ആദ്യത്തെ അറസ്റ്റ്

ഹുമൈറാ മൗദൂദി
മെയ് 2020

(പിതാവിന്റെ തണലില്‍)

ചിലര്‍ സ്വയം തന്നെ ഒരു പ്രസ്ഥാനമായിരിക്കും. മറ്റു ചിലരാകട്ടെ തണല്‍ വിരിക്കുന്ന ഒരു ഫലവൃക്ഷം പോലിരിക്കും. ആ തണലില്‍ പ്രായഭേദമന്യേ കുട്ടികളും വൃദ്ധജനങ്ങളും ധനികരും ദരിദ്രരുമെല്ലാം അഭയം തേടും. അവരൊക്കെ ആ വടവൃക്ഷം കനിയുന്ന കനികള്‍ രുചിക്കും. എല്ലാവര്‍ക്കും അത് തണല്‍ നല്‍കും. തന്റെ തണലും കനികളും ആര്‍ക്കും അത് നിഷേധിക്കുകയില്ല. ഞങ്ങളുടെ അമ്മാജാന്‍ (ബീഗം മൗദൂദി) ശരിക്കും അങ്ങനെയൊരു ഫലവൃക്ഷമായിരുന്നു. അവര്‍ സ്വയം തന്നെ ഒരു പ്രസ്ഥാനവുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം പിതാവും മാതാവുമൊക്കെ അവര്‍ തന്നെയായിരുന്നു. ഞങ്ങള്‍ ഒമ്പത് സഹോദരീസഹോദരന്മാരെ സ്വന്തം തണലില്‍ ചേര്‍ത്തു നിര്‍ത്തി അവര്‍ വളര്‍ത്തി.
ഞങ്ങളുടെ ബഹുമാന്യ പിതാവ് സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍, ഞങ്ങളുടെ വീട് സദാ സന്ദര്‍ശകരാല്‍ നിര്‍ഭരമായിരിക്കും; അകത്ത് പെണ്ണുങ്ങളും പുറത്ത് ആണുങ്ങളും. ബാല്യത്തിലേ ഗൃഹാന്തര്‍ഭാഗത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. പതിനൊന്ന് മണിയാകുമ്പോള്‍ വലിയ മുറിയില്‍ നമസ്‌കാരപ്പടവും മറ്റും വിരിക്കും. അമ്മാജാന്‍ തസ്ബീഹ് നമസ്‌കാരത്തില്‍ മുഴുകും. വ്യക്തിഗത ഉപാസനയായതിനാല്‍ ഞങ്ങളുടെ വീട്ടില്‍ അത് സംഘം ചേര്‍ന്ന് നമസ്‌കരിക്കാറ് പതിവില്ല. അതിനിടെ ദൂരെനിന്ന് സ്ത്രീകള്‍ എത്തിത്തുടങ്ങും. ജുമുഅ നമസ്‌കാരത്തിന്റെ സമയമാകുമ്പോള്‍ അമ്മാജാന്‍ സംഘടിതമായി ളുഹ്ര്‍ നമസ്‌കരിക്കുന്നു. നമസ്‌കാരത്തിനു ശേഷം സുദീര്‍ഘമായ സംഘ പ്രാര്‍ഥന നടക്കും. അതിനു ശേഷം ഖുര്‍ആന്‍ ക്ലാസോ ഹദീസ് ക്ലാസോ നടക്കും. ക്ലാസിനു ശേഷം പിന്നെയും പ്രാര്‍ഥനയുണ്ടാകും. അതിനു ശേഷം സംഗമം പിരിയും. ഈദ് പ്രാര്‍ഥനകളും ഞങ്ങളുടെ വീട്ടില്‍ നടക്കാറുണ്ടായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ഞങ്ങളുടെ അമ്മാജാന്‍ ഫജ്റ് നമസ്‌കാരാനന്തരം തക്ബീര്‍ ചൊല്ലും. ഞങ്ങള്‍ വിരിപ്പുകളും മറ്റും വിരിച്ചുകഴിയുമ്പോഴേക്ക് സ്ത്രീകളുടെ സംഘങ്ങള്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാവും. അതിനകം നമസ്‌കാരത്തിനുള്ള സജ്ജീകരണങ്ങളൊക്കെ പൂര്‍ത്തിയായിക്കാണും. വന്നു കൂടുന്ന പെണ്‍കൂട്ടങ്ങള്‍ അണിയണിയായി ഇരിക്കുന്നു. പിന്നീട് എല്ലാവരും കൂടി തക്ബീര്‍ ചൊല്ലുന്നു. സൂര്യനുദിച്ചു തുടങ്ങുന്നതോടെ തക്ബീര്‍ സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കുകയും അമ്മാജാന്‍ സന്തോഷപൂര്‍വം നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നു. നമസ്‌കാരത്തിനു ശേഷം പ്രഭാഷണവും ഉണ്ടാകും. പിന്നെ, എല്ലാവര്‍ക്കും സേമിയ വിതരണം ചെയ്ത് ഈദാശംസകള്‍ നേരുന്നു.

അബ്ബാജാന്റെ പ്രഥമ അറസ്റ്റ്
ഭൂതകാലസ്മരണകളിലൂടെ സഞ്ചരിക്കുമ്പോള്‍ അബ്ബാജാന്റെ പ്രഥമ അറസ്റ്റിനെ കുറിച്ച ഒരു രംഗം മനസ്സില്‍ തെളിഞ്ഞുവരുന്നു.
രാത്രി സമയം. അമ്മാജാന്‍ ഞങ്ങള്‍ ചെറിയ കുട്ടികളെയും ചേര്‍ത്തു പിടിച്ചു നില്‍ക്കുകയാണ്. രണ്ട് ലേഡീ കോണ്‍സ്റ്റബിള്‍മാര്‍ മുന്നോട്ടു വരുന്നു. അവര്‍ അമ്മാജാനെയും പിന്നെ മുറി മുഴുവനും പരിശോധിക്കുന്നു. അബ്ബാജാന്റെ വസ്ത്രങ്ങള്‍ ഒരു സൂട്ട്കേസില്‍ അടുക്കിവെച്ചിട്ടുണ്ട്. എവിടേക്കോ പോവാനുള്ള ഒരുക്കത്തിലാണ് പിതാവ്. പിന്നെ, പൊടുന്നനെ തിരിഞ്ഞുനിന്ന് ഞങ്ങളുടെ നേരെ നോക്കാതെ 'അസ്സലാമു അലൈകും, ഖുദാ ഹാഫിസ്, ഫീ അമാനില്ലാഹ്' എന്നും പറഞ്ഞ് പോലീസുകാരോടൊപ്പം യാത്രയായി. അബ്ബാജാന്റെ പ്രഥമ അറസ്റ്റായിരുന്നു അത്. 1948 ഒക്‌ടോബര്‍ 4-നായിരുന്നു അത്. അന്നെനിക്ക് എട്ടു വയസ്സേയുള്ളൂ. പിന്നീട് ഈ സംഭവത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ എന്തുകൊണ്ടാണ് അന്ന് അബ്ബാജാന്‍ നമ്മുടെ നേരെ നോക്കാതെ പോയതെന്ന് അമ്മാജാനോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ അമ്മാജാന്‍ പറഞ്ഞ മറുപടി ഇതായിരുന്നു: 'ഇബ്റാഹീം നബി മക്കയില്‍നിന്ന് യാത്രപോകുമ്പോള്‍ ഹസ്രത്ത് ഹാജറിന്റെയോ ഇസ്മാഈലിന്റെയോ നേരെ തിരിഞ്ഞുനോക്കിയിരുന്നില്ലല്ലോ. തിരിഞ്ഞുനോക്കുന്നത് നിശ്ചയദാര്‍ഢ്യത്തെ ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ് അത്.' അമ്മാജാന്‍ ഞങ്ങള്‍ക്ക് പ്രവാചകന്മാരുടെ കഥകള്‍ പറഞ്ഞു തരാറുണ്ടായിരുന്നു. അതിനാല്‍ കാര്യം മനസ്സിലാകാന്‍ അത്രയും സൂചന തന്നെ ധാരാളമായിരുന്നു.
