മുന്‍പരിചയമില്ലാത്തതും അസാധാരണവുമായ സാഹചര്യങ്ങളില്‍ കൂടിയാണ് ഇത്തവണ വിശുദ്ധ റമദാനിലേക്ക് നാം പ്രവേശിച്ചത്.
മുന്‍പരിചയമില്ലാത്തതും അസാധാരണവുമായ സാഹചര്യങ്ങളില്‍ കൂടിയാണ് ഇത്തവണ വിശുദ്ധ റമദാനിലേക്ക് നാം പ്രവേശിച്ചത്. കൊറോണ മഹാമാരി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ ഭയാനകമായ സ്വാധീനം ചെലുത്തുകയും നമുടെ പല പഴയ ശീലങ്ങളെയും അട്ടിമറിക്കുകയും ചെയ്തു. അണുബാധയുടെ കണ്ണികള്‍ മുറിച്ചുമാറ്റുന്നതിനും പകര്‍ച്ചവ്യാധി അതിവേഗം പടരാതിരിക്കുന്നതിനുമുള്ള മുന്‍കരുതലുകളുടെ ഭാഗമായി ലോകത്തുടനീളവും വിവിധ സംസ്‌കൃതിയിലും വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. മുഴുവന്‍ പള്ളികളും അടച്ചുപൂട്ടി. ജനനിബിഡമായിരുന്ന കഅ്ബ ആളൊഴിഞ്ഞു. വെള്ളിയാഴ്ചകളിലെ ഖുത്വ്ബകള്‍ നിലച്ചു. എല്ലാ പ്രാര്‍ഥനകളും വീടകങ്ങളിലേക്ക് ചുരുങ്ങി.
ഇങ്ങനെയൊരു പ്രതിസന്ധി കാലത്തെ റമദാനാണിത്. എന്നാല്‍ നാം ജീവിക്കുന്ന അസാധാരണമായ ദുരിതഘട്ടം നോമ്പിന്റെ അന്തസ്സത്തയെ ദുര്‍ബലപ്പെടുത്തുന്നില്ല. മാത്രമല്ല, ഈ അവസ്ഥ കൂടുതല്‍ കരുത്ത് പകരുന്നുമുണ്ട്. റമദാന്‍ വ്രതകാലത്തെ ഒരു മാസം നാം നമ്മുടെ തൃഷ്ണകളെക്കൂടി ക്വാറന്റൈന്‍ ചെയ്യുകയാണ്. വ്രതപരിശീലനം ഒരാള്‍ക്ക് ഏതു തരം ലോക്ക് ഡൗണുകളെയും അഭിമുഖീകരിക്കാനുള്ള കരുത്തും ശേഷിയും കൈവരുത്തുന്നുണ്ട്.
ചില പഠനങ്ങളില്‍ കൊറോണയും ലോക്ക് ഡൗണും മൂലം ലോകത്തെ 92 വന്‍കിട നഗരങ്ങള്‍ സമ്പൂര്‍ണ പരിസ്ഥിതി മലിനീകരണ മുക്തി കൈവരിച്ചു എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രകൃതിയുടെയും ഭൂമിയുടെയും ഉപവാസം പോലൊരനുഭവം. പ്രകൃതിക്ക് മാരകമായ പരിക്കേല്‍പിച്ച് ഭൂമിയില്‍ സര്‍വനാശം വിതച്ചുകൊണ്ടിരിക്കുന്ന മനുഷ്യനെയും ആഗോളീകരണത്തിന്റെ ഉപോല്‍പ്പന്നമായ ആര്‍ത്തികളെയും കൊറോണ പിടിച്ചുകെട്ടി. അല്ലാഹു പറയുന്നുണ്ട്; 'ഒരു നാടിനെ നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അന്നാട്ടിലെ സുഖലോലുപരായ ഒരു പറ്റം ആളുകള്‍ക്ക് ആ നാടിന്റെ നിയന്ത്രണാവകാശം നല്‍കും. അവരവിടെ അഴിഞ്ഞാടും. അങ്ങനെ നാമവരെ നശിപ്പിക്കും.'
