അമിത കാര്‍ക്കശ്യം അപകടമാണ്
കെ.ടി സൈദലവി വിളയൂര്‍
ജനുവരി 2020
'എന്നെ കണ്ട് പഠിക്ക്. എന്റെ മക്കള്‍ക്ക് എന്നെ എന്തൊരു ഭയമാണെന്നോ. അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ എനിക്കറിയാം. ഞാനൊന്ന് നോക്കിയാല്‍ മതി അവര്‍ ഉടുമുണ്ടില്‍ മൂത്രമൊഴിക്കും'
'എന്നെ കണ്ട് പഠിക്ക്. എന്റെ മക്കള്‍ക്ക് എന്നെ എന്തൊരു ഭയമാണെന്നോ. അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ എനിക്കറിയാം. ഞാനൊന്ന് നോക്കിയാല്‍ മതി അവര്‍ ഉടുമുണ്ടില്‍ മൂത്രമൊഴിക്കും' ഇങ്ങനെ മറ്റുള്ളവരോട് വലിയ വായില്‍ പോരിശ പറയുന്ന ചില രക്ഷിതാക്കളെ കണ്ടിട്ടില്ലേ? മക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നവരാണ് തങ്ങളെന്ന് സ്വയം ധരിച്ചു വെച്ചവരാണിവര്‍. അമിതമായ കാര്‍ക്കശ്യമാണ് സന്താന ശിക്ഷണമെന്ന് കരുതിയവര്‍. മക്കള്‍ക്ക് വേണ്ടി കര്‍ശനമായ നിയന്ത്രണ രേഖകള്‍ വരയ്ക്കുകയും അവര്‍ക്കായി വന്‍മതിലുകള്‍ പണിയുകയും ചെയ്യുന്നതിനപ്പുറം മറ്റു ചില രീതിശാസ്ത്രങ്ങളും ഇടപെടലുകളും കരുതലുകളുമാണ് സന്താന ശിക്ഷണം എന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ കുടുംബത്തോടും സമൂഹത്തോടും കൂറും ബാധ്യതയുമുള്ള തലമുറ സൃഷ്ടിക്കപ്പെടുകയുള്ളൂ.
ശിക്ഷണത്തിന്റെ പേരില്‍ ചില രക്ഷിതാക്കള്‍ കാണിക്കുന്ന ക്രൂരതകള്‍ പലപ്പോഴും പരിധി വിടുകയാണ്. മക്കള്‍ക്ക് യാതൊരുവിധ സ്വാതന്ത്ര്യവും നല്‍കാന്‍ ചിലര്‍ കൂട്ടാക്കുന്നില്ല. സ്വന്തം മാതാപിതാക്കളുടെ, അല്ലെങ്കില്‍ രക്ഷിതാക്കളുടെ അമിത കാര്‍ക്കശ്യത്തില്‍ ഞെരിഞ്ഞമര്‍ന്ന് കഴിയുന്ന കുരുന്നു മക്കളുടെ അവസ്ഥ എന്തായിരിക്കും. പിതാവിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ മുട്ടിടിക്കുന്ന മക്കള്‍ ഒരിക്കലും തങ്ങളുടെ ശിക്ഷണ വിജയത്തിന്റെ മകുടോദാഹരണങ്ങളല്ല, മറിച്ച് ഭരണ പരാജയത്തിന്റെ ഒന്നാംതരം ഇരകളാണവര്‍. മര്‍ദന മുറകളിലൂടെ മക്കളെ മെരുക്കുന്നവരാണ് ഇതില്‍ തന്നെ പലരും. ബെല്‍റ്റ്, ചെരുപ്പ്, മറ്റു ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള മാരകമായ പ്രഹരം മക്കളിലേല്‍പ്പിക്കാന്‍ യാതൊരു മടിയുമില്ലാത്തവര്‍. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഇക്കാര്യത്തില്‍ മിക്കപ്പോഴും വ്യത്യാസങ്ങളൊന്നുമില്ല.
