(പിതാവിന്റെ തണലില്‍- 9 )
അവസാനം 1955 ഏപ്രില്‍ 29-ന് തെളിവിന്റെ ദൗര്‍ലഭ്യം കാരണം പിതാവ് 25 മാസത്തെ തടവിനു ശേഷം ജയില്‍മോചിതനായി വീട്ടിലെത്തി. അത്യന്തം ആഹ്ലാദജനകമായ ദിവസമായിരുന്നു അത്. ഞങ്ങളുടെ വീട് പൂക്കളാലും ഹാരങ്ങളാലും മധുര പലഹാരങ്ങളാലും നിര്‍ഭരമായി. എല്ലാ ഭാഗത്തുനിന്നും അഭിനന്ദനശബ്ദം കേള്‍ക്കാനായി. ആ ദിവസം മുഴുവന്‍ സന്തോഷത്തില്‍ ആറാടി. രാത്രി ഇരുട്ടിയതോടെ ഞങ്ങള്‍ കിടന്നുറങ്ങാന്‍ പോയി.
ആഹ്ലാദത്താല്‍ തിമിര്‍ത്താടി ക്ഷീണിതരായിത്തീര്‍ന്ന ഞങ്ങള്‍ കുട്ടികള്‍ അന്ന് രാത്രി ഇശാ നമസ്‌കാരം തന്നെ മറന്നു. അപ്പോഴാണ് അമ്മാ ജാന്റെ ശബ്ദം കാതില്‍ മുഴങ്ങിയത്; ''നാണമില്ലല്ലോ. നന്ദി പ്രകടിപ്പിക്കുന്നതിന് നഫ്ല്‍ നമസ്‌കാരം നിര്‍വഹിക്കുന്നതു പോയിട്ട് ഫര്‍ദ് നമസ്‌കാരം പോലും ഉപേക്ഷിച്ചിരിക്കുന്നു. കഷ്ടം തന്നെ. ഉപ്പാനെ തൂക്കാന്‍ വിധിച്ചപ്പോള്‍ ഇവളുമാരൊക്കെ സുന്നത്ത് നമസ്‌കരിച്ചു നമസ്‌കരിച്ചു എങ്ങനെ ദുആ ഇരന്നതാണ്! പോയില്ലേ എല്ലാം. ഇപ്പോള്‍ പടച്ചോനുമായി എന്തെങ്കിലും ബന്ധമുണ്ടോ?'' ഇതുകേട്ടതും ഞങ്ങള്‍ പിടഞ്ഞെഴുന്നേറ്റ് വുദൂ ചെയ്ത് നമസ്‌കാരത്തില്‍ വ്യാപൃതരായി.
അന്ന് രാത്രി മുഴുവന്‍ അമ്മാ ജാന്‍ നഫ്ല്‍ നമസ്‌കാരത്തില്‍ തന്നെയായിരുന്നു. വധശിക്ഷ വിധിച്ച രാത്രി 100 നഫ്ല്‍ നമസ്‌കരിച്ചു പ്രാര്‍ഥിച്ചപ്പോള്‍ ചെയ്ത പ്രതിജ്ഞ ഈ രാത്രി 100 ശുക്ര്‍ (നന്ദി) പ്രകടനാര്‍ഥമുള്ള നഫല്‍ നമസ്‌കരിച്ചു പൂര്‍ത്തിയാക്കി. എന്നാല്‍ ഇത്തവണ അവര്‍ ചായയുടെ തര്‍മോസ് അരികെ വെച്ചിരുന്നു. നമസ്‌കാരത്തിനിടയില്‍ ഇടക്കിടെ ചായ കുടിച്ചുകൊണ്ടിരുന്നു. വധശിക്ഷ വിധിച്ച ആ കാളരാത്രി ചായയേ ഉണ്ടായിരുന്നില്ല.