സമ്പൂര്‍ണ നാശത്തിനു അര്‍ഹരാവും വിധമുള്ള ക്രൂരതകള്‍ പ്രകൃതിയോടും ജീവിതത്തോടും കാണിച്ചിട്ടും ഇത്രയൊക്കെയല്ലേ സംഭവിച്ചിട്ടുള്ളൂ എന്ന് നാം ആശ്വസിക്കണം.
ഉപവാസവും പ്രതിരോധശേഷിയും
ഉപവാസം ശരീരത്തെയും മനസ്സിനെയും വികാരങ്ങളെയും സമ്പൂര്‍ണമായി മെരുക്കുന്നു. വ്രതത്തിന്റെ ശാരീരികവും മാനസികവുമായ ഗുണഫലങ്ങള്‍ ഒട്ടനവധിയാണ്. അവയവങ്ങളായ കരള്‍, ദഹനനാളം, ആമാശയം, വന്‍കുടല്‍, വൃക്കകള്‍, ഗ്രന്ഥികള്‍, സന്ധികള്‍, ഹൃദയം, രക്തക്കുഴലുകള്‍, ചര്‍മം തുടങ്ങിയവയുടെ തകരാറുകള്‍ ഉപവാസം എളുപ്പത്തില്‍ പരിഹരിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പ്രമേഹം, ഹൃദയാഘാതം, കൊളസ്ട്രോള്‍ തുടങ്ങിയവ അത്ഭുതകരമാംവിധം നിയന്ത്രിച്ചു നിര്‍ത്തുന്നുമുണ്ട്. ഉപവാസം നിരവധി രോഗങ്ങളെ തടയുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ, ആക്രമണാത്മക ഫംഗസ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള ശേഷി വ്രതത്തിലൂടെ മെച്ചപ്പെടുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം റമദാന്‍ മാസത്തില്‍ ഉപവസിക്കുന്നതിലൂടെ ഉണ്ടാകുന്ന ആത്മീയമായ കരുത്തും ശക്തിയും മാനസിക സൗഖ്യവുമൊക്കെയാണ്. കൊറോണക്കാലത്ത് ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ പൊലിയുകയുണ്ടായി. അതിലും എത്രയോ ഇരട്ടി പേരുടെ മനോനിലയില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തെ മിക്ക രാജ്യങ്ങളും ശാരീരിക ആരോഗ്യപരിപാലനത്തോടൊപ്പം പൗരന്റെ മാനസിക ആരോഗ്യത്തെക്കൂടി കണക്കിലെടുക്കുന്നത്. ജീവിതത്തെ ശരീരതൃഷ്ണകളുടെ ആഘോഷം മാത്രമായി നോക്കിക്കണ്ടവര്‍ക്ക് പെട്ടെന്നുണ്ടായ അപ്രതീക്ഷിത ലോക്ക് ഡൗണ്‍ ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. ഇറ്റലിയിലും അമേരിക്കയിലുമെല്ലാം മരണനിരക്ക് കൂടാനുള്ള കാരണം ആഘോഷങ്ങള്‍ക്ക് അവധി കൊടുത്തുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെടാതിരുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ മാത്രമാണ് പല രാജ്യങ്ങളിലും മരണനിരക്ക് കുറഞ്ഞത്. വിശ്വാസികള്‍ റമദാന്‍ വ്രതകാലത്ത് നേടിയെടുക്കുന്ന ആത്മനിയന്ത്രണം കോവിഡ് കാലത്തെ പലതിനോടും ചേര്‍ന്നുനില്‍ക്കുന്നുണ്ട്.
