സ്ത്രീശരീരത്തെ കുറിച്ച ചര്‍ച്ചകള്‍ നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ ഇടക്കിടെ പൊങ്ങിവരാറുണ്ട്.
സ്ത്രീശരീരത്തെ കുറിച്ച ചര്‍ച്ചകള്‍ നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ ഇടക്കിടെ പൊങ്ങിവരാറുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായ ഈ കാലത്ത് ഇത്തരം ചര്‍ച്ചകളുടെ വ്യാപ്തിയും പ്രത്യാഘാതവും വളരെ വലുതാണ്. പെണ്ണിന്റെ ഉടല്‍ മറയ്ക്കണോ, അല്ല തുറന്നിടണോ, എത്ര തുറക്കണം, എത്ര മറയ്ക്കണം, മതങ്ങളും പുരുഷമേധാവിത്വവും അടിച്ചേല്‍പ്പിച്ച ഒന്നല്ലേ ഈ മറച്ചുവെക്കല്‍ തുടങ്ങി പല ചോദ്യങ്ങളും പല ആവൃത്തി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ മാതാവിന്റെ ശരീരം തന്നെ മാതൃകയാകുന്നതില്‍ എന്താണ് തെറ്റ് എന്നതാണ്. അമ്മയുടെ നെഞ്ചത്ത് വരച്ചു കളിച്ച് അവര്‍ സ്ത്രീശരീരം ഇത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കണമത്രെ. മറച്ചുവെക്കുമ്പോഴാണ് ഒളിച്ചു നോക്കാന്‍ തോന്നുന്നത് എന്നാണ് സ്ത്രീശരീരം ആരുടെ മുന്നിലും തുറന്നിടുന്നതിന് മടിക്കേണ്ടതില്ല എന്ന് പറയുന്നവരുടെ ന്യായം. നമ്മുടെ ഭരണഘടനയില്‍ നഗ്‌നത അഥവാ ന്യൂഡിറ്റി എന്താണെന്ന് വ്യക്തമായി നിര്‍വചിക്കാത്തതാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നവരുടെ പിടിവള്ളി.
ഈ വാദം ഒരുപാട് പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ ഭ്രാന്തന്‍ ചിന്തകള്‍ മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അത് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ സ്വന്തം വീട്ടിനകത്തു മാത്രം ഒതുങ്ങുന്നില്ല. അവ വീഡിയോ ആക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമ്പോള്‍ ഇവരുടെ യഥാര്‍ഥ ലക്ഷ്യം പുറത്തു വരുന്നു. സമൂഹത്തില്‍ അവ ഉണ്ടാക്കുന്ന അധാര്‍മിക പ്രവണതകളെ കുറിച്ച് ഇക്കൂട്ടര്‍ ചിന്തിക്കാറില്ല. സ്വന്തം ചിന്തകളെ മാത്രം ആധാരമാക്കി തോന്നിയപോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്തരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശാലമായ രീതിയില്‍ ചിന്തിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
'അമ്മയുടെ നഗ്‌നത കണ്ട ഒരു കുട്ടിയും മറ്റൊരു സ്ത്രീയെ വേറൊരു രീതിയില്‍ നോക്കില്ല' എന്ന വാദം അസംബന്ധമാണ്. കാരണം അമ്മയുടെ നഗ്‌നത കണ്ട് ലൈംഗികമായി ഉത്തേജിക്കപ്പെട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തവരും, സ്വന്തം അമ്മയെയോ സഹോദരിയെയോ മകളെയോ തന്നെ ലൈംഗിക ദാഹത്തിന് ഇരയാക്കിയവരും ഒക്കെ ഉള്ള ലോകമാണിത്. പത്ര ദൃശ്യ മാധ്യമ ശ്രദ്ധ നേടിയ എത്രയോ സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ലൈംഗികച്ചുവയുള്ളതും അല്ലാത്തതുമായ നോട്ടങ്ങളും സ്പര്‍ശനങ്ങളും തമ്മിലുള്ള അന്തരം ഒരു നൂല്‍പ്പാലം പോലെയാണ്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ ലൈംഗികമായ ഉത്തേജനത്തിനുള്ള വാതില്‍പടികള്‍ കൂടിയാണ്. നോട്ടം, സ്പര്‍ശം, നല്ല സുഗന്ധം എല്ലാം ഒരാളെ ലൈംഗികമായി മദോന്മത്തനാക്കാന്‍ ഉതകും. ഈ വാദം ഇതില്‍ ഒതുങ്ങുകയില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. അമ്മയുമായി ലൈംഗിക വേഴ്ച നടത്തി സെക്‌സ് എന്നാല്‍ ഇത്രയേ ഉള്ളൂ എന്ന് ആണ്‍മക്കള്‍ അറിയട്ടെ എന്നും ഇതേ വാദങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ചിന്തിച്ചേക്കാം, പ്രചരിപ്പിച്ചേക്കാം. സ്ത്രീയുടെ സ്വാതന്ത്ര്യം ജനനേന്ദ്രിയത്തിന്റെ സ്വാതന്ത്ര്യത്തിലാണ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇതൊന്നും പ്രശ്‌നമാവില്ല. എന്നാല്‍ മാതാവിനെ ആദരവോടെ കാണുന്ന, മാതാപിതാക്കളുമായുള്ള ബന്ധം വളരെ പവിത്രമാണെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം വരുന്ന മനുഷ്യസമൂഹത്തെ സംബന്ധിച്ചേടത്തോളം ഇത് വലിയ പ്രയാസം തന്നെയാണ്.
