സ്‌നേഹാമൃത് ചുരത്തി ഒരു ഉമ്മ
അത്തീഫ് കാളികാവ്
ആഗസ്റ്റ് 2020
കിഴക്കന്‍ ഏറനാട്ടിലെ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. നമുക്ക് ചുറ്റും മൂടപ്പെട്ട ഇരുട്ടിനെ വകഞ്ഞുമാറ്റി നന്മയുടെ വിളക്കായി സ്വയം പ്രകാശമായി ജ്വലിച്ച സുബൈദയുടെ വിസ്മയ
കിഴക്കന്‍ ഏറനാട്ടിലെ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. നമുക്ക് ചുറ്റും മൂടപ്പെട്ട ഇരുട്ടിനെ വകഞ്ഞുമാറ്റി നന്മയുടെ വിളക്കായി സ്വയം പ്രകാശമായി ജ്വലിച്ച സുബൈദയുടെ വിസ്മയ ജീവിതമാണ് അഭ്രപാളിയിലൂടെ ചരിത്രമായി മാറ്റപ്പെടുന്നത്. അടക്കാകുണ്ടില്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ട തെന്നാടന്‍ വീട്ടില്‍ സുബൈദയെന്ന മാളുവിന്റെ നന്മജീവിതം മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ടായേക്കാവുന്ന തരത്തില്‍ അടയാളപ്പെടാന്‍ ഒരുങ്ങുകയാണ്.
തന്റെ അയല്‍വാസിയും കൂട്ടുകാരിയുമായ ചക്കി അകാല മരണത്തിന് കീഴ്പ്പെട്ടപ്പോള്‍ അനാഥയായിത്തീര്‍ന്ന അവരുടെ മൂന്നു കുഞ്ഞുങ്ങളെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് തന്റെ സ്വന്തം മക്കളോടൊപ്പം വളര്‍ത്തി വലുതാക്കിയ കാരുണ്യത്തിന്റെ തണല്‍വൃക്ഷമായിരുന്നു സുബൈദ. ചക്കിയുടെ മക്കളെ അവരുടെ മതാചാരപ്രകാരം തന്റെ വീട്ടില്‍ വളര്‍ത്തുകയും വിവാഹങ്ങള്‍പോലും അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ നടത്തിക്കൊടുക്കുകയും ചെയ്ത സുബൈദയുടെ ജീവിതം ഏറെ ചര്‍ച്ചയായിരുന്നു. വിവേചനം കൂടാതെ നന്മയെ ചേര്‍ത്തുപിടിച്ച സുബൈദയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറംലോകം വിവരം അറിയുന്നത് അവര്‍ വളര്‍ത്തി വലുതാക്കിയ ശ്രീധരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു:
''എന്റെ ഉമ്മ ഇന്ന് മരിച്ചു. അവരുടെ പരലോകജീവിതം സ്വര്‍ഗീയമാക്കാന്‍ എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടായിരിക്കണം.''
പോസ്റ്റ് കണ്ട് ചോദ്യങ്ങള്‍ ഏറെ ഉതിര്‍ന്നതോടെ ശ്രീധരന്‍ വീണ്ടും ഫേസ്ബുക്ക് പേജില്‍ കുറിച്ചു:
''ഞാനാരാണ് എന്ന ചില സുഹൃത്തുക്കളുടെ സംശയം തീര്‍ക്കാനാണ് ഈ പോസ്റ്റ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത കാളികാവിലാണ് ഞാന്‍. ഇപ്പോള്‍ ഒമാനിലും. ഇന്നലെ എന്റെ ഉമ്മ മരിച്ചു എന്നൊരു പോസ്റ്റിട്ടപ്പോള്‍ ചിലര്‍ക്കൊരു സംശയം. തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പോള്‍ ഒരു മുസല്‍മാന് ശ്രീധരന്‍ എന്നു പേരിടുമോന്ന് വേറെയൊരു കൂട്ടര്‍ക്ക് സംശയം. എനിക്ക് ഒരു വയസ്സായപ്പോള്‍ എന്റെ അമ്മ മരിച്ചതാണ്. ചേച്ചിമാരും ഉണ്ട്. അഛനും ഉണ്ടായിരുന്നു. അമ്മ മരിച്ച ദിവസം തന്നെ ഞങ്ങളെ മൂന്നു പേരെയും ഞങ്ങളുടെ അയല്‍വാസിയായ സുബൈദ ഉമ്മയും ഉപ്പയും കൊണ്ടു വന്ന് അവരുടെ വീട്ടില്‍ താമസിപ്പിച്ചു. ഞങ്ങളെ മൂന്നു പേരെയും സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസവും തന്നു വളര്‍ത്തി. ചേച്ചിമാര്‍ക്ക് കല്യാണപ്രായമായതോടെ അവരെ കല്യാണം കഴിപ്പിച്ചുവിട്ടതും അവരാണ്.
ആ ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തതുകാണ്ടല്ല ഞങ്ങളെ വളര്‍ത്തിയത്. അവര്‍ക്കും മൂന്ന് മക്കളുണ്ട്. ഈ ചെറുപ്രായത്തിലേ ഞങ്ങളെ മൂന്നു പേരെ കിട്ടിയിട്ടും ഞങ്ങടെ ജാതി മാറ്റാന്‍ ശ്രമിച്ചിട്ടില്ല അവര്‍. പെറ്റമ്മയേക്കാള്‍ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇവര്‍ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ്. ഇതിലെ ഈ ഉമ്മയാണ് ഇന്നലെ മരിച്ചത്.
അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന വേദനയാണെനിക്ക്. ഇവരൊക്കെ ഞങ്ങളെ പഠിപ്പിച്ചത് ജാതിയിലും മതത്തിലുമൊന്നും കാര്യമില്ല, നന്മയാണ് വേണ്ടതെന്നാണ്.
എല്ലാ മതത്തിന്റെയും അടിത്തറ ഒന്നു തന്നെയല്ലേ? നന്മ ചെയ്യുക. എല്ലാവരെയും സ്നേഹിക്കുക. പിന്നെ തൊപ്പിയിട്ടതോണ്ട് മുസ്ലിമോ കാവിയുടുത്താല്‍ ഹിന്ദുവോ ആകില്ല അതാണന്റെ അഭിപ്രായം.''
ശ്രീധരന്റെ ഈ എഫ്.ബി പോസ്റ്റില്‍ എല്ലാം ഉണ്ട്.
കാളികാവ് അടക്കാകുണ്ടിലെ തെന്നാടന്‍ വീട്ടിലെ ജോലിക്കാരില്‍ ഒരാളായിരുന്നു അടക്കാകുണ്ട് മൂര്‍ക്കന്‍ വീട്ടില്‍ ചക്കി. ശ്രീധരന് ഒന്നര വയസ്സുള്ളപ്പോള്‍ ചക്കി മരിച്ചു. അടക്കം കഴിഞ്ഞ് വീട് സങ്കടത്തില്‍ നില്‍ക്കുമ്പോഴാണ് സുബൈദയുടെ വരവ്. ശ്രീധരനെയും ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയെയും കൂട്ടി സുബൈദ തെന്നാടന്‍ വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീട് മൂന്നു പേരുടെയും വിലാസത്തിലുമുണ്ടായി ആ മാറ്റം. മൂര്‍ക്കന്‍ വീട്ടില്‍ എന്നത് പിന്നീട് തെന്നാടന്‍ വീട്ടില്‍ എന്നായി.
മദ്‌റസ അധ്യാപകന്‍ കൂടിയായിരുന്ന അബ്ദുല്‍ അസീസ് ഹാജിക്കും സുബൈദക്കും ജനിച്ച കുട്ടികളില്‍ മൂത്തവന്‍ ഷാനവാസ്. ജാഫറും ശ്രീധരനും സമപ്രായക്കാരായിരുന്നു. പഠനത്തിലും കറക്കത്തിലും ഉമ്മയുടെ പരിചരണത്തിലും അവര്‍ ഇരട്ടകളായി. ജാഫറിന് താഴെ ജോഷിന പിന്നീട് ജനിച്ചു. രമണിയും ലീലയും മണവാട്ടിമാരായി പടിയിറങ്ങുന്നത് തെന്നാടന്‍ കുടുംബത്തിന്റെ മുറ്റത്തുനിന്നാണ്. പിന്നീട് ശ്രീധരന്‍ സ്വന്തമായി പുതിയ വീടുവെച്ചു. ശ്രീധരനും ഭാര്യ തങ്കമ്മുവും അങ്ങനെ പുതിയ വീട്ടിലേക്കു മാറി. ഇപ്പോള്‍ ശ്രീധരന് 46 വയസ്സ്. ഒമാനിലെ മുസഫയില്‍ അല്‍ ത്വയ്ബത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ടെക്സ്റ്റൈല്‍സ് വിഭാഗത്തിലെ ജീവനക്കാരന്‍. പത്താം ക്ലാസുകാരന്‍ അന്‍ശ്യാം ആണ് മകന്‍.
ശ്രീധരന്‍ ഗള്‍ഫിലേക്കു പോയതിനു ശേഷമാണ് ഉമ്മക്ക് വൃക്കരോഗം ബാധിച്ചതും ഗള്‍ഫിലെ സ്റ്റുഡിയോ പൂട്ടി മകന്‍ ഷാനവാസ് നാട്ടിലെത്തിയതും. ഉമ്മയുടെ അസുഖം അറിഞ്ഞ് അവധിയപേക്ഷ പാസ്സായി വരുമ്പോഴേക്കും നാട്ടില്‍നിന്നും ഉള്ളുപൊള്ളിച്ച് മരണവാര്‍ത്തയെത്തി. മയ്യിത്ത് കാണാന്‍ വയ്യാത്തതിനാല്‍ ശ്രീധരന്‍ വന്നില്ല. ഉമ്മയുടെ വിയോഗത്തിന്റെ ഓര്‍മകള്‍ ഉള്ളില്‍ നീറ്റലായി നെഞ്ചകത്ത് സൂക്ഷിച്ചാണ് ശ്രീധരന്‍ പ്രവാസലോകത്ത് കഴിയുന്നത്.
സുബൈദയുടെ ജീവിതം സിനിമയാക്കുന്നത് ചലച്ചിത്ര പ്രവര്‍ത്തകന്‍ സിദ്ദീഖ് പറവൂരാണ്. ചിത്രീകരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഷൂട്ടിംഗിന്റെ സ്വിച്ചോണ്‍ കര്‍മം സുബൈദയുടെ ഭര്‍ത്താവ് അസീസ് ഹാജി സ്വന്തം വീട്ടുമുറ്റത്തു വെച്ച് രണ്ടു മക്കളായ ഷാനവാസിനെയും ജാഫറിനെയും സാക്ഷിയാക്കി കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.