അബ്ബാജാന്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വീട്ടില്‍ വളരെ കുറച്ചു പണമേ കരുതലുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഞങ്ങളുടെ അമ്മാജാന്‍ ജീവിതരീതികളിലൊക്കെ സമൂല മാറ്റങ്ങള്‍ വരുത്തി. വസ്ത്രം അലക്കാന്‍ ധോബിയെ ഏല്‍പിക്കുന്നത് നിര്‍ത്തി സ്വയം തന്നെ അലക്കാന്‍ തുടങ്ങി. ഒരു ഉറുമാല്‍ പോലും സ്വയം അലക്കി ശീലമില്ലാത്ത ദല്‍ഹിയിലെ സമ്പന്ന കുടുംബത്തില്‍നിന്നുള്ളവരായിരുന്നു അവര്‍. ഇപ്പറഞ്ഞതില്‍ ഒരതിശയോക്തിയുമില്ല. കുക്കിനെ ഒഴിവാക്കി ഭക്ഷണം സ്വയം പാകം ചെയ്യാന്‍ ആരംഭിച്ചു. അക്കാലത്ത് ഇഛ്റയില്‍നിന്ന് ഞങ്ങളോടൊപ്പം ജുമുഅ കൂടാന്‍ വരാറുണ്ടായിരുന്ന ഒരു സ്ത്രീ (ഒരു കുതിരവണ്ടിക്കാരന്റെ വിധവയായിരുന്നു അവര്‍) വീട്ടിലെ കാര്യങ്ങളൊക്കെ നിര്‍വഹിക്കാമെന്ന് നിര്‍ബന്ധം പിടിച്ചു. അവര്‍ വസ്ത്രങ്ങള്‍ അലക്കാനും ആട്ട കുഴച്ചു റൊട്ടിയുണ്ടാക്കാനും തുടങ്ങി. 'നിങ്ങള്‍ അല്ലാഹുവിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുക. വീട്ടിലെ കാര്യങ്ങള്‍ ഞാന്‍ ചെയ്തുകൊള്ളാം.' അവര്‍ അമ്മാജാനോടു പറഞ്ഞു. 'ഭാഗ്ഭരി' (ഭാഗ്യവതി) എന്നായിരുന്നു അവരുടെ പേര്. ഈ പേര് ഞങ്ങളുടെ നാവിന് വഴങ്ങാത്തതുകൊണ്ട് 'റസ്ഭരി' എന്നാണ് ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്. അതിലവര്‍ക്ക് നീരസമൊന്നും തോന്നിയിരുന്നില്ല.
ഞങ്ങളുടെ അമ്മാജാന്‍ സദാ 'യാ ഹയ്യു യാ ഖയ്യൂം ബി റഹ്മതിക അസ്തഗീസു' (നിത്യനിതാന്തനായവനേ, നിന്റെ കാരുണ്യത്തിനു വേണ്ടി ഞാന്‍ അര്‍ഥിക്കുന്നു) എന്ന് 'വിര്‍ദ്' ചൊല്ലിക്കൊണ്ടിരുന്നു. ഒരു തവണ കഠിനമായ ആസ്ത്മ ഉണ്ടായപ്പോള്‍ അമ്മാജാന്‍ ഇത്ര മാത്രം പറയുന്നത് കേട്ടു: 'എന്റെ ആണ്‍തുണ ജയിലിലാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് കരച്ചിലടക്കാന്‍ കഴിയില്ല. അപ്പോള്‍ അവരെ സമാധാനിപ്പിക്കാന്‍ ആരുമുണ്ടാവുകയില്ല.' ഇത് കേട്ടപ്പോള്‍ ഉപ്പൂമ്മാക്ക് വലിയ നീരസമുണ്ടായി. 'എന്തിനാണ് ഇങ്ങനെ നിരാശയുടെ വര്‍ത്തമാനം പറയുന്നത്. ശ്വാസമല്‍പം കീഴോട്ടു പോയതിന് ഇത്രമാത്രം വേവലാതിപ്പെടേണ്ടതുണ്ടോ? ധൈര്യമായിരിക്കൂ.' ദാദി അമ്മ സമാധാനിപ്പിച്ചു.