ശരീരം അമിതമായി തുറന്നിടുന്നതും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ അത് മോടിപിടിപ്പിച്ച് പ്രകടിപ്പിക്കുന്നതും എല്ലാം ഒരു തരം രോഗമാണ്, ലൈംഗിക വൈകല്യമാണ്. വസ്ത്രങ്ങളില്‍ സ്ത്രീ സുരക്ഷിതയല്ല എന്ന വാദത്തിന്റെ പരിഹാരം ശരീരം തുറന്നിടലല്ല.
ഇസ്‌ലാം എന്തു പറയുന്നു?
ഏതൊരു വ്യക്തിയെയും ആദരവോടെയും അന്തസ്സോടെയും കാണാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹ സുരക്ഷക്കും സ്വയം മാന്യതക്കും ഉതകുന്ന സാമൂഹിക മര്യാദകള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് വസ്ത്രധാരണം.
സ്ത്രീയുടെയും പുരുഷന്റെയും ശരീരഭാഗങ്ങള്‍ അനാവശ്യമായി തുറന്നിടുന്നതും തുറന്നുകാണുന്നതും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. രോഗിയെ പരിചരിക്കുമ്പോഴും മൃതശരീരത്തെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുമ്പോഴും ഈ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.
വളരെ പവിത്രമാണ് മാതാപിതാക്കളുമായുള്ള ബന്ധം. ആ ബന്ധത്തിന്റെ അന്തസ്സിന് നിരക്കാത്ത ഒന്നും മാതാപിതാക്കളുടെയോ മക്കളുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ല. മാതാവിന്റെ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ (സ) പഠിപ്പിച്ചത് ഇങ്ങനെയാണ്:
നബി(സ)യുടെ അടുത്ത് ഒരാള്‍ വന്നു ചോദിച്ചു: 'എന്റെ മാതാവിനോട് അവരുടെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കണമോ? പ്രവാചകന്‍ പറഞ്ഞു: 'അതേ.' വന്ന ആള്‍ രണ്ടാമതും ചോദിച്ചു: 'മാതാവിനോട് അനുവാദം ചോദിക്കണമോ?' റസൂല്‍(സ) വീണ്ടും പറഞ്ഞു: 'അതേ.' വന്ന ആള്‍ മൂന്നാമതും ചോദിച്ചു: 'എന്റെ മാതാവിനോട് അനുവാദം ചോദിക്കണമോ?' അപ്പോള്‍ നബി(സ) ചോദിച്ചു: 'നിന്റെ മാതാവിനെ നഗ്‌നയായി കാണാന്‍ നീ ഇഷ്ടപ്പെടുന്നുവോ?' അയാള്‍ മറുപടി പറഞ്ഞു: 'ഒരിക്കലുമില്ല.' നബി (സ) പറഞ്ഞു: 'എങ്കില്‍ നിന്റെ മാതാവിന്റെ സമ്മതം ചോദിക്കുക.'
സ്ത്രീശരീരത്തില്‍ പ്രത്യേകം മറയ്‌ക്കേണ്ടതായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഭാഗമാണ് മാറിടം. സ്ത്രീശരീരത്തില്‍ ഏറ്റവും ആകര്‍ഷകമായ ഭാഗവും ലൈംഗിക ഉത്തേജനത്തിന് പ്രേരണ നല്‍കുന്ന അവയവവുമാണ് മാറ് എന്ന കാര്യം സര്‍വരും സമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് സദാചാര മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാം അത് മറയ്ക്കണം എന്ന് പറയുമ്പോള്‍ അത് എങ്ങനെ ആകര്‍ഷകമായ രീതിയില്‍ പ്രകടിപ്പിക്കാം എന്ന് സ്ത്രീശരീരം കമ്പോളവല്‍ക്കരിച്ചവര്‍ പഠിപ്പിക്കുന്നത്. ഫ്യൂഡല്‍ ജന്മിമാര്‍ പാവപ്പെട്ട ദലിത്-ആദിവാസി സ്ത്രീകളെ മാറുമറയ്ക്കാന്‍ അനുവദിക്കാതിരുന്നതും അതുകൊണ്ടു തന്നെ. ഖുര്‍ആന്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കുന്നു:
''നബിയേ, സ്വപത്നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ (മാറിടത്തിലേക്ക്) താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്'' (33: 59).
