ആള്‍ക്കൂട്ടത്തിലും തനിയെ...
മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഒരുപാട് പേരെ പരിചയപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഒരുപാട് പേരെ പരിചയപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍, അതില്‍ വലിയ പ്രൊഫൈലുളളവര്‍ തുടങ്ങി, ജീവിതം അടയാളപ്പെടുത്താന്‍ പോലും സാധിക്കാതെ പോകുന്ന മനുഷ്യര്‍ വരെ ഉള്‍പ്പെടും. അവരില്‍ ചിലരൊക്കെ തുടര്‍ന്നും ബന്ധപ്പെടുകയും തിരിച്ചങ്ങോട്ടും ബന്ധം പുതുക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ഇതില്‍ വളരെ കുറച്ചെണ്ണം മാത്രമേ കേവല സൗഹൃദങ്ങള്‍ക്കപ്പുറമുള്ള ആത്മബന്ധമായി വളരാറുള്ളൂ. സ്വയം നിര്‍വചിക്കാനാവാത്ത ഒരടുപ്പം സൂക്ഷിക്കുന്ന തരം ആത്മബന്ധവും അടുപ്പവുമാണ് ലക്ഷ്മിയോടെനിക്കുള്ളത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തു മറയുന്ന മുഖത്തിനപ്പുറം മറ്റൊരാളുടെ മനസ്സിലിടംപിടിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും ലക്ഷ്മിയുടെ മനസ്സിന്റെ നന്മ കാരണമാണ്.
ലക്ഷ്മിയുമായി പരിചയപ്പെട്ടിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ആകെ കണ്ടത് രണ്ടു തവണ. എറണാകുളം ചളിക്കവട്ടത്താണ് താമസം. മകനും മകളുമടങ്ങുന്ന കുടുംബം. ഭര്‍ത്താവ് സത്യശീലന്‍ വിട്ടുപിരിഞ്ഞിട്ട് 13 വര്‍ഷം പിന്നിട്ടു. ഹൃദയാഘാതം മൂലം പെട്ടെന്നുള്ള അഛന്റെ മരണം നടക്കുമ്പോള്‍ മകള്‍ നഴ്‌സിംഗ് രണ്ടാം വര്‍ഷവും മകന്‍ ആറാം ക്ലാസിലും പഠിക്കുകയായിരുന്നു. വീട്ടില്‍നിന്ന് അല്‍പം മാറി ഒരു തയ്യല്‍ കടയുണ്ട്. അതാണ് അന്നും ഇന്നും ലക്ഷ്മിയുടെ ജീവിതമാര്‍ഗം. മകള്‍ ആതിരയുടെ പേരാണ് കടയ്ക്കിട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ലക്ഷ്മി എന്നെ വിളിച്ചു. പ്രയാസങ്ങളും സന്തോഷങ്ങളും വരുമ്പോള്‍ മനസ്സില്‍ ഇഷ്ടമുള്ളവരെയൊക്കെ വിളിക്കാറുണ്ടവര്‍. അതിഭക്തയാണ് ലക്ഷ്മി. അതുകൊണ്ടുതന്നെ അത്തരം ഘട്ടങ്ങളില്‍ ആദ്യവിളി കൃഷ്ണഭഗവാനുള്ളതാണ്. കൃഷ്ണനെല്ലാം കേള്‍ക്കുമെന്നും ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മറികടക്കുന്നത് ആ ശക്തി കൂടെയുള്ളതുകൊണ്ടുമാണെന്ന് വിശ്വസിക്കാനാണ് ലക്ഷ്മിക്കിഷ്ടം. പിന്നെ ഓടിച്ചെല്ലുന്ന ഒരിടം ഡോ. ഗംഗാധരന്‍ സാറിന്റെയടുത്തേക്കാണ്. കുറേ സങ്കടങ്ങള്‍ പറയുമ്പോള്‍ മനസ്സ് ശാന്തമാകും, എല്ലാം ക്ഷമയോടെ കേട്ടിരുന്ന് ഗംഗാധരന്‍ സാറും സമാധാനിപ്പിക്കും. അതില്‍നിന്ന് കിട്ടുന്ന ഊര്‍ജവുമായി കുറച്ചുനാള്‍ ലക്ഷ്മി മുന്നോട്ടു കുതിക്കും. ഇങ്ങനെയൊക്കെയാണ് ലക്ഷ്മി.