അമേരിക്കന്‍ ആരോഗ്യ ശാസ്ത്രജ്ഞരില്‍ ഒരാളായ മാക്ഫാദോണ്‍ പറയുന്നു: 'ഓരോ വ്യക്തിക്കും ഉപവാസം ആവശ്യമാണ്. കാരണം ഭക്ഷണത്തിലെ വിഷവസ്തുക്കള്‍ ശരീരത്തെ രോഗാതുരമാക്കുന്നുണ്ട്. വ്രതത്തിലൂടെ ഒരാളുടെ ശരീരഭാരം കുറയുകയും അതിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യുന്നു. ഈ കാലയളവിനുള്ളില്‍ ശരീരം പൂര്‍ണമായി ശുദ്ധീകരിക്കുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഉപവാസാനന്തരം പുതിയ ഊര്‍ജവും ശക്തിയും ഒരാള്‍ക്ക് അനുഭവപ്പെടുന്നു.'
റഷ്യന്‍ പ്രഫസറായ നിക്കോളായ് പെലൂയി തന്റെ 'ആരോഗ്യത്തിനായുള്ള വിശപ്പ്' എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: 'ജീവിതത്തിലുടനീളം പൂര്‍ണ ആരോഗ്യം ആസ്വദിക്കുന്നതിന് ഓരോ വ്യക്തിയും എല്ലാ വര്‍ഷവും നാല് ആഴ്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഉപവാസം പരിശീലിക്കണം.'
കൊറോണക്കാലത്തെ പെരുന്നാള്‍
കൊറോണക്കാലത്ത് എവിടെയും ആഘോഷങ്ങളില്ല. ആഘോഷം എന്ന പദത്തിന്റെ നിര്‍വചനങ്ങള്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. നമ്മുടെ മുന്‍വിധികളില്‍ കെട്ടിപ്പടുത്ത ഒരു വാര്‍പ്പുമാതൃകയുണ്ടതിന്. മുതലാളിത്ത ആഘോഷ മാതൃകകളില്‍ സ്വന്തം ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്കാണ് പരമസ്ഥാനം. എന്നാല്‍ വിശ്വാസി കൊറോണക്കാലത്ത് അത് തിരുത്തുന്നുണ്ട്. റമദാന്‍ വ്രതക്കാലത്ത് കൂടുതല്‍ ആര്‍ദ്രതയും കാരുണ്യവും വിളക്കിച്ചേര്‍ത്ത് ആത്മീയ ആഘോഷത്തിന്റെ മറ്റൊരു തലം രചിക്കുന്നുണ്ട്.
ശഹീദ് സയ്യിദ് ഖുത്വ്ബ് സഹോദരി അമീനക്കയച്ച കത്തുകളുടെ സമാഹരമായ 'അഫ്‌റാഹു റൂഹ്' (ആത്മാവിന്റെ ആനന്ദങ്ങള്‍) എന്ന പുസ്തകത്തില്‍ ഇങ്ങനെ കുറിക്കുന്നു: 'നാം നമുക്ക് വേണ്ടി മാത്രമായി ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതം ഏറെ ചുരുങ്ങിപ്പോവുകയും ഇടുക്കമുള്ളതായിത്തീരുകയും ചെയ്യുന്നു. നാം അപരര്‍ക്കായി ജീവിക്കുമ്പോള്‍ ഒരു ജീവിതം അധികം ജീവിക്കുന്നു.'
വിശ്വാസിക്ക് ജീവിതം സ്വന്തത്തിനു വേണ്ടി മാത്രമായുള്ളതല്ല. അവന് ഇരട്ട ജീവിതമാണുള്ളത്. സ്വന്തത്തിനും അപരര്‍ക്കും. ഈയൊരു ആശയത്തെ കൊറോണക്കാലത്ത് പൊതുവായും റമദാന്‍ കാലത്ത് സവിശേഷമായും വിശ്വാസി പ്രയോഗവത്കരിക്കുന്നു.
