54 വര്‍ഷത്തെ ഡയറിക്കുറിപ്പുകള്‍. അത് ഏതെങ്കിലും വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കാം. പിന്നെ അതൊരു പുസ്തകമാക്കാം. അതിന്റെ റോയല്‍റ്റി കൊണ്ട് ധനികനാകാം. ഒരുപക്ഷേ ആ പുസ്തകത്തിന് അവാര്‍ഡ് കിട്ടും. എനിക്ക് പത്മഭൂഷണെങ്കിലും കിട്ടിയെന്ന് വരും. ജ്ഞാനപീഠമായാലും അതിശയിക്കാനില്ല.
എത്ര വലിയ നഷ്ടമാണ് എനിക്കുണ്ടായതെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്. കാരണം, കഴിഞ്ഞ 54 വര്‍ഷമായി ഞാന്‍ ഡയറിയെഴുതാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. എഴുതിയിട്ടില്ല.
ഓരോ പുതുവര്‍ഷത്തിലും ഞാനെടുക്കുന്ന തീരുമാനമാണ്, അക്കൊല്ലം ഡയറിയെഴുത്ത് തുടങ്ങുമെന്നത്.
ആ പ്രതിജ്ഞ പാലിക്കാത്തതിന് ഞാനൊടുക്കുന്ന വില നോക്കൂ. അതറിയുന്നത് അക്കിത്തത്തെ പോലുള്ളവര്‍ ജ്ഞാനപീഠം അടിച്ചുകൊണ്ടുപോകുമ്പോഴാണ്.
കുറേ സ്ഥാപനങ്ങള്‍ എനിക്ക് ഫ്രീയായി ഡയറികള്‍ തരാറുണ്ട്. മലയാളത്തിന് കൂടുതല്‍ പത്മപുരസ്‌കാരങ്ങളും ജ്ഞാനപീഠവും ലഭ്യമാക്കുക എന്ന സ്വാര്‍ഥമോഹം അവര്‍ക്കുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു.
ഡയറിയെഴുതാന്‍ ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. ഓരോ ഡിസംബറൊടുവിലും സൗജന്യഡയറികള്‍ തുറന്ന് പേരും മറ്റു വിവരങ്ങളും കൃത്യമായി പൂരിപ്പിച്ചുവെക്കാറുണ്ട്.
എല്ലാ ഡിസംബര്‍ 31-നും ഞാന്‍ എന്നോടു പറയുന്ന വാക്കാണ്; നാളെ മുതല്‍ ഡയറി എഴുതും, തീര്‍ച്ച. എല്ലാ ജനുവരി 2-നും ആ വാക്കൊന്ന് പുതുക്കും; അടുത്ത വര്‍ഷം മുതല്‍ ഡയറി എഴുതും, തീര്‍ച്ച.
ഇക്കൊല്ലവും അതുതന്നെ സ്ഥിതി. ഡയറി എഴുത്ത് തുടങ്ങുമെന്ന് ഡിസംബറിലെ നിശ്ചയം. അടുത്ത വര്‍ഷം മുതലാക്കാമെന്ന് ജനുവരിയിലെ തീരുമാനം.
ഡയറി മാത്രമല്ല പുതുവര്‍ഷ പ്രതിജ്ഞ.
ജീവിതത്തോട് പ്രസാദാത്മകമായ സമീപനം സ്വീകരിക്കുമെന്ന ഒരു തീരുമാനം ഡിസംബര്‍ 31-ന് എടുത്തിരുന്നു. ജനുവരി 1 വരെ തീരുമാനം ദൃഢമായിരുന്നു. പുതുവര്‍ഷപ്പുലരിയില്‍ പത്രം വായിച്ചുപോയി. അതോടെ പ്രസാദാത്മകതയുടെ കൂമ്പ് കരിഞ്ഞു.
ഇനി അടുത്ത വര്‍ഷമാകട്ടെ.
കൃത്യനിഷ്ഠ പാലിക്കുമെന്ന മറ്റൊരു ശപഥവും ഞാന്‍ ഇക്കുറി എടുത്തു. അത് ജനുവരി 1-നു തന്നെ തുടങ്ങണമെന്നും ഉറപ്പിച്ചു.
