ഇസ്‌ലാമിലെ മൗലികപ്രാധാന്യമുള്ള ആരാധനാകര്‍മങ്ങളാണ് നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ. വിശ്വാസപ്രഖ്യാപനത്തിനു ശേഷം കര്‍മപഥത്തില്‍ കൊണ്ടുവരല്‍ നിര്‍ബന്ധമായ ഈ കാര്യങ്ങള്‍ ഇസ്‌ലാമിന്റെ സ്തംഭങ്ങള്‍ എന്ന പേരിലാണറിയപ്പെടുന്നത്. അവ നിഷേധിക്കുകയോ മന:പൂര്‍വം അനുഷ്ഠിക്കുന്നതില്‍ അലംഭാവം കാണിക്കുകയോ ചെയ്യുന്നത് ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്തു പോകാന്‍ ഹേതുവാകുന്നു. അതിനാല്‍ മുസ്‌ലിം സമുദായം പൊതുവെ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ്. പക്ഷേ, വലിയൊരു വിഭാഗം ആളുകള്‍ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഗ്രഹിക്കാതെ കേവല ആചാരം എന്ന നിലയിലാണ്. അതുകൊണ്ടു തന്നെ അവയുടെ സദ്ഫലങ്ങള്‍ ലഭിക്കാതെ പോവുന്നു. ഇസ്‌ലാമിലെ എല്ലാ നിയമവ്യവസ്ഥകള്‍ക്കും വിധിവിലക്കുകള്‍ക്കും ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. 'മഖാസ്വിദുശ്ശരീഅ' എന്ന പേരിലാണിവ അറിയപ്പെടുന്നത്. ആരാധനാകര്‍മങ്ങളും അതില്‍നിന്ന് മുക്തമല്ല, വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും പരിശോധിക്കുമ്പോള്‍ ഓരോ ആരാധനയുടെയും ലക്ഷ്യവും അതനുഷ്ഠിക്കുക മൂലം ലഭ്യമാകുന്ന സദ്ഫലങ്ങളും വിശദീകരിക്കപ്പെട്ടതായി കാണാന്‍ സാധിക്കും. സൃഷ്ടിപ്പിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്ക് മനുഷ്യന് ചെന്നെത്താനുള്ള പരിശീലനമാണ് ആരാധനകള്‍. മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞത് 'ഖിലാഫത്തും' 'ഇബാദത്തു'മാണ്. ആദ്യ മനുഷ്യന്റെ സൃഷ്ടിപ്പിനു മുമ്പു തന്നെ അല്ലാഹു മലക്കുകളോട് പറഞ്ഞു: ''ഭൂമിയില്‍ ഞാന്‍ ഒരു 'ഖലീഫ'(പ്രതിനിധി)യെ നിശ്ചയിക്കാന്‍ പോവുകയാണ്'' (അല്‍ബഖറ: 10). മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: 'ജിന്നുകളെയും മനുഷ്യരെയും എനിക്ക് 'ഇബാദത്ത്' ചെയ്യാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (അദ്ദാരിയാത്ത്: 56). അല്ലാഹു മനുഷ്യന് നല്‍കിയ ചില സവിശേഷ കഴിവുകളും സ്വാതന്ത്ര്യങ്ങളും അധികാരങ്ങളും അല്ലാഹുവിന്റെ അഭീഷ്ടത്തിനും നിയമവ്യവസ്ഥകള്‍ക്കും വിധേയമായി ഉപയോഗപ്പെടുത്തി ഇഹലോകത്ത് ജീവിക്കുന്നതിനാണ് ഖിലാഫത്ത് എന്ന് പറയുന്നത്. അല്ലാഹുവിനുള്ള സമ്പൂര്‍ണ അടിമത്തവും അനുസരണവും കീഴ്‌വണക്കവുമാണ് ഇബാദത്ത്. അല്ലാഹുവിന്റെ യഥാര്‍ഥ പ്രതിനിധിയും അനുസരണമുള്ള അടിമയുമായി ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതും പരിശീലിപ്പിക്കുന്നതുമാണ് ആരാധനാകര്‍മങ്ങള്‍. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ അനുഷ്ഠാന കര്‍മങ്ങളെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിശുദ്ധ ഖുര്‍ആനില്‍ അവയില്‍ ഓരോന്നും ലക്ഷ്യമാക്കുന്നത് എന്താണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നമസ്‌കാരത്തെക്കുറിച്ച് അല്ലാഹു പറഞ്ഞു: ''എന്നെ സ്മരിക്കുന്നതിനു വേണ്ടി നീ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുക'' (ത്വാഹാ: 14). ജീവിതത്തിലുടനീളം ദൈവസ്മരണ നിലനിര്‍ത്തുക എന്നതാണ് നമസ്‌കാരത്തിന്റെ ലക്ഷ്യമെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. നമസ്‌കാരത്തിലൂടെ എങ്ങനെയാണ് ദൈവസ്മരണ സാധ്യമാവുക എന്നറിയാന്‍ നിര്‍ബന്ധ നമസ്‌കാരങ്ങളുടെ സമയക്രമത്തെക്കുറിച്ചും നമസ്‌കാരത്തില്‍ ചൊല്ലുന്ന പ്രാര്‍ഥനകളെക്കുറിച്ചും ഖുര്‍ആന്‍ സൂക്തങ്ങളെക്കുറിച്ചും ചിന്തിച്ചാല്‍ മതിയാവും. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കപ്പെടണം. അല്ലാഹു പറയുന്നു:
''നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു'' (അന്നിസാഅ്: 103).
അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു മണിക്കൂറില്‍ കുറഞ്ഞ സമയമേ ആവശ്യമുള്ളൂവെങ്കിലും അവ അഞ്ച് സമയങ്ങളില്‍ തന്നെ നിര്‍വഹിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത് ദൈവസ്മരണ സദാ സമയവും നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഓരോ ദിനരാത്രങ്ങളുടെയും അഞ്ച് സമയങ്ങളിലാണ് നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുള്ളത്. നമസ്‌കാരത്തില്‍ ഉരുവിടുന്ന ദിക്റുകളും പാരായണം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാര്‍ഥനകളും ദൈവസ്മരണ ഉണര്‍ത്താനും നിലനിര്‍ത്താനും സഹായകമാണ്. 'അല്ലാഹു അക്ബര്‍' (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് പ്രഖ്യാപിച്ചുകൊണ്ട് നമസ്‌കാരത്തില്‍ പ്രവേശിക്കുന്നതോടുകൂടി ഐഹിക ജീവിത വ്യവഹാരങ്ങളില്‍ നിന്നെല്ലാം ഒരാള്‍ മുക്തനായി തന്റെ ചിന്തയെയും മനസ്സിനെയും അല്ലാഹുവോട് ചേര്‍ത്തു വെക്കുന്നു. തുടര്‍ന്ന് നടത്തുന്ന പ്രാരംഭ പ്രാര്‍ഥനയില്‍ 'ഇന്ന സ്വലാത്തീ വനുസുകീ വ മഹ്‌യായ വ മമാത്തീ ലില്ലാഹി റബ്ബില്‍ ആലമീന്‍' (തീര്‍ച്ചയായും എന്റെ നമസ്‌കാരവും മറ്റു ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും മരണവും സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു) എന്ന് സമ്മതിച്ചു പറയുന്നതോടുകൂടി ഒരു വ്യക്തി തന്നെ സമ്പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ശേഷം നടത്തുന്ന സൂറത്തുല്‍ ഫാതിഹ പാരായണത്തില്‍ 'ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്‍' (നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് പ്രതിജ്ഞ ചെയ്യുന്നു.
ഓരോ ദിവസവും അഞ്ച് പ്രാവശ്യം ഇത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ദൈവസ്മരണ സ്ഥായിയായി നിലനില്‍ക്കുന്നു. ദൈവസ്മരണ നിലനില്‍ക്കുമ്പോള്‍ പാപചിന്തയില്‍നിന്ന് മനുഷ്യന്‍ മുക്തനാവുന്നു. അതുകൊണ്ടുതന്നെയാണ് നമസ്‌കാരത്തിന്റെ സദ്ഫലമായി അല്ലാഹു പറഞ്ഞത്: 'തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍നിന്നും തടയുന്നു' എന്ന്.
അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം. റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: 'നിങ്ങള്‍ പറയൂ, നിങ്ങളില്‍ ഓരോരുത്തരുടെയും വീട്ടുവാതിലിനരികിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. എന്നിട്ടവന്‍ അതില്‍നിന്ന് ഓരോ ദിവസവും അഞ്ച് പ്രാവശ്യം കുളിക്കുകയാണെങ്കില്‍ അവന്റെ അഴുക്കുകളില്‍ വല്ലതും അവശേഷിക്കുമോ?' സ്വഹാബികള്‍ പറഞ്ഞു: 'അവന്റെ അഴുക്കില്‍നിന്ന് ഒന്നും അവശേഷിക്കുകയില്ല.' നബി(സ) പറഞ്ഞു: 'ഇതു തന്നെയാണ് അഞ്ച് നമസ്‌കാരങ്ങളുടെയും സ്ഥിതി. അതുവഴി അല്ലാഹു പാപങ്ങള്‍ മായ്ച്ചുകളയും' (ബുഖാരി, മുസ്‌ലിം).
പ്രതിസന്ധികളും വിഷമാവസ്ഥകളും സംജാതമാവുമ്പോള്‍ അതില്‍നിന്നുള്ള മോചനത്തിന് അവലംബിക്കേണ്ട കാര്യങ്ങളിലൊന്ന് നമസ്‌കാരമാണ്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും ദൈവസഹായം തേടുവിന്‍'' (അല്‍ബഖറ: 153).
നമസ്‌കാരം മുഖേന ലക്ഷ്യമാക്കുന്ന സദ്ഫലങ്ങള്‍ ലഭ്യമാക്കാന്‍ നമസ്‌കാരമനുഷ്ഠിക്കുന്നത് ഹൃദയസാന്നിധ്യത്തോടും ഭയഭക്തിയോടും കൂടി ആയിരിക്കണമെന്ന ഉപാധിയുണ്ട്. നമസ്‌കാരനിര്‍വഹണത്തില്‍ കൃത്യനിഷ്ഠ പാലിക്കണമെന്നതും മറ്റൊരുപാധിയാണ്.
''തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്നവരുമാകുന്നു വിജയികളായ സത്യവിശ്വാസികള്‍'' (അല്‍ മുഅ്മിനൂന്‍: 9).
നമസ്‌കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്കും നമസ്‌കാരത്തിന്റെ സദ്ഫലങ്ങള്‍ സിദ്ധിക്കാന്‍ സഹായകമായ വിധത്തിലല്ലാതെ പ്രകടനോദ്ദേശ്യത്തോടെ നമസ്‌കരിക്കുന്നവര്‍ക്കും നാശമായിരിക്കുമെന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു:
''തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും, പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക് നാശം'' (അല്‍ മാഊന്‍: 4-7).
നോമ്പ്
നോമ്പിന്റെ ആത്യന്തിക ലക്ഷ്യം വ്യക്തമാക്കിക്കൊണ്ടാണ് നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആനിക സൂക്തം അവതീര്‍ണമായത്: ''സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരാന്‍ വേണ്ടി'' (അല്‍ബഖറ: 183). അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള സവിശേഷ ജീവിതരീതിക്കാണ് തഖ്‌വ എന്ന് പറയുന്നത്.
നോമ്പിന്റെ പ്രധാന സദ്ഫലം ഇഛാനിയന്ത്രണമാണ്. മനുഷ്യന്റെ ഇഛകളെ നിയന്ത്രിക്കാന്‍ നോമ്പ് പരിശീലനം നല്‍കുന്നു. അന്നപാനമൈഥുനാദി ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള വിഹിത മാര്‍ഗം സ്രഷ്ടാവ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, നോമ്പുകാലത്ത് മൗലികമായ ഈ ആവശ്യങ്ങള്‍ പോലും വിശ്വാസികള്‍ ശമിപ്പിക്കുന്നില്ല. സര്‍വശക്തനായ സ്രഷ്ടാവ് എല്ലാം കാണുന്നുണ്ടെന്ന ബോധമാണ് ഈ ആത്മനിയന്ത്രണത്തിന് പ്രേരകം. ഇങ്ങനെ പ്രാഥമികാവശ്യങ്ങള്‍ പോലും നിയന്ത്രിക്കാന്‍ പരിശീലനം നേടിക്കഴിഞ്ഞാല്‍ ജീവിതത്തിലുടനീളം സൂക്ഷ്മത പാലിക്കാന്‍ പ്രയാസമുണ്ടായിരിക്കുകയില്ല.