നേരം പുലര്‍ന്നപ്പോള്‍ അമ്മാ ജാന്‍ പറയാന്‍ തുടങ്ങി: ''എത്ര നന്ദികെട്ടവനാണു മനുഷ്യന്‍! ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തില്‍പെട്ടു മരണത്തിന്റെ മുന്നില്‍നിന്ന് നമസ്‌കരിച്ചപ്പോള്‍ 100 റക്അത്ത് ഒട്ടും ദൈര്‍ഘ്യമുള്ളതായി തോന്നിയിരുന്നില്ല. ഉറക്കമില്ല. ക്ഷീണമില്ല. ഒരസുഖവും തോന്നിയില്ല. ശ്രദ്ധ പാളിയില്ല. നാവിലൂടെ പുറത്തുവന്ന അതേ വാക്കുകള്‍ തന്നെയായിരുന്നു ഹൃദയത്തില്‍നിന്നും വന്നുകൊണ്ടിരുന്നത്. നടു കുനിയുന്നതിനും മുമ്പേ ഹൃദയം കുനിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോ? ഇടക്കിടെ ഉറക്കം വരും. ഇടക്ക് തളര്‍ച്ച തോന്നും. ഇടക്ക് തലവലി വരും. അന്ന് രാത്രിയത്തെ ആ ആന്തരിക വികാരത്തിന്റെ ഭാഗ്യം ഇന്നലെ രാത്രി ഉണ്ടായതേയില്ല.'' ഈ ദൗര്‍ബല്യത്തെ കുറിച്ചു പറയുമ്പോഴും അമ്മാ ജാന്‍ പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും വാക്കുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു; 'ആയുസ്സ് മുഴുവന്‍ സുജൂദില്‍ കിടന്നാലും അല്ലാഹുവിന് മുറപോലെ നമുക്ക് നന്ദി പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നതാണ് സത്യം.'' അമ്മാ ജാന്‍ പറഞ്ഞു മുഴുവനാക്കി.
ഒരിക്കല്‍ കുട്ടികളുടെ വികൃതിയില്‍ മനം മടുത്ത് അമ്മാ ജാന്‍ അബ്ബാജാനോടു പറഞ്ഞു: 'നിങ്ങളെപ്പോലെ ഒരു പിതാവും കുട്ടികളെ ലാളിക്കുകയില്ല. വല്ലപ്പോഴുമെങ്കിലും അവരെ ശകാരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തുകൂടേ!'
അതിന് അബ്ബാജാന്‍ വളരെ അര്‍ഥവത്തായ മറുപടിയാണു പറഞ്ഞത്; ''നിനക്കെന്തറിയാം! ജയിലിലായപ്പോള്‍ മക്കളെ പ്രതി ഞാന്‍ എത്ര ഉല്‍ക്കണ്ഠാകുലനായിരുന്നുവെന്ന് നിനക്കറിയോ? അവരുടെ രൂപം കാണാന്‍ ദാഹിക്കുകയായിരുന്നു ഞാന്‍. അവരുടെ ശബ്ദം കേള്‍ക്കാന്‍ കൊതിക്കുകയായിരുന്നു. 1953-ല്‍ ഞാന്‍ ജയിലില്‍ പോയപ്പോള്‍ എന്റെ (ഏറ്റവും ചെറിയ) കൊച്ചുമോന്‍ ഖാലിദ് വര്‍ത്തമാനം പറഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ജയിലില്‍ അവന്റെ കൊഞ്ചലുകള്‍ എന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. എന്റെ വിലപിടിച്ച ആസ്തി എന്നില്‍നിന്ന് പിഴുതെടുക്കപ്പെട്ട പോലെയാണ് അന്ന് എനിക്ക് തോന്നിയത്. ശിക്ഷ കഴിഞ്ഞു പുറത്തു വരുമ്പോഴേക്ക് ഖാലിദ് വലുതായി കഴിഞ്ഞിട്ടുണ്ടാകും. ശൈശവം പിന്നിട്ട് അവന്റെ സംസാരമൊക്കെ പക്വതയിലെത്തിക്കഴിയും. ജയിലില്‍ അവന്റെ സങ്കല്‍പരൂപത്തോട് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നിട്ടു നീ ഇപ്പോള്‍ പറയുകയാണ്, അവരോട് ദേഷ്യപ്പെടാന്‍. എങ്ങനെ എനിക്കത് കഴിയും!''
