കുട്ടികളുടെ വളര്‍ച്ചയിലുള്ള അപാകതകള്‍ കാരണം അവര്‍ക്ക് മറ്റുള്ളവരോട് ഇടപഴകാനും പെരുമാറാനുമുള്ള വൈകല്യങ്ങള്‍ ഉണ്ടാവുന്നതിനെ 'ഓട്ടിസം'
കുട്ടികളുടെ വളര്‍ച്ചയിലുള്ള അപാകതകള്‍ കാരണം അവര്‍ക്ക് മറ്റുള്ളവരോട് ഇടപഴകാനും പെരുമാറാനുമുള്ള വൈകല്യങ്ങള്‍ ഉണ്ടാവുന്നതിനെ 'ഓട്ടിസം' (Autism) എന്നു പറയുന്നു. സദാ സമയവും പ്രത്യേക സാഹചര്യം ഒരുക്കി നമ്മുടെ ശ്രദ്ധ നല്‍കേണ്ടതാണ് കുട്ടികളിലെ ഓട്ടിസം. സാധാരണയായി രണ്ടു വയസ്സിനും മൂന്നു വയസ്സിനും ഇടക്കാണ് ഓട്ടിസം സാധാരണയായി കുഞ്ഞുങ്ങളില്‍ പ്രകടമാവുന്നത്. ലോകത്താകമാനം കണ്ടുവരുന്ന ഈ രോഗാവസ്ഥ മുമ്പത്തേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മറ്റുള്ളവരോട് ഇടപഴകാനും പെരുമാറാനും പ്രയാസമാണ്. ചില കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അവര്‍ അത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. ജീവിതകാലം മുഴുവനും നിലനില്‍ക്കുന്നതായതിനാല്‍ സ്‌കൂളുകളിലും ജോലിസ്ഥലത്തും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇല്ലാതാവുന്നു. അവരുടെ കഴിവുകള്‍ മറ്റുള്ളവരുടേതു പോലെ അല്ല. എന്നാല്‍ ഇവരില്‍ ചിലര്‍ കലയിലും സംഗീതത്തിലും ഗണിതത്തിലും ഓര്‍മയിലുമൊക്കെ നൈപുണ്യം കാണിക്കുന്നവരായിരിക്കും. അവര്‍ കണക്കു കൂട്ടാനും പരിശോധനാഫലങ്ങള്‍ വിലയിരുത്താനും മികവ് കാട്ടുന്നു. ആജീവനാന്തം കാണപ്പെടുന്ന ഒരു അവസ്ഥയാണെങ്കിലും ചികിത്സിച്ചും പരിശീലിപ്പിച്ചും സേവനം നടത്തിയും ഇവരെ ജീവിതപാതയിലേക്ക് കൊണ്ടുവരാന്‍ കഴിയും.
ഇടപഴകലിലുള്ള കഴിവുകള്‍
പലതരം സ്വഭാവങ്ങള്‍ കാണിക്കുന്നതുകൊണ്ട് നിഷ്‌കളങ്കരായ ഇവര്‍ ആരുടെയും കണ്ണില്‍ നോക്കുകയില്ല (Eye Contact); മറ്റുള്ളവരെ ശ്രദ്ധിക്കുകയുമില്ല. വിരളമായേ അവര്‍ സന്തോഷം പ്രകടിപ്പിക്കുകയുള്ളൂ. അര്‍ഥഗര്‍ഭമായ തോന്നലുകളോ മുഖഭാവങ്ങളോ ഇവര്‍ക്കുണ്ടാവുകയില്ല. അവ്യക്തമായ ഭാഷയോ ചിലപ്പോള്‍ ജീവിതകാലം മുഴുവനും സംസാരിക്കാതിരിക്കുകയോ ചെയ്യും. വൈകാരിക ഭാവങ്ങളോ, സംസാരത്തിലെ വികാരങ്ങളോ അവര്‍ക്ക് തിരിച്ചറിയാനാവില്ല. അവര്‍ ചില അക്കങ്ങളോ വാക്കുകളോ പറഞ്ഞുകൊണ്ടിരിക്കും. അവരോട് സംസാരിക്കുന്ന വിഷയത്തിന് വിപരീതമായുള്ള വിഷയത്തെപ്പറ്റി അവര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും (എക്കോലാലിയ എന്ന പ്രതിഭാസം). അവര്‍ക്ക് നാം ചോദിക്കുന്നതിനെപ്പറ്റി അറിയില്ല. അല്ലെങ്കില്‍ മനസ്സിലായില്ല എന്ന് നമ്മെ അറിയിക്കാനാണ് അവര്‍ എക്കോലാലിയ കാണിക്കുന്നത്.
