റമദാന്‍ സ്ത്രീവിമോചനത്തിന്റെ  വാര്‍ഷികം

എ. റഹ്മത്തുന്നിസ No image

നോമ്പിന്റെ മാസമായാണ് റമദാന്‍ കണക്കാക്കപ്പെടുന്നത്.  എന്തുകൊണ്ടാണ് വിശ്വാസികള്‍ ഈ മാസത്തില്‍ തന്നെ നോമ്പ് അനുഷ്ഠിക്കുന്നത്? എന്തുകൊണ്ട് മറ്റൊരു മാസത്തില്‍ ആയിക്കൂടാ? ചൂടൊക്കെ ശമിച്ചതിനു ശേഷം,  അതുമല്ലെങ്കില്‍ കൊറോണാ വൈറസുമായി ബന്ധപ്പെട്ട പ്രയാസങ്ങളൊക്കെ തീര്‍ന്നതിനുശേഷം നോമ്പെടുക്കാമെന്ന് എന്തുകൊണ്ടാണ് ആരും ചിന്തിക്കാത്തത്?  ഹിജ്റ വര്‍ഷത്തിലെ റമദാന്‍ മാസത്തിന് എന്താണ് ഇത്ര വലിയ പ്രത്യേകത? ഖുര്‍ആന്‍ തന്നെ അതിനുള്ള ഉത്തരം നല്‍കുന്നുണ്ട്.
''ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. ഖുര്‍ആന്‍ ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം''  (2:185).
  അപാരമായ കാരുണ്യത്തിന്റെ ഭാഗമായി മനുഷ്യര്‍ക്ക് അവന്‍ ഇറക്കിത്തന്ന വിശുദ്ധ വേദഗ്രന്ഥത്തിന്റെ വാര്‍ഷികമാണ് റമദാന്‍. ഖുര്‍ആന്‍ സാധിച്ച വിപ്ലവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വളരെ പെട്ടെന്ന് നടന്നതുമായ ഒന്നാണ്  സ്ത്രീസമൂഹത്തെ അജ്ഞതയുടെയും  അന്ധവിശ്വാസത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും  കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിച്ചു എന്നത്. ചരിത്രം അന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും നല്ല സംസ്‌കാരസമ്പന്നമായ ഒരു സാമൂഹിക വ്യവസ്ഥിതിക്ക് തുടക്കം കുറിക്കുകയാണ്  ഖുര്‍ആന്‍ ചെയ്തത്.
ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പുള്ള ജാഹിലിയ്യാ കാലത്തെ സ്ത്രീ അവസ്ഥ മനസ്സിലാക്കുമ്പോഴാണ് ഖുര്‍ആന്‍ സാധിച്ച വിപ്ലവത്തിന്റെ മഹത്വം വ്യക്തമാവുക. അത് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്:
'അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷ വാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ!' (ഖുര്‍ആന്‍: 16: 58,59).
പെണ്‍കുഞ്ഞിന്റെ ജനനം അപമാനമായി കണക്കാക്കിയിരുന്നതിനാലും വളര്‍ന്നു കഴിഞ്ഞാല്‍ മൃഗങ്ങളേക്കാള്‍ മോശമായ ജീവിതമായിരിക്കും അവള്‍ക്ക് നയിക്കേണ്ടി വരിക എന്നതിനാലും അവര്‍ പെണ്‍കുട്ടികളെ ചെറുപ്പത്തില്‍തന്നെ ജീവനോടെ കുഴിച്ചുമൂടുക പതിവായിരുന്നു. അങ്ങാടിയില്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന, അനന്തരം എടുക്കാന്‍ സാധിക്കുന്ന ഒരു ചരക്കായിട്ടാണ് സ്ത്രീയെ അവര്‍ കണക്കാക്കിയിരുന്നത്. വിദ്യ അഭ്യസിക്കാന്‍ അവകാശമില്ലാത്ത, കേവല ലൈംഗിക ഉപകരണം മാത്രമായിരുന്നു അന്ന് സ്ത്രീകള്‍.
