രോഗി സന്ദര്‍ശനത്തിന്റെ രീതിശാസ്ത്രം

ഹൈദറലി ശാന്തപുരം No image

മനുഷ്യന്റെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന സന്ദര്‍ഭമാണ് രോഗാവസ്ഥ. രോഗിക്ക് പലപ്പോഴും ഏകാന്തതയും നിസ്സഹായതയും അനുഭവപ്പെടും. അതിനാല്‍ ചികിത്സയോടൊപ്പം മാനസികോല്ലാസം കൈവരിക്കാന്‍ സഹായകമായ സാഹചര്യം കൂടി സജ്ജമാക്കിക്കൊടുക്കല്‍ ബന്ധപ്പെട്ടവരുടെ ബാധ്യതയാണ്. രോഗിക്ക് മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായകമാണ് ഇഷ്ട ജനങ്ങളുടെ സന്ദര്‍ശനവും അവരുടെ സാന്ത്വന വാക്കുകളും പ്രാര്‍ഥനയും. ഈ വസ്തുത പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം രോഗി സന്ദര്‍ശനത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുള്ളത്.
രോഗി സന്ദര്‍ശനത്തിന്റെ പ്രാധാന്യവും പുണ്യവും രീതിശാസ്ത്രവും വിശദീകരിക്കുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്.
പ്രവാചക ശിഷ്യനായ ബര്‍റാഉബ്‌നു ആസിബ്(റ) പറയുന്നു: 'നബി(സ) ഞങ്ങളോട് രോഗിയെ സന്ദര്‍ശിക്കാനും മരണപ്പെട്ടവന്റെ ജനാസയെ അനുഗമിക്കാനും തുമ്മിയ ആള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും സത്യം ചെയ്തവനെ അത് സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കാനും മര്‍ദിതന് സഹായം നല്‍കാന്‍ ക്ഷണിച്ചവന്റെ ക്ഷണത്തിന് ഉത്തരം ചെയ്യാനും സലാം വ്യാപിപ്പിക്കാനും കല്‍പിച്ചിരിക്കുന്നു' (ബുഖാരി, മുസ്‌ലിം).
ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകളിലൊന്ന് അവന്‍ രോഗിയായാല്‍ സന്ദര്‍ശിക്കലാണെന്ന് മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്.
പ്രവാചകന്‍(സ) പറഞ്ഞതായി അബൂഹുറയ്‌റ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നിങ്ങള്‍ രോഗിയെ സന്ദര്‍ശിക്കുക, വിശക്കുന്നവന് ആഹാരം നല്‍കുക, ബന്ധനസ്ഥനെ മോചിപ്പിക്കുക' (ബുഖാരി).
രോഗിയെ സന്ദര്‍ശിക്കാത്തതിന്റെ പേരില്‍ അല്ലാഹു മനുഷ്യനെ പാരത്രിക ലോകത്ത് ചോദ്യം ചെയ്യുമെന്ന് നബി (സ) പ്രസ്താവിച്ചതായി അബൂഹുറയ്‌റ (റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു: ''പ്രതാപവാനും മഹാനുമായ അല്ലാഹു പുനരുത്ഥാന നാളില്‍ ചോദിക്കും: 'ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ല!' അവന്‍ പറയും: 'നാഥാ, ഞാനെങ്ങനെ നിന്നെ സന്ദര്‍ശിക്കും, നീ സര്‍വലോക രക്ഷിതാവല്ലയോ?' അല്ലാഹു പറയും: 'നിനക്കറിഞ്ഞുകൂടായിരുന്നോ, എന്റെ ഇന്ന അടിമ രോഗിയാണെന്ന്. എന്നിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല! നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ നിനക്കവന്റെയടുക്കല്‍ എന്നെ കാണാമായിരുന്നു. നിനക്കറിഞ്ഞുകൂടേ, മനുഷ്യാ ഞാന്‍ നിന്നോട് ആഹാരം ചോദിച്ചു. അപ്പോള്‍ നീ എനിക്ക് ആഹാരം നല്‍കിയില്ല!' അപ്പോള്‍ മനുഷ്യന്‍ പറയും: 'നാഥാ, ഞാനെങ്ങനെ നിനക്ക് ആഹാരം നല്‍കും, നീ സര്‍വലോക രക്ഷിതാവല്ലയോ?' അല്ലാഹു പറയും: 'എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ചോദിച്ചു. അപ്പോള്‍ നീ അവന് ആഹാരം നല്‍കിയില്ല. നീ അവന് ആഹാരം നല്‍കിയിരുന്നുവെങ്കില്‍ നിനക്കത് എന്റെയടുക്കല്‍ കാണാമായിരുന്നുവെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? ഹേ മനുഷ്യാ, ഞാന്‍ നിന്നോട് കുടിക്കാന്‍ ചോദിച്ചു. അപ്പോള്‍ നീ എനിക്ക് കുടിക്കാന്‍ നല്‍കിയില്ല.' മനുഷ്യന്‍ പറയും: 'നാഥാ, ഞാനെങ്ങനെയാണ് നിനക്ക് കുടിക്കാന്‍ നല്‍കുക? നീ സര്‍വലോക രക്ഷിതാവല്ലോ?' അല്ലാഹു പറയും: എന്റെ ഇന്ന അടിമ നിന്നോട് കുടിക്കാന്‍ ചോദിച്ചു. അപ്പോള്‍ നീ അവന് കുടിക്കാന്‍ നല്‍കിയില്ല. നീ അവന് കുടിക്കാന്‍ നല്‍കിയിരുന്നുവെങ്കില്‍ നിനക്കത് എന്റെയടുക്കല്‍ കാണാമായിരുന്നു' (മുസ്‌ലിം).
പ്രസ്തുത ഹദീസുകളെല്ലാം രോഗിസന്ദര്‍ശനത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നു.
രോഗി സന്ദര്‍ശനത്തിന്റെ പുണ്യം വിവരിക്കുന്ന മറ്റ് രണ്ട് നബിവചനം:
''അല്ലാഹുവിന്റെ ദൂതന്‍ അരുള്‍ ചെയ്തതായി ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിക്കുകയാണെങ്കില്‍ അവന്‍ ഇരിക്കുന്നതുവരെ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രവേശിച്ചുകൊണ്ടിരിക്കും. ഇരുന്നു കഴിഞ്ഞാല്‍ ആ കാരുണ്യത്തില്‍ അവന്‍ മുങ്ങിപ്പോകും'' (അഹ്മദ്).
അല്ലാഹുവിന്റെ കാരുണ്യം ലഭ്യമാകാന്‍ സഹായകമാണ് രോഗി സന്ദര്‍ശനമെന്ന് ഈ നബിവചനം വ്യക്തമാക്കുന്നു.
രോഗിയെ സന്ദര്‍ശിക്കുന്ന ആള്‍ക്ക് മലക്കുകളുടെ ആശീര്‍വാദവും പ്രാര്‍ഥനയും ലഭിക്കുമെന്ന് മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്:
അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ) പ്രസ്താവിച്ചു: 'ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിക്കുകയാണെങ്കില്‍ ആകാശത്തുനിന്ന് വിളിച്ചു പറയുന്ന ഒരാള്‍ അവനെ വിളിച്ചുപറയും: നീ ചെയ്യുന്നത് നല്ല കാര്യമാണ്. നിന്റെ ഈ നടത്തം നന്നായിരിക്കട്ടെ. സ്വര്‍ഗത്തില്‍ നിനക്കൊരു സ്ഥാനം ലഭിക്കുകയും ചെയ്യട്ടെ!'' (തിര്‍മിദി).
