപ്പറ ബന്ധം, റൊമാന്‍സ്, പ്രേമലീലകള്‍ ഇവ ചിട്ടയോടെയുണ്ടോ?
പത്ത്: പ്രേമം. നിങ്ങള്‍ക്കിടയില്‍ പ്രേമം നിലനില്‍ക്കുന്നുണ്ടോ? അതിന്റെ അടയാളമെന്നോണം വാക്കിലോ പ്രവൃത്തിയിലോ അതിന്റെ ബഹിര്‍സ്ഫുരണമോ പ്രകടനമോ ഉണ്ടോ?
പതിനൊന്ന്: മക്കള്‍. മക്കളെ വളര്‍ത്താനും അവര്‍ക്ക് വിദ്യാഭ്യാസവും ശിക്ഷണവും നല്‍കാനുമുള്ള മാര്‍ഗത്തെ കുറിച്ച് നിങ്ങളിരുവരും ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്താറുണ്ടോ?
പന്ത്രണ്ട്: ഭിന്നാഭിപ്രായം ഉള്‍ക്കൊള്ളല്‍. പ്രകൃതി, സ്വഭാവം, അഭിരുചി, അഭിപ്രായം എന്നിത്യാദി കാര്യങ്ങളില്‍ ഭാര്യ നിങ്ങളില്‍നിന്ന് വ്യത്യസ്തയാണെങ്കില്‍ അത് സന്തോഷപൂര്‍വം സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ?
പതിമൂന്ന്: സാമ്പത്തികം. കുടുംബത്തിന്റെ ഭദ്രമായ നിലനില്‍പിനും അതിജീവനത്തിനും സാധ്യമാകും വിധം പണം ചെലവഴിക്കുന്ന കാര്യത്തിലും ഗൃഹഭരണത്തിലും നിങ്ങളും ഭാര്യയും തമ്മില്‍ കൃത്യവും വ്യക്തവുമായ ധാരണയുണ്ടോ?'
ഞാന്‍ തുടര്‍ന്നു: 'നിങ്ങളുടെ ഭാര്യയുമായുള്ള നിങ്ങളുടെ ബന്ധം വിലയിരുത്താന്‍ കഴിയുന്ന ചോദ്യങ്ങളാണിവ.''
അയാള്‍: 'ഏതെങ്കിലും ചോദ്യത്തിന് 'അല്ല' എന്നാണ് ഉത്തരമെങ്കില്‍ തക്കതായ കാരണം കൊണ്ടാവും.''
ഞാന്‍: 'എന്നു വെച്ചാല്‍? ഒരു ഉദാഹരണം പറയൂ.''
അയാള്‍: 'ഞങ്ങളുടെ ശാരീരിക ബന്ധം. അതില്‍ എനിക്ക് ചില പ്രയാസങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ചികിത്സ തേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.'
ഞാന്‍: 'ചികിത്സ തേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞല്ലോ. അതിനര്‍ഥം ദാമ്പത്യ ബന്ധം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ അദമ്യമായി ആഗ്രഹിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇതാണ് പ്രധാനം.''
അയാള്‍: 'നല്ല കാര്യം. പക്ഷേ വര്‍ത്തമാനം, സംഭാഷണം എന്നിവയെ കുറിച്ച് താങ്കള്‍ പറഞ്ഞല്ലോ. ഞങ്ങള്‍ക്കിടയില്‍ അതൊക്കെയുണ്ട്. പക്ഷേ, കുറഞ്ഞ തോതിലേയുള്ളൂ. എന്റെയും അവളുടെയും ജോലി കാരണമാണ് അങ്ങനെ സംഭവിക്കുന്നത്.''
ഞാന്‍: 'ദിവസവും, കുറഞ്ഞ തോതിലാണെങ്കിലും നിങ്ങള്‍ക്കിടയില്‍ സംസാരവും സംവേദനവും ഒക്കെയുണ്ടല്ലോ. അതു നല്ലത് തന്നെ. ഈ കുറവ് പരിഹരിക്കാന്‍ ഒഴിവ് ദിവസങ്ങള്‍, വിവാഹം, സല്‍ക്കാരം, സന്ദര്‍ശനം എന്നീ സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തണം. അപ്പോള്‍ സ്ഥിതി നന്നാവും.'
അയാള്‍: 'നിങ്ങള്‍ക്ക് നന്ദി.''
ഞാന്‍: 'വേറൊരു കാര്യമുണ്ട്. നിങ്ങളും ഭാര്യയും അക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്താല്‍ നിങ്ങളുടെ ബന്ധം കൂടെക്കൂടെ ശക്തിപ്പെടും, കരുത്താര്‍ജിക്കും. അല്ലാഹുവിനോടുള്ള അനുസരണത്തിലും അവനോടുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നതിലും നിങ്ങള്‍ ഇരുവരും സഹകരിക്കണം. വീഴ്ചവരുമ്പോള്‍ പരസ്പരം ഓര്‍മിപ്പിക്കുക. എങ്കില്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു നിങ്ങളുടെ ദാമ്പത്യത്തെ ആശീര്‍വദിക്കും. ബറകത്ത് നല്‍കും.'' 'അവരുടെ ശാശ്വത സങ്കേതമായിത്തീരുന്ന ആരാമങ്ങള്‍. അവര്‍ അതില്‍ പ്രവേശിക്കും. അവരുടെ പിതാക്കന്മാരിലും ഭാര്യമാരിലും സന്താനങ്ങളിലും സച്ചരിതരായവരും അവരോടൊപ്പം അവിടെ ചെന്ന് ചേരും'' (അര്‍റഅദ് 23).
വിവ: പി.കെ.ജെ