ഈ ദുരവസ്ഥക്ക് പ്രധാന കാരണം സ്ത്രീ പുരുഷനെപ്പോലെയല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നും അവള്‍ക്ക് ആത്മാവില്ല എന്നും ആദിപാപത്തിന് അവളാണ് ഉത്തരവാദി എന്നുമൊക്കെയുള്ള സങ്കല്‍പങ്ങള്‍ ആയിരുന്നു. ഈ മൂഢ സങ്കല്‍പങ്ങളെ  വേരോടെ പിഴുതെറിയുകയും, പടിപടിയായി സ്ത്രീയുടെ പദവി ഉയര്‍ത്തിക്കൊണ്ടുവരികയും, അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ആദരവും ബഹുമാനവും അര്‍ഹിക്കുന്ന സൃഷ്ടിയായി സമൂഹത്തില്‍ അവതരിപ്പിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. സ്ത്രീ എന്നര്‍ഥം വരുന്ന 'അന്നിസാഅ്' അധ്യായത്തില്‍ അല്ലാഹു പറയുന്നു:
''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്' (4:1).
ശക്തമായ ശൈലിയില്‍ ഈ സൂക്തത്തിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നു;  മനുഷ്യര്‍, ആണാവട്ടെ പെണ്ണാവട്ടെ,  ഒരേ മൂലകത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ യാതൊരു  ഉച്ചനീചത്വവും ഇല്ല. ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പോലുള്ള സങ്കല്‍പങ്ങളൊക്കെ ഖുര്‍ആനിക അധ്യാപനത്തിന് വിരുദ്ധമാണ്.
'അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നല്‍കി. പൗത്രന്മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ?'
പെണ്‍കുഞ്ഞിന്റെ ജനനത്തെ  ശാപമായും അപമാനമായും കണ്ടിരുന്ന അറേബ്യന്‍ ഗോത്രങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ്, അതിനെ ഒരു സന്തോഷ വാര്‍ത്തയായി ('ബുശ്ശിറ' 16: 58,59) പ്രതിപാദിക്കുന്ന സൂക്തത്തില്‍ അല്ലാഹു നല്‍കുന്നത്.
പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവര്‍ക്ക് വരാന്‍ പോകുന്ന ഏറ്റവും മോശമായ അവസ്ഥയെ കുറിച്ചും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു: 'കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍; ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്' (81: 8,9).
തന്നെയുമല്ല, ആദിപാപത്തിന്റെ ആരോപണത്തില്‍ നിന്നും, കറയില്‍ നിന്നും ഹവ്വയെ മാത്രമല്ല എല്ലാ സ്ത്രീകളെയും ഖുര്‍ആന്‍ മോചിതരാക്കി. ഏഴ് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഒരിടത്തുപോലും ഹവ്വയെ മാത്രമായി ആക്ഷേപിക്കുന്നത് നമുക്ക് കാണുക സാധ്യമല്ല. എന്നാല്‍ ഒരു സൂക്തത്തില്‍ ആദമിനെ മാത്രമായി വിമര്‍ശിക്കുന്നുണ്ട്; 
'എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള്‍ നാം കല്‍പിച്ചു: ഇവിടെ നിന്നിറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് കുറച്ചു കാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും' (2: 36).
ഖുര്‍ആനിലെ 7:20 - 24, 20: 117 - 123 സൂക്തങ്ങള്‍ കൂടി വായിക്കുക.
ആദിപാപവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ വന്നിട്ടുള്ള സൂക്തങ്ങളില്‍ നിന്ന് മനസ്സിലാവുന്ന കാര്യം ഇതാണ്: അവര്‍ രണ്ടു പേരും പാപം ചെയ്തു. രണ്ടു പേര്‍ക്കും അല്ലാഹു പൊറുത്തു കൊടുത്തു. ഈ പാപത്തിന്റെ  ഭാരവും പേറിക്കൊണ്ടല്ല ഒരു കുഞ്ഞും (ആണാകട്ടെ, പെണ്ണാകട്ടെ) ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത്. ആദമിനെ വിലക്കപ്പെട്ട കനി തിന്നാന്‍ പ്രേരിപ്പിച്ചതിനു സ്ത്രീക്ക് ലഭിച്ച ശിക്ഷയാണ് പ്രസവ വേദന തുടങ്ങിയ വിശ്വാസങ്ങള്‍ ഖുര്‍ആനിക അധ്യാപനത്തിന് നിരക്കാത്തതാണ്. മാതൃത്വം ഒരു വലിയ പദവിയായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. സ്രഷ്ടാവ് കഴിഞ്ഞാല്‍ പിന്നെ മനുഷ്യസമൂഹം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും നന്ദി പ്രകടിപ്പിക്കേണ്ടതും മാതാപിതാക്കളോടാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
'മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു; അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തലോ രണ്ട് കൊല്ലം കൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്' (31: 14).
'മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും...' (46: 15).
ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ഖുര്‍ആന്‍ ആദ്യം മനുഷ്യ സമൂഹത്തോട് ആവശ്യപ്പെട്ടത്  വായിക്കാനാണ്: 'വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍' (96: 1).
ഈ സൂക്തത്തിലൂടെ ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ വിദ്യ അഭ്യസിക്കല്‍ ഖുര്‍ആന്‍ നിര്‍ബന്ധ ബാധ്യതയാക്കി. നബി (സ) വിദ്യ അഭ്യസിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചതിനാല്‍  ഖുര്‍ആന്‍, ഹദീസ്,  ഗോളശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ചുരുങ്ങിയ കാലം കൊണ്ട് വനിതകള്‍ പ്രാവീണ്യം നേടി.
ആത്മീയ കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണ്, പുരുഷന്മാരിലൂടെ മാത്രമേ അവള്‍ക്ക്  ദൈവസാമീപ്യം ലഭിക്കുകയുള്ളൂ എന്നീ വിശ്വാസങ്ങളെ റദ്ദ് ചെയ്യുന്ന  സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം:
'അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല...'    (3: 195).
'പുരുഷനോ സ്ത്രീയോ ആരാവട്ടെ, സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും' (16: 97).
'ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല' (4: 124).
പെണ്ണിന് അല്ലാഹുവിലേക്കടുക്കാന്‍  പുരുഷന്റെയും പുരോഹിതന്റെയും മധ്യസ്ഥതയോ സഹായമോ ആവശ്യമില്ല എന്ന് മേല്‍സൂക്തങ്ങളില്‍നിന്ന് വ്യക്തമാണ്.
ജാഹിലിയ്യാ കാലത്ത് സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യമോ സ്വത്ത് കൈവശം വെക്കാനുള്ള ഉടമസ്ഥാവകാശമോ  ഉണ്ടായിരുന്നില്ല. സ്ത്രീ തന്നെയും അനന്തരം എടുക്കാവുന്ന ഒരു സമ്പത്തും കൈമാറ്റം ചെയ്യാവുന്ന ഒരു ചരക്കുമായി  കരുതിപ്പോന്നിരുന്ന സമൂഹത്തോട് ഖുര്‍ആന്‍ പ്രഖ്യാപിച്ചു:
'മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്' (4: 7).
വിവാഹസമയത്ത് സ്ത്രീക്ക് അവളുടെ തൃപ്തിക്ക് അനുസരിച്ചുള്ള മഹ്‌റ് നല്‍കാന്‍ കല്‍പിച്ചതിലൂടെ സ്ത്രീയുടെ സാമ്പത്തിക സുരക്ഷ ഖുര്‍ആന്‍ ഉറപ്പു വരുത്തി.
'സ്ത്രീകള്‍ക്ക് അവരുടെ മഹ്‌റ് തികഞ്ഞ തൃപ്തിയോടെ നല്‍കുക....' (4: 4).
'... അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ മഹ്‌റ് നല്‍കണം...' (4: 25).