രോഗിസന്ദര്‍ശന വേളയില്‍ പരിഗണിക്കുകയും പാലിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
സമയവും സന്ദര്‍ഭവും നോക്കിയിട്ടായിരിക്കണം സന്ദര്‍ശനം. സന്ദര്‍ശന കാരണത്താല്‍ രോഗിക്കോ രോഗിയെ ശുശ്രൂഷിക്കുന്ന കുടുംബത്തിനോ വിഷമമുണ്ടാവുമെന്ന് അറിയുകയാണെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കുകയാണ് വേണ്ടത്. സന്ദര്‍ശനം രോഗിക്കും കുടുംബത്തിനും ഭാരമാകുംവിധം ദീര്‍ഘിപ്പിക്കാനും പാടില്ലാത്തതാണ്. രോഗാവസ്ഥ പരിഗണിച്ചുകൊണ്ട് ചികിത്സിക്കുന്ന ഭിഷഗ്വരന്‍ സന്ദര്‍ശനം വിലക്കിയിട്ടുണ്ടെങ്കില്‍ അത് മുഖവിലക്കെടുത്ത് സന്ദര്‍ശനം ഒഴിവാക്കുകയാണ് വേണ്ടത്.
സന്ദര്‍ശകന്‍ സന്ദര്‍ശന വേളയില്‍ രോഗിയുടെ ശരീരത്തില്‍ കൈവെച്ച് ലഘുവായി തടവുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. അതായിരുന്നു നബി(സ)യുടെ രോഗി സന്ദര്‍ശന രീതി.
ആഇശ(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ (സ) ഒരു രോഗിയെ സന്ദര്‍ശിക്കുകയാണെങ്കില്‍ തന്റെ വലതുകൈകൊണ്ട് അവനെ തടവുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു: 'അദ്ഹബില്‍ ബാസ റബ്ബന്നാസി വശ്ഫി അന്‍തശ്ശാഫി, ലാ ശിഫാഅ ഇല്ലാ ശിഫാഇക ശിഫാഅന്‍ ലാ യുഗാദിറു സഖ്മന്‍' (ജനങ്ങളുടെ നാഥാ, നീ വിഷമം ദൂരീകരിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്യേണമേ! നീയാണല്ലോ രോഗം ശമിപ്പിക്കുന്നവന്‍. നിന്റെ രോഗശമനമല്ലാതെ മറ്റൊരു രോഗശമനവുമില്ല. ഒരു രോഗവും അവശേഷിക്കാത്ത വിധം നീ ശമനം നല്‍കേണമേ'' (ബുഖാരി, മുസ്‌ലിം).
നബി(സ) പ്രസ്താവിച്ചതായി അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''ആരെങ്കിലും മരണാവധി എത്തിയിട്ടില്ലാത്ത ഒരു രോഗിയെ സന്ദര്‍ശിച്ച് 'അസ്അലുല്ലാഹല്‍ അളീം റബ്ബല്‍ അര്‍ശില്‍ അളീം അന്‍ യശ്ഫിയക' (മഹത്തായ സിംഹാസനത്തിന്റെ അധിപനായ മഹാനായ അല്ലാഹുവോട് താങ്കളുടെ രോഗം സുഖപ്പെടുത്തിത്തരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു) എന്ന് ഏഴ് പ്രാവശ്യം പറയുകയാണെങ്കില്‍ അല്ലാഹു അവന് ആ രോഗത്തില്‍നിന്ന് മുക്തി നല്‍കാതിരിക്കില്ല'' (അബൂദാവൂദ്, തിര്‍മിദി).
നബി(സ) താന്‍ സന്ദര്‍ശിക്കുന്ന രോഗിയുടെ അടുത്ത് ചെല്ലുമ്പോള്‍ 'ലാ ബഅ്‌സ ത്വഹൂറുന്‍ ഇന്‍ശാഅല്ലാഹ്' (സാരമില്ല, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഇതൊരു ശുദ്ധീകരണമാണ്) എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു.
