ആകാരത്തിലും അലങ്കാരത്തിലും ശ്രദ്ധിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ഇസ്‌ലാം ഏറ്റവും കൂടുതല്‍ താല്‍പര്യം
ആകാരത്തിലും അലങ്കാരത്തിലും ശ്രദ്ധിക്കേണ്ടവരാണ് മുസ്‌ലിംകള്‍. ഇസ്‌ലാം ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിച്ചത് വൃത്തിയിലാണ്. നബി (സ) പറയുന്നു: 'നിങ്ങള്‍ വൃത്തിയുള്ളവരായിരിക്കുക. തീര്‍ച്ചയായും ഇസ്ലാം വൃത്തിയുള്ളതാകുന്നു' (ഇബ്നു ഹിബ്ബാന്‍). 'വൃത്തി സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്നു. സത്യവിശ്വാസം അതിന്റെ ഉടമസ്ഥനോടൊപ്പം സ്വര്‍ഗത്തിലേക്കും' (ത്വബറാനി).
വസ്ത്രം, ശരീരം, വീട്, വഴികള്‍ തുടങ്ങിയവയെല്ലാം വൃത്തിയാക്കാന്‍ നബി (സ) പ്രേരിപ്പിച്ചിട്ടുണ്ട്. തലയുടെയും കൈകളുടെയും പല്ലുകളുടെയും വൃത്തിയുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
ശുദ്ധിയെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയായ നമസ്‌കാരത്തിന്റെ താക്കോലാക്കിയ ഒരു മതത്തില്‍ ഇത് ഒട്ടും അത്ഭുതകരമല്ല. മുസ്‌ലിമിന്റെ ശരീരവും വസ്ത്രവും നമസ്‌കരിക്കുന്ന സ്ഥലവും വൃത്തിയുള്ളതാവാത്തേടത്തോളം കാലം നമസ്‌കാരം സ്വീകാര്യമാവുകയില്ല. ശരീരം മുഴുവനോ, അതില്‍നിന്ന് പൊടിപടലങ്ങള്‍ പറ്റാന്‍ സാധ്യതയുള്ള ഭാഗങ്ങളോ കുളി, വുദൂ തുടങ്ങിയ നിര്‍ബന്ധ ശുദ്ധീകരണങ്ങളിലൂടെ വൃത്തിയാക്കണമെന്നതിനു പുറമെയാണിത്. പ്രവാചകന്റെ കാലത്തെ അറേബ്യന്‍ മരുഭൂമി സാഹചര്യവും നാടോടി ജീവിതവും വൃത്തിയുടെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ അശ്രദ്ധ കാണിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. നബി (സ) ശ്രദ്ധാപൂര്‍വമായ ഉപദേശങ്ങളിലൂടെയും ജാഗ്രത്തായ നിര്‍ദേശങ്ങളിലൂടെയും അവരെ പ്രാകൃതത്വത്തില്‍നിന്ന് പരിഷ്‌കാരത്തിലേക്കും, അനാകര്‍ഷ ഭാവത്തില്‍നിന്ന് സന്തുലിതമായ സൗന്ദര്യബോധത്തിലേക്കും ക്രമപ്രവൃദ്ധമായി ഉയര്‍ത്തിക്കൊണ്ടു വന്നു.
പാറിപ്പറക്കുന്ന താടിയും തലമുടിയുമായി ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്നപ്പോള്‍ മുടി ശരിയാക്കാന്‍ പ്രവാചകന്‍ അയാളോട് ആംഗ്യത്തിലൂടെ കല്‍പിച്ചു. അദ്ദേഹം അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് അയാള്‍ മടങ്ങിപ്പോയി. അപ്പോള്‍ നബി(സ) പറഞ്ഞു: 'പിശാചിനെപ്പോലെ പാറിപ്പറക്കുന്ന തലയുമായി നിങ്ങളിലാരെങ്കിലും വരുന്നതിനേക്കാള്‍ ഇതല്ലേ നല്ലത്' (മാലികിന്റെ മുവത്വ).
ജടകുത്തിയ തലയുള്ള ഒരാളെ നബി(സ) കാണാനിടയായി. അപ്പോള്‍ അവിടുന്ന് ചോദിച്ചു: 'തന്റെ മുടി കോതി ഒതുക്കാന്‍ അയാള്‍ക്കൊന്നും ലഭിച്ചില്ലേ?'