ഖുര്‍ആന് മുമ്പ്  സ്ത്രീയുടെ ഉടമാവകാശം ഒരു പുരുഷനില്‍ നിന്നും മറ്റൊരു പുരുഷനിലേക്ക് മാറുന്ന ഒരു ചടങ്ങായിരുന്നു വിവാഹം. അവളുടെ താല്‍പര്യമോ സമ്മതമോ അക്കാര്യത്തില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. യാതൊരു വിധത്തിലുള്ള അവകാശങ്ങളും ഭാര്യ എന്ന നിലയില്‍  അനുവദിച്ചുനല്‍കിയിരുന്നില്ല. ആണ് പെണ്ണിനെ അടിമയാക്കുന്ന ചടങ്ങ് എന്ന വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പത്തെ മാറ്റിമറിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. ഇണകള്‍ക്ക് രണ്ടു പേര്‍ക്കും കൃത്യമായ അവകാശങ്ങളും ബാധ്യതകളും ഉള്ള ശക്തമായ ഒരു കരാര്‍ ആയിട്ടാണ് വിവാഹത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇണയില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പോലും ഖുര്‍ആന്‍ പുരുഷനോട് കല്‍പ്പിക്കുന്നത് അവളിലെ നല്ല വശങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ്.  വിവാഹമോചനം ഖുര്‍ആന്‍ വളരെ വിശദമായി പഠിപ്പിക്കുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം പരിഗണിക്കേണ്ട കാര്യമാണ്.
'വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തില്‍നിന്ന് ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത്- അവര്‍ പ്രകടമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.    
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നുംതന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ തെറ്റു ചെയ്തും നിങ്ങളത് തിരിച്ചെടുക്കുകയോ?    
നിങ്ങളെങ്ങനെ അവളില്‍നിന്നത് തിരിച്ചുവാങ്ങും? നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍നിന്ന് അവര്‍ കരുത്തുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ!' (4: 1921).
വിവാഹേതര ബന്ധങ്ങളെ ഖുര്‍ആന്‍ ശക്തമായി വിലക്കുന്നുണ്ട് (4:24). 
ദമ്പതികളെ ഇണകള്‍  എന്ന് അര്‍ഥം വരുന്ന 'സൗജ്' എന്ന വാക്കിലൂടെയാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ആ ബന്ധം എത്രത്തോളം ഗാഢമായിരിക്കണമെന്ന്  ഈ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു:
'നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും...' (2: 187).
വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനം പ്രേമവും കാരുണ്യവും ആണ് എന്ന് പഠിപ്പിച്ചു:
'അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി...' (30: 21).
ഖുര്‍ആന്റെ അധ്യാപന പ്രകാരം ഭര്‍ത്താവിന് തന്നിഷ്ടപ്രകാരം കുടുംബം മുന്നോട്ടു കൊണ്ടുപോവുക സാധ്യമല്ല. സ്വന്തം ഇണയുമായി ചര്‍ച്ച ചെയ്തും അഭിപ്രായം ആരാഞ്ഞുമാണ് ചെറിയ കാര്യങ്ങള്‍ പോലും തീരുമാനിക്കേണ്ടത്. 
'മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല...' (2: 233).
ജാഹിലിയ്യാ കാലത്ത് ഒരു പുരുഷന്  എത്ര  സ്ത്രീകളെയും വേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്ന സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് കൃത്യമായ നിബന്ധനകളോടെ പരമാവധി നാലില്‍ പരിമിതപ്പെടുത്തി. അതു തന്നെയും സ്ത്രീയോടുള്ള നീതി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു.
'അനാഥകളുടെ കാര്യത്തില്‍ നീതിപാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്' (4:3).
വിവാഹമോചനത്തിന് അനുവാദം നല്‍കുന്നുണ്ടെങ്കിലും അത് സ്ത്രീയെ തെല്ലും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍  ആവരുത് എന്ന്  ഖുര്‍ആന്‍  ഉണര്‍ത്തുന്നു:
'നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ ഇദ്ദ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്. നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ തങ്ങളുടെ ഇദ്ദ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ വിവാഹം കഴിക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഏറെ സംസ്‌കാരപൂര്‍ണവും വിശുദ്ധവും....' (2: 231, 232).
