ഒരു പശുവിന് തിന്നാനുള്ള പച്ചപ്പുല്ല് ഒരിക്കലും അത് മറ്റൊരു പശുവുമായി സൗഹൃദത്തില്‍ പങ്കിട്ട് കഴിക്കുന്നത് നാം കണ്ടിട്ടില്ല. താന്‍ കൊത്തിപ്പെറുക്കുന്ന അരിമണി പാത്രത്തിലേക്ക് ഒരു കോഴിയും മറ്റൊന്നിനെ ആര്‍ദ്രമായി സഹകരിപ്പിക്കുകയില്ല. താന്‍ നിലനില്‍ക്കണമെങ്കില്‍ അപരര്‍ തുരത്തപ്പെടുകയും നിഷ്‌കാസിതരാക്കപ്പെടുകയും വേണമെന്ന കേവല ജന്തുസഹജമായ ഒരു വാസനാബലം മാത്രമാണതിന്റെ ആധാരം. ഈ ജന്തുശാസ്ത്ര മനശ്ശാസ്ത്രത്തെ മറികടക്കാന്‍ കഴിഞ്ഞതാണ് ഇവരില്‍ നിന്നും മനുഷ്യരാശിയെ ഉയര്‍ത്തി നിര്‍ത്തിയത്. മനുഷ്യ സമൂഹത്തെ നാം ആദരിച്ചനുഗ്രഹിച്ചിരിക്കുന്നു എന്ന് പ്രപഞ്ച സ്രഷ്ടാവ് പ്രഖ്യാപിച്ചതിന്റെ ആന്തര സത്യം ഇതു കൂടിയാണ്. അന്യരെ ഏറെ വാത്സല്യവും കരുണയും ചേര്‍ത്ത് ആശ്ലേഷിച്ച് ഒപ്പം കൂട്ടാനുള്ള ആത്മീയമായ ഒരു സിദ്ധി സ്രഷ്ടാവ് അവര്‍ക്ക് ദാനമാക്കിയിരിക്കുന്നു എന്നാണ് ഈ ആദരപ്രസ്താവനയുടെ അന്തസ്സാരം. ഭൂമിയില്‍ മനുഷ്യജീവിതം തളിര്‍ക്കുകയും പൂത്ത് പരിലസിക്കുകയും ഒരു മഹാനാഗരികത പണിതൊരുക്കാന്‍ സാധിതമാകുകയും ചെയ്തത് നമ്മുടെ കരുതലും പരിഗണനയും തന്നെയാണ്. വ്യക്തി കുടുംബത്തിനു വേണ്ടിയും കുടുംബം വ്യക്തിക്ക് വേണ്ടിയും പരിരക്ഷയൊരുക്കുന്നു. അപ്പോള്‍ അനുഭവിക്കുന്ന നിര്‍ഭയത്വത്തിനകത്ത് സാംസ്‌കാരിക - നാഗരിക വികാസത്തിന് ആത്മീയാവസരമൊരുങ്ങുന്നു. അങ്ങനെ ദീപ്തമായ ആദാനപ്രദാനത്തിലൂടെ നാം വികസിപ്പിച്ച ഒരു സാമൂഹിക നൈതികത നമ്മുടെ കേരളത്തിലും സാധ്യമായി. ദേശവാസികളും അവരില്‍ നിന്നും പ്രവാസം തേടിപ്പോയവരും ഈ സാമൂഹികതയുടെ ഒഴുക്കിന് കാവലിരിക്കുന്നതാണ്.
ഈ കാവലും കരുതലും തന്നെയാണ് മഹാമാരി അശ്വമേധം നടത്തുന്ന ഇക്കാലത്തും സത്യത്തില്‍ നാം അനുഭൂതിയായി അനുഭവിക്കുന്നത്. ദേശമാകെ അടച്ചിടലിന് നിര്‍ബന്ധിതമായ ഇന്നത്തെ തീക്കാലത്തും പാരസ്പര്യത്തിന്റെ സാന്ദ്രസാന്നിധ്യം വീടുകളില്‍ നിന്ന് വീടുകളിലേക്കും അയല്‍പക്കങ്ങളില്‍ നിന്നും അകലഗൃഹങ്ങളിലേക്കും ഉദാരമായി നീങ്ങിനീളുന്ന കാഴ്ചകള്‍ തന്നെയാണ് നാം കാണുന്നത്.