താണതരം വസ്ത്രം ധരിച്ച ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. അപ്പാള്‍ അവിടുന്ന് ചോദിച്ചു: 'താങ്കള്‍ക്ക് സ്വത്ത് ഉണ്ടോ?' അദ്ദേഹം പറഞ്ഞു: 'അല്ലാഹു എല്ലാ സമ്പത്തും എനിക്ക് നല്‍കിയിട്ടുണ്ട്.' പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹു താങ്കള്‍ക്ക് സമ്പത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ ദൈവാനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളം താങ്കളില്‍ കാണപ്പെടേണ്ടതുണ്ട്' (നസാഈ).
ജുമുഅ, പെരുന്നാളുകള്‍ തുടങ്ങിയ സമ്മേളനസ്ഥലങ്ങളില്‍ ഭംഗിയും വൃത്തിയും പ്രകടിപ്പിക്കണമെന്ന് തിരുമേനി ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. അവിടുന്ന് ചോദിച്ചു: 'വെള്ളിയാഴ്ച ദിവസം നിങ്ങള്‍ക്കെല്ലാം തങ്ങളുടെ ജോലിസമയത്ത് ധരിക്കുന്നതല്ലാത്ത രണ്ട് വസ്ത്രങ്ങള്‍ ഉപയോഗിച്ചാലെന്താണ്?' (അബൂദാവൂദ്).
മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ ഇബാദത്താണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (51:56). ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് നമസ്‌കാരമാണ്. ആത്മസംസ്‌കരണത്തിന് ഏറ്റവും സഹായകമായ മാര്‍ഗവുമാണത്. എന്നാല്‍ നമസ്‌കാരത്തിന് ഒരു താക്കോലുണ്ട്. അതിട്ടുവേണം നമസ്‌കാരത്തിന്റെ കവാടം തുറക്കാന്‍. ത്വഹാറത്ത്, അഥവാ ശുചീകരണമാണ് ആ താക്കോല്‍. 'സ്വര്‍ഗത്തിന്റെ താക്കോല്‍ നമസ്‌കാരവും നമസ്‌കാരത്തിന്റെ താക്കോല്‍ ശുചീകരണവുമാകുന്നു' (തിര്‍മിദി). ബാഹ്യമായ ശുചീകരണം മൂന്നു വിധമുണ്ട്: ഒന്ന്, നജസ് എന്ന മാലിന്യത്തില്‍നിന്ന് മുക്തമാവുക. രണ്ട്, ഹദസ് എന്ന അശുദ്ധിയില്‍നിന്ന് ശുദ്ധമാവുക. മൂന്ന്, മറ്റു ശാരീരിക മാലിന്യങ്ങളില്‍നിന്ന് ശുദ്ധമാവുക. മലം, മൂത്രം, രക്തം, ശവം, നായ, പന്നി എന്നിവയാണ് നജസ്. വുദൂ, കുളി എന്നിവ നിര്‍ബന്ധമാകുന്ന കാരണങ്ങളാണ് ഹദസ്. ശാരീരിക മാലിന്യങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ശരീരത്തിലും മുടിയിലും പല്ലിലും അടിഞ്ഞുകൂടുന്ന അഴുക്ക്, മീശ, കക്ഷരോമം, ഗുഹ്യരോമം, നഖം, ലിംഗാഗ്രചര്‍മം, പേന്‍ തുടങ്ങിയവയാണ് (ഇഹ്‌യ, 1/150-168 നോക്കുക).
ശരീരവും വസ്ത്രവും വിരിപ്പും ഇരിപ്പിടവും കിടപ്പിടവും വീടും വീട്ടുപകരണങ്ങളും പരിസരവും ജലവും ജലാശയങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടതിനാവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും സദാ വ്യത്തിയായി സൂക്ഷിക്കണമെന്നാണ് നിയമം. അനാവശ്യമായി ശരീരത്തില്‍ നജസ് പുരട്ടുന്നത് ഹറാമാണ്. ചേലാകര്‍മം നടത്തിയും മീശ വെട്ടിയും നഖം, കക്ഷരോമം, ഗുഹ്യരോമം എന്നിവ നീക്കിയും മുടിയും താടിയും എണ്ണയിട്ട് ചീകിയും വായില്‍ വെള്ളം കൊപ്ലിച്ചും മൂക്കില്‍ കയറ്റി ചീറ്റിയും പല്ലു തേച്ചും ശരീരത്തില്‍ അഴുക്കടിയാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രത്യേകം കഴുകിയും മലമൂത്ര വിസര്‍ജനാനന്തരം ശൗചം ചെയ്തും ശുദ്ധി പാലിക്കണമെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. ഈ സൗന്ദര്യബോധം സ്വഛമായ മനുഷ്യപ്രകൃതിയാണ്, പ്രവാചകരുടെ ചര്യയും.