ശരീരത്തിന്റെ ആഘോഷങ്ങളെ കുറച്ച് കാലത്തേക്ക് റദ്ദ് ചെയ്യുകയാണ് വ്രതം. ഒരര്‍ഥത്തില്‍ ശരീരത്തിനെതിരായ ഒരു സമര പ്രഖ്യാപനം കൂടിയാണത്.
മനസ്സിനെയും അതിന്റെ അനിയന്ത്രിതമായ പ്രയാണത്തെയും മുലപ്പാല്‍ കുടിക്കുന്ന പൈതലിനോട് ഉപമിക്കുന്നുണ്ട് ഇമാം ബുസൂരി. നിയന്ത്രിച്ചില്ലെങ്കില്‍ തുടര്‍ന്നു പോകുന്ന പ്രക്രിയയാണത്. ശരീരത്തെയും ആത്മാവിനെയും അതിന്റെ കടിഞ്ഞാണില്ലാത്ത സഞ്ചാരപഥങ്ങളില്‍ നിന്ന് വിമോചിപ്പിച്ചെടുത്ത് ജീവിതത്തിന്റെ മറ്റൊരു കളരിയില്‍ കൊണ്ടു നിര്‍ത്തുകയായിരുന്നു റമദാന്‍. അവിടെ നേരാംവണ്ണം പോരാടി ജയിച്ചവന്റെ ദിനമാണ് ഈദ്.
ആനന്ദത്തിന്റെ യഥാര്‍ഥ ഉറവിടം ശരീരവും അതിന്റെ സുഖാനുഭൂതികളുമാണെന്ന പൊതുബോധത്തെ മുപ്പതു ദിവസത്തെ ആത്മത്യാഗത്തിലൂടെ സ്ഫുടം ചെയ്തെടുത്ത അനിര്‍വചനീയമായ ഒരാഘോഷ സംസ്‌കാരം കൊണ്ട് തിരസ്‌കരിക്കുന്നുണ്ട് ഈദുല്‍ ഫിത്വ്ര്‍.
വിശ്വാസിയുടെ പെരുന്നാള്‍ കലണ്ടറിലെ ഒരക്കത്തില്‍ നിന്ന് പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന ഒന്നല്ല. ബലിയായും വ്രതമായും ക്രമപ്രവൃദ്ധമായി ആഘോഷങ്ങളിലേക്ക് വഴിനടക്കുകയാണവന്‍. കര്‍മങ്ങളുടെ വലിയ നിക്ഷേപങ്ങള്‍ പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസമാണ് അവന് ഈദിന്റെ ഈടുവെപ്പ്.
തൊഴിലിന്റെ ഭാഗമായി ഒരാള്‍ക്ക് ഏല്‍പിക്കപ്പെടുന്ന ഒരു പദ്ധതി അയാള്‍ രാവും പകലും ഊണും ഉറക്കവുമൊഴിച്ച് തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയും അങ്ങേയറ്റം ആത്മാര്‍ഥതയോടെയും വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നിരിക്കട്ടെ. ആ കര്‍മത്തിന്റെ സത്യസന്ധമായ നിര്‍വഹണം മാത്രം അയാളുടെയുള്ളില്‍ നിറക്കുന്ന ആഹ്ലാദത്തിന്റെ പേരാണ് ആഘോഷം. ഇതേ പദ്ധതിയുടെ നിര്‍വഹണത്തില്‍ മറ്റൊരാള്‍ അലസതയോ അലംഭാവമോ കാണിച്ച് അതിന്റെ ശോഭ കെടുത്തിയെങ്കില്‍ അതൊരു തരം മനംപിരട്ടലായി അയാള്‍ക്ക് തന്നെ അനുഭവപ്പെടുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു ശേഷവും അയാളുടെ ആഹ്ലാദത്തിനും ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നഷ്ടപ്പെടുന്നു. ഇതുപോലെയാണ് റമദാനും പെരുന്നാളും. അതിലെ ആഘോഷാനുഭൂതികളിലെ ഉയര്‍ച്ചതാഴ്ചകളും.
