ലോകജനതയുടെ മൂന്ന് ശതമാനം ആളുകള്‍ സോറിയാസിസ്, എക്‌സിമ ഉള്‍പ്പെടെയുള്ള ത്വക്ക് രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ്. പാരമ്പര്യവും ജീവിതശൈലിയും രോഗത്തിന് കാരണമാണ്. ഈ രോഗം പകരുമെന്നും സര്‍പ്പദോഷം, ദൈവകോപം, കൈവിഷം, മാരണം ചെയ്യല്‍ തുടങ്ങിയവയുടെ അനന്തരഫലമായി ഉണ്ടായതാണെന്നുമുള്ള ധാരണയും ചില ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ പണ്ട് ഇത്തരം രോഗങ്ങള്‍ക്ക് മന്ത്രവാദം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായിരുന്നു. ഇത്തരം ത്വക്ക് രോഗങ്ങള്‍ ഉള്ളവരെ സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്നു. ഇത് രോഗികള്‍ക്ക് മാനസികവിഷമം ഉണ്ടാക്കുകയും രോഗം മൂര്‍ഛിക്കുകയും ചെയ്യാന്‍ ഇടയാക്കിയിരുന്നു. എല്ലാവിധ ത്വക്ക് രോഗികളും എല്ലാവിധ മാനസിക സംഘര്‍ഷങ്ങളില്‍നിന്നും മാറിനില്‍ക്കേണ്ടതാണ്. അതുപോലെത്തന്നെ സമൂഹവും അവരെ മാറ്റിനിര്‍ത്താനല്ല, ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.
സോറിയാസിസ് & എക്‌സിമ
ചര്‍മകോശങ്ങളുടെ അമിത ഉല്‍പ്പാദനത്താല്‍ ഉണ്ടാകുന്ന ഒരു ചര്‍മരോഗമാണ് സോറിയാസിസ്. കുഷ്ഠത്തിനു സമാനമായാണ് പലരും ഇതിനെ കാണുന്നത്. എന്നാല്‍ ഇതൊരിക്കലും കുഷ്ഠത്തിനു സമാന്തരമല്ല. കുഷ്ഠരോഗികളുമായി വര്‍ഷങ്ങളോളം അടുത്തിടപഴകിയാല്‍ രോഗം വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സോറിയാസിസ് ജീവിതത്തില്‍ ഒരിക്കലും മറ്റൊരാളുമായി ഇടപഴകുന്നതുകൊണ്ടോ, സഹകരിക്കുന്നതുകൊണ്ടോ പകരില്ല. ശരീരത്തില്‍ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ജനിതക കാരണങ്ങള്‍ ഈ രോഗാവസ്ഥക്ക് പ്രധാന കാരണമാണ്.
ലക്ഷണങ്ങള്‍
ശരീരത്തില്‍ ഒന്നോ അതിലധികമോ ഇടങ്ങളില്‍ കാണപ്പെടുന്ന ചുവന്ന് തടിച്ച പാടുകളും അതില്‍നിന്നും വെള്ളനിറമുള്ള ശകലങ്ങള്‍ ഇറങ്ങിവരുന്നതുമാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണം. ഇവ കൂടുതലായി കാണപ്പെടുന്നത് തലയിലും കൈ-കാല്‍മുട്ടുകളിലും പുറത്തുമാണ്. ഒന്നോ രണ്ടോ പാടുകളായി തുടങ്ങി ശരീരത്തിലെ പലയിടങ്ങളിലേക്ക് ഇത് ബാധിക്കും. തലയില്‍ താരന്‍ പോലെ ശകലങ്ങളോ പാടുകളോ ആയി സോറിയാസിസ് തുടങ്ങാം. ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുമ്പോള്‍ സോറിയാസിസായി സംശയിക്കണം. തൊലിപ്പുറമേയുള്ള ലക്ഷണം വെളിപ്പെടുന്നതിന് മുമ്പോ അതിനുശേഷമോ സോറിയാസിസ് സന്ധികളെയും ബാധിക്കും. സന്ധിവേദനയും നീരും ഉണ്ടാകാം. മെറ്റാബോളിക് സിന്‍ഡ്രോം എന്ന ഗുരുതരമായ ജീവിതശൈലീ രോഗവും സോറിയാസിസ് ഉള്ളവരില്‍ കൂടുതലായി കാണപ്പെടുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയാണ് ഈ അവസ്ഥയില്‍ കാണുന്നത്. കൈകള്‍, കാലുകള്‍, തല, നഖം, പല്ല് ഇവയിലൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
ശരീരം മുഴുവന്‍ ചിതമ്പല്‍പോലെ ആകുക, വട്ടത്തില്‍ ത്വക്ക് വരണ്ട് കറുത്ത് കട്ടികൂടുക. അസഹ്യമായ ചൊറിച്ചില്‍ എന്നിവയാണ് എക്‌സിമയുടെ പ്രധാന ലക്ഷണം. ദേഹമാസകലം ഇങ്ങനെ കറുത്തു തടിച്ച് ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് ഇതിലെ കടുപ്പമേറിയ എക്‌സിമ. ശരീരമാസകലം കുമിളകള്‍ പൊങ്ങി നീര് വന്ന് പൊട്ടിയൊലിക്കുന്നതാണ് സോറിയാസിസിന്റെ കടുത്ത പ്രതിസന്ധി.
കാരണങ്ങള്‍
1. ജനിതക കാരണങ്ങള്‍ (പാരമ്പര്യം) പ്രധാന കാരണമാണ്. 2. ജീവിതശൈലി.
ചര്‍മസംരക്ഷണ ക്രീമുകള്‍, സോപ്പുകളുടെ അമിത ഉപയോഗം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചില പ്രത്യേക തരം ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം, പുകവലി, മദ്യപാനം, ചിലതരം ഹാന്‍സ് വസ്തുക്കള്‍, ആസ്ത്മക്ക് ഇംഗ്ലീഷ് മരുന്നുകള്‍ ഉപയോഗിക്കുന്നത്, ഇന്‍ഹേലര്‍ ഉപയോഗം തുടങ്ങിയവയൊക്കെ ഇത്തരം ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാണ്. ഇതുകൂടാതെ വിരുദ്ധാഹാരം ശീലമാക്കുന്നത് (ഒരു സമയത്ത് ഒന്നിലധികം നോണ്‍വെജ് ചേര്‍ത്ത് കഴിക്കുന്നത്) സോറിയാസിസിനും എക്‌സിമക്കും പ്രധാന കാരണമാണ്. ത്വക്ക് രോഗികളില്‍ 90 ശതമാനം രോഗികളും വിരുദ്ധാഹാരങ്ങള്‍ ശീലമാക്കിയവര്‍ ആണെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഗര്‍ഭാവസ്ഥയില്‍ ശ്വാസം മുട്ടലിന് കഴിക്കുന്ന മരുന്നും ഇന്‍ഹേലറും ഡിപ്രഷന് കഴിക്കുന്ന മരുന്നും ഗര്‍ഭസ്ഥ ശിശുവിന് സോറിയാസിസും എക്‌സിമയും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും അലര്‍ജി രോഗങ്ങള്‍ക്കും കാരണമാണ്. മലബന്ധം മറ്റൊരു കാരണമാണ്. എ.സിയുടെ അമിത ഉപയോഗം, തണുപ്പ് കാലാവസ്ഥ എന്നിവയും ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാണ്.