ശുചിത്വം മുസ്ലിമിന്റെ മുഖമുദ്രയാണ്. മുഖമാണ് വ്യക്തിയുടെ പ്രഥമ ദൃശ്യം; മീശ വെട്ടി, വൈകൃതം നീക്കി, മുഖം വൃത്തിയാക്കിവെക്കണം, വായയും നാസികയും ശുചീകരണം നടത്തണം, ദന്തശുദ്ധി വരുത്തണം.
ഒരാളുടെ വായയുടെ വൃത്തി അയാളുടെ ആരോഗ്യസംരക്ഷണത്തിന് അനുപേക്ഷണീയമാണെന്നതു പോലെ തന്നെ, ജനസമ്പര്‍ക്കത്തിനും മലക്കുകളുടെ സാന്നിധ്യത്തിനും ദിവ്യാനുഗ്രഹത്തിനും അനിവാര്യമാണ്. കാലത്തു മാത്രം പല്ലു തേക്കുന്ന സമ്പ്രദായം മുസ്ലിംകള്‍ക്കന്യമാണ്. നിര്‍ബന്ധമായും ഐഛികമായും ഉള്ള എല്ലാ നമസ്‌കാരത്തിനും ദന്തശുദ്ധീകരണം സുന്നത്തുണ്ട്. എല്ലാ നമസ്‌കാരത്തിനും അംഗസ്നാനം (വുദൂ) വേണം.
പാരായണ സുജൂദ്, നന്ദിയുടെ സുജൂദ്, ഖുര്‍ആന്‍ - ഹദീസ് പാരായണം, പള്ളിപ്രവേശം എന്നീ കാര്യങ്ങള്‍ക്കെല്ലാം ദന്തശുചീകരണം സുന്നത്താണ്. ആരാധനാകര്‍മങ്ങള്‍ക്കു മാത്രമല്ല, ആഹാരത്തിനു മുമ്പും ശേഷവും ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഗൃഹപ്രവേശത്തിനും സംഭോഗത്തിനും യാത്രപുറപ്പെടുമ്പോഴും തിരിച്ചുവരുമ്പോഴും സ്നേഹിതന്മാരുമായി സംഗമിക്കുമ്പോഴും രാത്രിയുടെ അന്ത്യയാമത്തിലും രോഗി അത്യാസന്നനാകുമ്പോഴും ദന്തശുദ്ധീകരണം പ്രബലമായ സുന്നത്താണ് എന്നെല്ലാം പണ്ഡിതന്മാര്‍ വ്യക്തമാക്കിയതു കാണാം. ദിവസം പല തവണ നടത്തുന്ന ഓരോ അംഗസ്നാനത്തിലും കൈകാലുകളും മുഖവും മാത്രമല്ല, വായയും മൂക്കും ചെവിയും വൃത്തിയാക്കണം. അതിനു പുറമെ ശരീരമാസകലം, ഒരു രോമം പോലും വിട്ടുപോകാതെ സ്നാനം നടത്തുന്നതിനു പല കാരണങ്ങളും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ ചിലത് കുളി ഐഛിക പുണ്യകര്‍മമാകുമ്പോള്‍, ചില കാരണങ്ങള്‍ കുളി നിര്‍ബന്ധമാക്കിത്തീര്‍ക്കുന്നു.
ശരീരശുദ്ധി പോലെ തന്നെ വസ്ത്രശുദ്ധീകരണത്തിലും കര്‍ക്കശ നിലപാടാണുള്ളത്.