ലജ്ജ ഉണ്ടാവുക എന്നതു തന്നെ ലജ്ജാകരമായി സ്വതന്ത്ര ലൈംഗികവാദികളും ലിബറല്‍ വക്താക്കളും കണക്കാക്കുമ്പോള്‍ സമൂഹത്തിന്റെ സുഗമമായ മുന്നേറ്റത്തിന് അനിവാര്യമായ ഒരു ഉത്തമഗുണം ആയാണ് ഇസ്‌ലാം ലജ്ജയെ കാണുന്നത്. 'ലജ്ജ ഈമാനിന്റെ ഭാഗമാണ്' എന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. നബി (സ) പറഞ്ഞതായി ഉഖ്ബ ഇബ്‌നു അംറ് റിപ്പോര്‍ട്ട് ചെയ്യുന്നു: 'പ്രവാചകന്റെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്നിതാണ്; 'നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നിയത് ചെയ്തുകൊള്ളുക.'
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'ഹയാഉം (ലജ്ജ) ഈമാനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവയിലൊന്ന് ഇല്ലെങ്കില്‍ പിന്നെ മറ്റേതിനും നിലനില്‍പ്പില്ല.'
'ലജ്ജ നന്മ മാത്രമേ കൊണ്ടുവരികയുള്ളൂ' എന്ന പ്രവാചകവചനം എത്ര ശരിയാണ് എന്ന് ലൈംഗിക അരാജകത്വം നിലനില്‍ക്കുന്ന സമൂഹങ്ങളെ പരിശോധിച്ചാല്‍ ബോധ്യപ്പെടും.
ലജ്ജ എന്ന വാക്കിന് 'ഹയാഅ്' എന്നാണ് അറബിയില്‍ പറയുന്നത്. അതാകട്ടെ ജീവിതം എന്ന് അര്‍ഥം വരുന്ന 'ഹയാത്ത്' എന്ന പദവുമായി ചേര്‍ന്നു നില്‍ക്കുന്നു. 'ഹയാത്ത്' ശരീരത്തിന്റെ ജീവന്‍ ആണെങ്കില്‍ 'ഹയാ' ആത്മാവിന്റെ ജീവനാണ് എന്ന് ഇബ്‌നുല്‍ ഖയ്യിം വിലയിരുത്തുന്നു. ലജ്ജ നഷ്ടപ്പെടുന്ന ഹൃദയം മരിക്കും, ആത്മീയ മരണമാണത്. എന്നു വെച്ചാല്‍, ലജ്ജയില്ലാത്ത വ്യക്തി മനസ്സാക്ഷി മരവിച്ച് ഹൃദയം ജീവസ്സുറ്റതല്ലാത്ത ഒരു വ്യക്തി ആയി മാറുന്നു എന്നര്‍ഥം. അങ്ങനെ വരുമ്പോള്‍ ഏത് നീചകൃത്യം ചെയ്യുന്നതിനും ഒരാള്‍ സന്നദ്ധമാവും. യാതൊരു അറപ്പും അത്തരക്കാരെ ബാധിക്കുകയില്ല.
ലജ്ജയുടെ നാലു വശങ്ങള്‍:
1) അല്ലാഹുവിനെ സംബന്ധിച്ച ലജ്ജ: അല്ലാഹു തന്നെ സദാ വീക്ഷിക്കുന്നുണ്ട് എന്നും താന്‍ ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ പ്രവൃത്തിയും അവന്‍ കാണുന്നുണ്ട് എന്നുമുള്ള ചിന്തയും അതുളവാക്കുന്ന ലജ്ജ മൂലം മ്ലേഛതയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രേരണയും.
2) മലക്കുകളെ സംബന്ധിച്ച ലജ്ജ: ഏതു പ്രവൃത്തിയും ഏത് ഇരുട്ടിന്റെ മറവില്‍ ചെയ്താലും അത് മലക്കുകള്‍ കാണുന്നുണ്ടെന്നും അവര്‍ അതിന് സാക്ഷ്യം വഹിക്കും എന്നുമുള്ള ചിന്തയില്‍നിന്നും ഉടലെടുക്കുന്ന ലജ്ജ.
3) മറ്റ് മനുഷ്യരെ സംബന്ധിച്ചുള്ള ലജ്ജ: ആളുകളുടെ മുന്നില്‍ എന്ത് പ്രദര്‍ശിപ്പിക്കണം, പ്രദര്‍ശിപ്പിക്കരുത് തുടങ്ങിയ ബോധ്യങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു. അറിയാതെ ഒരു തെറ്റ് ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റമാണ് അത് ജനമധ്യത്തില്‍ പരസ്യപ്പെടുത്തുന്നത് എന്ന് ഇസ്‌ലാം പഠിപ്പിച്ചത് അതുകൊണ്ടാണ്.