യോജിച്ചുപോകാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍  സ്ത്രീക്ക് ഭര്‍ത്താവിനെ ഒഴിവാക്കാനുള്ള നടപടിക്രമമാകട്ടെ വളരെ ലളിതമാണ്.
സാമൂഹിക - രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ സ്ത്രീയെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചു: 
'സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു, സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും...' (9:71).
ആദ്യമായി പുരുഷനോട്  ദൃഷ്ടി താഴ്ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീക്ക് അരോചകം ആയേക്കാവുന്ന നോട്ടങ്ങളില്‍ നിന്നും  അവയിലൂടെ എത്തിച്ചേരാവുന്ന  നീചവൃത്തികളില്‍ നിന്നും സ്ത്രീയെ അല്ലാഹു സുരക്ഷിതയാക്കി (24: 32).
പിന്നീട് സ്ത്രീയോടും ദൃഷ്ടി നിയന്ത്രിക്കാനും ശരീരം മറയ്ക്കാനും ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. എന്തിനു വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: 'നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും...' (33: 59).
എന്നുവെച്ചാല്‍ ആര്‍ക്കും പ്രാപിക്കാന്‍ കഴിയുന്ന പുറമ്പോക്ക് അല്ല താന്‍ എന്ന് സമൂഹത്തെ അറിയിക്കാന്‍. 
സ്ത്രീയുടെ അഭിമാനത്തിനു വ്രണമേല്‍ക്കുന്ന ഒന്നും ഖുര്‍ആന്‍ അനുവദിക്കുന്നില്ല: 'നാലു സാക്ഷികളെ ഹാജരാക്കാതെ ചാരിത്രവതികളുടെ മേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടി വീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍ തന്നെയാണ് തെമ്മാടികള്‍' (24: 4).
വീടിനകത്തും പുറത്തും സ്വതന്ത്രവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച് ശോചനീയമായ  അവസ്ഥയില്‍ നിന്നും സ്ത്രീയെ ഏറ്റവും ആദരിക്കപ്പെടേണ്ടുന്ന ഒരു സൃഷ്ടിയായി അല്ലാഹു ഖുര്‍ആനിലൂടെ ഉയര്‍ത്തി. ആരാധനാനുഷ്ഠാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങളേക്കാള്‍ എത്രയോ അധികം സൂക്തങ്ങള്‍ സ്ത്രീയുടെ അവകാശത്തെ കുറിച്ചും സമൂഹത്തിന് അവളോടുള്ള ബാധ്യതയെ കുറിച്ചും പ്രതിപാദിക്കുന്നവയായി ഖുര്‍ആനില്‍ കാണാം. ഖുര്‍ആന്‍ നല്‍കിയ  അംഗീകാരവും ആത്മവിശ്വാസവും പ്രവാചകനോടു പോലും തങ്ങളുടെ അവകാശത്തെക്കുറിച്ച് തര്‍ക്കിക്കാനുള്ള ധൈര്യം സ്ത്രീകള്‍ക്ക് നല്‍കി.
'തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്...' (58: 1).
ഏഴാം നൂറ്റാണ്ട് ചരിത്രത്തില്‍ ശ്രദ്ധേയമാകുന്നത്  ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കിയ വിപ്ലവകരമായ വിമോചനത്തിന്റെ പേരിലാണ്. ഖുര്‍ആന്‍ സാധിച്ച ഈ വിപ്ലവത്തിന്റെ ചെറിയ അംശങ്ങളെങ്കിലും നടപ്പില്‍ വരുത്താന്‍ വീണ്ടും പല നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു ഇസ്‌ലാമേതര  സമൂഹങ്ങള്‍ക്ക്.  ഖുര്‍ആനിലൂടെ സഞ്ചരിക്കുമ്പോള്‍ ഖുര്‍ആന്റെ മാസമായ റമദാന്‍ സ്ത്രീവിമോചനത്തിന്റെ വാര്‍ഷികം കൂടിയാണെന്നു കാണാം. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top