ലക്ഷ്മിയുടെ വിളി വന്നപ്പോള്‍ തന്നെ കരുതി, എന്തെങ്കിലും വിശേഷമുണ്ടായിരിക്കുമെന്ന്. സംസാരിച്ചു തുടങ്ങിയപ്പോള്‍ ആകെ ഒരു നിരാശാ സ്വരം. സന്തോഷത്തോടെയിരിക്കുന്ന ലക്ഷ്മിയെ ഫോണിലാണെങ്കിലും മറുതലയ്ക്കല്‍ എനിക്ക് കാണാനാകും, ഇത്തവണ അവള്‍ വല്ലാത്തൊരവസ്ഥയാലാണെന്നു മനസ്സിലായി. എന്താണ് കാര്യമെന്നു ചോദിച്ചപ്പോള്‍ മൂടിക്കെട്ടിയ മാനം പെയ്‌തൊഴിയുന്നതുപോലെ ലക്ഷ്മി പറഞ്ഞുതുടങ്ങി; ജീവിതത്തിന്റെ ഏകാന്തതയെക്കുറിച്ച്, ഒറ്റപ്പെടലിനെക്കുറിച്ച്, കൂടെ ആരും ഇല്ലാതാകുന്നു എന്ന തോന്നലിനെക്കുറിച്ച്... ലക്ഷ്മി പറഞ്ഞുകൊണ്ടേയിരുന്നു. കാന്‍സറിനെ സധൈര്യം നേരിട്ട ഒരാളെന്തിന് ഇങ്ങനെ നിരാശപ്പെടുന്നു എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാന്‍ ലക്ഷ്മിയെ സന്തോഷിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. ലക്ഷ്മി സങ്കടപ്പെടുന്നതിന്റെ കാര്യം മറ്റൊന്നുമല്ല, മക്കളെല്ലാം വളര്‍ന്നു വലുതായി അവരുടേതായ ലോകത്തേക്ക് പ്രവേശിച്ചു. ഇപ്പോള്‍ താന്‍മാത്രം ഒറ്റക്കായല്ലോ എന്ന ചിന്ത ഇടയ്ക്കിടെ കടന്നുവരുന്നു. എന്നോട് മനസ്സുതുറന്നതിന്റെ സമാധാനത്തില്‍ ലക്ഷ്മിയുടെ ഒരുദിനം കൂടി കടന്നുപോയി.
ലക്ഷ്മിയുടെ ജീവിതത്തെ മാറ്റിമറിച്ച കാലത്തെക്കുറിച്ചുകൂടി പറഞ്ഞാലേ ചിത്രം പൂര്‍ണമാകൂ. ലിംഫോമ എന്ന ഒരു തരം കാന്‍സറായിരുന്നു ലക്ഷ്മിയെ പിടികൂടിയത്. വയറുവേദനയും നടുവേദയുമായായിരുന്നു തുടക്കം. ഭര്‍ത്താവ് മരിച്ച് ഏറെ നാളുകളായില്ല, അതിനിടയിലാണ് മറ്റൊരാഴക്കയത്തിലേക്ക് ജീവിതം ചെന്നുവീഴുന്നത്. ആ നാളുകളെക്കുറിച്ച് ലക്ഷ്മി ഇന്നുമോര്‍ക്കുന്നു. വിദ്യാര്‍ഥികളായ മക്കളെയും കൊണ്ട് ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ചിന്തിച്ചുപോയ നാളുകള്‍. പ്രായം 44 മാത്രമാണ് ലക്ഷ്മിക്കന്ന്. മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ പൊടുന്നനെ കെട്ടടങ്ങുകയായിരുന്നു.
അസുഖത്തെക്കുറിച്ചറിഞ്ഞപ്പോള്‍ കണ്ണില്‍ ഇരുട്ടുകയറിയതു പോലെയായിരുന്നു. എങ്ങനെ മുന്നോട്ട് പോകും? അഛന്റെയടുത്തേക്ക് നമുക്കും പോയാലോ എന്ന് ലക്ഷ്മി മക്കളോട് ചോദിച്ചു. നമുക്ക് നോക്കാം അമ്മേ, ഇപ്പോഴൊന്നും തീരുമാനിക്കല്ലേ എന്ന മക്കളുടെ സ്‌നേഹത്താലുള്ള ചേര്‍ത്തുനിര്‍ത്തല്‍. എന്തു തീരുമാനമെടുക്കുന്നതും നമ്മള്‍ മൂന്നു പേരുമായിരിക്കണം എന്ന മക്കളുടെ കരളുറപ്പിനു മുന്നില്‍ ലക്ഷ്മി നിസ്സഹായതോടെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു. ഒരിക്കലും കൈവിടാത്ത ദൈവങ്ങളോട് ലക്ഷ്മി ഒന്നുമാത്രമേ കരഞ്ഞു പറഞ്ഞുള്ളൂ; മക്കളെ വളര്‍ത്താനുള്ള കഴിവും ശക്തിയും തരണമെന്ന് മാത്രം. ചികിത്സ തുടങ്ങി. ലിംഫോമ എന്ന അര്‍ബുദം പല തരത്തിലുണ്ട്. അത് ശരീരത്തിന്റെ എവിടെ വേണമെങ്കിലും ബാധിക്കാം. തലച്ചോറ് തുടങ്ങി എല്ലുകള്‍ക്കുവരെ. വിട്ടുമാറാത്ത പനി, അകാരണമായ തൂക്കക്കുറവ്, രാത്രി വലിയ തോതില്‍ വിയര്‍ക്കുക, ചൊറിച്ചിലുണ്ടാകുക ഇതെല്ലാമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വയറിനകത്തായിരുന്നു ലക്ഷ്മിക്ക് രോഗബാധ. ചികിത്സക്കൊപ്പം തന്നെ കുടുംബത്തിന്റെ കരുതലും കൂടിയായപ്പോള്‍ ലക്ഷ്മി ധൈര്യം നേടിക്കൊണ്ടിരുന്നു. അമ്മയും അഛനും സഹോദരനും സഹോദരന്റെ ഭാര്യയുമെല്ലാം കൈയെത്തും ദൂരെ നിന്നുതന്നെ ലക്ഷ്മിയുടെ കൂടെ നിന്നു.
കാന്‍സര്‍ ബാധിതരായ ഏതൊരാള്‍ക്കും വേണ്ടത് ഇത്തരത്തില്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണയും കരുതലും തന്നെയാണ്. കീമോ എന്ന പേരില്‍ ശരീരത്തിലേക്ക് പ്രവഹിക്കുന്ന രാസവസ്തുക്കളെ അതിജീവിക്കാനുള്ള ശക്തിയാര്‍ജിക്കുന്നത് ഇതില്‍നിന്നെല്ലാമാണ്. സാമ്പത്തികമായുള്ള സഹായങ്ങള്‍ എങ്ങനെയെങ്കിലും ലഭിക്കുമെങ്കിലും ഞങ്ങളുണ്ട് കൂടെ എന്നുപറയാനുള്ള സുഹൃത്തോ സഹോദരിയോ ഉണ്ടാകുക എന്നത് വലിയ ഭാഗ്യം കൂടിയാണ്. ആ കാര്യത്തില്‍ ലക്ഷ്മി അതിസമ്പന്നയാണ് എന്നുതന്നെ പറയാം. സതി എന്ന കൂട്ടുകാരിയുമായുള്ള ബന്ധം അത്രമേല്‍ വലുതാണ് ലക്ഷ്മിക്ക്. ഡോ. ലളിതാംബികയുടെ അനുജത്തിയാണ് സതി. തൃശൂരിലാണ് താമസം. നാല്‍പതു വര്‍ഷത്തെ കൂട്ടാണ് സതിയും ലക്ഷ്മിയും തമ്മിലുള്ളത്. ഏറെ ആശങ്കയോടെയാണ് സതി ആ നാളുകളില്‍ ലക്ഷ്മിയെ കാണാനെത്തിയിരുന്നത്. എന്നാല്‍ രോഗത്തിന് കീഴ്‌പ്പെടില്ല എന്ന കരുത്തുമായി മുന്നോട്ടുപോകുന്ന ലക്ഷ്മിയെ കണ്ട് സതി അത്ഭുതപ്പെടുകയായിരുന്നു. ചികിത്സയുടെ നാളുകളില്‍ തന്നെ ലക്ഷ്മി തയ്യല്‍ കടയിലെത്തി ജോലി ചെയ്തുകൊണ്ടിരുന്നു. കൈവേദനയൊക്കെ വരുമെങ്കിലും അതൊന്നും കാര്യമാക്കിയിരുന്നില്ല. വേദന കൂടുമ്പോള്‍ ഡോ. ഗംഗാധരന്‍ സാറിന്റെ അടുത്തെത്തും. അദ്ദേഹത്തെ കാണുന്നതു തന്നെ ആശ്വാസമെന്ന് കരുതുന്ന ലക്ഷ്മി തിരിച്ചെത്തി ആവേശത്തോടെ ജീവിതം നെയ്‌തെടുക്കും.
ചെറിയ സ്വപ്‌നങ്ങളെല്ലാം ലക്ഷ്മി ഇന്ന് യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. മക്കളെ പഠിപ്പിച്ചു. ചെറിയൊരു വീടു വെച്ചു. ഓങ്കോളജിയില്‍ നഴ്‌സിംഗ് പാസായ മകളെ വിവാഹം ചെയ്തയച്ചു, അവള്‍ വിദേശത്ത് ഭര്‍ത്താവിനൊപ്പം ജോലി ചെയ്തു ജീവിക്കുന്നു. 24-ുകാരനായ മകന്‍ എം.സി.എ കഴിഞ്ഞ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ജോലിചെയ്യുന്നു. അവനിഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. സന്തുഷ്ടയാകാനിതില്‍ കൂടുതല്‍ എന്തുവേണം അല്ലേ?
ഇങ്ങനെ സന്തുഷ്ടരാകുന്നു മനുഷ്യര്‍ എന്നു നാമെല്ലാം കരുതുമ്പോഴാണ് ലക്ഷ്മിയെപ്പോലെയുള്ള ജീവിതങ്ങള്‍ വല്ലാതെ നിരാശ തോന്നുന്നു എന്നു വിളിച്ചുപറയുന്നത്. മനുഷ്യന് നേരിടുന്ന ഏകാന്തത എന്ന അവസ്ഥക്ക് അത്രമേല്‍ പ്രഹരമേല്‍പ്പിക്കാനാകും. ആള്‍ക്കൂട്ടത്തില്‍ പോലും ഒറ്റപ്പെട്ടുപോയി എന്ന് മനസ്സില്‍ തോന്നിത്തുടങ്ങും. ഇതിനെയും ലക്ഷ്മി തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്; സതിയെപ്പോലുള്ള സൗഹൃദങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്. കൂട്ടുകാരിയുമൊന്നിച്ചുള്ള യാത്രകള്‍, അത് ചിലപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കോ വൈക്കത്തപ്പന്റടുത്തേക്കോ ആയിരിക്കും. മറ്റു ചിലപ്പോള്‍, തന്നെ ചേര്‍ത്തുനിര്‍ത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളുടെ സമീപത്തേക്കായിരിക്കും. തന്നെ കേള്‍ക്കാനും സമാശ്വസിപ്പിക്കാനുമുള്ള അത്താണി തേടിയുള്ള യാത്രകള്‍ ലക്ഷ്മി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.