ഞങ്ങളുടെ ഉപ്പൂമ്മ നല്ല മനക്കരുത്തുള്ള സ്ത്രീയായിരുന്നു. അവര്‍ ഞങ്ങളുടെ അമ്മാജാനെ ഉപദേശിക്കും: 'കുട്ടികളില്‍ ചൂടും തണുപ്പുമൊക്കെ സഹിക്കാന്‍ കഴിയുന്ന ശീലമുണ്ടാക്കാന്‍ ശ്രമിക്കുക. ഇടക്ക് മുന്തിയ സ്വാദിഷ്ടമായ വിഭവങ്ങള്‍ തീറ്റിക്കുക. ഇടക്ക് പരിപ്പും റൊട്ടിയും മാത്രം നല്‍കുക. ഇടക്ക് പരിപ്പിന് പകരം ചട്‌നി നല്‍കുക. കുട്ടികള്‍ക്ക് എപ്പോഴും ഒരേതരം ആഹാരം തന്നെ നല്‍കാതിരിക്കുക. അവരുടെ ഇഷ്ടത്തിനൊത്ത് തുള്ളരുത്. ഉമ്മയും ബാപ്പയുമാണ് കുട്ടികളുടെ ശീലം കേടുവരുത്തുന്നത്. ആളുകള്‍ക്ക് ഇതിലൊക്കെ വല്ല ശ്രദ്ധയും ഉണ്ടായിട്ടു വേണ്ടേ! ഞാന്‍ എന്റെ കുട്ടികളെ അങ്ങനെയേ വളര്‍ത്തിയിട്ടുള്ളൂ. ഒരിക്കല്‍ സ്വാദിഷ്ടമായ വിഭവങ്ങളാണ് നല്‍കുകയെങ്കില്‍ മറ്റൊരിക്കല്‍ പരിപ്പും ചട്നിയും റൊട്ടിയുമാണ് നല്‍കുക.'
ഇതുകൊണ്ടൊക്കെത്തന്നെയാകും ഞങ്ങളുടെ അബ്ബാജാന് ചൂടിലും തണുപ്പിലുമൊക്കെ അടിയുറച്ചുനിന്ന് എല്ലാ പരീക്ഷണങ്ങളും നേരിടാന്‍ കഴിഞ്ഞത്. ഉരുക്കു സമാനമായിരുന്നു അബ്ബാജാന്റെ മനക്കരുത്ത്. ഒന്നിനും പരസഹായം തേടുന്ന പതിവില്ല. പൊട്ടിയ കുപ്പായക്കുടുക്കൊക്കെ സ്വയം തുന്നും. പിന്നിയ കുര്‍ത്ത സ്വയം തയ്ച്ച് ശരിയാക്കും. ഒരു 'ജയില്‍ കിറ്റു'ണ്ടായിരുന്നു. ആദ്യത്തെ അറസ്റ്റിനു ശേഷം അത് എപ്പോഴും പൂര്‍ണസജ്ജമാക്കി വെച്ചിട്ടുണ്ടായിരുന്നു. അതില്‍ സൂചിയും നൂലും എല്ലാത്തരം ബട്ടണുകളുമുണ്ടായിരുന്നു.