എന്നാല്‍ നമ്മിലെ വിശ്വാസ സ്വാധീനത്തിന്റെയും മാനവിക ബോധ്യത്തിന്റെയും ചൈതന്യം വകഞ്ഞുമാറ്റി നമ്മിലെവിടെയോ ഉറങ്ങിക്കിടക്കുന്ന അഹംബോധങ്ങള്‍ മൃഗീയതയുടെ കള്ളിമുള്‍ക്കാടുകളായി വളരുന്ന സന്ദര്‍ഭങ്ങളും വാര്‍ത്തകളായി സാമൂഹിക മാധ്യമങ്ങളില്‍ നിരങ്ങിനടക്കുന്നു. നമ്മുടെ ഇടങ്ങള്‍ സുരക്ഷിതവും സുഭിക്ഷവുമാക്കാനുള്ള വെപ്രാളത്തില്‍ അപരര്‍ തീക്ഷ്ണമായ ഒഴിവാക്കലുകള്‍ക്ക് വിധേയമാകുന്നു. നിലനില്‍പ് പ്രതിസന്ധിയിലാവുമ്പോള്‍ അപൂര്‍വമായെങ്കിലും നമ്മിലുറങ്ങുന്ന മൃഗീയത തെഴുത്തു വരുന്നു.
കൊടുങ്കാറ്റ് പെയ്യുന്ന മഹാമാരി ദരിദ്രമായ ഇന്ത്യന്‍ ഗ്രാമങ്ങളെ മാത്രമല്ല, വര്‍ത്തമാന ലോകത്തെ തന്നെ നിലംപരിശാക്കി മുന്നേറുന്നതാണ് അനുഭവം. ലോകവേദിയിലെ അതികായത്തമ്പുരാക്കന്മാര്‍ തന്നെ നിസ്സഹായതയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ പോലുള്ള സന്നാഹശുഷ്‌കമായ ഗ്രാമദേശങ്ങളില്‍ ഇതിന്റെ അന്ത്യസന്ദര്‍ഭം എങ്ങനെയായിരിക്കുമെന്നത് കാലം കൊണ്ട് തന്നെ അറിയണം. സ്വാഭാവികമായും ഈ സന്ദിഗ്ധത ഉരുവമാകുന്ന വെപ്രാളം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഗ്രാമങ്ങളിലും നഗരദേശങ്ങളിലും, എന്തിന് ദാനാദാനങ്ങളുടെ മഹായോഗങ്ങള്‍ നിരന്തരം ആവിഷ്‌കരിച്ച് നമ്മെ വിസ്മയിപ്പിച്ച പ്രവാസലോകത്തു പോലും ഒഴിവാക്കലിന്റെ ദീനരംഗങ്ങളെ കുറിച്ച വാര്‍ത്തകള്‍ മഹാമാരിയേക്കാള്‍ വലിയ ദുഷ്ടദീനമായി നമ്മിലേക്കു തന്നെ വിവരങ്ങളായെത്തുബോള്‍ നാം അറിയാതെ സ്തബ്ധരായിപ്പോകുന്നു.
