കൊറോണാ കാലവും ചില സ്ത്രീശാക്തീകരണ ചിന്തകളും

അശ്‌റഫ് കീഴുപറമ്പ് No image

പ്രതിരോധങ്ങളെ നിഷ്ഫലമാക്കി കോവിഡ് 19 ബാധിതര്‍ വര്‍ധിക്കുമ്പോള്‍ രോഗം നിയന്ത്രണാതീതമാക്കാനുള്ള ശ്രമകരമായ പോരാട്ട പ്രവര്‍ത്തനങ്ങളുടെ വഴിയെ  നന്മ മരങ്ങളായി  തണല്‍ വിരിച്ച് നടക്കുന്നവര്‍..... 
വംശീയ വര്‍ഗീയതകള്‍ക്കിടയില്‍ മാറ്റി നിര്‍ത്തപ്പെട്ട ചില കൈകള്‍ മഹാമാരിയെ പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായകമായത് തിരിച്ചറിഞ്ഞ ഇടങ്ങളിലെ ചില നേരുകള്‍. ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും കണ്ണികള്‍ കോര്‍ത്തുവെച്ച് സ്വന്തം ജനതയെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന ഭരണാധികാരികള്‍ ... 

അവരുടെ വിശേഷങ്ങള്‍.

..ഡോ. സമീറ സന്‍ജാബിന്റെ വീടിന്റെ മട്ടുപ്പാവില്‍ വലിച്ചുകെട്ടിയ ബാനറില്‍ അവരുടെ പേര് ഇറ്റാലിയന്‍ ഭാഷയില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു. അതിനോട് ചേര്‍ന്ന് ഒരു ഇറ്റാലിയന്‍ ദേശീയ പതാകയും പാറുന്നു. നമുക്കറിയില്ലെങ്കിലും, ഇറ്റലിക്കാര്‍ക്ക് സമീറ സന്‍ജാബ് ഇന്നൊരു ദേശീയ ഹീറോയാണ്. സമീറ (ഇറ്റലിയില്‍ അവര്‍ സമര്‍ എന്നാണ് അറിയപ്പെടുന്നത്) ആരാണെന്നല്ലേ? ഇറ്റലിയില്‍ കൊറോണാ ബാധയേറ്റ് മരിക്കുന്ന നൂറാമത്തെ ഡോക്ടര്‍. 63 വയസ്സ്. സിറിയന്‍ വംശജ. സിറിയന്‍ വംശക്കാരായ അഞ്ച് ഡോക്ടര്‍മാര്‍ ഇതിനു മുമ്പ് ഇറ്റലിയില്‍ കൊറോണാ ബാധയേറ്റ് മരിച്ചിട്ടുണ്ട്.
ദമസ്‌കസിന്റെ പ്രാന്തത്തിലുള്ള 'തെല്ല്' തെരുവില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ സമീറ കിഴക്കന്‍ ഇറ്റലിയിലെ വെനറ്റോ നഗരത്തിലെ ബാദു യൂനിവേഴ്സിറ്റിയിലാണ് മെഡിക്കല്‍ പഠനത്തിന് ചേര്‍ന്നത്. 1994-ല്‍ പഠനം പൂര്‍ത്തിയാക്കി. ജനറല്‍ മെഡിസിനില്‍ വൈദഗ്ധ്യം നേടി. പിന്നെ വടക്കന്‍ ഇറ്റലിയിലെ ട്രവിസോ നഗരത്തില്‍ ക്ലിനിക്ക് തുടങ്ങി. ആ മേഖലയില്‍ എല്ലാവരുടെയും ഇഷ്ടഭാജനമായ കുടുംബ ഡോക്ടര്‍ ആയിരുന്നു അവര്‍. നാട്ടില്‍ കോവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ തന്നെയായ മകനുമൊത്ത് അവര്‍ പ്രതിരോധ -  രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഈ പ്രായത്തില്‍ താന്‍ ഏറ്റെടുക്കാന്‍ പോകുന്ന ദൗത്യത്തിന്റെ അപകടം അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് മകന്‍ ഓര്‍ക്കുന്നു. രോഗം സ്ഥിരീകരിച്ച് രണ്ടാഴ്ചക്കകം അവര്‍ മരണത്തിനു കീഴടങ്ങി. തനിക്ക് ചികിത്സിക്കാന്‍ കഴിയാതെ വന്നതിലുള്ള വിഷമം പങ്കുവെച്ചുകൊണ്ട് തന്റെ രോഗിക്ക് അവര്‍ അയച്ച വാട്ട്സ്ആപ് സന്ദേശം ഇപ്പോള്‍ ഇറ്റലിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തങ്ങള്‍ക്കു വേണ്ടി ഡോക്ടര്‍ രക്തസാക്ഷിയാവുകയായിരുന്നുവെന്ന് അന്നാട്ടുകാര്‍ കണ്ണീരോടെ ഓര്‍ക്കുന്നു.
