2020 ഫെബ്രുവരി 10. ഡോക്ടര്‍ അസ്‌ലം പര്‍വേസിന് ജീവിതം ആകെ മറിയുന്നതായി തോന്നിയ ദിവസം. കോവിഡ് 19 രോഗം ലോകമെങ്ങും പരന്നു തുടങ്ങുന്നു.
2020 ഫെബ്രുവരി 10. ഡോക്ടര്‍ അസ്‌ലം പര്‍വേസിന് ജീവിതം ആകെ മറിയുന്നതായി തോന്നിയ ദിവസം. കോവിഡ് 19 രോഗം ലോകമെങ്ങും പരന്നു തുടങ്ങുന്നു.
പഞ്ചാബിലെ പാട്യാലയില്‍ ഡോക്ടര്‍മാരാണ് അസ്‌ലമും ഭാര്യ സോണിയ റാണി പര്‍വേസും. ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു അവര്‍. ശാന്തമായ ജീവിതം. മകന്‍ അയാന് എട്ടു വയസ്സായി. തിരക്കിനിടയിലും ഡോ. അസ്‌ലമും ഡോ. സോണിയയും അവനുമൊത്ത് കഴിയുന്നത്ര സമയം ചെലവഴിക്കാന്‍ ശ്രദ്ധിച്ചു വന്നു.
ഫെബ്രുവരി 18-ന് അയാന് സ്‌കൂളില്‍ കൊല്ലപ്പരീക്ഷ തുടങ്ങി. അത് കഴിഞ്ഞ ഉടനെ അവനെ ഒന്നര മണിക്കൂര്‍ കാര്‍ യാത്രക്കപ്പുറത്തുള്ള ഉപ്പൂപ്പയുടെ വീട്ടിലാക്കി.
അയാന്‍ ആദ്യമായിട്ടാണ് അവരെ പിരിഞ്ഞിരിക്കുന്നത്. ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ലക്ഷണങ്ങള്‍ ഡോക്ടര്‍ ദമ്പതികള്‍ക്ക് മനസ്സിലായിരുന്നു. കുറേ ദിവസം - ഒരുപക്ഷേ മാസങ്ങളോളം - മകനെ കാണാന്‍ പോലും ഇനി കഴിയില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.
കാരണം സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ശുശ്രൂഷാ സംഘങ്ങളില്‍ ചേരാന്‍ പേര് ക്ഷണിച്ച ഉടനെ അസ്‌ലമും സോണിയയും തങ്ങളുടെ പേര് കൊടുത്തിരുന്നു. അസ്‌ലം റാപ്പിഡ് റെസ്പോണ്‍സ് ടീമിലും സോണിയ ഐസൊലേഷന്‍ വാര്‍ഡിലും.
ജോലിത്തിരക്കിനിടയിലും മകനെ പിരിഞ്ഞിരിക്കുന്നത് എളുപ്പമായിരുന്നില്ല. മഹാമാരി അതിന്റെ പിടിവിടും വരെ വിട്ടുനില്‍ക്കുകയേ വഴിയുള്ളൂ. കോവിഡ് പോയിക്കഴിഞ്ഞാലും രണ്ടാഴ്ചയോ അതിലധികമോ ക്വാറന്റൈനില്‍ കഴിയേണ്ടിയും വരും. ഇത് അസംഖ്യം ആരോഗ്യപ്രവര്‍ത്തകരുടെ കൂടി അവസ്ഥയാണ്.
കോഴിക്കോട്ടുകാരായ ഡോ. മുഹമ്മദ് അന്‍സാരിയും ഭാര്യ ഡോ. ഷൈമ ഉബൈദും ബ്രിട്ടനിലെ വാറിക് ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലാണ്. അടിയന്തര ശുശ്രൂഷാ കേന്ദ്രത്തിലേക്ക് കോവിഡ് രോഗികള്‍ പ്രവഹിച്ചു തുടങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. വൈറസ് പകരുമെന്ന ഉറപ്പോടെത്തന്നെ ജോലി ചെയ്യേണ്ട അവസ്ഥ. തികഞ്ഞ സമര്‍പ്പണത്തോടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ മുഴുകി അവര്‍.
ഷൈമക്കാണ് ആദ്യം അസുഖം വന്നത്. കടുത്ത പനിയും തലവേദനയും. ഇരുവരും വീട്ടില്‍ ക്വാറന്റൈനിലായി. രോഗം ഇരുവരെയും തളര്‍ത്തി. എങ്കിലും ഭേദമായ ഉടനെ തിരിച്ച് ജോലിയില്‍ കയറി. വിശ്രമിക്കാനും സ്വന്തം സുരക്ഷ ശ്രദ്ധിക്കാനും അനുവദിക്കാത്ത വൈറസിനു മുമ്പില്‍ അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ വയ്യല്ലോ.