മറ്റൊരിക്കല്‍ അബ്ബാജാന്‍ അമ്മാ ജാനോടു പറയുന്നത് കേട്ടു: ''പടച്ചോനോട് പ്രത്യേക പ്രാര്‍ഥനയൊന്നും കൂടാതെ അനായാസം നിനക്ക് കിട്ടിയതാണ് ഈ കുട്ടികള്‍. അതുകൊണ്ടാണ് ഇവര്‍ എന്നെ കഷ്ടപ്പെടുത്തുന്നുവെന്ന് നിനക്ക് പറയാന്‍ കഴിയുന്നത്. ഇങ്ങനെ കുട്ടികളെ കിട്ടാത്തവര്‍ എവിടെയെല്ലാം പോയി എന്തെല്ലാം ശിര്‍ക്കുകള്‍ ചെയ്ത് എങ്ങനെ ഈമാന്‍ കളഞ്ഞുകുളിക്കുന്നുവെന്നതിനെ കുറിച്ചു നിനക്ക് വല്ലതും അറിയാമോ?'' അബ്ബാജാന്‍ ഇതൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ കാതു കൂര്‍പ്പിച്ചു കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ അമ്മാ ജാന് ദേഷ്യം വരും; 'നിങ്ങളുടെ ഈ വര്‍ത്തമാനം കാരണമാണ് ഇവര്‍ ഇങ്ങനെ പുളച്ചു കളിക്കുന്നത്!''
തഫ്ഹീമുല്‍ ഖുര്‍ആന്‍ പദ്ധതി
വീട്ടില്‍ വെച്ച് 'തഫ്ഹീമുല്‍ ഖുര്‍ആന്‍' എഴുതുന്നതിന് ശല്യമുണ്ടാകുമ്പോള്‍ അബ്ബാജാന്‍ പറയും: ''നോക്കൂ, നിങ്ങള്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ എഴുതുന്നതിന് തടസ്സം സൃഷ്ടിക്കുകയാണെങ്കില്‍ ഞാന്‍ ജയിലിലേക്കു തന്നെ തിരികെ പോവുകയാണ്. ഇവിടെ തിരക്ക് കാരണം തഫ്ഹീം എഴുതാന്‍ കഴിയാതെ വരുമ്പോള്‍ അല്ലാഹു തആലാ എന്നെ ജയിലില്‍ കൊണ്ടുപോയി ഇരുത്തും. അവിടെയാകുമ്പോള്‍ കൂടുതല്‍ സ്വസ്ഥതയോടെ അതെഴുതാന്‍ സാധിക്കും.'' ഒപ്പം ഇത്രയും കൂട്ടിച്ചേര്‍ക്കുമായിരുന്നു; ''ഇതൊന്ന് പൂര്‍ത്തിയാക്കിയിട്ടു വേണം ഇതേപോലെ 'തഫ്ഹീമുല്‍ ഹദീസും' എഴുതാന്‍.''
ഞങ്ങളുടെ മൂത്താപ്പ സയ്യിദ് അബുല്‍ ഖൈര്‍ മൗദൂദി രാഷ്ട്രീയത്തില്‍ ഇടപഴകുന്നതിനു പകരം വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മുഴുകാന്‍ അബ്ബാജാനോടു പറയാറുണ്ടായിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുകയാണ്. ഒരിക്കല്‍ തായാജാന്‍ (മൂത്താപ്പ) അബ്ബാജാനോടു പറഞ്ഞു: ''തഫ്ഹീമുല്‍ ഖുര്‍ആന്റെ ആദ്യത്തെ രണ്ടു വാല്യങ്ങള്‍ പുനഃപരിശോധിച്ചു മാറ്റിയെഴുതണം. അത് വായിക്കുമ്പോള്‍ എന്തോ ഒരു തൃപ്തിയില്ലായ്മ തോന്നുന്നു.'' അപ്പോള്‍ അബ്ബാജാന്‍ പറഞ്ഞു: ''ആദ്യത്തെ രണ്ടു വാല്യങ്ങള്‍ പുനഃപരിശോധിക്കുകയാണെങ്കില്‍ അതവിടെ നില്‍ക്കില്ല. മൂന്നാം വാല്യവും മാറ്റിയെഴുതാനുള്ള ആവശ്യം വരും. പിന്നെ ഈ പരമ്പര മുന്നോട്ടു പോവുകയുണ്ടാവില്ല.''