നമ്മിലേക്കെത്തുന്ന തിരസ്‌കാരത്തിന്റെ വാര്‍ത്തകള്‍ അത്രമേല്‍ കരുണാരഹിതമാണ്. പ്രവാസലോകം ഇത്തരം നിരവധി അശുഭവാര്‍ത്തകള്‍ കൊണ്ടുവരുന്നു. ആകാശ വിദൂരതയിലേക്ക് ഊര്‍ന്നുപോകുന്ന വമ്പന്‍ പാര്‍പ്പിട സമുച്ചയങ്ങളില്‍ പൊതുസന്നാഹങ്ങള്‍ പങ്കിട്ട് ഉപജീവനം കണ്ടെത്തിയവര്‍ മഹാമാരി വന്നണഞ്ഞതോടെ അപരങ്ങളെ തിരസ്‌കരിക്കുന്നുവത്രെ. നേര്‍ത്ത ശാരീരിക പ്രയാസങ്ങള്‍ പിടിപെടാത്തവര്‍ പോലും പരസ്പരം സംശയിക്കുകയും സംശയം ഒഴിവാക്കലുകള്‍ക്ക് നിമിത്തമാവുകയും ചെയ്യുന്നു. രോഗഭീതി സുഹൃത്തുക്കളെ പരസ്പരം അകറ്റിത്തുടങ്ങുന്നു. നിസ്സാരമായി ഏതു ശാരീരിക അവശതകള്‍ പ്രകടിപ്പിക്കുന്നവരെ പോലും മറ്റുള്ളവര്‍ നിര്‍ദയം പുറത്താക്കുന്നു. ആരോരുമില്ലാത്ത ആ മരുഭൂമിയില്‍ ഇങ്ങനെയുള്ള തിരസ്‌കൃതന്‍ ദിവസങ്ങളോളം താഴെ നിര്‍ത്തിയ സ്വന്തം കാറിനകത്ത് കഴിയേണ്ടിവന്നത്രെ. ഇങ്ങനെ ഒരാള്‍ മാത്രമാകണമെന്നില്ല. ഒഴിവാക്കപ്പെടല്‍ ഭീകരതയില്‍പ്പെട്ട നിരവധി പേര്‍ കണ്ടേക്കും.
മഹാരോഗത്തിന്റെ തീക്ഷ്ണതയില്‍പ്പെട്ട ഒരു ഇന്ത്യന്‍ നഗരത്തില്‍ നിന്ന് ജോലിയവസാനിപ്പിച്ച് മൂന്ന് നാല് യുവാക്കള്‍ കിട്ടിയ ജലനൗകയില്‍ കയറി സ്വന്തം ജന്മദ്വീപിലെത്തിയത്രെ. ഇവര്‍ ആശ്രയസ്ഥാനത്തേക്കാണെത്തിയതെന്നും അവര്‍ക്കു കൂടി അവകാശപ്പെട്ടതാണീ ജന്മദ്വീപെന്നും ദേശവാസികള്‍ ഒരു നിമിഷം മറന്നുകളഞ്ഞു. ഇവര്‍ പ്രതിഷേധങ്ങളുമായി ഭരണസിരാകേന്ദ്രത്തിലേക്ക് തള്ളിക്കയറുകയായി. നിസ്സഹായരായ ഈ യുവാക്കള്‍ക്ക് ദേശം വിട്ട് അഭയം തേടി വിദൂരതയിലേക്ക് സഞ്ചരിക്കേണ്ടിവന്നു. അവിടെയും അവര്‍ തുരത്തപ്പെടാന്‍ സന്നാഹമൊരുക്കുന്നത് സ്വന്തം സഹോദരന്മാര്‍ തന്നെയാണെന്നത് ഈ യുവാക്കളെ വേദനിപ്പിച്ചുകാണും.