സോറിയാസിസും എക്‌സിമയും പ്രകൃതിചികിത്സയില്‍
പ്രകൃതിചികിത്സയിലൂടെ എത്ര പഴകിയതും രൂക്ഷമായതുമായ സോറിയാസിസിനെയും എക്‌സിമയെയും പരിപൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയും. മാത്രമല്ല സോറിയാസിസും എക്‌സിമയും കൊണ്ട് ഉണ്ടാകുന്ന മറ്റ് അനുബന്ധ രോഗങ്ങളും സുഖപ്പെടുത്താന്‍ കഴിയും. പക്ഷേ ജീവിതാവസാനം വരെ ഭക്ഷണക്രമവും വ്യായാമവും ജീവിതചര്യയും ചിട്ടപ്പെടുത്തേണ്ടതുണ്ട്.
വിരുദ്ധാഹാരം ശീലമാക്കിയവരിലാണ് ഇത് പ്രധാനമായും കാണുന്നത്. ഇറച്ചിയും മീനും മുട്ടയും തൈരും പാലും പഴവും മിക്‌സ് ചെയ്ത് കഴിക്കുന്നതാണ് വിരുദ്ധാഹാരം. നോണ്‍ വെജ് കഴിക്കുമ്പോള്‍ ഒരു സമയത്ത് ഒരു തരം നോണ്‍ വെജ് മാത്രം കഴിക്കുക. 15 ദിവസം മുതല്‍ 21 ദിവസംവരെ നീണ്ടു നില്‍ക്കുന്ന ചികിത്സയും 6 മാസത്തെ ശ്രദ്ധയും ഉണ്ടെങ്കില്‍ എത്ര പഴകിയ രോഗവും പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. എല്ലാ രീതിയിലുള്ള ഭക്ഷണവും മാറ്റണം. ഇറച്ചി, മീന്‍, പാല്‍, മുട്ട എന്നിവ രോഗം മാറുന്നതുവരെ ഒഴിവാക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുള്ള ധാന്യങ്ങള്‍, അണ്ടി വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. കരിക്ക്, കരിമ്പിന്‍ ജൂസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബേക്കറി, ഐസ്‌ക്രീം, കോളകള്‍, മിഠായികള്‍ എന്നിവ ഒഴിവാക്കുക. പച്ചവെള്ളം 10 മുതല്‍ 15 ഗ്ലാസ്സുവരെ ചുരുങ്ങിയത് ഒരു ദിവസം കുടിക്കണം. പച്ചവെള്ളത്തില്‍ കുളിക്കണം. ഒലിവ് ഓയില്‍ ശരീരത്തില്‍ തേച്ച് വെയില്‍ കൊള്ളുക, അെല്ലങ്കില്‍ തേങ്ങ അരച്ച് കുഴമ്പു രൂപത്തിലാക്കി ശരീരത്തില്‍ തേച്ച് വെയില്‍ കൊള്ളുക. കുമ്പളം നീരും തഴുതാമയിലയും അരച്ച് രണ്ട് നേരം കുടിക്കുക. മാതളം ജൂസ്, ബീറ്റ്‌റൂട്ട് ജൂസ് ഇവ ധാരാളം കുടിക്കണം. ചുരക്ക കറിയായും ജൂസായും കഴിക്കേണ്ടതാണ്. കഞ്ഞിവെള്ളത്തില്‍ വേപ്പില അരച്ചു ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയും ഇട്ട് രോഗം വന്ന സ്ഥലത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. പകരം തേങ്ങാപ്പിണ്ണാക്കോ കടലമാവ് കുതിര്‍ത്തതോ ദേഹത്ത് തേച്ച് കുളിക്കുക. കുളിച്ചതിനു ശേഷം ശരീരത്തിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ തേങ്ങ വെന്ത വെളിച്ചെണ്ണ പുരട്ടുക. 3 മാസം വരെ തുടര്‍ച്ചയായി ഇങ്ങനെ ജീവിതശൈലിയും ഭക്ഷണശൈലിയും ചികിത്സയും തുടര്‍ന്നാല്‍ എത്ര മാരകമായതിനെയും സുഖപ്പെടുത്തിയെടുക്കാന്‍ കഴിയും.