അബ്ബാജാന്‍ റാലികളിലും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ വ്യാപൃതനാകുമ്പോള്‍ തായാജാന്‍ ഉപദേശിക്കും: ''ഇപ്പണി ചെയ്യാന്‍ വേറെയും ആളുകള്‍ ധാരാളമുണ്ടാകും. നിനക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന വൈജ്ഞാനിക-ഗവേഷണ പ്രവര്‍ത്തനങ്ങളും ഗ്രന്ഥരചനയും ചെയ്യാന്‍ കഴിയുന്ന മറ്റാരാണുള്ളത്?'' സമയം മുഴുവന്‍ എഴുത്തില്‍ കേന്ദ്രീകരിക്കാന്‍ അബ്ബാജാനോട് തായാജാന്‍ പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ജമാഅത്ത് പ്രവര്‍ത്തകനോട് തായാജാന്‍ പറഞ്ഞു: 'നിങ്ങളുടെ ഈ മൗലാനയുണ്ടല്ലോ, എന്റെ അനുജനാണവന്‍. ഞങ്ങള്‍ ഒന്നിച്ച് ഉറങ്ങാറുണ്ടായിരുന്നു. അവന്റെ ശാഠ്യങ്ങള്‍ക്കൊക്കെ ഞാന്‍ വഴങ്ങാറുണ്ടായിരുന്നു. അവനെ നിങ്ങള്‍ റാലികളിലേക്കും സമ്മേളനങ്ങളിലേക്കും പിടിച്ചുവലിച്ചുകൊണ്ടുപോയി രാഷ്ട്രീയത്തില്‍ കുരുക്കിയിടുന്നത് കാണുമ്പോള്‍ എനിക്ക് വലിയ ദുഃഖം തോന്നും. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ അവന്റെ സമയം പാഴാക്കിക്കളയുന്നത്? ആ സമയം വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥരചനകളിലും ഏര്‍പ്പെട്ടിരുന്നെങ്കില്‍ എത്രയോ തലമുറകള്‍ക്ക് അത് പ്രയോജനപ്പെട്ടേനെ.''
അതുകൊണ്ട് ഞങ്ങളുടെ അമ്മാ ജാന്‍ ഞങ്ങളെ താക്കീത് ചെയ്യും: 'അബ്ബാജാനെ ശല്യപ്പെടുത്തിപ്പോകരുത്.' അമ്മാ ജാന്‍ പറയും: ''എനിക്ക് അത് വേണം, ഇത് വേണം, കുട്ടികള്‍ക്ക് ഇന്നിന്നതൊക്കെ വേണം എന്നു പറഞ്ഞ് ഞാന്‍ നിങ്ങളുടെ അബ്ബാജാനെ ശല്യപ്പെടുത്തിയിരുന്നെങ്കില്‍ ഈ ഗ്രന്ഥങ്ങളൊന്നുമെഴുതാന്‍ നിങ്ങളുടെ അബ്ബാജാന് കഴിയുമായിരുന്നില്ല. നിങ്ങളുടെ പിതാവ് ഒരു ഗവേഷക പണ്ഡിതനാണ്. ഗ്രന്ഥകാരനാണ്. അബ്ബാജാന് ജോലിയെടുക്കാന്‍ നിശ്ശബ്ദവും ശാന്തവുമായ അന്തരീക്ഷം ആവശ്യമാണ്. നിങ്ങള്‍ ഒരിക്കലും അബ്ബാ നോടു ആവശ്യങ്ങള്‍ പറയാന്‍ പോകരുത്. വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മിനക്കെടരുത്. നിങ്ങളുടെ കാര്യങ്ങളില്‍ കുരുക്കിയിടാന്‍ പോകരുത്.'' ഇപ്രകാരം, ഏകാഗ്രതയോടെ എഴുത്തില്‍ മുഴുകാനുള്ള ശാന്തമായ അന്തരീക്ഷം അമ്മാ ജാന്‍ അദ്ദേഹത്തിന് ഒരുക്കിക്കൊടുത്തു.
