പപ്പായ കഴിക്കൂ... ആരോഗ്യവും സൗന്ദര്യവും നേടൂ
അബ്ദുസ്സമദ് കൂട്ടിലങ്ങാടി
മെയ് 2020
നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ് 'അമേരിക്കന്‍ ഐക്യനാടുകളാണ് ജന്മദേശമെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്.
നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ് 'അമേരിക്കന്‍ ഐക്യനാടുകളാണ് ജന്മദേശമെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്. പല പേരുകളിലാണ് കേരളത്തില്‍ തന്നെ ഇത് അറിയപ്പെടുന്നത്. എല്ലാ വീട്ടവളപ്പിലും ഒരു പപ്പായ ചെടിയെങ്കിലും ഇല്ലാതിരിക്കില്ല. പ്രത്യേക പരിചരണം ആവശ്യമില്ലാതെ വളരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
പച്ചയും പഴുത്തതും ഒരുപോലെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ ഉള്ളതാണ്. വൈറ്റമിനകള്‍, ഫൈബര്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചില നാടുകളില്‍ ഇതിന്റെ ഇലയും കുരുവും വരെ ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്നുണ്ട്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പപ്പായ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി. അണുബാധയേല്‍ക്കാതിരിക്കാനും പപ്പായ ഉപയോഗം കൊണ്ട് സാധിക്കും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏറെ ഉപകാരപ്രദമാണ്. സ്ഥിരമായി പപ്പായ കഴിക്കുന്നവര്‍ക്ക് പ്രായാധിക്യത്താല്‍ സംഭവിക്കുന്ന തൊലിയുടെ ചുളിവും പ്രസരിപ്പില്ലായ്മയും ഉണ്ടാവുകയില്ല. പ്രകൃതിയിലെ സൗന്ദര്യവര്‍ധക രാജാവാണ് പപ്പായ. പഴുത്ത പപ്പായ മുഖത്ത് തേച്ച് പിടിപ്പിക്കുകയാണെങ്കില്‍ മുഖകാന്തി വര്‍ധിപ്പിക്കാം. കറുത്ത പാടുകള്‍ മാറിക്കിട്ടുകയും ചെയ്യും
വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ തിളക്കം കൂട്ടാനും ഒന്നാം തരം മരുന്നാണ്. പപ്പായയിലടങ്ങിയ പൊട്ടാസ്യം ഹൃദയാഘാതം തടയുന്നു. വായ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ തടയാനും പപ്പായ ഉപകാരപ്പെടുന്നു. പപ്പായയിലെ പപ്പയിന്‍ എന്ന എന്‍സൈം ഉദരരോഗങ്ങളുടെ വൈദ്യനായി വര്‍ത്തിക്കുന്നു. ദഹനപ്രശ്‌നങ്ങള്‍, മലബന്ധം, അസിഡിറ്റി തുടങ്ങിയവക്ക് ശമനം കിട്ടാന്‍ പപ്പായ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
അതേ സമയം പച്ച പപ്പായ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഗര്‍ഭാശയ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴുത്ത പപ്പായ ഗര്‍ഭിണികളുടെ ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്.