ഇന്ത്യയാകെ അടച്ചുപൂട്ടിയപ്പോള്‍ മഹാരാഷ്ട്രയിലെ ഒരു നഗരപ്രാന്തത്തിലെ തൊഴില്‍ശാലയും വിജനമായി. ഉപജീവനം മുടങ്ങി തൊഴിലാളികള്‍ സ്വന്തം ദേശഗ്രാമങ്ങളിലേക്ക് ലാവണം തേടി. ഇതിലെ മൂന്ന് യുവാക്കള്‍ ലക്ഷദ്വീപുകാര്‍. ആത്മസംഘര്‍ഷ കാലത്ത് വീടും നാടും അഭയമാകുമെന്ന പൊതുതീര്‍പ്പില്‍ ഇവര്‍ കിട്ടിയ ജലനൗകയില്‍ നാട് പറ്റി. പക്ഷേ, അവിടെ അവര്‍ക്ക് ത്വാഇഫിലെത്തിയ പ്രവാചകന്റെ ഗതി വന്നുചേര്‍ന്നുവത്രെ. നാട്ടുകൂട്ടം ഇവരെ കരയണയാന്‍ സമ്മതിക്കാതെ നിര്‍ദയം തിരസ്‌കരിച്ചു. അവര്‍ ജട്ടിയില്‍ പ്രതിരോധം തീര്‍ത്തു. കരയണയാന്‍ കഴിയാതെ ഈ യുവാക്കള്‍ തൊട്ടടുത്ത സ്ഥിരം ആള്‍പ്പാര്‍പ്പില്ലാത്ത തുരുത്തിലേക്ക് ബോട്ടോടിച്ചുപോയി. അവരവിടെ എത്തുന്നതിനുമുമ്പേ ഈ വിവരമവിടേക്ക് പറന്നെത്തി. അവിടെയുള്ള തൊഴിലാളികള്‍ ലഗൂണില്‍ ഇവരെ തടഞ്ഞു. ഗതികെട്ട സുഹൃത്തുക്കള്‍ കുംഭമാസച്ചൂടില്‍ തപിക്കുന്ന തകരബോട്ടില്‍ നിന്നു പൊരിഞ്ഞു. ഒടുവില്‍ സര്‍ക്കാര്‍ സന്നാഹമെത്തിയാണീ സാധുക്കളെ കരക്കടുപ്പിച്ചത്. ഈ തിരസ്‌കൃതരുടെ കുഞ്ഞുകുട്ടികളും പുത്രകളത്രങ്ങളും അപ്പോഴും ഈ ദേശത്തിലുണ്ട്. നമ്മളില്‍നിന്നും ഞാന്‍ മാത്രം നിലനില്‍ക്കുകയും അപരര്‍ നിര്‍ദയം മാഞ്ഞുപോവുകയും ചെയ്യുന്ന ദൈന്യസന്ദര്‍ഭം തന്നെയാണിത്. ദല്‍ഹിയില്‍നിന്നും ചെന്നൈ നഗരത്തിലേക്ക് സഞ്ചരിക്കുന്ന ഒരു തീവണ്ടി കൂപ്പയില്‍ അന്നപാനങ്ങള്‍ പങ്കിട്ടും സൗഹൃദങ്ങള്‍ കൊറിച്ചും സാധാരണ സഞ്ചരിക്കുന്നവര്‍. അന്ന് അവരില്‍ ഒരാള്‍ക്ക് പനി ലക്ഷണം. കൂപ്പയിലെ യാത്രികര്‍ ഇയാള്‍ക്കു മുന്നില്‍ ശുചിമുറി കൊട്ടിയടച്ചു. ഇയാളെ പാതിവഴിയില്‍ ഇറക്കിവിടാന്‍ ബഹളം കൂട്ടി. റെയില്‍വേ ജീവനക്കാരുടെ കാരുണ്യത്തിലാണത്രെ ഇയാള്‍ ചെന്നൈ നഗരത്തില്‍ ചെന്നു പറ്റിയത്.
എത്ര പെട്ടെന്നാണ് നമ്മിലെ മാനവസ്നേഹത്തിന്റെ ഉച്ചസൂര്യന്‍ കെട്ടു പോകുന്നത്! നമ്മള്‍ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ. ഇവര്‍ക്കും കുടുംബവും കുട്ടികളുമുണ്ടെന്ന് ഓര്‍ക്കാതിരിക്കാന്‍ മാത്രം ജീവഭയം ഈ മഹാമാരി നമ്മില്‍ സ്ഥാപിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടാണ് പിന്നീട് ഈ യുവാക്കള്‍ക്ക് ജീവിതത്തിന്റെ കടലില്‍ നിന്നും അഭയത്തിന്റെ കരപറ്റാനായത്. മറ്റുള്ളവര്‍ നിസ്സഹായതയുടെ വേതാളക്കയത്തില്‍ അകപ്പെട്ടാലും ഞാന്‍ സുരക്ഷിതനാകണമെന്ന പഴയ ജന്തുസഹജമായ ഒരു അതിജീവനഭയം മാനവികതയുടെ ഉര്‍വരതയിലും നമ്മില്‍ സമാന്തരമായി നിലനില്‍ക്കുന്നു. ഇത് കോവിഡ്കാല പരിമിതികള്‍ തന്നെയാണ്.