ഏപ്രില്‍ 8-ലേക്ക് വിവാഹം നിശ്ചയിച്ചതായിരുന്നു കോട്ടയത്തുകാരി സൗമ്യക്ക്. ക്ഷണക്കത്തെല്ലാം അയച്ചു. അതിനിടക്കാണ് കൊറോണ വന്ന് രോഗികള്‍ ആശുപത്രികളിലേക്കൊഴുകുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സാണ് സൗമ്യ. വിവാഹം മാര്‍ച്ച് 26-ന് ലളിതമായി നടത്താമെന്ന് തീരുമാനിച്ചു.
ആ സമയത്താണ് ജില്ലാ ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് സജ്ജമാക്കുന്നത്. രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. അവിടെ ജോലിയില്‍ പ്രവേശിച്ചാല്‍ പിന്നെ വിവാഹം നീളുമെന്നുറപ്പ്. കോവിഡ് പ്രതിസന്ധി മാറി, പിന്നെയും ക്വാറന്റൈന്‍ കാലം കഴിയണം. വിവാഹം കഴിഞ്ഞിട്ട് ജോലിക്ക് വന്നാല്‍ മതിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും സൗമ്യ തീരുമാനിച്ചത് മറിച്ചാണ്. പ്രതിശ്രുത വരന്‍ റെജിയോട് വിവാഹം നീട്ടിവെക്കാമെന്ന നിര്‍ദേശം വെച്ചു. റെജി സമ്മതിച്ചതോടെ സൗമ്യ പി.പി.ഇ ഉടുപ്പണിഞ്ഞ് ഡ്യൂട്ടിക്ക് കയറി.
ആറും ഏഴും മണിക്കൂര്‍ പി. പി. ഇ എന്ന മൂടുവസ്ത്രത്തിനുള്ളില്‍ തുടര്‍ച്ചയായി കഴിയുന്നതുതന്നെ ദുരിതമാണ്. അതിനു പുറമെയാണ് വിശ്രമമില്ലാത്ത കഠിനാധ്വാനം. രോഗികളുടെ ശാരീരിക പ്രയാസങ്ങള്‍ മാത്രമല്ല മാനസിക സംഘര്‍ഷങ്ങളും അടിയന്തര ശ്രദ്ധ വേണ്ടവയാണ്. ഇതിനെല്ലാമിടക്ക് സ്വന്തം വിഷമങ്ങള്‍ക്കെവിടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നേരം!
കോവിഡ് പ്രതിരോധ രംഗത്ത് ലോകത്തൊട്ടാകെയുള്ള ആരോഗ്യപ്രവര്‍ത്തകരില്‍ 86 ശതമാനം സ്ത്രീകളാണ്.
ഇന്ത്യയില്‍ ഒമ്പത് ലക്ഷം 'ആശ' പ്രവര്‍ത്തകര്‍ ഇതിനു പുറമെയാണ്. ചുരുങ്ങിയ വേതനത്തിന് വലിയ സേവനം ചെയ്യുന്ന അവര്‍ കോവിഡ് 19 -ന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. അവര്‍ നടത്തുന്ന സേവനം വിലപ്പെട്ടതാണ്.
ചൈനയില്‍ അടച്ചുപൂട്ടല്‍ സമയത്ത് മരുന്നും അവശ്യവസ്തുക്കളും വീടുകളിലെത്തിക്കാന്‍ വനിതാ സംഘങ്ങളുണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പ്രത്യേക കാന്റീനുകളും അവരാണ് നടത്തിയത്.
കൊറോണാ വൈറസ് ഒരുപാട് കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അകന്നിരുന്നും അടുപ്പം പുലര്‍ത്താം എന്നതാണ് ഒന്ന്. അത്യാവശ്യമെന്ന് കരുതിയ പലതും അത്യാവശ്യങ്ങളല്ലെന്നും അതേസമയം മനുഷ്യബന്ധങ്ങള്‍ എന്തിനേക്കാളും വിലപ്പെട്ടതാണെന്നും നാമറിഞ്ഞു. അകന്നിരുന്നും സ്നേഹപ്രകടനമാകാമെന്നും.
ഒപ്പം, നിസ്വാര്‍ഥമായ സമര്‍പ്പണത്തിന്റെ ഉജ്ജ്വല മാതൃകകളെപ്പറ്റി വിവിധ രാജ്യങ്ങളില്‍നിന്ന് നാം മാധ്യമങ്ങള്‍ വഴി അറിഞ്ഞുകൊണ്ടിരിക്കുന്നു. അതിര്‍ത്തികളെ വിലവെക്കാത്ത ഒരു സൂക്ഷ്മ രോഗാണു മനുഷ്യന്റെ സങ്കുചിതത്വത്തെ പരിഹസിക്കുകയും ആത്മാര്‍ഥതയെ വെളിപ്പെടുത്തിത്തരികയും ചെയ്യുന്നു.