ദാദി അമ്മായുടെ വര്‍ത്തമാനങ്ങള്‍
ഞങ്ങളുടെ ദാദി അമ്മ (ഉപ്പൂമ്മ) ശരിക്കും ഒരു പുണ്യവാളത്തി തന്നെയാണെന്നു വേണം പറയാന്‍. രോഗബാധിതയായാല്‍ ആകാശത്തേക്ക് കണ്ണുയര്‍ത്തി വികാരനിര്‍ഭരമായി പ്രാര്‍ഥിക്കും: 'മന്‍ മരീസം തു ത്വബീബം.' ഞാന്‍ രോഗിയായിരിക്കുന്നു, നീയാണ് ചികിത്സകന്‍ എന്നര്‍ഥം. ആ പ്രാര്‍ഥനയില്‍ തന്നെ രോഗം ഭേദമാകാറാണു പതിവ്. ജീവിതത്തില്‍ എപ്പോഴെങ്കിലും ഡോക്ടറെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. വാര്‍ധക്യസഹജമായ ചര്‍മരോഗത്തിന്റെ കുമിളകള്‍ വരുമ്പോള്‍ അവിടെ വിരലമര്‍ത്തി പറയും: 'ഏ, ദന്‍ബല്‍ ബുസര്‍ഗ് മശൂ, ഖുദായെ മാ ബുസര്‍ഗ് തറാസ്ത്'. 'ഏയ്, വയസ്സാ ഇനിയും വലുതാകാന്‍ നോക്കണ്ട. ഞങ്ങളുടെ ദൈവം ഏറ്റവും വലിയവനാണ്'  എന്നര്‍ഥം. അതോടെ അധികം കഴിയും മുമ്പേ ആ 'വയസ്സന്‍' പരുവപ്പെടും. ഉപ്പൂമ്മ ഫാര്‍സി ഭാഷാ പണ്ഡിതയായിരുന്നു. ഫാര്‍സി സാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്നു. പലപ്പോഴും മറുപടി പറയുക ഫാര്‍സി കവിതകളിലൂടെയാണ്.
ദാദി അമ്മ ഏതെങ്കിലും സദസ്സില്‍ സന്നിഹിതയാവുകയാണെങ്കില്‍, അതെത്ര വലിയ സദസ്സാണെങ്കിലും അവരായിരിക്കും അതിലെ താരം. അവരുടെ സന്നിധിയില്‍ മറ്റ് പെണ്ണുങ്ങളാരും ഒന്നും മിണ്ടാന്‍ ധൈര്യപ്പെടുകയില്ല. എല്ലാവരും അവരുടെ മുഖത്ത് കണ്ണും നട്ട് അവര്‍ പറയുന്നതും കേട്ടിരിക്കും. നല്ല സാഹിത്യഭംഗിയുള്ള രസകരമായ സംസാരരീതിയാണ് അവരുടേത്. കേട്ടാല്‍ മതിവരില്ല. ഒരിക്കലും മറക്കുകയുമില്ല. നല്ല പ്രത്യുല്‍പന്നമതിയായിരുന്നു. പ്രകോപിപ്പിച്ചാല്‍ മനസ്സില്‍ തട്ടുന്ന മറുപടി പറയും. കേള്‍വിക്കാരന് ഒരിക്കലുമത് മനസ്സില്‍ മറക്കാനാകില്ല. അതേസമയം നല്ല സരസഭാഷിണിയുമായിരുന്നു. അതു കേട്ട് എല്ലാവരും ചിരിക്കുമ്പോഴും അവരുടെ ഗൗരവഭാവത്തിന് മാറ്റമൊന്നും കാണില്ല. അത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് പിന്നെയും ചിരിവരും. ഞങ്ങളെ ചിരിച്ചു മണ്ണ് കപ്പിക്കുമ്പോഴും എങ്ങനെ വരണ്ട മുഖവുമായി ഇരിക്കാന്‍ കഴിയുന്നുവെന്ന് ഞങ്ങള്‍ അത്ഭുതപ്പെടും.