പ്രവാചകന് ആദ്യമായി അവതരിച്ച ഖുര്‍ആന്‍ സൂറത്തുകളില്‍ തന്നെ വൃത്തിയെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കാണാന്‍ കഴിയും. 'നിന്റെ വസ്ത്രങ്ങള്‍ ശുചിയാക്കിവെക്കൂ' (അല്‍ മുദ്ദസ്സിര്‍: 4). ഇതിന്റെ വിശദീകരണത്തില്‍ മൗദൂദി സാഹിബ് പറയുന്നു:
'വിപുലമായ ആശയമുള്‍ക്കൊള്ളുന്ന വാക്യമാണിത്. അതിന്റെ ഒരാശയം ഇതാണ്: സ്വന്തം വസ്ത്രം മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കിവെക്കുക. കാരണം, ശരീരത്തിന്റെയും വസ്ത്രത്തിന്റെയും വൃത്തിയും ആത്മാവിന്റെ ശുദ്ധിയും പരസ്പരം അനിവാര്യതകളാണ്. വിശുദ്ധമായ ഒരു ആത്മാവ് വൃത്തികെട്ട ശരീരത്തിലും മലിനമായ വസ്ത്രത്തിലും വസിക്കുന്നതല്ല. പ്രവാചകന്‍ ഇസ്ലാമിക പ്രബോധനം ആരംഭിച്ച സമൂഹം ധാര്‍മികമായും വിശ്വാസപരമായും മാത്രമായിരുന്നില്ല ദുഷിച്ചിട്ടുണ്ടായിരുന്നത്; വൃത്തിയുടെയും ശുദ്ധിയുടെയും പ്രാഥമിക സങ്കല്‍പങ്ങളില്‍നിന്നുപോലും അവര്‍ മുക്തരായിരുന്നു. പ്രവാചകന്റെ ദൗത്യമാകട്ടെ, അവരെ എല്ലാ തലത്തിലുമുള്ള ശുദ്ധിയുടെ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. അതുകൊണ്ട്, സ്വന്തം ബാഹ്യജീവിതത്തിലും വൃത്തിയുടെ ഒരു ഉന്നത മാനദണ്ഡമായി നിലകൊള്ളണമെന്ന് പ്രവാചകനോട് നിര്‍ദേശിക്കുകയാണ്. പ്രവാചകന്‍ (സ) മനുഷ്യവംശത്തിനു നല്‍കിയ ശരീര ശുദ്ധീകരണത്തിന്റെയും വസ്ത്രശുദ്ധീകരണത്തിന്റെയും വിശദമായ അധ്യാപനങ്ങള്‍ ഈ നിര്‍ദേശത്തിന്റെ ഫലമാണ്. ഇന്നത്തെ സംസ്‌കാരസമ്പന്നമെന്നറിയപ്പെടുന്ന സമൂഹങ്ങള്‍ക്കു പോലും ഈ വിധം വിശദമായ ശുദ്ധീകരണചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. എത്രത്തോളമെന്നാല്‍, ത്വഹാറത്ത് എന്ന പദത്തിന്റെ സമാനാര്‍ഥത്തിലുള്ള ഒരു പദം പോലും മിക്ക ലോക ഭാഷകളിലുമില്ല. ഇസ്ലാമിലാവട്ടെ, ഹദീസിന്റെയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ തുടങ്ങുന്നതുതന്നെ ശുദ്ധിയുടെ അധ്യായം (കിത്താബുത്ത്വഹാറത്ത്) കൊണ്ടാകുന്നു. ശുദ്ധിയുടെയും അശുദ്ധിയുടെയും അന്തരവും ശുദ്ധീകരണ രീതികളും സൂക്ഷ്മമായ വിശദാംശങ്ങളോടെ വിവരിക്കപ്പെട്ടിരിക്കുകയാണതില്‍.