ആസൂത്രണം കൃത്യമായിരുന്നു. സാധാരണ എട്ടു മണിക്കാണ് എഴുന്നേല്‍ക്കാറ്. അത് ആറ് മണിക്കാക്കാമെന്നു വെച്ചു.
ഇനി എന്റെ സമയം മെച്ചപ്പെടും. രണ്ടു മണിക്കൂറാണ് ഓരോ ദിവസവും കൂടുന്നത്. വേണ്ട, രണ്ടര മണിക്കൂറാക്കാം, ആറിനു പകരം അഞ്ചര മണിക്ക് എഴുന്നേല്‍ക്കാം.
ആവേശം മൂത്തപ്പോള്‍ അത് അഞ്ചാക്കി. ഒടുവില്‍ തീരുമാനിച്ചത്, നാലു മണിക്ക് എഴുന്നേല്‍ക്കാനാണ്.
ആസൂത്രണം അവിടെ നിന്നില്ല. ഇത്തരം ശപഥങ്ങള്‍ സ്വയം എടുക്കുമ്പോള്‍ അത് പരസ്യപ്പെടുത്തണമെന്നാണ് മനശ്ശാസ്ത്രജ്ഞര്‍ പറയുന്നത്. സുഹൃത്തുക്കളോട് പറയണം. അപ്പോള്‍ അത് ലംഘിക്കാന്‍ പറ്റാതാകും.
ഞാന്‍ പുതുവര്‍ഷത്തലേന്നു തന്നെ ചങ്ങാതിമാരെ വിളിച്ചു. അവര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു; നല്ല തീരുമാനം. നമുക്കിതൊന്ന് ആഘോഷിക്കണം. വര്‍ഷപ്പുലരി പ്രമാണിച്ച് ബീച്ചില്‍ കൂടാം.
ഞാന്‍ ആലോചിച്ചു: ''അത് വേണോ?''
''വേണം'' - എന്റെ മനസ്സ് ഉടനെ മറുപടി തന്നു; ''മനശ്ശാസ്ത്രജ്ഞര്‍ പറഞ്ഞ കാര്യമാണ്.''
ചങ്ങാതിമാര്‍ ബീച്ചിലുണ്ട്. അവരും മനശ്ശാസ്ത്രജ്ഞരെ പിന്താങ്ങി. ഇത്തരം കാര്യങ്ങള്‍ സുഹൃത്തുക്കളെ അറിയിച്ചു വേണം ചെയ്യാന്‍. നാളെയാകട്ടെ. നല്ല നിലക്ക് തുടങ്ങാം. പഴയ ശീലത്തിന്റെ അവസാന ദിവസമായ ഇന്ന് അല്‍പം വൈകി ഉറങ്ങിയാലും സാരമില്ല.
വൈകി; ഉറങ്ങിയത് നാലു മണിക്ക്.
നാലു മണി കഴിഞ്ഞ് ഉറങ്ങുന്നയാള്‍ക്ക്, നാലു മണിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്നത് ശാസ്ത്ര തത്ത്വമാണ്. അങ്ങനെ അന്ന് ശാസ്ത്രം എന്നെ തോല്‍പിച്ചു. ശപഥം തെറ്റി.
സാരമില്ല. ഡയറിപോലെ ഇതും അടുത്തവര്‍ഷമാക്കാം. 366 ദിവസം കാത്തിരിക്കാം, അക്ഷമയോടെ.
ഇനിയുമുണ്ട് പുതുവര്‍ഷ തീരുമാനം; വിഷയം ഭക്ഷണമാണ്.
കുറച്ചായി ഞാന്‍ ഭക്ഷണം രണ്ടു നേരം മാത്രമാക്കാനുള്ള ശ്രമത്തിലാണ് - കാലത്തും വൈകീട്ടും.