മരിച്ച ഡോക്ടര്‍മാരിലും ആരോഗ്യ പ്രവര്‍ത്തകരിലും പല ദേശങ്ങളില്‍ നിന്നായി ഇറ്റലിയില്‍ കുടിയേറിപ്പാര്‍ത്തവരുണ്ട്. തദ്ദേശീയരായ ഇറ്റലിക്കാരും ധാരാളമുണ്ട്. എന്നിട്ടും മഹാവ്യാധിക്കെതിരെ പൊരുതി ജീവന്‍ ത്യജിച്ച അറബ് വംശജരെ മീഡിയ പ്രത്യേകം പരിഗണിക്കുന്നു. അതിന് കാരണമുണ്ട്. കോവിഡ് പടര്‍ന്നു പിടിക്കുന്നതിന് തൊട്ടുമുമ്പുവരെ ഏറ്റവും കൂടുതല്‍ പഴി കേട്ടവരായിരുന്നു  അറബ് വംശജരായ ഇറ്റലിക്കാര്‍. അവരുടെ ചെലവിലാണ് ഇറ്റലിയില്‍ തീവ്ര വലതുപക്ഷ വംശീയത ശക്തിപ്പെട്ടത്. തീവ്ര വലതുപക്ഷങ്ങള്‍ ഭരണത്തില്‍ വരെ പങ്കാളികളാണ്. അറബ് കുടിയേറ്റത്തെക്കുറിച്ച് പൊലിപ്പിച്ച കഥകള്‍ മെനഞ്ഞെടുത്ത് സെനോഫോബിയയും ഇസ്ലാമോഫോബിയയും കത്തിച്ചു വിട്ടാണ് നവ ഫാഷിസ്റ്റുകള്‍ അധികാര കേന്ദ്രങ്ങളിലേക്ക് ഇടിച്ചു കയറിയത്.
ഇന്ന് ഇറ്റലിക്കാര്‍ അനുഭവിച്ചറിഞ്ഞ ഒരു ജീവിത സത്യമുണ്ട്. ഭീമാകാരം പൂണ്ട മഹാവ്യാധിക്ക് മുമ്പില്‍ ഭരണകൂട സംവിധാനങ്ങളെല്ലാം നിസ്സഹായമായപ്പോള്‍ അയല്‍ക്കാര്‍ സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പക്ഷേ അയല്‍ക്കാര്‍ അതിര്‍ത്തികളൊക്കെ കൊട്ടിയടച്ച് ഭദ്രമാക്കുന്ന തിരക്കിലായിരുന്നു. മേഖലാ കൂട്ടായ്മയായ യൂറോപ്യന്‍ യൂനിയന്‍ സഹായിച്ചില്ലെന്നു മാത്രമല്ല, ചങ്കില്‍ തറക്കുന്ന അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് അവരെ അപമാനിച്ചു വിടുകയും ചെയ്തു. അന്ന് ഏറക്കുറെ സുരക്ഷിതമായിരുന്ന അമേരിക്കയും ഇറ്റലിക്കാരെ അവരുടെ വിധിക്ക് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നു. സഹായഹസ്തവുമായി വന്നതാകട്ടെ, തങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചൈന, ക്യൂബ, തുര്‍ക്കി പോലുള്ള രാഷ് ട്രങ്ങളും. മാത്രവുമല്ല, ദുരന്തം പൊട്ടിവീണപ്പോള്‍ മുതലാളിത്ത നവലിബറലിസത്തിന്റെ വക്താക്കളായ കോടീശ്വരന്മാരെ എങ്ങും കാണാനുണ്ടായിരുന്നില്ല. സ്വന്തം ജനതയെ സഹായിക്കാന്‍ തയാറാകാതെ അവര്‍ മാളത്തില്‍ പോയി ഒളിച്ചു. ഇറ്റലിയിലെ കുപ്രസിദ്ധമായ മാഫിയ ബില്യന്‍ കണക്കിന് ഡോളര്‍ രോഗികള്‍ക്കായി ചെലവഴിക്കുന്ന അപൂര്‍വ ദൃശ്യത്തിനും ലോകം സാക്ഷിയായി.