രോഗിക്ക് ആശ്വാസം പകരുന്നതും പ്രതീക്ഷ നല്‍കുന്നതുമായ വാക്കുകളാണ് രോഗിയുടെ അടുത്തു വെച്ച് പറയേണ്ടത്. മരണാസന്നനായ രോഗിയാണെങ്കില്‍ അയാളുടെ സദ്കര്‍മങ്ങള്‍ എടുത്തു പറഞ്ഞ് സമാധാനിപ്പിക്കേണ്ടതാണ്.
അംറുബ്‌നുല്‍ ആസ്വ് (റ) മരണാസന്നനായി കിടക്കുമ്പോള്‍ ഇബ്‌നു ശുമാശ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം വിവരിക്കുന്നു: അംറുബ്‌നുല്‍ ആസ്വ് മുഖം ചുമരിനു നേരെ തിരിച്ചുകൊണ്ട് നിരന്തരം കരഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ മകന്‍ അദ്ദേഹത്തോട് പറയുന്നു: 'വാപ്പാ, അല്ലാഹുവിന്റെ റസൂല്‍ താങ്കള്‍ക്ക് ഇന്ന സന്തോഷവാര്‍ത്ത അറിയിച്ചിട്ടില്ലേ? അല്ലാഹുവിന്റെ റസൂല്‍ ഇന്ന സന്തോഷവാര്‍ത്ത അറിയിച്ചിട്ടില്ലേ?' അപ്പോള്‍ അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: 'അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല; മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണ്' എന്ന സാക്ഷ്യമാണ് ഞങ്ങള്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്നത് (മുസ്‌ലിം).
ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെയും ആഇശ(റ)യുടെയും മരണവേളകളില്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ഇരുവര്‍ക്കും സന്തോഷവാര്‍ത്തയറിയിച്ചതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സന്ദര്‍ശനസമയത്ത് രോഗിയോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നതും ഉത്തമമാണ്. അനുഗ്രഹത്തിന്റെ മലക്കുകളുടെ സാന്നിധ്യമുണ്ടാവുമെന്നതും ദൈവിക വിധിയില്‍ സംതൃപ്തി പൂണ്ട് ക്ഷമയവലംബിക്കുന്ന രോഗിയുടെ മനസ്സ് നിഷ്‌കളങ്കമായിരിക്കുമെന്നതും രോഗിയുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ കൂടുതല്‍ സാധ്യത നല്‍കുന്നു എന്നതിനാലാണ് രോഗിയോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നത്.
രോഗം എത്ര ഗുരുതരമാണെങ്കിലും മരണം ആഗ്രഹിക്കരുതെന്നും അല്ലാഹുവിന്റെ നിശ്ചയത്തില്‍ സംതൃപ്തിപൂണ്ട് ക്ഷമ കൈക്കൊള്ളുകയാണ് വേണ്ടതെന്നും സന്ദര്‍ശകര്‍ രോഗിയെ ഉപദേശിക്കേണ്ടതാണ്. തനിക്ക് വന്നുപെട്ട ദുരിതത്തിന്റെ പേരില്‍ മരണം കൊതിക്കുന്നത് നബി(സ) വിലക്കിയിരിക്കുന്നു.
അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങളിലൊരാള്‍ തനിക്ക് വന്നു ഭവിച്ച മഹാ ദുരിതത്തിന്റെ പേരില്‍ മരണം ആഗ്രഹിക്കരുത്. എന്തെങ്കിലുമൊന്ന് ചെയ്‌തേ തീരൂ എങ്കില്‍ അവന്‍ പറഞ്ഞുകൊള്ളട്ടെ: 'അല്ലാഹുവേ, ജീവിതം എനിക്ക് ഉത്തമമാകുന്ന കാലത്തോളം നീ എന്നെ ജീവിപ്പിക്കേണമേ! മരണം എനിക്ക് ഉത്തമമാകുമ്പോള്‍ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ!' (ബുഖാരി, മുസ്‌ലിം).