കാപട്യം, കൃത്രിമത്വം, പ്രകടനപരത എന്നിവയോടൊക്കെ അബ്ബാജാന് വലിയ വിമ്മിട്ടമായിരുന്നു. ഒരിക്കല്‍ തീന്മേശക്ക് മുമ്പിലിരുന്നു ഞങ്ങള്‍ സഹോദരീസഹോദരന്മാരൊക്കെ ആഹാരം കഴിക്കുന്ന നേരം എല്ലാവരോടുമായി വിശിഷ്യാ, മുഹമ്മദ് ഫാറൂഖി(ജനനം 27 നവംബര്‍ 1923, ദല്‍ഹി)നോടായി ഉപദേശമെന്ന നിലയില്‍ അബ്ബ പറഞ്ഞു: ''മക്കളേ, നമസ്‌കാരം കൃത്യനിഷ്ഠയോടെ നിര്‍വഹിക്കണം. നിങ്ങള്‍ നമസ്‌കരിക്കാതിരിക്കുകയാണെങ്കില്‍ ലോകം എന്ത് പറയുമെന്നറിയില്ലേ? കണ്ടില്ലേ, മൗലാനാ മൗദൂദിയുടെ കുട്ടികള്‍ നമസ്‌കരിക്കാതെ മടിച്ചുനില്‍ക്കുന്നത്?'' ആഹാരം കഴിക്കേ നിശ്ശബ്ദനാകുന്ന അബ്ബാ ജാന്‍ കസേരയില്‍നിന്ന് എഴുന്നേറ്റാല്‍ ബേസിനില്‍നിന്ന് കൈകഴുകി, മുറുക്കാന്‍ ചെല്ലവുമെടുത്ത് മുന്നോട്ടു നടക്കവേ പറയും: ''എന്നാല്‍, മക്കളേ നിങ്ങള്‍ നമസ്‌കരിക്കുകയാണെങ്കില്‍ വാപ്പാക്കു വേണ്ടി നമസ്‌കരിക്കേണ്ടതില്ല, അല്ലാഹുവിന് വേണ്ടിയാണെങ്കില്‍ നമസ്‌കരിച്ചാല്‍ മതി.'' എന്നിട്ട് ഒന്നും മിണ്ടാതെ തന്റെ ഓഫീസ് മുറിയുടെ നേരെ നടന്നു പോകും. ഇങ്ങനെ വലിയ വലിയ കാര്യങ്ങള്‍ ഒറ്റവാചകത്തില്‍ ഒതുക്കിപ്പറയുമായിരുന്നു, അബ്ബാജാന്‍. വാക്കുകള്‍ക്ക് വേണ്ടി തെരയുക അബ്ബാജാന്റെ പ്രകൃതമായിരുന്നില്ല.
അബ്ബാജാന്‍ എഴുതിയതൊക്കെ ശേഖരിച്ച് അതിന്റെ പേജുകള്‍ എണ്ണിക്കണക്കാക്കി ജീവിതത്തിന്റെ നാളുകള്‍ കൊണ്ട് ഹരിച്ചാല്‍ ഒരു ദിവസം അദ്ദേഹം എത്രമാത്രം പേജുകളാണ് എഴുതിക്കൂട്ടിയിരുന്നതെന്ന് നിങ്ങള്‍ക്ക് കാണാനാകും. ഇപ്പോള്‍ അവ കാറ്റും കോളും നിറഞ്ഞ ആ ജീവിതവുമായി ചേര്‍ത്തു വെച്ചാല്‍ എത്രമാത്രം പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയതെന്ന് നാം അത്ഭുതം കൂറിപ്പോകും! പൂര്‍ണമായ ഏകാഗ്രതയുടെയും ശാന്തതയുടെയും അഭാവത്തില്‍ ഈ പ്രവൃത്തി നിര്‍വഹിക്കാന്‍ സാധ്യമായിരുന്നില്ല. ആ ശാന്തതയാണ് അമ്മാ ജാന്‍ അദ്ദേഹത്തിന് ഒരുക്കിക്കൊടുത്തിരുന്നത്.
അബ്ബാജാന്‍ സൂറഃ യൂസുഫിന് എഴുതിയ വ്യാഖ്യാനം വായിക്കുമ്പോള്‍ അക്കാലത്ത് അദ്ദേഹം അവിടെയെങ്ങാനും ജീവിച്ചിരുന്ന പോലെ നേര്‍കാഴ്ചകളാണ് വിവരിക്കുന്നതെന്നു തോന്നിപ്പോകും. സൂറത്തുല്‍ കഹ്ഫും സൂറത്തുല്‍ ഫീലും വായിക്കുമ്പോഴും ഇതേ അനുഭവമാണുണ്ടാകുക. മാനസികമായി അദ്ദേഹം ആ സ്ഥലകാലങ്ങളിലേക്ക് നീങ്ങിയതുപോലെ അപ്പോള്‍ നമുക്ക് തോന്നും.
വര്‍ഷങ്ങള്‍ക്കു ശേഷം ജിദ്ദയിലെ വിമന്‍സ് കോളേജില്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ സിറിയന്‍ വംശജന്‍ ഒറ്റവാക്കില്‍ പിതാവിനെ കുറിച്ചു പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ നാവിന്‍ തുമ്പത്ത് ഈയൊരു വാചകമാണ് വന്നത്; 'കാന യഈശു ഫീ ആലമിന്‍ സാനീ' (അദ്ദേഹം മറ്റേതോ ലോകത്താണ് ജീവിച്ചിരുന്നത്). അതു കേട്ട് സന്തുഷ്ടനായ അദ്ദേഹം പറഞ്ഞു: 'ഇതു തന്നെയായിരുന്നു ഇമാം ഇബ്‌നുതൈമിയ്യ(ചരമം 1328 ക്രി.)യുടെയും അവസ്ഥ.'