ശത്രുവാര്, മിത്രമാര് എന്ന് ഇറ്റലിക്കാര്‍ക്ക് ഇപ്പോള്‍ നന്നായിട്ടറിയാം. തങ്ങളെ സംബന്ധിച്ചേടത്തോളം യൂറോപ്യന്‍ യൂനിയന്‍ മരിച്ചു കഴിഞ്ഞു എന്ന് എണ്‍പത്തിയഞ്ച് ശതമാനം ഇറ്റലിക്കാരും വിധിയെഴുതിയത് അതുകൊണ്ടാണ്. കൊറോണാനന്തര ഇറ്റലി മറ്റൊരു ഇറ്റലിയായിരിക്കുമെന്ന് ഉറപ്പ്. മറ്റു രാജ്യങ്ങളില്‍ വേരുകളുള്ള ഇരുപതിനായിരം ഡോക്ടര്‍മാര്‍ ഇറ്റലിയിലുണ്ടെന്നാണ് അവിടത്തെ അസോസിയേഷന്‍ ഓഫ് ഫോറിന്‍ ഡോക്‌ടേഴ്സിന്റെ കണക്ക്. അവരില്‍ മുവ്വായിരത്തി എഴുനൂറ് പേരും അറബ് നാടുകളില്‍ വേരുകളുള്ളവരാണ്. അറബ് വംശജരായ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗവും സേവനവും അവര്‍ നേരില്‍ അനുഭവിച്ചതാണ്. ഇറ്റലിയില്‍ കുടിയേറുന്ന അറബ് വംശജരില്‍ അധികവും വടക്കനാഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നിന്നും സിറിയയില്‍ നിന്നും ഉള്ളവരാണ്. അവരില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പേരുണ്ട്. ജന്മദേശത്തായാലും രണ്ടാം ദേശത്തായാലും ആരോഗ്യ മേഖലയില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായിരിക്കും അവരുടെ സ്ത്രീ പ്രാതിനിധ്യം. അമ്പത് മുതല്‍ എഴുപത് ശതമാനം വരെ. മഹാമാരിയെ നേരിടുന്നതില്‍ അറബ് കുടിയേറ്റ സമൂഹം കാണിച്ച സേവന സന്നദ്ധതയും ത്യാഗമനസ്സും ഇറ്റലിയില്‍ മാത്രമല്ല, മറ്റു യൂറോപ്യന്‍ നാടുകളിലും അവരോടുള്ള സമീപനത്തില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊറോണക്കാലത്ത് ജീവത്യാഗം ചെയ്ത അറബ് വംശജരായ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഇറ്റലിക്കാരുടെ പ്രത്യേക ആദരവും അവര്‍ക്ക് നല്‍കുന്ന മാധ്യമ പരിഗണനയും അതിന്റെ ഭാഗമാവാം. പ്രായം വകവെക്കാതെയാണ് അവരില്‍ പലരും കോവിഡിനോട് പടപൊരുതാനിറങ്ങിയത്. മരണത്തിന് കീഴടങ്ങിയ മറ്റൊരു സിറിയന്‍ വംശജനായ ഡോക്ടര്‍ അബ്ദുസ്സത്താര്‍ ഐറൂദിന്റെ കാര്യമെടുക്കാം. പ്രായം എഴുപത്തിയഞ്ച്. പ്രാക്ടീസ് പാടേ നിര്‍ത്തിയിട്ടു തന്നെ അഞ്ച് വര്‍ഷമായി. അദ്ദേഹം താമസിക്കുന്ന പ്രദേശത്തും തുടക്കത്തില്‍ തന്നെ രോഗബാധയുണ്ടായി. താന്‍ മുമ്പ് ചികിത്സിച്ച നാട്ടുകാരെ രക്ഷിക്കാനായി അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരുടെ മുമ്പില്‍ നടന്നു. ഇറ്റലിയില്‍ രോഗിയില്‍ നിന്ന് കോവിഡ് പകര്‍ന്ന ആദ്യ ഡോക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇറ്റലിയിലെ ലംബാര്‍ഡി മേഖലയിലെ കോവിഡ് താണ്ഡവമാടിയ ബ്രെസിയ നഗരത്തില്‍ മരണത്തിന് കീഴടങ്ങിയ ഫലസ്ത്വീന്‍ വംശജനായ ഡോ. തഹ്സീന്‍ കിര്‍സാത്തിന് 60 വയസ്സുണ്ടായിരുന്നു. ഭയപ്പെടരുത്, ഒപ്പമുണ്ട് എന്ന സന്ദേശം എന്നും രാവിലെ അദ്ദേഹം തന്റെ പരിചരണത്തിലുള്ള രോഗികള്‍ക്ക് അയക്കുമായിരുന്നു. മറ്റൊരു രക്തസാക്ഷി ഡോ. അബ്ദുല്‍ ഗനി മക്കി. ഇറ്റലിയിലെ മാര്‍ഷെ മേഖലയിലേക്കായിരുന്നു സിറിയയിലെ അലെപ്പോവില്‍ നിന്ന് അദ്ദേഹം കുടിയേറിയത്. കോവിഡ് ബാധിതനായി മരിക്കുമ്പോള്‍ പ്രായം 79. വൈദ്യമേഖലയില്‍ മാത്രമല്ല, സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വം. മൂത്ത മകള്‍ ലൈലയായിരുന്നു അദ്ദേഹത്തിന് എല്ലാറ്റിനും പിന്‍ബലം. പിതാവിന്റെ സഹായത്തോടെ ലൈല ഒരു ഫാമിലി ക്ലിനിക്കും നടത്തുന്നുണ്ടായിരുന്നു. 'തന്റെ രോഗികളെ പരിരക്ഷിക്കാന്‍ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു.' മകള്‍ ലൈല അല്‍ ജസീറ ന്യൂസിനോട് പറഞ്ഞു.
ഇസ്രയേലിലേക്ക് വന്നാല്‍ ഈ കൊറോണക്കാലത്തും  വംശവെറിക്ക് യാതൊരു മുടക്കവും വരുത്തുന്നില്ല, ഒരു വര്‍ഷത്തിനകം മൂന്ന് തവണ സ്വന്തം ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെടുകയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ അവിടത്തെ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു. ഇരുപത് ശതമാനത്തോളം വരും ഇസ്രയേലില്‍ അറബ് വംശജരുടെ ജനസംഖ്യ. കോവിഡ് അതിവേഗം പടരുന്ന രാജ്യമായിട്ടും അറബ് വംശജര്‍ക്ക് കോവിഡ് പരിശോധനയൊന്നും ആവശ്യമില്ലെന്ന നിലപാടിലായിരുന്നു നെതന്യാഹു. അതിന് ചില മുട്ടുന്യായങ്ങളും പറയാനുണ്ടായിരുന്നു. മാത്രമല്ല, കോവിഡ് ബോധവല്‍ക്കരണ പരസ്യങ്ങള്‍ അറബി ഭാഷയില്‍ വേണ്ടെന്നും വെച്ചു. കൊറോണക്കാലത്തും ഒരു മാറ്റവുമില്ലാതെ തുടരുന്ന അതിഭീകരമായ ഈ വംശീയ വിവേചനമൊന്നും പ്രതിസന്ധി ഘട്ടത്തില്‍ മൊത്തം സമൂഹത്തിനും താങ്ങായി മാറുന്നതില്‍ നിന്ന് അറബ് വംശജരെ പിന്തിരിപ്പിക്കുകയുണ്ടായില്ല. ഇസ്രയേലിന്റെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന അയ്യായിരത്തോളം വരുന്ന ഫലസ്ത്വീനീ വംശജരായ ഡോക്ടര്‍മാരും നഴ്സുമാരും കോവിഡ് വ്യാപനം തടയുന്നതിന് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഇസ്രയേലിലെ ഹോസ്പിറ്റല്‍ കൂട്ടായ്മയുടെ ഭാരവാഹികള്‍ പറഞ്ഞത്, 'അറബ് പ്രഫഷനല്‍ മെഡിക്കല്‍ സംഘം ഇല്ലായിരുന്നുവെങ്കില്‍ ആരോഗ്യ മേഖല രോഗവ്യാപനം തടയാനാവാതെ തകര്‍ന്നു പോകുമായിരുന്നു' എന്നാണ്. രോഗികളെ ചികിത്സിക്കുന്ന മുവ്വായിരം ഡോക്ടര്‍മാര്‍ രോഗബാധയുണ്ടെന്ന സംശയത്താല്‍ വീട്ടില്‍ കഴിയേണ്ടിവന്നതാണ് ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ജൂത സമൂഹവും പതിറ്റാണ്ടുകളായി രണ്ടാംകിട പൗരന്മാരായി ഗണിക്കപ്പെടുന്ന അറബ് സമൂഹവും മുമ്പെങ്ങുമില്ലാത്ത വിധം കൈകോര്‍ത്ത സന്ദര്‍ഭമായിരുന്നു ഇത്. ഈ ത്യാഗമനസ്സ് കാണാതെ വംശീയ വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന നെതന്യാഹുവിന്, നാനാഭാഗത്തു നിന്നും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നതോടെ മുതിര്‍ന്ന അറബ് ഡോക്ടര്‍മാരെ ക്ഷണിച്ചു വരുത്തി 'ശോഭനമായ പൊതു ഭാവിക്കു വേണ്ടി' അവര്‍ നല്‍കുന്ന സേവനങ്ങളെ പ്രകീര്‍ത്തിക്കേണ്ടതായും വന്നു.
ഇസ്രയേല്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കനുസരിച്ച് പതിനെട്ടര ശതമാണ് ഇസ്രയേലിലെ അറബ് ജനസംഖ്യ. എന്നാല്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന അറബ് വംശജര്‍ 20.8 ശതമാനം വരും. ഇസ്രയേലിലെ മൊത്തം ഡോക്ടര്‍മാരില്‍ 17 ശതമാനവും അറബ് വംശജരാണ്. നഴ്സുമാരിലെത്തുമ്പോള്‍ അത് 24 ശതമാനമായും ഫാര്‍മസിസ്റ്റുകളിലെത്തുമ്പോള്‍ 47 ശതമാനമായും ഉയരും. ആശുപത്രികളില്‍ ക്ലീനിംഗ് ജോലി എടുക്കുന്നവരില്‍ 33 ശതമാനവും അറബ് വംശജര്‍ തന്നെ. ആരോഗ്യമേഖലയിലെ സ്ത്രീ - പുരുഷ അനുപാതമെടുത്താല്‍ അറബ് ഫലസ്ത്വീന്‍ വനിതകളായിരിക്കും എപ്പോഴും പുരുഷന്മാരേക്കാള്‍ അല്‍പ്പം മുന്നില്‍. പൊതുമേഖലയില്‍ കടുത്ത വിവേചനത്തിന് ഇരയാവുമ്പോഴും ഡോ. സുആദ് ഹാജ് യഹ്‌യയെപ്പോലുള്ള പ്രഫഷനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, കോവിഡ് മഹാമാരി ഈ വിവേചനത്തിന് അറുതിവരുത്തും എന്ന പ്രതീക്ഷയിലാണ്. അവര്‍ പറയുന്നു: 'ഞങ്ങള്‍ക്കൊന്നും മറുത്തു പറയാന്‍ വയ്യ. പറഞ്ഞാല്‍ പിരിച്ചുവിടും. പ്രശ്നക്കാരെന്നാണ് ഞങ്ങളെക്കുറിച്ചു പറയുക. വൈദ്യമേഖലയില്‍ ഞങ്ങള്‍ ധാരാളം അറിവും പരിചയവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ജീവന്‍ രക്ഷിക്കേണ്ട സമയമാണ്; വംശീയ വിവേചനം ഉപേക്ഷിക്കേണ്ട സമയവും. മരണത്തിന് മുമ്പില്‍ നമ്മളെല്ലാം സമന്മാരല്ലേ. കൊറോണ ഒരുപക്ഷേ ജൂതസമൂഹത്തെ നമ്മളെല്ലാവരും സമന്മാരാണെന്ന ബോധത്തിലേക്ക് എത്തിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.'