രണ്ടാമത്തെ ആശയമിതാണ്: സ്വന്തം ഉടുപ്പുകള്‍ വൃത്തിയോടെ, വെടിപ്പോടെ സൂക്ഷിക്കുക. ഒരുവന്‍ എത്രത്തോളം അഴുക്കു പുരണ്ടവനാണോ അത്രത്തോളം വിശുദ്ധനാകുന്നു എന്നാണ്, സന്യാസസങ്കല്‍പങ്ങള്‍ ലോകത്ത് പ്രചരിപ്പിച്ചിട്ടുള്ള മതകീയതയുടെ മാനദണ്ഡം. അല്‍പം വെടിപ്പായി വസ്ത്രം ധരിക്കുന്നവന്‍ ഭൗതികനായി ഗണിക്കപ്പെടുന്നു. മനുഷ്യന്‍ പ്രകൃത്യാ അഴുക്കിനെ വെറുക്കുന്നു. സംസ്‌കാരബോധമുള്ള ഏതൊരു മനുഷ്യനും വൃത്തിയും വെടിപ്പുമുള്ളവരോടു മാത്രമേ ഇണങ്ങൂ. ഈ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുന്നവരുടെ ബാഹ്യമായ അവസ്ഥയും, ആളുകള്‍ അവരെ ആദരവോടെ വീക്ഷിക്കാന്‍ തക്കവണ്ണം ശുചിത്വമുള്ളതും മൂല്യവത്തും ആയിരിക്കേണ്ടതും അദ്ദേഹത്തിന്റെ വ്യക്തിത്വം മനുഷ്യപ്രകൃതിക്ക് അരോചകമായ മാലിന്യങ്ങളില്‍നിന്ന് മുക്തമായിരിക്കേണ്ടതും അനിവാര്യമാണെന്നു നിശ്ചയിച്ചു.
ഈ വാക്യത്തിന്റെ മൂന്നാമത്തെ ആശയം ഇങ്ങനെ വിവരിക്കാം: നിന്റെ വസ്ത്രം ധാര്‍മിക ന്യൂനതകളില്‍നിന്ന് മുക്തമാക്കിവെക്കുക. വസ്ത്രം വൃത്തിയും വെടിപ്പുമുള്ളതായിരിക്കേണ്ടത് നിര്‍ബന്ധമാകുന്നു. എന്നാല്‍, അതില്‍ അഹന്തയുടെയും ആത്മവഞ്ചനയുടെയും ആര്‍ഭാടത്തിന്റെയും ഡംഭിന്റെയും ഛായ പോലും ഉണ്ടായിരിക്കരുത്. ഒരാളുടെ വ്യക്തിത്വം മറ്റുള്ളവരെ പരിചയപ്പെടുത്തുന്ന പ്രഥമ ഉപാധിയാണ് വേഷം. അല്ലാഹുവിങ്കലേക്കു ക്ഷണിക്കുന്നവരുടെ സ്വഭാവം ഇത്തരത്തിലുള്ള എല്ലാവരില്‍നിന്നും പ്രകൃത്യാ വ്യത്യസ്തമാകുന്നു. അതുകൊണ്ട് അവരുടെ വേഷവും അനിവാര്യമായും അവരുടേതില്‍നിന്ന് ഭിന്നമായിരിക്കണം. നോക്കുന്ന ആരിലും അദ്ദേഹം ഒരുതരത്തിലുള്ള തിന്മയിലും അകപ്പെട്ടിട്ടില്ലാത്ത മാന്യനും സംസ്‌കാരസമ്പന്നനുമാണെന്ന തോന്നലുളവാക്കുന്ന വസ്ത്രമാണ് അദ്ദേഹം ധരിക്കേണ്ടത്.
നിന്റെ സ്വഭാവചര്യകള്‍ ശുദ്ധമാക്കുക എന്നാണ് നാലാമത്തെ ആശയം. അറബിഭാഷയില്‍ സ്വഭാവം സംസ്‌കരിക്കുക, ഉന്നതമായ ധാര്‍മിക ഗുണങ്ങളാര്‍ജിക്കുക എന്ന അര്‍ഥത്തില്‍ വസ്ത്രം ശുദ്ധീകരിക്കുക എന്ന് പ്രയോഗിക്കാറുണ്ട്.... പ്രമുഖരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ വാക്യത്തെ, നിന്റെ സ്വഭാവം ശുദ്ധീകരിക്കുക, എല്ലാവിധ തിന്മകളില്‍ നിന്നും മുക്തനാവുക എന്നുതന്നെ വ്യാഖ്യാനിച്ചിരിക്കുന്നു. അറബിഭാഷയില്‍ 'അയാള്‍ വസ്ത്രശുദ്ധിയുള്ളവനാണ്, അയാള്‍ തുണിത്തുമ്പ് ശുചിയുള്ളവനാണ്' എന്നിങ്ങനെ പ്രയോഗമുണ്ട്. അയാളുടെ സ്വഭാവം നന്ന് എന്നാണതിനര്‍ഥം. ഇതിന്റെ വിപരീതമായി 'അയാളുടെ വസ്ത്രം മുഷിഞ്ഞതാണ്' എന്നും പ്രയോഗമുണ്ട്. അയാളുടെ പെരുമാറ്റം മോശമാണ്, അയാള്‍ വാക്കിന് വിലയില്ലാത്തവനാണ് എന്നാണതിന്റെ താല്‍പര്യം' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍ മുദ്ദസ്സിര്‍: 4).