ലാഹോറിലെ കിംഗ് എഡ്വേര്‍ഡ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ഞങ്ങളുടെ അമ്മാവന്‍ ജലാല്‍. അദ്ദേഹം ഒരിക്കല്‍ ദാദി അമ്മയുമായി അക്ഷരശ്ലോക മത്സരം നടത്തി. ദാദി അമ്മ ആരുടെയും സഹായം കൂടാതെ സറസറാ കവിത ചൊല്ലാന്‍ തുടങ്ങി. എന്നാല്‍ അമ്മാവന് പലപ്പോഴും കവിത പൂരിപ്പിക്കാന്‍ അമ്മാജാന്റെ സഹായം തേടേണ്ടി വന്നു. ചിലപ്പോള്‍ പറയും: 'ഒരു പാദം ഓര്‍മയുണ്ട്. പക്ഷേ, അര്‍ധപാദത്തില്‍ ദാദിമാ തൃപ്തിപ്പെടുമോ എന്നത് പ്രശ്നമാണ്. കവിത തെറ്റിയാല്‍ വിട്ടുവീഴ്ച ചെയ്യുമെന്നും ഉറപ്പില്ല.' അമ്മാവനെ അമ്മാജാന്‍ സഹായിക്കുകയാണെങ്കില്‍ മത്സര നിബന്ധനക്കെതിരാകും അത്. 'ജലാല്‍ മിയാനെ ഞാന്‍ സഹായിച്ചോട്ടെ' എന്ന് അപ്പോള്‍ ദാദി അമ്മയോട് അമ്മാജാന്‍ ചോദിക്കും. 'കുട്ടിയല്ലേ, ഗൈഡ് ചെയ്യേണ്ടത് ആവശ്യമാകുമ്പോള്‍ ചെയ്യാതെ പറ്റുമോ' എന്ന് കളിയാക്കിക്കൊണ്ട് ദാദി അമ്മ അപ്പോള്‍ സമ്മതം നല്‍കും. പക്ഷേ, ഒരാഴ്ചക്കകം തന്നെ ജലാല്‍ അങ്കിള്‍ മത്സരം തുടരാനാകാതെ പരാജയം സമ്മതിക്കും. കൈകള്‍ കാതില്‍ വെച്ച് ഇനി ദാദി അമ്മയുമായി മത്സരത്തിനില്ലെന്ന് പറയും.
ഞങ്ങളുടെ അമ്മാജാന്‍ പറയാറുണ്ട്: 'നിങ്ങളുടെ ഉപ്പൂമ്മയെപ്പോലെ ഒരു സ്ത്രീയെ ഇത്രയും കാലത്തെ ജീവിതത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. സ്വാര്‍ഥം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സ്ത്രീ. ഒന്നിനോടും അവര്‍ക്ക് ആസക്തിയുണ്ടായിരുന്നില്ല.' 'സൂഫീയാ കി സിഫത്ത് യഹ് ഹെ കെ വഹ് കിസീകൂ മന നഹീ കര്‍തെ, ത്വമ നഹീ കര്‍തെ, ഔര്‍ ജമ നഹീ കര്‍തെ' എന്നാണ് അവര്‍ പറയാറുണ്ടായിരുന്നത്. സൂഫിയാക്കളുടെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ ആര്‍ക്കും അവര്‍ ഒന്നും തടയുകയില്ല, ഒന്നിലും കൊതിയുണ്ടാവില്ല, ഒന്നും സംഭരിച്ചു വയ്ക്കുകയുമില്ല എന്നര്‍ഥം. യാദൃഛികമെന്നു പറയട്ടെ, ഈ മൂന്ന് സവിശേഷതകളും ഞങ്ങളുടെ ഉപ്പൂമ്മയില്‍ ഒത്തു വന്നിരുന്നു. ഞങ്ങളുടെ അമ്മാജാനിലും അബ്ബാജാനിലും ഉണ്ടായിരുന്നു ഈ മൂന്ന് ഗുണങ്ങള്‍. അല്ലാഹു വിധിച്ചതില്‍ തൃപ്തിയടഞ്ഞുകൊണ്ടുള്ള സഹനജീവിതം മൂവരും ഞങ്ങളുടെ ഉള്‍ത്തടത്തില്‍ വളര്‍ത്തിയെടുത്തിരുന്നു. 'നഫ്സ് മുത്വ്മഇന്ന', സംതൃപ്ത മാനസത്തിന്റെ ഉത്തമ മാതൃകകള്‍.