ഈ മാറ്റം വയറ്റിനെയും ദഹനസംവിധാനത്തെയും ശീലിപ്പിക്കാന്‍ വേണ്ടി പകല്‍സമയത്ത് ഭക്ഷണമൊഴിവാക്കി. ഒപ്പം, മാറ്റത്തിന്റെ ക്ഷീണമൊഴിവാക്കാന്‍ ഇടക്കിടെ ചായകുടി ശീലമാക്കി. ചായക്ക് ഇത്തിരി കടിയും.
ശീലം മാറ്റുമ്പോള്‍ ദഹനവ്യവസ്ഥക്ക് പ്രയാസമില്ലാതിരിക്കാന്‍- അതിനു വേണ്ടി മാത്രം- ഞാനീ ഇടഭക്ഷണം മൂന്നു നാലു തവണ കഴിക്കും. ഫലമോ, ഇപ്പോള്‍ മൂന്നു നേരം ഭക്ഷണവും അതിനു പുറമെ മൂന്ന് ഇടഭക്ഷണവും എന്നായി.
അങ്ങനെയാണ് ജനുവരി 1 മുതല്‍ അമിത ഭക്ഷണം ഒഴിവാക്കുമെന്ന പ്രതിജ്ഞയിലെത്തിയത്.
സദുദ്ദേശ്യമായിരുന്നു. പക്ഷേ, മറ്റു സദുദ്ദേശ്യങ്ങള്‍ ഈ സദുദ്ദേശ്യത്തെ തോല്‍പിച്ചു.
ഒന്നാമതായി, ഞാന്‍ ഈ തീരുമാനം പരസ്യപ്പെടുത്തിയില്ല. വീട്ടുകാരി പിന്തിരിപ്പിച്ചെങ്കിലോ എന്ന ആശങ്കയായിരുന്നു കാരണം. തികച്ചും നല്ല ഉദ്ദേശ്യം.
രണ്ടാമതായി, മേശപ്പുറത്ത് ഭക്ഷണം നിരത്തിയപ്പോള്‍ ഞാന്‍ സ്ഥലം വിട്ടില്ല. ഭക്ഷണം മുന്നിലിരിക്കെ അത് കഴിക്കാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യം ആര്‍ജിക്കുകയായിരുന്നു ലക്ഷ്യം. സദുദ്ദേശ്യം തന്നെ.
മൂന്നാമതായി, വിളമ്പിക്കഴിഞ്ഞ സ്ഥിതിക്ക് ഈ ഭക്ഷണം കഴിച്ചിട്ട് പോരേ തീരുമാനമെന്ന് വീട്ടുകാരി നിര്‍ദേശം വെച്ചു. നല്ല ഉദ്ദേശ്യമാണല്ലോ എന്നു കണ്ട് ഞാനും അതംഗീകരിച്ചു.
നാലാമതായി, മകളും നിരത്തി ഒരു ന്യായം- ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് പാഴാക്കലാകുമല്ലോ എന്ന്. ഭക്ഷണം പാഴാക്കുന്നതിന് തീര്‍ത്തും എതിരാണ് ഞാന്‍. ഒരു പുതുവര്‍ഷ പ്രതിജ്ഞയുടെ പേരില്‍ ഇത്ര വലിയ തെറ്റ് ചെയ്യുന്നത് സ്വാര്‍ഥതയായിപ്പോകും.
പുതുവര്‍ഷം ഇനിയും വരുമല്ലോ. പ്രതിജ്ഞ അടുത്ത കൊല്ലവുമാകാം.
ശരിയാണ്, ഡിസംബര്‍ 31-ന് ഞാന്‍ മിതാഹാരം നിശ്ചയിച്ചിരുന്നു. ജനുവരി 1-ന് അത് ലംഘിക്കേണ്ടി വന്നു. എന്നാലും എടുത്ത തീരുമാനത്തില്‍നിന്ന് പിറകോട്ടില്ല. അത് 366 ദിവസത്തേക്ക് മാറ്റിവെക്കുന്നു എന്നുമാത്രം.
ഇക്കൊല്ലമെടുത്ത എല്ലാ പുതുവത്സര ശപഥങ്ങളും ഞാന്‍ പാലിക്കുക തന്നെ ചെയ്യും.
അടുത്ത വര്‍ഷം.