ശാക്തീകരണ ചിന്തകള്‍

കോവിഡിന്റെ ഇരകളിലധികവും പ്രായമായവരാണ് എന്നതുപോലെ സത്യമാണ്, അവരിലധികവും പുരുഷന്മാരാണ് എന്നതും. കോവിഡ് ബാധിതരില്‍ എന്തുകൊണ്ട് സ്ത്രീകളുടെ മരണനിരക്ക് കുറയുന്നു? മദ്യപാനവും പുകവലി പോലുള്ള ദുശ്ശീലങ്ങളുമാണ് പുരുഷ മരണസംഖ്യ കൂടാന്‍ കാരണമത്രെ. സ്ത്രീകള്‍ക്ക് ധാര്‍മികമായി മേല്‍ക്കൈ നല്‍കുന്ന പ്രവണത തന്നെയാണിത്. എന്നാല്‍ അര്‍വ മഹ്ദാവി ബ്രിട്ടനിലെ 'ദ ഗാര്‍ഡിയന്‍' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ (ഠവല ലെരൃല േംലമുീി ശി വേല ളശഴവ േമഴമശിേെ ഇീൃീിീ്ശൃൗ:െ ംീാലി) പറയുന്നത് മറ്റു ചില കാര്യങ്ങളാണ്. ഒരു ചോദ്യത്തോടെയാണ് ആ ലേഖനം തുടങ്ങുന്നത്. ജര്‍മനിക്കും തായ്‌വാനും ന്യൂസിലാന്‍ഡിനും പൊതുവായുള്ളത് എന്താണ്? ഈ മൂന്ന് രാഷ്ട്രങ്ങളും ഭരിക്കുന്നത് സ്ത്രീകളാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ അവര്‍ മികച്ച പ്രതിരോധം തീര്‍ക്കുകയും ചെയ്തിരിക്കുന്നു. താസി ഇങ് വെന്‍ മുമ്പ് നിയമം പഠിപ്പിക്കുന്ന പ്രഫസറായിരുന്നു. 2016-ലാണ് അവര്‍ തായ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു തട്ടുപൊളിപ്പന്‍ ടി. വി റിയാലിറ്റി ഷോയിലെ ആങ്കര്‍ അമേരിക്കന്‍ പ്രസിഡന്റായ അതേ വര്‍ഷം. ചൈനയോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ് തായ്‌വാന്‍. കോവിഡ് പെട്ടെന്ന് പടരാന്‍ സാധ്യതയേറെ. വളരെ ആസൂത്രിതമായിരുന്നു താസിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. തായ്‌വാനില്‍ രോഗം സ്ഥിരീകരിച്ചത് നാനൂറ് പേര്‍ക്ക് മാത്രം. അമേരിക്കയിലേക്കും പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പത്ത് ദശലക്ഷം മാസ്‌കുകള്‍ സൗജന്യമായി എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണിനെ നമുക്ക് നേരത്തേ അറിയാം. മസ്ജിദുകളില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ മുസ്‌ലിംകളെ ആശ്വസിപ്പിച്ചും അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും ജസിന്ത ഒപ്പമുണ്ടായിരുന്നു. പല സന്ദര്‍ഭങ്ങളില്‍ നേതൃശേഷി തെളിയിച്ച അവര്‍ കോവിഡ് വ്യാപനം തടയുന്നതിലും വലിയ തോതില്‍ വിജയിച്ചു. ഇതെഴുതുമ്പോള്‍ ഒമ്പതു പേര്‍ മാത്രമാണ് ന്യൂസിലാന്‍ഡില്‍ കോവിഡ് ബാധയേറ്റ് മരിച്ചത്. ദ്വീപ് രാഷ്ട്രമാണ്, ജനസാന്ദ്രത വളരെക്കുറവ് തുടങ്ങിയ അനുകൂല ഘടകങ്ങള്‍ മഹാമാരിയെ തളക്കാന്‍ സഹായകമായിട്ടുണ്ടെങ്കിലും, ജസിന്ദയുടെ നേതൃത്വത്തിനുള്ള പങ്കും കുറച്ചു കാണാനാവില്ല.