മനസ്സിന്റെ അദമ്യമായ വികാരമാണ് പ്രതികാരേഛ. അത് ശക്തമായാല്‍ വിവേകവും വിചാരശീലവും നശിക്കും. മനുഷ്യന് സമാധാനവും സ്വസ്ഥതയും ലഭിക്കണമെങ്കില്‍ അതിശക്തമായ ഈ വികാരത്തെ നിയന്ത്രിക്കാന്‍ ശീലിക്കണം. അതിനുള്ള ഒരു മാര്‍ഗമാണ് നോമ്പ്. നബി(സ) പറഞ്ഞു: 'നോമ്പ് ഒരു പരിചയാകുന്നു. അതിനാല്‍ നിങ്ങളിലൊരാള്‍ നോമ്പനുഷ്ഠിക്കുന്ന ദിവസം അസഭ്യവാക്കുകളും കലഹവും മറ്റെല്ലാ അനാവശ്യങ്ങളും വര്‍ജിക്കേണ്ടതാണ്. വല്ല ആളും അവനെ ചീത്ത പറയുകയോ അവനോട് ശണ്ഠ കൂടുകയോ ചെയ്താല്‍, (സഹോദരാ) ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്നു പറഞ്ഞുകൊള്ളട്ടെ' (മുസ്‌ലിം). 'ഞാന്‍ നോമ്പുകാരനാണ്' എന്നു പറയുന്നതിനര്‍ഥം, പ്രതികാരം ചെയ്യാന്‍ അശക്തനാണ് എന്നല്ല, പ്രതികാരേഛയെ അടക്കിനിര്‍ത്താനും നിയന്ത്രിക്കാനുമുള്ള പരിശീലനക്കളരിയിലാണ് ഞാന്‍, അതിനാല്‍ ക്ഷമിക്കുകയും പൊറുക്കുകയുമാണ് എന്നാണ്.
നോമ്പുകാരന്‍ തന്റെ അവയവങ്ങളെ മുഴുവന്‍ നിയന്ത്രിക്കല്‍ നിര്‍ബന്ധമാണ്.
അബൂഹുറയ്റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്‍ (സ) പ്രസ്താവിച്ചു: 'ഒരാള്‍ കള്ളം പറയുന്നതും തദനുസാരം പ്രവര്‍ത്തിക്കുന്നതും ഉപേക്ഷിക്കുന്നില്ല എങ്കില്‍ അവന്‍ തന്റെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരാവശ്യവുമില്ല' (ബുഖാരി).
സകാത്ത്
ഇസ്‌ലാമില്‍ മൗലികപ്രാധാന്യമര്‍ഹിക്കുന്ന സകാത്ത് എന്ന ആരാധനാകര്‍മത്തിനും നിര്‍ണിതമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. സകാത്തിന് രണ്ട് പ്രധാന ലക്ഷ്യങ്ങളാണുള്ളത്: ഒന്ന്, സകാത്ത് ദാതാവുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് സകാത്തിന്റെ ഉപഭോക്താക്കളായ വ്യക്തികളുമായും ഇസ്‌ലാമിക സമൂഹവുമായും ബന്ധപ്പെട്ടതും.
ദാതാവുമായി ബന്ധപ്പെട്ട ലക്ഷ്യം അയാളുടെ ആത്മസംസ്‌കരണവും പരക്ഷേമതല്‍പരതയും സാധിക്കുക എന്നതാണ്. താന്‍ അധ്വാനിച്ചുണ്ടാക്കിയ ധനത്തില്‍നിന്ന് സമൂഹത്തിലെ അവശരുടെ ദുരിതനിവാരണത്തിനും സമൂഹത്തിന്റെ പൊതുവായ ആവശ്യനിര്‍വഹണത്തിനും നിശ്ചിത ശതമാനം വ്യയം ചെയ്യുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മസംസ്‌കരണം സാധിക്കുകയും ധനം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. സകാത്ത് എന്ന വാക്കിന്റെ അര്‍ഥം തന്നെ സംസ്‌കരണം, വളര്‍ച്ച എന്നൊക്കെയാണ്.