ആസന്നമരണനായി കിടക്കുന്ന രോഗിയെ ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല) എന്ന പരിശുദ്ധ വാക്യം ഓര്‍മിപ്പിക്കുന്നതും അദ്ദേഹത്തിന് മനസ്സിലാകുന്ന തരത്തില്‍ അത് ചൊല്ലുന്നതും ഉത്തമമാണ്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുന്നവര്‍ സ്വയം ആത്മനിയന്ത്രണം പാലിക്കുകയും അസ്വാസ്ഥ്യം പ്രകടിപ്പിക്കാതിരിക്കുകയും വേണം. മരണവീടുകളില്‍ ചെല്ലുമ്പോഴും ക്ഷമയവലംബിക്കുകയും നല്ലതു മാത്രം പറയുകയും വേണം.
ഉമ്മുസലമ(റ) നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: 'നിങ്ങള്‍ ഒരു രോഗിയെയോ മയ്യിത്തിനെയോ സന്ദര്‍ശിക്കുകയാണെങ്കില്‍ നല്ലത് പറയുക. കാരണം മലക്കുകള്‍. നിങ്ങള്‍ പറയുന്നതിന് ആമീന്‍ പറയുന്നതാണ്' (മുസ്‌ലിം).
രോഗാവസ്ഥ എല്ലാ മനുഷ്യര്‍ക്കും ഒരേപോലെ വിഷമകരമായതിനാല്‍ മുസ്‌ലിം-അമുസ്‌ലിം ഭേദമന്യേ എല്ലാ രോഗികളെയും സന്ദര്‍ശിക്കേണ്ടതാണ്. നബി തിരുമേനിയുടെ മാതൃക അതാകുന്നു. പ്രവാചകന്‍(സ) തന്റെ അമുസ്‌ലിമായിരുന്ന പിതൃവ്യന്‍ അബൂത്വാലിബിനെ സന്ദര്‍ശിക്കുകയും മരിക്കുന്നതിന് മുമ്പ് 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് പ്രഖ്യാപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. താങ്കള്‍ ആ സത്യസാക്ഷ്യവാക്യം ഉരുവിടുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ ഞാനത് ന്യായമായി ഉദ്ധരിച്ചുകൊണ്ട് താങ്കള്‍ക്കു വേണ്ടി വാദിക്കുമെന്നും തിരുമേനി പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്ന അബൂജഹ്ല്‍ അബൂത്വാലിബിനോട്, പൂര്‍വ പിതാക്കളുടെ മാര്‍ഗം ത്യജിച്ചുകൊണ്ടാണോ താങ്കള്‍ ഈ ലോകത്തോട് വിടപറയുന്നത് എന്ന് ചോദിച്ചുകൊണ്ട് തടസ്സം സൃഷ്ടിച്ചതിനാല്‍ സത്യസാക്ഷ്യവാക്യം ഉച്ചരിക്കാതെ, ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മാര്‍ഗത്തില്‍ മരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവിശ്വാസിയായിത്തന്നെ ഇഹലോകവാസം വെടിയുകയാണുണ്ടായത്. ഈ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.