എങ്ങനെ ജീവിക്കണമെന്ന് ഞാന്‍ പഠിച്ചത് നിങ്ങളുടെ ദാദി അമ്മയില്‍നിന്നാണെന്ന് അമ്മാജാന്‍ പറയാറുണ്ടായിരുന്നു. അത്ഭുതമെന്തെന്നു വെച്ചാല്‍ അമ്മായിയും മരുമകളും എല്ലാറ്റിലും ഏകാഭിപ്രായക്കാരായിരുന്നു എന്നതാണ്. അവര്‍ ഒരു കാര്യത്തിലും ഭിന്നിക്കാറില്ലായിരുന്നു.
അബ്ബാജാന്‍ ആദ്യം ജയിലില്‍ പോയപ്പോള്‍ ജീവിതം വളരെ ഞെരുക്കത്തിലായി. അപ്പോഴും അമ്മാജാന്‍ ഒരു കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്തു. എന്തു വന്നാലും കുട്ടികളുടെ പഠിപ്പില്‍ മുടക്കം വരുത്തുകയില്ല. അമ്മാജാന്റെ അടുത്ത ഒരു സുഹൃത്ത് ഖുര്‍ശിദ് അമ്മായി ഒരിക്കല്‍ കാണാന്‍ വന്നു. അമ്മാജാന്‍ സ്വന്തം വള ഊരി അവരെ ഏല്‍പിച്ചിട്ട് അത് വിറ്റുകൊടുക്കാന്‍ പറഞ്ഞു. അങ്ങനെ അമ്മാജാന്‍ അത്യന്തം ആത്മവിശ്വാസത്തോടും അങ്ങേയറ്റം സഹനത്തോടും കൂടി കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചെലവുകളും നിര്‍വഹിച്ചുപോന്നു.
പെരുന്നാളുകള്‍ക്കോ ബന്ധുജനങ്ങളുടെ വിവാഹാഘോഷ സന്ദര്‍ഭങ്ങളിലോ പുതുവസ്ത്രം ധരിക്കുന്ന പതിവ് ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മാജാന്‍ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കും: 'നോക്കൂ, റമദാനില്‍ സകാത്ത് കൊടുത്ത് തീര്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഈദുല്‍ ഫിത്വ്‌റിന് വസ്ത്രം വാങ്ങാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ബക്രീദിന് ഉദ്ഹിയ്യത്ത് അറുക്കണം. അപ്പോഴും പുതുവസ്ത്രത്തിന്റെ പ്രശ്നമുദിക്കുന്നില്ല. അതിനാല്‍ ധോബി അലക്കിക്കൊണ്ടുവരുന്ന വസ്ത്രം ധരിച്ച് പെരുന്നാള്‍ നമസ്‌കാരത്തിന് പോകാന്‍ നോക്ക്.' എല്ലാ വിവാഹാഘോഷ വേളയിലും പുതുവസ്ത്രത്തിന്റെ ആവശ്യമല്ല എന്നാകും അതിനെക്കുറിച്ച് നല്‍കുന്ന ന്യായീകരണം. കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ സാധിക്കാത്തതിനാല്‍ മാതാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു, പിതാവ് കെട്ടിത്തൂങ്ങി മരിച്ചു എന്നിങ്ങനെ ഇക്കാലത്ത് പത്രങ്ങളില്‍ വാര്‍ത്ത കാണുമ്പോള്‍ ഞങ്ങള്‍ക്ക് അമ്പരപ്പാണുണ്ടാകാറുള്ളത്.