മലമൂത്ര വിസര്‍ജനവേളയില്‍ വിസര്‍ജ്യം പകരാതിരിക്കുന്നതിനും വിസര്‍ജനാനന്തരം ശൗചം ചെയ്യുന്നതിനും ഇസ്ലാം ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ മനുഷ്യനെ വൃത്തിയുടെ പാരമ്യത്തിലെത്തിക്കുന്നവയാണ്.
തോന്നുന്നിടത്ത് മൂത്രമൊഴിക്കുന്ന സംസ്‌കാരം ഇസ്ലാം പഠിപ്പിച്ചതല്ല. തനിക്കോ മറ്റുള്ളവര്‍ക്കോ ഉപദ്രവം വരുത്തുകയോ ഉപയോഗയോഗ്യമായ സ്ഥലങ്ങള്‍ മലിനപ്പെടുത്തുകയോ ചെയ്യുന്നവിധം വിസര്‍ജനം പാടില്ല. വിസര്‍ജനം കൊണ്ട് മനഃപൂര്‍വം മറ്റു ജീവികളെ പോലും ശല്യംചെയ്യാന്‍ പാടില്ല. ദ്വാരത്തിലും മാളത്തിലും മൂത്രിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ സംസാരിക്കാനോ തണല്‍ കൊള്ളാനോ വെയില്‍ കൊള്ളാനോ വിശ്രമിക്കാനോ ജോലിചെയ്യാനോ ജലപാനത്തിനോ സഞ്ചാരത്തിനോ ഉപയോഗിക്കുന്ന ഒരു സ്ഥലത്തും മലമൂത്രവിസര്‍ജനം പാടില്ല. കെട്ടിനില്‍ക്കുന്നതോ ഒഴുകുന്നതോ ആയ ജലാശയങ്ങളിലും ഫലവൃക്ഷത്തിനു ചുവട്ടിലും വിസര്‍ജിക്കാവതല്ല. സ്വന്തം സ്ഥലമെങ്കില്‍ വിസര്‍ജനം ഇവിടങ്ങളിലെല്ലാം കറാഹത്തും പൊതു ഉപയോഗത്തിനു നിശ്ചയിച്ചിട്ടുള്ള സ്ഥലമെങ്കില്‍ ഹറാമുമാണ്.
വിസര്‍ജ്യമാലിന്യങ്ങളുടെ തെറിക്കല്‍ പോലും ഏല്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ടാണ് ഉറച്ച സ്ഥലത്ത് മൂത്രമൊഴിക്കരുതെന്നും കാറ്റുവീശുന്ന ദിക്കിലേക്കു തിരിഞ്ഞ് വിസര്‍ജനം നടത്തരുതെന്നും ഇസ്ലാം നിര്‍ദേശിച്ചിട്ടുള്ളത്. കാറ്റു കടന്ന് വിസര്‍ജ്യത്തിനു ചാറലും പാറലും ഉണ്ടാക്കുമെങ്കില്‍ കക്കൂസുകളില്‍ പോലും ഈ നിയമം ബാധകമാണ്.
ലോകരാഷ്ട്രങ്ങളെല്ലാം നേരിടുന്ന പ്രധാന പ്രശ്നം മലിനീകരണമാണ്. ജലമലിനീകരണവും വായു മലിനീകരണവും കുറക്കുന്നതിന് സഹായകമായ നിയമനിര്‍ദേശങ്ങളാണ് ഇസ്ലാം നല്‍കിയിട്ടുളളത്.