മനുഷ്യര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. കുട്ടികള്‍ പ്രത്യേകിച്ചും. അവര്‍ക്ക് ചിറകുകള്‍ വിടര്‍ത്തി പറന്നുല്ലസിക്കണം. ഓടിച്ചാടി കളിച്ചു മെതിക്കണം. വെയിലത്തായാലും മഴയത്തായാലും മുറ്റത്തും തൊടിയിലുമിറങ്ങി എന്തെങ്കിലുമൊക്കെ കളികളിലേര്‍പ്പെട്ടുകൊണ്ടിരിക്കണം. അത് കുറഞ്ഞ സമയമായാല്‍ പോലും അവരുടെ കുഞ്ഞുമനസ്സുകള്‍ അതിന് വല്ലാതെ ദാഹിക്കുന്നുണ്ട്. ഇവിടെ അമിത നിയന്ത്രണങ്ങളും ഉപദേശങ്ങളും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇതാണ് കുട്ടികളുടെ മനസ്സെന്നിരിക്കെ അവരെ ഇങ്ങനെ എപ്പോഴും പിടിച്ചുവെക്കുന്നതുകൊണ്ട് രക്ഷിതാക്കള്‍ എന്തു നേട്ടമാണ് ഉദ്ദേശിക്കുന്നത്? കര്‍ക്കശ സ്വഭാവം കാണിക്കുന്ന രക്ഷിതാക്കളെ മക്കള്‍ ഇഷ്ടപ്പെടില്ല. തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിഘാതമാകുന്നവരെ ആര്‍ക്കെങ്കിലും മനസ്സാ സ്‌നേഹിക്കാനാവുമോ?
കൂട്ടുകാരെല്ലാം സ്വാതന്ത്ര്യത്തോടെ ഓടിച്ചാടി നടക്കുന്നു. സായാഹ്നങ്ങളില്‍ മൈതാനങ്ങളെ വിവിധ തരം കളികള്‍ കൊണ്ട് സമ്പന്നമാക്കുന്നു. വിദ്യാലയങ്ങളില്‍നിന്നും മറ്റുമായി ടൂര്‍ പോകുന്നു. അങ്ങാടികളിലും അത്യാവശ്യം മറ്റു സ്ഥലങ്ങളിലുമെല്ലാം പോയിവരുന്നു. തനിക്ക് മാത്രം ഒന്നിനും അനുവാദമില്ല, അവകാശവും. എന്തിനേറെ ഒന്ന് നേരെ ചൊവ്വെ പുറത്തിറങ്ങാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ല. വീട് വിട്ടാല്‍ സ്‌കൂള്‍. സ്‌കൂള്‍ വിട്ടാല്‍ വീട്. ഇതിനിടയില്‍ പുറംകാഴ്ചകള്‍ക്ക് അവസരമില്ല. കൂട്ടുകാരോടൊത്ത് ഒരല്‍പനേരം കൂടിയിരിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും കഴിയുന്നില്ല. തളച്ചിടപ്പെടുന്ന മക്കളുടെ മനോനൊമ്പരങ്ങള്‍ ഇങ്ങനെ പോവുന്നു. അത്രക്കും കര്‍ശനമാണ് പിതാവിന്റെ അല്ലെങ്കില്‍ മാതാവിന്റെ നിയന്ത്രണപ്പൂട്ടുകള്‍. ഒരു കുട്ടിക്ക് വീട് ജയിലറയാകാന്‍ ഇതിലപ്പുറം എന്തുവേണം? യതീംഖാനകളിലോ മറ്റു ബോര്‍ഡിംഗ് സ്ഥാപനങ്ങളിലോ ഒക്കെയുണ്ടാവുന്ന മീശ പിരിയന്‍ വാര്‍ഡനെ പോലെയാവുകയാണിവിടെ ഉമ്മയും ഉപ്പയും. ഒരു കുഞ്ഞിന്റെ മനസ്സ് തളരാന്‍ ഇതൊക്കെ തന്നെ ധാരാളമാണ്.