4) സ്വന്തത്തോടു തന്നെ ഉള്ള ലജ്ജ. സ്വന്തം മനസ്സാക്ഷിക്ക് അലോസരം തോന്നുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇത് പ്രേരിപ്പിക്കുന്നു.
അതായത്, എല്ലാ അര്‍ഥത്തിലും തിന്മകളില്‍ നിന്നും മ്ലേഛവും അശ്ലീലവുമായ പ്രവൃത്തികളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്ന ഒരു ഗുണമാണ് ലജ്ജ. അതില്ലെങ്കില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരമാണ് ഇല്ലാതാവുന്നത്.
അന്ത്യനാളിന്റെ അടയാളങ്ങളില്‍ ഒന്നാണ് ലജ്ജ പൂര്‍ണമായും നഷ്ടപ്പെട്ട് വൃത്തികേടുകളും അശ്ലീലതയും വ്യാപകമാകുക എന്നത്. നബി(സ)യുടെ പ്രത്യേക ഗുണങ്ങളില്‍ ഒന്നായിരുന്നു ലജ്ജ. സ്ത്രീകളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഖുര്‍ആനില്‍ ദീക്ഷിക്കപ്പെട്ട മാന്യതയും സൂക്ഷ്മതയും ശ്രദ്ധേയമാണ്. കാര്യങ്ങള്‍ പച്ചക്ക് പറയാതെ ഉള്ള സമീപനമാണ് ഖുര്‍ആനിന്റേത്. ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്ന ഏഴു പദങ്ങള്‍ ഖുര്‍ആനില്‍ കാണാം. അവ ഒന്നും നേര്‍ക്കു നേരെ ആ പ്രവൃത്തിയെ കുറിച്ച് പറയുന്നതല്ല. എന്നുവെച്ചാല്‍ ലജ്ജ എന്ന ഗുണം അല്ലാഹുവിലും പ്രവാചകനിലും സത്യവിശ്വാസികളിലും ഒക്കെയുള്ള അതിശ്രേഷ്ഠമായ ഗുണമാണ് എന്നര്‍ഥം.
സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം നഗ്‌നതാ പ്രദര്‍ശനം, അശ്ലീലം തുടങ്ങിയവയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ദീനിന്റെ അധ്യാപനങ്ങള്‍ തന്നെ ധാരാളം മതി. അവ എത്രത്തോളം യുക്തിക്ക് നിരക്കുന്ന അധ്യാപനങ്ങളാണ് എന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ആ യുക്തി എന്തെന്ന് മനസ്സിലാക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും തീര്‍ച്ചയായും ഗുണം ചെയ്യും. നമ്മുടെ സമൂഹത്തില്‍ സദാചാരബോധവും സദാചാര നിയമങ്ങളും മാറിമാറി വന്നുകൊണ്ടിരിക്കുന്നു. അവയൊന്നും വിശ്വാസിയെ ബാധിക്കേണ്ടതില്ല. ആഴത്തില്‍ വേരുകള്‍ ഉള്ള ഒരു വന്‍ വൃക്ഷത്തെ പോലെയാണ് യഥാര്‍ഥ സത്യവിശ്വാസി. സമൂഹത്തെ പിടിച്ചുലക്കുന്ന ഏത് അധാര്‍മികതയുടെ കൊടുങ്കാറ്റിനെയും അതിജീവിക്കാന്‍ വിശ്വാസത്തിന്റെ കരുത്തിലൂടെ തീര്‍ച്ചയായും സാധ്യമാകും.
കാരണം ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിര്‍ണിതമായ വ്യവസ്ഥകളും നിയമങ്ങളും നിര്‍ണയിച്ച ഇസ്‌ലാമിക ലോകം സാമൂഹിക നിയമങ്ങളും സദാചാര-ധാര്‍മിക പാഠങ്ങളും യഥാവിധി ഉള്‍ക്കൊണ്ടപ്പോള്‍ ലോകത്തിന് എക്കാലത്തെയും മാതൃകയായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രവാചകന് സാധിച്ചു എന്നത് ചരിത്രമാണ്. ആറാം നൂറ്റാണ്ടില്‍ മദ്യത്തിലും മദിരാക്ഷിയിലും ആറാടിയ ഒരു സമൂഹത്തെയും അവരിലെ സ്ത്രീകളെയും ലോകത്തിന് മാതൃകയായ രൂപത്തില്‍ വാര്‍ത്തെടുത്തത് ഇത്തരം സദാചാര നിയമങ്ങളിലൂടെയായിരുന്നു.