ആഹാരപദാര്‍ഥങ്ങള്‍ തുറന്നുവെച്ചിരുന്നാല്‍ രോഗാണുക്കള്‍ കയറാം. ഇവിടെയാണ് പാത്രങ്ങള്‍ മൂടിവെക്കണമെന്നും ജലം നിറച്ച കുടങ്ങള്‍ മൂടിവെക്കണമെന്നും നബി (സ) നിര്‍ദേശിച്ചിട്ടുള്ള ഹദീസുകളുടെ പ്രസക്തി (ബുഖാരി, മുസ്ലിം). ഉറങ്ങിയെഴുന്നേറ്റ മനുഷ്യന്‍ കൈകഴുകി ശുദ്ധി ഉറപ്പുവരുത്താതെ വെള്ളത്തില്‍ കൈ മുക്കരുത് എന്ന പ്രവാചകനിര്‍ദേശം ശുചിത്വത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനുള്ള കാര്‍ക്കശ്യമാണ് ചൂണ്ടിക്കാണിക്കുന്നത് .
ഹദീസ്, ഫിഖ്ഹ് തുടങ്ങിയ അധിക ഗ്രന്ഥങ്ങളുടെയും തുടക്കം തന്നെ ശുദ്ധീകരണാധ്യായങ്ങള്‍ കൊണ്ടാണ്. 'ശുചിത്വം പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു' എന്ന ഖുര്‍ആന്‍ വാക്യം ഓരോ വിശ്വാസിയുടെയും ശ്രദ്ധാകേന്ദ്രമാവണം.
സ്രഷ്ടാവും അനുഗ്രഹങ്ങള്‍ നല്‍കിയവനുമായ ദൈവം തന്റെ ദാസന്മാരോട് അതിരറ്റ കാരുണ്യമുള്ളവനായതിനാല്‍ ഹറാമും ഹലാലും നിശ്ചയിച്ചത് വ്യക്തമായ ന്യായങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തിലും മനുഷ്യരുടെ നന്മ ലക്ഷ്യം വെച്ചുമാണ്.
വേദക്കാര്‍ക്ക് മൂഹമ്മദീയ പ്രവാചകത്വത്തെ സംബന്ധിച്ച് വിവരമറിയിച്ചുകൊണ്ട് തൗറാത്ത് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു' (അല്‍ അഅ്റാഫ്: 157).
ഇസ്ലാമിലെ നിഷിദ്ധതക്കുള്ള മാനദണ്ഡം, ചീത്തയും ഉപദ്രവകരവുമാവുക എന്നതാണ്. തീര്‍ത്തും ദ്രോഹകരമായത് നിഷിദ്ധമാണ്. തീര്‍ത്തും ഉപകാരപ്രദമായത് അനുവദനീയവും. ഉപകാരത്തേക്കാളേറെ ഉപദ്രവം കൂടുതലുള്ളവ നിരോധിക്കപ്പെട്ടതും, ദോഷത്തേക്കാളേറെ നന്മയുള്ളത് അനുവദിക്കപ്പെട്ടതുമാണ്. മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: 'മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് അവര്‍ നിന്നാട് ചോദിക്കുന്നു. പറയുക; അവ രണ്ടിലും വളരെയേറെ പാപമുണ്ട്. അവയില്‍ ജനങ്ങള്‍ക്ക്ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ ദോഷം പ്രയോജനത്തേക്കാള്‍ കൂടുതലാണ്' (അല്‍ബഖറ: 29). ഇസ്ലാമില്‍ ഹലാലായവ ഏതെല്ലാമെന്നു ചോദിച്ചാല്‍ അതിനുള്ള വ്യക്തമായ മറുപടി 'ത്വയ്യിബാത്ത്', അഥവാ നല്ല പദാര്‍ഥങ്ങള്‍ എന്നാണ്. അഥവാ, നീതിനിഷ്ഠരായ ആളുകള്‍ നല്ലതായി കണക്കാക്കുന്നതും ജനങ്ങള്‍ പൊതുവില്‍ ഉത്തമമായി കരുതുന്നതുമായ വസ്തുക്കള്‍. അല്ലാഹു പറയുന്നു: 'എന്തെല്ലാമാണ് അവര്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നതെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിച്ചു തന്നിരിക്കുന്നു' (അല്‍മാഇദ: 1).