സാമൂഹികമായ കഴിവുകള്‍
ഓട്ടിസം ബാധിച്ചവരിലൂടെ മികവുറ്റ കഴിവുകള്‍ കണ്ടെത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരം ആള്‍ക്കാരില്‍ വിവാഹം അപൂര്‍വമാണ്. ബുദ്ധിവൈകല്യങ്ങള്‍ നിമിത്തം അവര്‍ ചുറ്റുപാടുകളെപ്പറ്റിയോ അവിടത്തെ സംഭവവികാസങ്ങളെപ്പറ്റിയോ ശ്രദ്ധിക്കുകയില്ല. മറ്റുള്ളവരോട് ബന്ധം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടാത്ത അവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവുകയില്ല.
ഓട്ടിസം സാധ്യത (Risk Factor)
നേരത്തേ ഓട്ടിസം ഉള്ള ഒരു കുഞ്ഞ് ഉണ്ടായിരുന്നാലോ, പ്രായമേറിയ മാതാപിതാക്കളായവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍, ഡൗണ്‍ സിന്‍ഡ്രോം, റെറ്റ് സിന്‍ഡ്രോം, ഫ്രജയില്‍ സിന്‍ഡ്രോം എന്നീ ജനിതക രോഗങ്ങള്‍ ഉണ്ടായിരുന്നവര്‍, ജനനസമയത്ത് കുഞ്ഞിന് ഭാരക്കുറവ് ഉണ്ടായിരിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം വരാനുള്ള സാധ്യത കൂട്ടും.
ലക്ഷണങ്ങള്‍
പല ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും എല്ലാ കുട്ടികളിലും ഒരേപോലെയല്ല. ഇവര്‍ അന്തരീക്ഷ വ്യതിയാനങ്ങളില്‍ അസാധാരണ പ്രതികരണം ഉളവാക്കുകയും അപൂര്‍ണമായ ആശയവിനിമയം കൊണ്ട് സാമൂഹികസമ്പര്‍ക്കത്തില്‍ അസാധാരണത്വം പ്രകടിപ്പിക്കുകയും ഒന്നിലും സജീവമായി പങ്കെടുക്കാതിരിക്കുകയും ചെയ്യും. ചിലരില്‍ ശ്രേഷ്ഠമായ ബൗദ്ധിക കഴിവുകള്‍ ഉണ്ടായിരിക്കുകയും എന്നാല്‍ ചിലര്‍ അനുകൂലമായ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അസാധാരണ വിജ്ഞാനം വെല്ലുവിളികളോടെ നേടുകയും ചെയ്യും. പുഞ്ചിരിക്കാന്‍ വൈമനസ്യം കാട്ടുന്ന ഇവര്‍ വേദനയോ മുറിവോ ഉണ്ടാകുമ്പോള്‍ പ്രത്യേക പ്രതികരണം പ്രകടിപ്പിക്കുന്നു. ഓട്ടിസം സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സഹോദരീസഹോദരന്മാരെയും സ്‌ക്രീന്‍ ചെയ്യേണ്ടതാണ്.
ഓട്ടിസം നിര്‍ണയിക്കുന്നതെങ്ങനെ?