വിവാഹിതരായ മക്കളില്‍ പോലും അമിതമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന മാതാപിതാക്കളുണ്ട്. ഒന്ന് മുറ്റത്തിറങ്ങാന്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ എന്തിനേറെ ഒന്ന് ശ്വാസമയക്കാന്‍ പോലും ഉമ്മയോടും ഉപ്പയോടും ചോദിക്കണമെന്ന സ്ഥിതി. മരുമകളുടെ മുമ്പില്‍ വെച്ച് പോലും കൊച്ചു കുഞ്ഞിനോടെന്ന പോലെ ആക്ഷേപവും ഉപദേശവും ചൊരിയുന്നു.
എന്തിനാണ് ചിലരിങ്ങനെ മക്കളില്‍ അമിത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്? നന്മ വിചാരിച്ചാണ് പലരും ഇങ്ങനെ കാര്‍ക്കശ്യ സമീപനം കാണിക്കുന്നത്. തന്റെ കുട്ടി നന്നാവണം. അവന്‍ പഠിച്ച് വലിയ ആളാവണം. തങ്ങളെയും കുടുംബത്തെയും നോക്കണം. അവരെ കൊണ്ട് ഉപകാരം കിട്ടണം. ചുരുക്കത്തില്‍, അവരുടെ ഭാവി ശോഭനമാകണം. ഈ സദുദ്ദേശത്തോടെയാണ് അവരെ പുറത്തിറക്കാതെ ശിക്ഷണം നല്‍കുന്നത്. ചിലര്‍ക്ക് വിദ്യാഭ്യാസത്തേക്കാള്‍ ആരാധനാ കര്‍മങ്ങളിലെ നിഷ്‌കര്‍ഷയിലും സദാചാര ബോധത്തിലുമാവും താല്‍പര്യം. അതുപോലെ മറ്റു പല നല്ല കാര്യങ്ങളിലുമാവാം. എന്നാല്‍ ചിലര്‍ നേരത്ത് നമസ്‌കരിപ്പിക്കാനോ ആരാധനാ കര്‍മങ്ങള്‍ കൃത്യമായി ചെയ്യിക്കാനോ പഠന കാര്യത്തിനു വേണ്ടിയോ പോലുമല്ല മക്കളുടെ മേല്‍ കര്‍ശന നിയന്ത്രണം ചാര്‍ത്തുന്നത്. അധികാര മനോഭാവം അടിച്ചേല്‍പ്പിക്കുകയാണ് ചിലരുടെയെങ്കിലും ലക്ഷ്യം. ചിലരാകട്ടെ കാടന്‍ സ്വഭാവത്തിന് ഉടമകളായിരിക്കുകയും ചെയ്യും.
ഏതായാലും ഈ കാര്‍ക്കശ്യം മക്കളെ പ്രതികൂലമായി ബാധിക്കുകയും രക്ഷിതാക്കള്‍ക്ക് ശക്തമായ തിരിച്ചടിയാവുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ചില വീടുകളില്‍ മാതാവും പിതാവും ദയാരഹിതമായി പെരുമാറുമ്പോള്‍ ചിലയിടത്ത് ഒരാള്‍ അങ്ങനെ പെരുമാറുകയും മറ്റേയാള്‍ വേണ്ടത്ര പിന്തുണ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ചില വീടുകളിലാകട്ടെ രണ്ടിലൊരാള്‍ ഇത്തരം സ്വഭാവം പുറത്തെടുക്കുകയും മറ്റേയാള്‍ നിസ്സഹായതയോടെ എല്ലാറ്റിനും മൂക സാക്ഷിയായി നില്‍ക്കുകയും ചെയ്യുന്നു.
കാര്‍ക്കശ്യം മനസ്സില്‍ ഉണ്ടാക്കുന്ന മുറിപ്പാടുകള്‍ ഉണങ്ങാന്‍ പ്രയാസമാണ്. അവരുടെ ഭാവി ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കും. മോശമായ പെരുമാറ്റത്തിനും അവഗണനക്കും ഇരയാകുന്ന കുട്ടികളില്‍ ചില സ്വഭാവ വൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടാം. ദേഷ്യം, എല്ലാറ്റിനോടുമുള്ള എതിര്‍പ്പ്, ഭീതി, ആത്മവിശ്വാസക്കുറവ്, അപകര്‍ഷ ബോധം, ദൗര്‍ബല്യ മനഃസ്ഥിതി, കുറ്റബോധം, ഉള്‍വലിയല്‍, ശാരീരിക പ്രയാസങ്ങള്‍ തുടങ്ങിയവയൊക്കെയാണ് അവയെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്.