എന്നാല്‍, ഒരു സംഗതി അല്ലാഹു നിഷിദ്ധമാക്കിയതിലെ ദോഷവും ഉപദ്രവവും എന്താണെന്ന് മുസ്ലിം വിശദമായി മനസ്സിലാക്കണമെന്നില്ല. അവയെക്കുറിച്ച് ചിലര്‍ക്കറിയാവുന്നത്ര മറ്റു ചിലര്‍ക്ക് അറിഞ്ഞില്ലെന്നു വന്നേക്കാം. ഒരു കാലഘട്ടത്തില്‍ അവ്യക്തങ്ങളായ കാര്യങ്ങള്‍ അനുയോജ്യമായ മറ്റൊരു സമയത്ത് വ്യക്തമാവുകയും ചെയ്തേക്കാം. 'ഞങ്ങള്‍ കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു' എന്നതായിരിക്കണം സദാ സത്യവിശ്വാസിയുടെ പ്രതികരണം. അല്ലാഹു പന്നിമാംസം നിഷിദ്ധമാക്കി. എന്നാല്‍, അത് മലിനമാണ് എന്നല്ലാതെ വിരോധിക്കാനുള്ള കാരണം മുസ്ലിംകള്‍ക്കറിയില്ലായിരുന്നു. പിന്നീട് കാലം പുരോഗമിച്ചു. അതിലുള്ള വിനാശങ്ങളായ വിഷബീജങ്ങളും രോഗാണുക്കളും ശാസ്ത്രം പുറത്തുകൊണ്ടുവന്നു. പന്നിയിലുള്ള നാശനിമിത്തങ്ങള്‍ ശാസ്ത്രം പുറത്തുകൊണ്ടുവന്നാലും ഇല്ലെങ്കിലും അത് മേഛമാണെന്ന് മുസ്ലിം വിശ്വസിച്ചുകൊണ്ടേയിരിക്കും.
നബി (സ) പറയുന്നു: 'മൂന്ന് ശാപകാരണങ്ങളെ സൂക്ഷിക്കുക. തണലിലും വഴിമധ്യത്തിലും കുടിവെള്ളത്തിലും വിസര്‍ജിക്കലാണത്' (അബൂദാവൂദ്, ഇബ്നുമാജ, ഹാകിം, ബൈഹഖി). ആദ്യ നൂറ്റാണ്ടുകളിലാര്‍ക്കും അവ പൊതുമര്യാദക്കും സാധാരണ സ്വഭാവത്തിനും യോജിക്കാത്ത ചീത്ത കാര്യങ്ങളാണെന്നല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. എന്നാല്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍ പുരോഗമിച്ചപ്പോള്‍ നാം മനസ്സിലാക്കി, ഈ മൂന്ന് അഭിശപ്ത കാര്യങ്ങളും പൊതുജനാരോഗ്യത്തിന് ഹാനികരങ്ങളും ബില്‍ഹാസിയ (ആശഹവമ്വശമ), ആന്‍കിലോസ്റ്റോമ (അിസ്യഹീേെീാമ) തുടങ്ങിയ വിപല്‍ക്കരങ്ങളായ പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ പരത്തുന്ന പ്രഥമ കേന്ദ്രങ്ങളുമാണ് എന്ന്.
ഇപ്രകാരം വിജ്ഞാനത്തിന്റെ കിരണങ്ങള്‍ വ്യാപിക്കുകയും കണ്ടുപിടിത്തങ്ങള്‍ വികസിക്കുകയും ചെയ്തപ്പോഴെല്ലാം ഇസ്ലാമിലെ ഹലാലിന്റെയും ഹറാമിന്റെയും മറ്റെല്ലാ നിയമങ്ങളുടെയും സവിശേഷതകള്‍ നമുക്ക് വ്യക്തമാവുകയുണ്ടായി. അറിവുള്ളവനും സൂക്ഷ്മജ്ഞാനിയും തന്റെ അടിമകളോട് കരുണയുള്ളവനുമായ അല്ലാഹുവിന്റെ നിയമക്രമമാണല്ലോ അത്. അവന്‍ പറയുന്നു: 'നാശമുണ്ടാക്കുന്നവനെയും നന്മ വരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നു. ദൈവം ഇഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു. ഉറപ്പായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്' (അല്‍ ബഖറ: 220) (വിധിവിലക്കുകള്‍, ശൈഖ് ഖറദാവി).