ജനങ്ങളില്‍നിന്ന് സകാത്ത് ശേഖരിക്കാന്‍ കല്‍പിച്ചുകൊണ്ട് അല്ലാഹു നബി(സ)യോട് പറയുന്നു: ''അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ഒരു ദാനം അവരുടെ സ്വത്തുക്കളില്‍നിന്ന് നീ വാങ്ങുക'' (അത്തൗബ: 102).
സകാത്തിന്റെ ഉപഭോക്താക്കളെ നിര്‍ണയിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''സകാത്ത് മുതലുകള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കനും മാത്രമാണ്'' (അത്തൗബ: 60).
വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തി ഏഴ് സൂറത്തുകളില്‍ നമസ്‌കാരത്തിന്റെ കൂടെ സകാത്തും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പൂര്‍വകാല പ്രവാചകന്മാര്‍ക്കും അവരുടെ അനുചരന്മാര്‍ക്കും നമസ്‌കാരം പോലെ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഹജ്ജ്
ആരാധനാകര്‍മങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും ധാരാളം സദ്ഫലങ്ങളുള്ളതുമാണ് ഹജ്ജ്. പരിശുദ്ധ ഭവനത്തിങ്കല്‍ ചെന്ന് ഹജ്ജ് കര്‍മം അനുഷ്ഠിക്കാന്‍ സാധിക്കുന്നവര്‍ക്ക് അത് നിര്‍ബന്ധമാണെന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്ക(മക്ക)യില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു). അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍, (വിശിഷ്യാ) ഇബ്റാഹീം നിന്ന സ്ഥലം ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു'' (ആലുഇംറാന്‍: 96,97).
''നിങ്ങള്‍ ഹജ്ജും ഉംറയും അല്ലാഹുവിനു വേണ്ടി പൂര്‍ണമായി നിര്‍വഹിക്കുക'' (അല്‍ബഖറ: 196).
ജനങ്ങളില്‍ ഹജ്ജിന് വിളംബരം ചെയ്യാനുള്ള ഇബ്റാഹീം നബി(അ)ക്ക് അല്ലാഹു നല്‍കിയ കല്‍പന ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള സൂചന ഉള്‍ക്കൊള്ളുന്നതായി കാണാം; ''ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക, നടന്നുകൊണ്ടും വിദൂര മലമ്പാതകള്‍ താണ്ടി മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് സവാരി ചെയ്തും അവര്‍ നിന്റെയടുക്കല്‍ വന്നുകൊള്ളും. അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ക്ക് അവര്‍ സാക്ഷികളാകാന്‍ വേണ്ടിയാണത്'' (അല്‍ഹജ്ജ് 27).
ഹജ്ജ് വഴി നേടാന്‍ സാധിക്കുന്ന ലക്ഷ്യങ്ങള്‍ അസംഖ്യവും വൈവിധ്യമാര്‍ന്നതുമായതുകൊണ്ടാണ് 'അവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ക്ക് അവര്‍ സാക്ഷികളാകാന്‍' എന്ന് അല്ലാഹു പറഞ്ഞത്.
ഹജ്ജ് കര്‍മമനുഷ്ഠിക്കുക വഴി നവജാതശിശുവിന്റെ പാപരഹിതമായ അവസ്ഥയും നൈര്‍മല്യവും കൈവരിക്കാന്‍ സാധിക്കുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. അബൂഹുറയ്റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ആരെങ്കിലും മ്ലേഛവൃത്തികളോ അനാവശ്യകാര്യങ്ങളോ ചെയ്യാതെ ഹജ്ജ് നിര്‍വഹിക്കുകയാണെങ്കില്‍, അവന്‍ അവന്റെ മാതാവ് പ്രസവിച്ച ദിവസത്തിലെ നിര്‍മലാവസ്ഥയിലാണ് തിരിച്ചുവരുന്നത്' (ബുഖാരി, മുസ് ലിം).
ഹജ്ജ് വഴി നേടാന്‍ കഴിയുന്ന ആത്യന്തിക ലക്ഷ്യം സ്വര്‍ഗപ്രവേശനമാണെന്ന് പ്രവാചകന്‍ (സ) വ്യക്തമാക്കിയിട്ടുണ്ട്. അബൂഹുറയ്റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല' (ബുഖാരി, മുസ്‌ലിം).