അമേരിക്കയെപ്പോലെ, ഇറ്റലിയെപ്പോലെ, ബ്രിട്ടനെപ്പോലെ, ഫ്രാന്‍സിനെപ്പോലെ മഹാമാരി പടര്‍ന്നു കയറിയ രാജ്യം തന്നെയാണ് ജര്‍മനിയും. പക്ഷേ മരണനിരക്ക് 1.6 ശതമാനം മാത്രം. ഇറ്റലിയിലത് 12-ഉം, സ്പെയ്നിലും ഫ്രാന്‍സിലും ബ്രിട്ടനിലും 10-ഉം, ചൈനയില്‍ നാലും ശതമാനമാണെന്ന് ഓര്‍ക്കണം. ജര്‍മനിയില്‍ അറുപതോ എഴുപതോ ശതമാനം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവിടത്തെ ചാന്‍സലര്‍ അഞ്ജല മെര്‍ക്കല്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപകമായി ടെസ്റ്റുകളും നടത്തി. ധാരാളം ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍ തയാറാക്കി. അപ്പോള്‍,  അമേരിക്കയിലെപ്പോലെ കാര്യങ്ങള്‍ വഷളാകാതിരുന്നത് ഈ ഉരുക്കു വനിത കാരണം തന്നെയല്ലേ. ട്വിറ്ററില്‍ ഒരു തമാശ പാറി നടക്കുന്നുണ്ടായിരുന്നു. അമേരിക്കയില്‍ മരണനിരക്ക് വളരെ കൂടുതല്‍ , ജര്‍മനിയില്‍ വളരെ കുറവ്. എന്താ കാരണം? ഉത്തരം: ജര്‍മനിയെ നയിക്കുന്നത് ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് എടുത്ത ഒരു മുന്‍ പ്രഫസറാണ്, അമേരിക്കയെ നയിക്കുന്നത് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ആങ്കര്‍ വേഷമിട്ടയാളും!
ഡെന്മാര്‍ക്കിലും ഫിന്‍ലന്‍ഡിലും വനിതകള്‍ തന്നെയാണ് പ്രധാനമന്ത്രിമാര്‍; യഥാക്രമം മെറ്റി ഫ്രഡറിക്സനും സന്ന മരീനും. സന്ന മരീന്‍ നാല് കക്ഷികള്‍ ചേര്‍ന്ന ഒരു കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നല്‍കുന്നു. ഈ നാല് കക്ഷികളുടെയും തലപ്പത്ത് സ്ത്രീകള്‍ തന്നെ. കോവിഡ് വ്യാപനത്തെ തടയാന്‍ അവരും കൃത്യമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു.
വരാനിരിക്കുന്നത് പുതിയൊരു ലോകക്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. കോവിഡിനെതിരെ പ്രതിരോധ കവചമൊരുക്കുന്നതില്‍ ആണഹന്തയുടെയും വംശവെറിയുടെയും അപ്പോസ്തലന്മാരായ ഡൊണാള്‍ഡ് ട്രംപും ബോറിസ് ജോണ്‍സനുമൊക്കെ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഏറക്കുറെ എല്ലാ വനിതാ ഭരണാധികാരികളും വിജയക്കൊടി പാറിച്ചു.  സ്ത്രീകള്‍ക്ക് കൂടുതലായി നേതൃപദവികള്‍ ലഭിക്കുന്ന ഒരു കാലമാണോ വരാന്‍ പോകുന്നത്?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top