ഖുര്‍ആനിനെ ഹൃദയത്തിന്റെ വസന്തമാക്കിയവര്‍, ഖിയാമുല്ലൈലിനെ അല്ലാഹുവിന്റെ സാമീപ്യമാക്കിയവര്‍, ബദ്‌റിനെ നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവുമാക്കിയവര്‍, തൗബയിലും ഇസ്തിഗ്ഫാറിലും മുങ്ങിക്കുളിച്ച് ആത്മാവിന്റെ പാഴ്‌ച്ചേറുകളെ കഴുകിക്കളഞ്ഞവര്‍, അടിച്ചുവീശുന്ന കാറ്റിന്റെ വേഗം കണക്കെ ദാനധര്‍മം നടത്തിയവര്‍, ലൈലത്തുല്‍ ഖദ്റിന്റെ വെളിച്ചത്തെ വാരിപ്പുണര്‍ന്നവര്‍. ഈദുല്‍ ഫിത്വ്ര്‍ ഇവരുടേതെല്ലാമാണ്.
ഈദുല്‍ ഫിത്വ്ര്‍ പ്രായോഗികമായും പ്രതീകാത്മകമായും മനുഷ്യവിമോചനത്തിന്റെ ഉള്ളടക്കത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഈദുല്‍ അദ്ഹാ ദേശാതിര്‍ത്തികളെയും വംശീയതയെയും തിരസ്‌കരിക്കുകയും എല്ലാത്തരം വിവേചനങ്ങളെയും മാറ്റിനിര്‍ത്തി മനുഷ്യന്‍ എന്ന ഒറ്റ കേന്ദ്രത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന സമത്വസുന്ദരമായ ഒരു ലോകത്തിന്റെ സാധ്യത വരച്ചിടുന്നതെങ്കില്‍ ഈദുല്‍ ഫിത്വ്‌റില്‍ ഇത് മറ്റൊരു തരത്തിലാണ് സംഭവിക്കുന്നത്. ക്ഷമിക്കാനും പൊറുക്കാനും സ്നേഹിക്കാനും സഹായിക്കാനും നല്ല വാക്കുകള്‍ മാത്രമോതാനും സാധിക്കുന്ന ദിനങ്ങള്‍. ശാന്തിയുടെയും സമാധാനത്തിന്റെയും സുദീര്‍ഘമായ റമദാന്‍ പകലിരവുകളിലൂടെ സഞ്ചരിച്ച് ഒരു വിശ്വാസി പോലും പട്ടിണി കിടക്കാത്ത ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ഒരു ലോകം സാധ്യമാണ് എന്ന് ചെറിയ പെരുന്നാള്‍ നമ്മോട് പറയുന്നു.
ഒരു ദിവസം പോലും തികയാത്ത നവജാത ശിശുവിന്റെ മുതല്‍ പടുവൃദ്ധരുടെ മേല്‍ വരെ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമായിത്തീരുമ്പോള്‍ ആഘോഷം അതിരുകളില്ലാത്ത ആര്‍ദ്രതയുടെയും സഹാനുഭൂതിയുടെയും സാമൂഹികാനുഭവമായി മാറുന്നു. മുസ്ലിംകളിലെ ഈ സഹാനുഭൂതി ലോകത്തോളം വളരുമ്പോഴാണ് ഇസ്‌ലാം അതിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കുന്നത്.
പട്ടിണിയും വിശപ്പുമില്ലാത്ത, വിശാല മാനവികതയിലധിഷ്ഠിതമായ ഒരു ലോകത്തെക്കുറിച്ച സ്വപ്നങ്ങളിലേക്ക് വാതില്‍ തുറക്കുന്നുണ്ട് ഈദുല്‍ ഫിത്വ്ര്‍. കൊറോണാനന്തര ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂടിയാണ് ചുവടു വെക്കുന്നത്. റമദാനിന്റെയും സകാത്തിന്റെയും ഈദുല്‍ ഫിത്വ്‌റിന്റെയും സഹാനുഭൂതിയുടെ ഭാവം വിശ്വാസികളിലൂടെ ലോകം മുഴുവന്‍ പരക്കേണ്ട സന്ദര്‍ഭം കൂടിയാണ്.