കോവിഡിനെതിരെ പടനായികമാര്‍
കോവിഡ് കാലം രാഷ്ട്ര നേതാക്കളുടെ ആത്മാര്‍ഥതയും കാര്യശേഷിയും പരീക്ഷിക്കുന്ന സന്ദര്‍ഭം കൂടിയാണ്. 'ഫോബ്സ്' മാഗസിനിലെ ഒരു ലേഖനം, കുറേ രാജ്യങ്ങളില്‍ സ്വേഛാധിപത്യ സ്വഭാവമുള്ള നേതാക്കള്‍ മഹാമാരിയെ ഒരു തക്കമായി ഉപയോഗപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി. അമിതാധികാരം സ്വന്തമാക്കാന്‍ ഇത് പ്രയോജനപ്പെടുത്തുകയാണവര്‍. അന്യരെ പഴിചാരി സ്വന്തം കഴിവുകേട് മറച്ചുവെക്കുന്നു; ജുഡീഷ്യറിയെയും മാധ്യമങ്ങളെയും വരുതിയിലാക്കി ഇല്ലാത്ത ശക്തി പ്രകടിപ്പിക്കുന്നു അവര്‍. ഈ പട്ടികയില്‍ പേരെടുത്ത് പരാമര്‍ശിച്ച നേതാക്കള്‍ ഇവരാണ്: ട്രംപ് (യു. എസ്), ബോല്‍സനാരോ (ബ്രസീല്‍), ഒബ്രദോര്‍ (മെക്സിക്കോ), മോദി (ഇന്ത്യ), ദുതര്‍തെ (ഫിലിപ്പീന്‍സ്), പുടിന്‍ (റഷ്യ), നെതന്യാഹു (ഇസ്രയേല്‍).
അവിവ വിറ്റന്‍ബര്‍ഗ്-കോക്സ് മാഗസിന്‍ തയാറാക്കിയ ലേഖനത്തിന്റെ തലക്കെട്ട്: 'കൊറോണാ വൈറസിനെ മികച്ച രീതിയില്‍ ചെറുത്ത രാജ്യങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട് - വനിതകളാണ് നേതാക്കള്‍.' എന്നാണ്.
ജര്‍മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സത്യം തുറന്നുപറയാന്‍ കാണിച്ച ആര്‍ജവമാണ്, പ്രശ്നത്തിന്റെ ഗൗരവം മറച്ചുവെച്ച പല നേതാക്കളില്‍നിന്നും അവരെ വേറിട്ടു നിര്‍ത്തിയത്. ജനസംഖ്യയിലെ 70 ശതമാനത്തെ ബാധിക്കാനിടയുള്ള മഹാമാരിയാണിത്; ഗൗരവത്തിലെടുക്കുക- തുടക്കത്തിലേ അവര്‍ പറഞ്ഞു. ഉടനെത്തന്നെ ടെസ്റ്റിംഗിനുള്ള വ്യാപക സജ്ജീകരണങ്ങള്‍ ചെയ്തു. ജനപിന്തുണയോടെ പൊതുനിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ രോഗം കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ ജര്‍മനിയില്‍ മരണം മൂവായിരത്തിലും താഴെ ഒതുങ്ങി. ഡെന്മാര്‍ക്കും (പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സന്‍) നേരത്തേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മരണം 260 മാത്രം.
തായ്‌വാനാണ് രോഗപ്പകര്‍ച്ച ഫലപ്രദമായി നിയന്ത്രിച്ച മറ്റൊരു രാജ്യം. പ്രസിഡന്റ് സായ് ഇങ് വെന്‍ വരാന്‍ പോകുന്ന പകര്‍ച്ച മുന്‍കൂട്ടി കണ്ട്, ജനുവരിയില്‍ തന്നെ 124 പ്രധാന നടപടികളെടുത്തു. ലോക്ക് ഡൗണിന് ഫലപ്രദമായി തുടക്കമിട്ടത് അവരാണ്. സ്വന്തം നാട്ടില്‍ രോഗപ്പകര്‍ച്ച തടഞ്ഞ ശേഷം (ഏപ്രില്‍ 12 വരെ ആറ് മരണം മാത്രം) അവര്‍ യു. എസിനും യൂറോപ്പിനുമായി ഒരു കോടി മുഖാവരണങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ നാട്യങ്ങളില്ലാത്ത രാഷ്ട്ര നേതാവാണ്. കൈക്കുഞ്ഞിനെ പരിചരിക്കെത്തന്നെ ഒരു ഭീകരാക്രമണത്തെയും അഗ്‌നിപര്‍വത സ്ഫോടനത്തെയും കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്‍ക്കശ്യത്തെയും ഇപ്പോള്‍ മഹാമാരിയെയും നേരിടേണ്ടി വന്ന നേതാവ്. എല്ലായ്പ്പോഴും സ്വന്തം ജനങ്ങളെ വലിയ കരുതലോടെ ചേര്‍ത്തു പിടിക്കുന്ന വനിത. അവരും വളരെ നേരത്തേ തന്നെ ജനങ്ങളെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. പുറം രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സ്വയം വീട്ടിലൊതുങ്ങണമെന്ന ചട്ടം ഏര്‍പ്പെടുത്തി - പിന്നീട് പുറത്തുനിന്നുള്ള വരവ് തന്നെ വിലക്കി. ഏപ്രില്‍ പകുതി വരെ മരിച്ചത് നാലു പേര്‍ മാത്രമാണ്.