തീന്മേശക്കു മുന്നില്‍
തീന്മേശയില്‍ ആഹാരം കഴിക്കാനിരിക്കുമ്പോള്‍ എല്ലാവരും ഒന്നിച്ചുണ്ടാകണമെന്നത് അബ്ബാജാന്റെ ആഗ്രഹമായിരുന്നു. മക്കളുമായി കൂടിയിരിക്കുന്ന ഒരേയൊരവസരമായിരുന്നു ഇത്. അതിനാല്‍ എല്ലാ മക്കളും തന്റെ കൂടെ ആഹാരം കഴിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനാല്‍ തന്നെ അദ്ദേഹം ഹാജരാകുന്നതിനു മുമ്പേ ഞങ്ങളെല്ലാം തീന്മേശക്കു മുന്നില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ആഹാരം കഴിക്കുമ്പോഴും അദ്ദേഹം മറ്റേതോ ലോകത്ത് വിചാരനിമഗ്നനായാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്.
അബ്ബാജാന്‍ പലപ്പോഴും ഞങ്ങളെ ഉപദേശിക്കുമായിരുന്നു; മനുഷ്യന്‍ നന്മയും ചീത്തയും പ്രവര്‍ത്തിക്കും. എന്നാല്‍ മറ്റുള്ളവരുടെ നന്മകള്‍ പ്രയോജനപ്പെടുത്തുകയും തിന്മയില്‍നിന്ന് സ്വന്തത്തെ സുരക്ഷിതനാക്കുകയും ചെയ്യുന്നവനാണ് പൂര്‍ണ മനുഷ്യന്‍. മറ്റുള്ളവരുടെ നന്മകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ തിന്മകളുടെ ദോഷമേറ്റുവാങ്ങുന്നവനേക്കാള്‍ നിര്‍ഭാഗ്യവാനായി ഏത് അവിവേകിയാണുണ്ടാവുക?
പരുഷ സംസാരവും ശകാരങ്ങളും അദ്ദേഹത്തിന്റെ പ്രകൃതമേ ആയിരുന്നില്ല. അങ്ങേയറ്റം വികാരവ്രണിതനായി ആരോടെങ്കിലും വല്ലപ്പോഴും പരുഷമായി സംസാരിക്കേണ്ടി വന്നാല്‍തന്നെ ഇത്രയുമായിരിക്കും പറയുക; 'അവരെ സംബന്ധിച്ചേടത്തോളം എന്റെ മാന്യതയാണ് എന്റെ ഏറ്റവും വലിയ കുറ്റം.' എന്നാലും മറ്റുള്ളവരോട് ഗുണകാംക്ഷ പുലര്‍ത്താനായിരിക്കും പരമാവധി ശ്രമം. അവരുടെ നന്മ കാണുകയും തിന്മയെ തടുക്കുകയും ചെയ്യാനാണു നോക്കുക. കാല്‍ നൂറ്റാണ്ട് കാലത്തെ ജീവന്മരണ പോരാട്ടത്തില്‍ വളരെ യുക്തിദീക്ഷയോടെ ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്‌കരണത്തില്‍ അദ്ദേഹം വ്യാപൃതനായി.
അബ്ബാജാന്റെ വിവാഹം ഏതെങ്കിലും വിവരദോഷിയോ സ്ഥാനത്തും അസ്ഥാനത്തും ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വഴക്കാളിയോ ആയിട്ടായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. അമ്മാ ജാനെ അല്ലാഹു അബ്ബാജാന് വേണ്ടി സൃഷ്ടിച്ചതാണെന്നാണു തോന്നുക. അമ്മാ ജാന്റെ ഉയര്‍ന്ന സാഹിത്യാഭിരുചി, നിസ്വാര്‍ഥത, ആത്മാഭിമാനം, അബ്ബാജാനോടുള്ള മമത ഇതിനൊന്നും ഒരു അതിരുമുണ്ടായിരുന്നില്ല. അറബിയില്‍ ഒരു ചൊല്ലുണ്ട് 'അല്‍ബനാത്തു ഊദുന്‍.' പെണ്‍കുട്ടികള്‍ സുഗന്ധവാഹികളായ ഊദാകുന്നു' എന്നര്‍ഥം. അമ്മാ ജാന്റെ അന്തസ്സും ലാളിത്യവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ ശിക്ഷണം നല്‍കുന്നതിലുള്ള നിഷ്ഠയുമൊക്കെ ഒന്ന് വേറെത്തന്നെയായിരുന്നു.