തക്ബീറാണ് പെരുന്നാളിലെ മുദ്രാവാക്യം. തക്ബീറിലൂടെ വിശ്വാസി എളിമയും താഴ്മയും പ്രകടമാക്കുന്നു. മക്കാവിജയം ഉണ്ടാവുകയും ആളുകള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തപ്പോള്‍ മതിമറന്നുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കപ്പുറം ആ വിജയം സാധ്യമാക്കിയ അല്ലാഹുവിന്റെ നാമം ഉറക്കെ പ്രകീര്‍ത്തിക്കാനും വിജയവഴിയില്‍ സംഭവിച്ച പാകപ്പിഴകളില്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടാനുമാണ് ആഹ്വാനം നല്‍കപ്പെട്ടത്. ഇതു പോലെ ചെറിയ പെരുന്നാളില്‍ അല്ലാഹുവിനെക്കുറിച്ച കൂടുതല്‍ ദൃഢമായ സ്മരണകളാണ് ഉണ്ടാവേണ്ടത്. വീടകങ്ങള്‍ കൊറോണക്കാലത്തെ ഈ ഈദ് ദിനത്തില്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകട്ടെ.
പെരുന്നാള്‍ സന്തോഷങ്ങള്‍ എല്ലാവരുടേതുമാണ്. ഈദ് ദിനത്തില്‍ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടുന്ന ആബാലവൃദ്ധം ജനങ്ങള്‍ ഉണ്ടാകണമെന്ന സൂചനകളുള്ള ധാരാളം പ്രവാചകവചനങ്ങള്‍ കാണാം. ആര്‍ത്തവകാരികളായ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രവാചകന്റെ കാലത്ത് ഈദ്ഗാഹുകളില്‍ എത്തിയിരുന്നു. അവര്‍ക്ക് നമസ്‌കാരം നിഷിദ്ധമെങ്കിലും അവരുടെ സാന്നിധ്യത്തെയും അതിലൂടെയുണ്ടാകുന്ന ആഹ്ലാദത്തെയും ഇസ്‌ലാം നിരാകരിക്കുന്നില്ല. ചിലപ്പോള്‍ ഈദ്ഗാഹുകളില്ലാത്ത പെരുന്നാളായിരിക്കാം ഇത്തവണത്തേത്. പക്ഷേ ലിംഗഭേദമില്ലാതെ ഈദ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ വീടകങ്ങളില്‍ പ്രയോഗവത്കരിക്കാം.
പെരുന്നാള്‍ ദിവസം പ്രവാചകന്‍ രാവിലെ പുറപ്പെട്ടുപോയ വഴിയല്ല തിരിച്ചുപോരുമ്പോള്‍ തെരഞ്ഞെടുക്കാറുള്ളത്. മറ്റൊരു വഴിയില്‍ മറ്റൊരു പ്രദേശത്തുള്ള പുതിയ ആളുകളെ സന്ദര്‍ശിച്ചും ആശംസകള്‍ കൈമാറിയും പെരുന്നാള്‍ സന്തോഷങ്ങള്‍ വിപുലീകരിക്കുക എന്ന ഒരു സന്ദേശം ഈ വഴിമാറി നടത്തത്തിലുണ്ട്. അവനവനിലേക്ക് ചുരുങ്ങുന്നതിനു പകരം കൂടുതല്‍ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഹ്വാനം ചെയ്യുന്ന പത്തരമാറ്റ് തിളക്കമുള്ള ആഘോഷം. കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ നമുക്ക് ഹൃദയങ്ങള്‍ ചേര്‍ത്തു നിര്‍ത്താനാകും.