ബാല്യാനുഭവങ്ങള്‍ കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുമെന്നതില്‍ സംശയമില്ലല്ലോ. ബാല്യത്തില്‍ തിക്താനുഭവങ്ങള്‍ ഏറ്റവന്‍ ഭാവിയില്‍ അതേല്‍പിച്ചവനെ പോലെയാവാം. ഹിറ്റ്‌ലര്‍ ചരിത്രത്തിലെ ക്രൂര പുരുഷനാവാന്‍ കാരണം അഛന്റെ കാര്‍ക്കശ്യമായിരുന്നുവത്രെ.
അംഗീകാരത്തിന്റെയും പരിഗണനയുടെയും അഭാവം ഒരാളുടെ മനസ്സിനെ ഏറെ മുറിവേല്‍പ്പിക്കും. അത് മനസ്സകങ്ങളില്‍ അസംതൃപ്തിയുണ്ടാക്കും. അതവിടെ കിടന്ന് വളര്‍ന്ന് പകയും വിദ്വേഷവും പ്രതികാര ദാഹവുമൊക്കെയായി പരിണമിക്കും. രക്ഷിതാക്കളുടെ കാര്‍ക്കശ്യം കുട്ടികളിലും അതൃപ്തി വളര്‍ത്തും. ഈ മക്കളുടെ സ്‌നേഹം സമ്പാദിക്കാന്‍ ഒരിക്കലും ആ മാതാപിതാക്കള്‍ക്ക് കഴിയില്ല. അടിച്ചും തല്ലിപ്പഴുപ്പിച്ചുമുണ്ടാക്കേണ്ടതല്ലല്ലോ സ്‌നേഹവും ബഹുമാനവുമൊന്നും.
സ്‌നേഹവും പരിഗണനയുമാണ് ഏറ്റവും വലിയ ആയുധം. സന്താന ശിക്ഷണമെന്ന കലയില്‍ ഏറ്റവും നന്നായി പ്രയോഗിക്കേണ്ട രണ്ട് ആയുധങ്ങളാണിവ. ഇവ കൃത്യമായി ഉപയോഗിക്കുന്നിടത്ത് സന്താനങ്ങളെ നേര്‍വഴിക്ക് നടത്താന്‍ ഒരു കാര്‍ക്കശ്യത്തിന്റെയും ആവശ്യമില്ല. മക്കളെ നിന്നിടത്തു നിന്ന് തിരിയാന്‍ അനുവദിക്കാത്തവരും ശക്തമായ നിയമവൃത്തത്തിനകത്ത് പൂട്ടിയിടുന്നവരും ഇവയൊന്ന് പരീക്ഷിച്ചു നോക്കുക. കുട്ടികളെയെന്നല്ല ഏത് കൊലകൊമ്പനെയും മെരുക്കിയെടുക്കാം. സൈ്വരം നല്‍കാത്ത കാര്‍ക്കശ്യം കാരണം പിതാവ് അല്ലെങ്കില്‍ മാതാവ് ഒന്ന് മരിച്ചുപോയെങ്കില്‍ എന്നു വരെ ആശിക്കുന്ന മക്കളുണ്ട്. അത്രത്തോളം പൊറുതിമുട്ടുന്നുണ്ട് പല മക്കളും. മേല്‍ രണ്ട് മരുന്നുകള്‍ കൃത്യമായി ലഭിക്കാത്തതുകൊണ്ടാണ് ഇങ്ങനെയെല്ലാം ചിന്തിച്ചുപോകുന്നത്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.