അബ്ബാജാന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു: ''നിങ്ങള്‍ക്ക് ശിക്ഷണം നല്‍കാന്‍ എനിക്ക് നേരം കിട്ടിയിരുന്നെങ്കില്‍ ലോകത്തിലെ മാതൃകാ മക്കളായി ഞാന്‍ നിങ്ങളെ വളര്‍ത്തുമായിരുന്നു. പക്ഷേ, നിങ്ങളില്‍ പൂര്‍ണ ശ്രദ്ധ ചെലുത്താന്‍ എനിക്കായില്ല. അതിനാല്‍ നിങ്ങളെ ചോദ്യം ചെയ്യാനും എനിക്കവകാശമില്ല. ഞാന്‍ എന്റെ സമയം മുഴുവന്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹുവിന്റെ ദീന്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ് ചെലവഴിച്ചത്. അതിനാല്‍ നിങ്ങളുടെ ശിക്ഷണം അല്ലാഹുവില്‍ ഭരമര്‍പ്പിച്ചു.'' ഇവ്വിധം അദ്ദേഹം തന്റെ സമയം മുഴുവന്‍ അല്ലാഹുവിന്റെ ദീനിനോടുള്ള ബാധ്യത നിറവേറ്റുന്നതിനായി ചെലവഴിച്ചുകൊണ്ടിരുന്നു.
മരണത്തിന് ഏതാനും മാസം മുമ്പ് ഒരാള്‍ കൂടിക്കാഴ്ചക്കിടെ കരുണയില്ലാതെ ഒരു വിമര്‍ശനം തൊടുത്തുകൊണ്ട് അബ്ബാജാനോട് ചോദിച്ചു: ''ഇറാനില്‍ ആയത്തുല്ലാ ഖുമൈനി (മരണം 1989 ജൂണ്‍ 4) ഇസ്‌ലാമിക വിപ്ലവം കൊണ്ടുവന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് പാകിസ്താനില്‍ ഇസ്‌ലാമിക വിപ്ലവം സൃഷ്ടിച്ചെടുക്കാന്‍ കഴിയാതെ പോയത്?''
അതിന് അബ്ബാജാന്റെ മറുപടി ഇതായിരുന്നു: ''ഞാന്‍ അല്ലാഹുവിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നത് 'ദിവസക്കൂലിക്കാര'നെ പോലെയാണ്. എനിക്ക് എന്റെ വിഹിതത്തിലെ ജോലി നിര്‍വഹിച്ച് യജമാനനില്‍നിന്ന് അതിന്റെ കൂലി മേടിക്കുകയേ വേണ്ടൂ. കെട്ടിടം എപ്പോഴാണ് പൂര്‍ത്തിയാവുക, എങ്ങനെ പൂര്‍ത്തിയാകും, ഇനി പൂര്‍ത്തിയാകുമോ ഇല്ലേ ഇതൊക്കെ അറിഞ്ഞിട്ട് തൊഴിലാളി എന്തു നേടാനാണ്? അവന്റെ ലക്ഷ്യം വിശ്വസ്തതയോടെ തന്റെ പണി ചെയ്യുക മാത്രം.''
ജീവിതത്തിന്റെ ഓരോ നിമിഷവും അബ്ബാജാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ 'ദിവസക്കൂലിക്കാര'ന്റെ വിഹിതം ജോലി നിര്‍വഹിച്ചുപോന്നു; എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും. ചുരുക്കത്തില്‍ എല്ലാവിധത്തിലും തന്റെ കടമ നിര്‍വഹിച്ചു. സിന്ദാബാദ് വിളിയില്‍ മനം മയങ്ങുകയോ മൂര്‍ദാബാദ് വിളിയില്‍ പേടിക്കുകയോ ചെയ്തില്ല. സാധാരണക്കാരുമായി താരതമ്യം ചെയ്തു നോക്കുകയാണെങ്കില്‍ തന്റെ സ്വത്വവും ശരീരവും ആവശ്യങ്ങളും കുട്ടികളും ഭാവിയുമൊന്നും അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഒന്നുമായിരുന്നില്ല. അബ്ബാജാനെ ജീവിതത്തിലുടനീളം ഞങ്ങള്‍ നിരാസക്തനായി കണ്ടപോലെ മറ്റൊരാളെയും കണ്ടിട്ടില്ല.