ഒരിക്കല്‍ വീട്ടില്‍ ആട്ട തീര്‍ന്നുപോയി. ഇരുട്ടിത്തുടങ്ങിയതിനാല്‍ ആട്ട പൊടിക്കുന്ന മില്ലും പൂട്ടിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ വേലക്കാരി കരീം ബീബി അയല്‍വീട്ടില്‍ ചെന്ന് കുറച്ച് ആട്ട വായ്പ വാങ്ങി വന്നു. അമ്മാജാന് അത് ഒട്ടും പിടിച്ചില്ല. 'നീ ഇതെന്താണ് ചെയ്തതെ'ന്ന് അമ്മാജാന്‍ അവരോട് മുഖം വീര്‍പ്പിച്ചു. 'ബീബീജി',  കരീം ബീബി പറഞ്ഞു തുടങ്ങി: 'അവരും നമ്മുടെ അടുത്തു വന്ന് പലപ്പോഴും ആട്ട വാങ്ങിയിട്ടുണ്ടല്ലോ. ആട്ട പൊടിച്ചു കിട്ടുമ്പോള്‍ അവര്‍ അത് മടക്കിത്തരാറുമുണ്ട്. നാളെ നമ്മുടെ ആട്ട പൊടിച്ചു കിട്ടുമ്പോള്‍ മടക്കിക്കൊടുത്താല്‍ മതിയല്ലോ!'  പക്ഷേ, അമ്മാജാന് അത് സമ്മതമായില്ല: 'അവരുടെ കാര്യം വേറെ. അവര്‍ എത്ര വേണമെങ്കിലും മറ്റുള്ളവരില്‍നിന്ന് വായ്പ വാങ്ങിക്കൊള്ളട്ടെ. പക്ഷേ, നമുക്കത് പറ്റില്ല. മൗലാനാ സാഹിബ് ജയിലില്‍ പോയതോടെ വീട്ടുകാര്‍ അയല്‍ക്കാരോട് ഇരന്നു വാങ്ങിയാണ് കഴിയുന്നതെന്ന് നാളെ ആളുകള്‍ പറഞ്ഞു നടക്കാന്‍ ഇടവന്നേക്കും. വീട്ടില്‍ ആട്ടയില്ലെങ്കിലും സാരമില്ല. നമുക്ക് എങ്ങനെയെങ്കിലും കഴിയാം. കിച്ചടി ഉണ്ടാക്കി ഉണക്ക റൊട്ടി കഴിക്കാം. നീ പോയി ഇങ്ങനെ വായ്പ വാങ്ങാനൊന്നും മിനക്കടണ്ട.' പിന്നീട് ആ തെറ്റ് ആവര്‍ത്തിക്കാത്ത വിധം അത്രക്ക് ശക്തമായാണ് അമ്മാജാന്‍ അവരെ ഉപദേശിച്ചത്.
അമ്മാജാന്‍ പറയാറുണ്ടായിരുന്നു: 'ലോകത്ത് എങ്ങനെയും കഴിഞ്ഞുകൂടാം. ഇനി കഴിഞ്ഞില്ലെന്നിരിക്കട്ടെ. എന്നാല്‍തന്നെ എന്താണ് നഷ്ടം.'
ഏതായാലും അല്ലാഹുവിന്റെ സഹായത്താല്‍ ആ പരീക്ഷണഘട്ടവും തരണം ചെയ്തു. 1950 മെയ് 28-ന് 19 മാസം, 25 ദിവസത്തെ തടവിനു ശേഷം അബ്ബാജാന്‍ പുഷ്പഹാരവും കഴുത്തിലണിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. അഭിനന്ദിക്കാനെത്തിയവരാല്‍ അന്ന് വീട് നിറഞ്ഞു കവിഞ്ഞു. 

(തുടരും)

വിവ: വി.എ.കെ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media