മാതാപിതാക്കളില്‍നിന്നുള്ള കളങ്കരഹിതമായ സ്‌നേഹമാണ് മക്കള്‍ ആശിക്കുന്നത്. അവരുടെ കുരുന്നുമനസ്സ് നിറക്കാന്‍ അതുകൊണ്ട് മാത്രമേ ആവൂ. ഏത് വ്രണിത ഹൃദയങ്ങളെയും മധുപുരട്ടി ആശ്വസിപ്പിക്കാന്‍ സ്‌നേഹത്തിനു കഴിയും. സ്‌നേഹം കൊണ്ട് കീഴടക്കാന്‍ കഴിയാത്ത മനസ്സുകളില്ല. അതിനാല്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് ആവോളം സ്‌നേഹം കനിഞ്ഞുനല്‍കണം. മാതാപിതാക്കളില്‍നിന്ന് മക്കളിലേക്ക് അതൊരു നിലക്കാത്ത പ്രവാഹമായി, പുഴയായി ഒഴുകണം. ആ സ്‌നേഹത്തിനു മുന്നില്‍ മക്കള്‍ മുട്ടുമടക്കും. അനുസരണയുള്ളവരായിത്തീരും. മാതാപിതാക്കളുടെ ഇഷ്ടത്തിനൊത്ത് മാത്രം പ്രവര്‍ത്തിക്കുന്നവരാകും. പിന്നെ എന്തിന് നമ്മുടെ മുഷ്‌കും മുരടന്‍ സ്വഭാവവും അവരുടെ മേല്‍ പ്രയോഗിക്കണം? രക്ഷിതാക്കള്‍ ഒന്ന് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.
വീട്ടില്‍നിന്ന് സ്‌നേഹം ലഭ്യമല്ലെങ്കില്‍ അവന്‍ കിട്ടുന്നിടത്തു നിന്ന് അത് വാങ്ങും. അത് ചിലപ്പോള്‍ അവിഹിത മാര്‍ഗത്തിലൂടെയും അനര്‍ഹമായും ആവാം. ഒളിച്ചോടാനും അരുതാത്ത കൂട്ടുകെട്ടുകളില്‍പെടാനും വരെ ഇത് കാരണമാകും. അപ്പോള്‍ ആരെയും പഴിച്ചിട്ട് കാര്യമുണ്ടാകില്ല. വീട് സ്‌നേഹ നിലയമാകണം. അധികാരത്തിന്റെ ഗര്‍വും കാര്‍ക്കശ്യത്തിന്റെ സ്വരവും അവിടെ ഉയര്‍ന്നുകൂടാ. അധികാര വികേന്ദ്രീകരണമാണ് അവിടെ നടക്കേണ്ടത്. അപ്പോള്‍ ആരും ആര്‍ക്കും ഭാരമാകില്ല. വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ വീടകങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വ്യക്തമായ പങ്കുണ്ട്. അതുകൊണ്ട് മക്കളില്‍ ആത്മവിശ്വാസം വളര്‍ത്താനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്. ശകാരങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പകരം അവരെ അറിഞ്ഞു പെരുമാറുക. അതിലുപരി കൂടെ നില്‍ക്കുക. കുട്ടികളുടെ സ്വഭാവ രീതികള്‍ക്കനുസരിച്ചുള്ള മനഃശാസ്ത്ര സമീപനം കൈക്കൊള്ളുക.
മക്കളെ കൂട്ടിലിട്ടു വളര്‍ത്തിയാല്‍ പാഠപുസ്തകത്തിലെ അറിവ് മാത്രമാവും അവര്‍ക്ക് ലഭിക്കുക. പ്രകൃതിയില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും അനുഭവിച്ചറിയേണ്ട സാമൂഹിക പാഠങ്ങള്‍ അവര്‍ക്ക് അന്യമാവും. അതിനാല്‍ ശരിയായ നിലയില്‍ സമൂഹത്തെ അറിയാനോ സഹജീവികളെ സ്‌നേഹിക്കാനോ അവര്‍ക്കാവില്ല. മാത്രമല്ല ഭാവിയില്‍ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യാനുള്ള സ്വാഭാവിക കഴിവുകളും അവര്‍ക്ക് നഷ്ടപ്പെടും. എല്ലാം കൊണ്ടും മക്കളുടെ ഭാവി അവതാളത്തിലാക്കാനേ ഈ കാര്‍ക്കശ്യം ഉപകരിക്കൂ. ഒരു മാറ്റത്തിന് രക്ഷിതാക്കള്‍ തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.