ദാദി അമ്മ കുട്ടികളായ ഞങ്ങളോട് പറയാറുണ്ടായിരുന്നു; ''സയ്യിദന്മാരുടെ അസ്സല്‍ തലമുറയില്‍ പെട്ടവര്‍ക്ക് ചില അടിസ്ഥാന ഗുണങ്ങളുണ്ടാകും. ആരെങ്കിലും നിങ്ങളോട് താന്‍ സയ്യിദാണെന്ന് പറയുകയാണെങ്കില്‍ അയാളില്‍ ഏഴ് ഗുണങ്ങളുണ്ടോ എന്ന് നോക്കുക. സയ്യിദിന് ക്ഷോഭം വരില്ല. ക്ഷോഭിക്കുകയാണെങ്കില്‍ തന്നെ അത് ദീനിന്റെ കാര്യത്തിനായിരിക്കും. സയ്യിദ് ഒരിക്കലും വ്യക്തിപരമായ കാര്യത്തിന് പ്രതികാരം ചെയ്യുകയില്ല. ആരെങ്കിലും ചീത്ത പറഞ്ഞാല്‍ തിരിച്ചു ചീത്ത പറയുകയില്ല. മനസ്സില്‍ പകവെച്ചുകൊണ്ടിരിക്കുകയില്ല. കള്ളമോ പരദൂഷണമോ പറയുകയില്ല. ഭക്ഷണത്തെ കുറ്റപ്പെടുത്തുകയോ ദാഹിച്ചാല്‍ വെപ്രാളപ്പെടുകയോ ഇല്ല. മുമ്പില്‍ എന്താണോ വിളമ്പുന്നത് ക്ഷമാപൂര്‍വം അത് തിന്ന് അല്ലാഹുവിന് നന്ദിപറയും. ജീവിതത്തില്‍ വല്ലപ്പോഴും പരീക്ഷണങ്ങളോ ജീവാപായമോ നേരിടേണ്ടിവരികയാണെങ്കില്‍ മനശ്ശക്തി തകരാതെ അല്ലാഹുവില്‍ ഭരമര്‍പ്പിച്ച് വിപത്തുകളോടു പൊരുതുകയും ഏറ്റവും മോശമായ അവസ്ഥകളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടുകയും ചെയ്യും.''
ദാദി അമ്മ വിശദീകരിച്ച ഈ സവിശേഷതകള്‍ കുട്ടികളുടെ മാനസിക രൂപീകരണത്തിന്റെയും ശിക്ഷണത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ശ്രദ്ധിക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു അത്. ഏതായാലും അപ്പറഞ്ഞ ഏഴു ഗുണങ്ങളും അബ്ബാജാന്റെ ജീവിതത്തില്‍ പൂര്‍ണമായും വിളങ്ങിയിരുന്നു. സാധാരണക്കാര്‍ കോപം വരുമ്പോള്‍ നിലവിട്ടുപോകുന്ന സന്ദര്‍ഭങ്ങളില്‍ പോലും അദ്ദേഹം ക്ഷമയുടെ ആള്‍രൂപമായിട്ടാണു കാണപ്പെട്ടിരുന്നത്. ആരോടും മനസ്സില്‍ പക വെച്ചു പുലര്‍ത്തിയിരുന്നില്ല.
'കുഫ്ര്‍ അസ്ത് ദര്‍ ത്വരീഖത്തെ മാ കീന ദാശ്തന്‍
ആഈന്‍ മാസ്ത് സീന ചൂന്‍ ആയീനെ ദാശ്തന്‍'
(ഞങ്ങളുടെ ജീവിതപ്പാതയില്‍ ആരോടും പക വെച്ചു പുലര്‍ത്തുന്നത് കുഫ്‌റാണ്, മനസ്സ് കണ്ണാടി പോല്‍ വെടിപ്പായി വെക്കുകയാണ് ഞങ്ങളുടെ രീതി).
(തുടരും)
വിവ: വി.എ.കെ.