ഞരമ്പുകളുടെ അസാധാരണ ചലനങ്ങള്‍ കാരണം അവരുടെ കുഴപ്പം പിടിച്ച നടത്തം, കൈ ആട്ടല്‍, ത്വക്കിലെ അപാകതകള്‍, തലയുടെ ചുറ്റളവിലെ അസാധാരണത്വം, മുഖത്ത് പ്രകടിപ്പിക്കുന്ന ചില ചേഷ്ടകള്‍, ശബ്ദങ്ങള്‍, സ്വയം നുള്ളിനോവിക്കല്‍, തലയാട്ടല്‍ എന്നിത്യാദി കാര്യങ്ങളിലൂടെ ഓട്ടിസം നിര്‍ണയിക്കാം.
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് എല്ലാ കുഞ്ഞുങ്ങളെയും ഓട്ടിസം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നു. മാതാപിതാക്കള്‍ ഡോക്ടറോട് ഇക്കാര്യം കണിശമായും പറയണമെന്നും നിഷ്‌കര്‍ഷിക്കുന്നു.
കാരണങ്ങള്‍
ജനിതകമായ അസാധാരണത്വത്താലോ, പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളാലോ വിഷജന്യവസ്തുക്കളോ രാസപദാര്‍ഥങ്ങളോ മറ്റു വസ്തുക്കളോ കാരണമായോ, രോഗാണുബാധ കാരണമായോ ഒക്കെ ഓട്ടിസം വരാനുള്ള സാധ്യത ഉണ്ട്. ജീന്‍ 11ൂ23, ജീന്‍ 19ൂ13, ജീന്‍ ടഒഅചഗ3 എന്നിവയില്‍ മ്യൂട്ടേഷന്‍ വന്നത് കാരണമായോ, ഗര്‍ഭസ്ഥ ശിശുവിന് റുബെല്ലാ വൈറസ് രോഗാണുബാധ വന്നതിനാലോ ഒക്കെ ഓട്ടിസം വരാവുന്നതാണ്.
ഓട്ടിസം എന്താണെന്നും എങ്ങനെയാണ് ഇത് വരുന്നതെന്നും വ്യക്തമായി നമുക്കറിവില്ല. പ്രസവിച്ച് ഒരു വയസ്സുവരെ ഒരു ലക്ഷണവും കാണില്ല. മൂന്നു വയസ്സിനകം പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അസുഖം രൂപപ്പെടുന്നതാണ് നാം കാണുന്നത്. ഈ സമയത്ത് കുട്ടിയെ എത്രയും പെട്ടെന്നു തന്നെ ഡോക്ടറെ കാണിക്കുകയാണ് വേണ്ടത്. പല രാജ്യങ്ങളിലും കുട്ടികള്‍ക്ക് ഓട്ടിസമാണെന്ന് കണ്ടുകഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് ഒരു സപ്പോര്‍ട്ടും കിട്ടുന്നില്ല. കുട്ടികളുടെ ഈ അവസ്ഥ അവരുടെ മാതാപിതാക്കള്‍ക്ക് വേദനാജനകമായ സ്ട്രസ്സ് ഉണ്ടാക്കുന്നു. കുഞ്ഞുങ്ങളില്‍ കാണുന്ന സ്വഭാവവൈരൂപ്യങ്ങള്‍ മറ്റുള്ളവരോട് പറയാന്‍ മാതാപിതാക്കള്‍ മടിക്കുന്നു. ഇത് ഉടനെ മാറും എന്ന് ചിന്തിച്ച്, അല്ലെങ്കില്‍ ഡോക്ടറെ കാണിച്ചാല്‍ കുഞ്ഞിന് പുറത്തു പറയാന്‍ കൊള്ളാത്ത മന്ദബുദ്ധിയോ മറ്റോ ആണെന്ന് ഡോക്ടര്‍ പറഞ്ഞാലോ എന്ന് സന്ദേഹിച്ച് ഡോക്ടറെ കാണാന്‍ മാതാപിതാക്കള്‍ മടിക്കുന്നു. സ്‌കൂളില്‍ ചേര്‍ക്കുന്ന അഞ്ചു വയസ്സിലാണ് അവര്‍ ഡോക്ടറെ സമീപിക്കുക.