ഹജ്ജിലെ അനുഷ്ഠാന കര്‍മങ്ങളുടെ ആന്തരാര്‍ഥങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിലൂടെ അസംഖ്യം നന്മകള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് കാണാം:
1. തൗഹീദ് (ഏക ദൈവവിശ്വാസത്തിന്റെ ദൃഢീകരണം. ഇഹ്റാം, ത്വവാഫ്, സഅ്യ്, അറഫയിലെ നിര്‍ത്തം, മുസ്ദലിഫയിലെ രാത്രി കഴിച്ചുകൂട്ടല്‍, ജംറകളിലെ കല്ലേറ്, ബലിയനുഷ്ഠാനം മുതലായ കര്‍മങ്ങളോടനുബന്ധിച്ച് ചൊല്ലുന്ന ദിക്റുകളും പ്രാര്‍ഥനകളും അല്ലാഹുവിന്റെ ഏകത്വത്തെ വിളംബരം ചെയ്യുന്നതും വിശ്വാസത്തെ ദൃഢീകരിക്കുന്നതുമാണ്.
2. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹിജ്റ, ജിഹാദ് എന്നീ പുണ്യകര്‍മങ്ങളെല്ലാം സമഞ്ജസമായി സമ്മേളിച്ച കര്‍മമാണ് ഹജ്ജ്. ഹജ്ജ് യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് ബോധ്യപ്പെടും.
3. ഹജ്ജിന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാനമാണ് തഖ്‌വ. അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ പാഥേയം കരുതുക, എന്നാല്‍ ഏറ്റവും നല്ല പാഥേയം തഖ്‌വയാണ്'' (അല്‍ബഖറ: 197).
ബലിമൃഗങ്ങളെക്കുറിച്ച് പറഞ്ഞു: 'അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുകയില്ല. നിങ്ങളുടെ തഖ്‌വയാണ് അവന്റെയടുക്കല്‍ എത്തുക'' (അല്‍ ഹജ്ജ്: 30).
4. ആത്മസംസ്‌കരണവും ജീവിതവിശുദ്ധിയും
പാപങ്ങളില്‍നിന്നുള്ള പശ്ചാത്താപം, അന്യരുടെ അവകാശങ്ങള്‍ തിരിച്ചുനല്‍കല്‍, കടബാധ്യത തീര്‍ക്കല്‍, ചെലവിന് കൊടുക്കാന്‍ ബാധ്യസ്ഥരായവരുടെ ചെലവിന് കൊടുക്കാന്‍ സംവിധാനമുണ്ടാക്കല്‍, മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ തിരിച്ചേല്‍പിക്കല്‍, വിഹിതമായ മാര്‍ഗത്തിലൂടെ സമ്പാദിച്ച ധനം മാത്രം കൈവശം വെക്കല്‍ - ഇതെല്ലാം ഹജ്ജ് യാത്രക്കു മുമ്പായി ഓരോ സത്യവിശ്വാസിയും ചെയ്യുന്ന കാര്യങ്ങളാണ്.
5. കുടുംബത്തോടും ധനത്തോടും നാടിനോടും യാത്ര പറഞ്ഞുകൊണ്ടുള്ള യാത്ര ഇഹലോകത്തില്‍ നിന്നുള്ള അന്ത്യയാത്രയെ അനുസ്മരിപ്പിക്കുന്നു.
6. ഇഹ്‌റാമിന്റെ വസ്ത്രം മൃതശരീരത്തെ ധരിപ്പിക്കുന്ന കഫന്‍ പുടവയെ ഓര്‍മിപ്പിക്കുന്നു.
7. ഹാജിമാര്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങള്‍ മുഴുവന്‍ പാരത്രിക ലോകത്തെ മഹ്ശറയെ അനുസ്മരിപ്പിക്കും.
8. ഹജ്ജ് കര്‍മം മനുഷ്യനെ സമയനിഷ്ഠയും അനുസരണശീലവും പഠിപ്പിക്കുന്നു.
9. ഹജ്ജ് ഇസ്‌ലാമിക പ്രബോധനത്തിനും ജനസേവനത്തിനുമുള്ള ഒരു സുവര്‍ണാവസരമാകുന്നു.