ഐസ്‌ലന്റ് പ്രധാനമന്ത്രി കത്രീന്‍ ജക്കോബ്സ് ദോത്തിര്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യ ടെസ്റ്റിംഗ് ഏര്‍പ്പെടുത്തി. തുടര്‍ന്നുള്ള ആഗോള പ്രതിരോധ പഠനങ്ങള്‍ക്കും അത് വിലപ്പെട്ട വിവരം ലഭ്യമാക്കിയിട്ടുണ്ട്. രോഗബാധയുള്ളവരെ കണ്ടെത്തിയതിനൊപ്പം അത്തരക്കാരുടെ സഞ്ചാരപാതകള്‍ കണിശമായി, ഫോണ്‍ അടക്കം സാങ്കേതിക വിദ്യകളുപയോഗിച്ച് കണ്ടെത്തുകയും ചെയ്തു. ഇതെല്ലാം കാരണം അവിടെ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) വേണ്ടി വന്നില്ല. സ്‌കൂളുകള്‍ പോലും അടച്ചില്ല. ഫിന്‍ലന്‍ഡില്‍ കഴിഞ്ഞ ഡിസംബറില്‍ സാനമറീന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരി എന്ന ബഹുമതി യോടെയാണ് (34 വയസ്സ്). കോവിഡിനോട് പൊരുതാന്‍ അവര്‍ ഇറക്കിയ സൈന്യം, സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുകളെയാണ്. കൊറോണാ വൈറസ് ബാധക്കു മുമ്പുതന്നെ ഫിന്‍ലന്‍ഡ് സമൂഹമാധ്യമ ശൃംഖല പ്രതിസന്ധി നിവാരണത്തിനു കൂടി പാകപ്പെടുത്തി വെച്ചിട്ടുണ്ട്. സൈബര്‍ ലോകത്തെ ഈ സന്നദ്ധസേന, വിലപ്പെട്ട വിവര വിനിമയ സംവിധാനമായി പ്രവര്‍ത്തിച്ചപ്പോള്‍ 55 ലക്ഷം വരുന്ന ജനങ്ങള്‍ ചിട്ടകള്‍ പാലിച്ച് സുരക്ഷിതരായി നിലകൊണ്ടു. രാജ്യത്തെ കോവിഡ് മരണം 49 ആണ്.
നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ടെലിവിഷനിലൂടെയാണ് ജനങ്ങളോട് സംവദിച്ചത്. മാത്രമല്ല, മറ്റാരും നടത്താത്ത ഒരു പരീക്ഷണം കൂടി അവര്‍ നടത്തി. രാജ്യത്തെ കുട്ടികള്‍ക്ക് മാത്രമായുള്ള വാര്‍ത്താസമ്മേളനമാണത്. മുതിര്‍ന്നവര്‍ക്ക് അതില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുട്ടികള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഒരു അമ്മയുടെ വാത്സല്യത്തോടെയുള്ള മറുപടി. അവര്‍ കൂടെക്കൂടെ അവരോട് പറഞ്ഞത് 'പേടി വേണ്ട, ജാഗ്രത മതി' എന്നല്ല; 'പേടി തോന്നുന്നത് നന്ന്' എന്നാണ്. നോര്‍വേയില്‍ മരിച്ചത് 98 പേര്‍.
ഫോബ്സ് ലേഖിക അവിവ കുറിക്കുന്നു: ലാളിത്യവും കരുതലുമാണ് ഈ വനിതാ നേതാക്കളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. മറ്റു രാജ്യങ്ങളില്‍ നേതാക്കള്‍ സ്വയം വലുതാകാന്‍ ശ്രമിക്കുന്നു. അടിച്ചമര്‍ത്തുന്നു. ബലം പ്രയോഗിക്കുന്നു. വനിതാ നേതാക്കളാകട്ടെ, ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തുന്നു. സ്നേഹവും ആത്മാര്‍ഥതയും കൊണ്ട് ഭരിക്കുന്നു.