നബി(സ)ക്ക് സേവനം ചെയ്തിരുന്ന ഒരു ജൂതബാലന്‍ രോഗിയായി കിടക്കുമ്പോള്‍ അദ്ദേഹം അവനെ സന്ദര്‍ശിച്ചതും തിരുമേനിയുടെ ഉപദേശം സ്വീകരിച്ച് അവന്‍ ഇസ്‌ലാം ആശ്ലേഷിച്ചതും ഇമാം ബുഖാരി തന്നെ ഉദ്ധരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ രോഗികളായ പുരുഷന്മാരെയും പുരുഷന്മാര്‍ രോഗിണികളായ സ്ത്രീകളെയും സന്ദര്‍ശിക്കുന്നതിന് വിരോധമില്ല. ഇസ്‌ലാം നിര്‍ദേശിക്കുന്ന മര്യാദകള്‍ പാലിച്ചുകൊണ്ടായിരിക്കണം എന്നേയുള്ളൂ. ഈ വിഷയകമായി നബി(സ)യില്‍നിന്നും സഖാക്കളില്‍നിന്നും പല സംഭവങ്ങളും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഉമ്മു ദര്‍ദാഅ്(റ) അന്‍സാരികളില്‍പെട്ട ഒരാളെ സന്ദര്‍ശിച്ച സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ആഇശ(റ) പറയുന്നു: 'നബി(സ) പലായനം ചെയ്ത് മദീനയിലെത്തിയപ്പോള്‍ അബൂബക്‌റി(റ)നും ബിലാലി(റ)നും പനി പിടിച്ചു. അപ്പോള്‍ ഞാന്‍ അവര്‍ രണ്ടു പേരുടെയും അടുത്ത് ചെന്ന് ചോദിച്ചു: 'വാപ്പാ എന്തുണ്ട് താങ്കളുടെ വിവരം? ബിലാലേ എന്തുണ്ട് താങ്കളുടെ വര്‍ത്തമാനം?' (ബുഖാരി).
ഒരു സത്യവിശ്വാസിയുടെ രോഗം അവന്റെ പാപമുക്തിക്ക് കാരണമാകുമെന്ന് പ്രവാചകന്‍(സ) പ്രസ്താവിച്ചിരിക്കുന്നു.
ഉമ്മുല്‍ അലാഅ്(റ) പറയുന്നു: ഞാന്‍ രോഗിയായിക്കിടക്കുമ്പോള്‍ റസൂലുല്ലാഹി(സ) എന്നെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: 'ഉമ്മുല്‍ അലാഅ്! നിങ്ങള്‍ സന്തോഷിക്കുക. കാരണം ഒരു മുസ്‌ലിമിന്റെ രോഗം വഴി അല്ലാഹു അവന്റെ പാപങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അഴുക്ക് നിര്‍മാര്‍ജനം ചെയ്യുന്നതുപോലെ' (അബൂദാവൂദ്).
നബി(സ) അരുള്‍ ചെയ്തതായി അബൂമൂസ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഒരു മുസ്‌ലിമിന് രോഗമോ ദുരിതമോ മനോവ്യഥയോ ദുഃഖമോ പിടിപെടുകയാണെങ്കില്‍ അവന് മുള്ള് തറക്കുകയാണെങ്കില്‍ പോലും, അതുവഴി അല്ലാഹു അവന്റെ പാപങ്ങള്‍ മായ്ച്ചുകളയുന്നതാണ്' (ബുഖാരി).
റസൂല്‍(സ) പറഞ്ഞതായി അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു; 'അല്ലാഹു ആര്‍ക്കെങ്കിലും നന്മയുണ്ടാവണമെന്ന് ഉദ്ദേശിക്കുകയാണെങ്കില്‍ അവന് ആപത്തുകള്‍ സംഭവിക്കും' (ബുഖാരി).
അബ്ദുല്ലാഹ് (റ) പറയുന്നു: നബി(സ) രോഗിയായി കിടക്കവെ ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് ചെന്നു. അദ്ദേഹത്തിന് ശക്തിയായി പനിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു: 'അങ്ങക്ക് ശക്തിയായി പനിക്കുന്നുണ്ടല്ലോ. താങ്കള്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട് എന്നതുകൊണ്ടായിരിക്കാം അത്.' അപ്പോള്‍ നബി  (സ) പറഞ്ഞു: 'അതേ, ഒരു മുസ്‌ലിമിന് എന്തെങ്കിലും ദുരിതം ബാധിക്കുകയാണെങ്കില്‍ അല്ലാഹു അവനില്‍നിന്ന് അവന്റെ പാപങ്ങള്‍ കൊഴിച്ചുകളയുന്നതാണ്; വൃക്ഷത്തില്‍നിന്ന് ഇലകള്‍ കൊഴിഞ്ഞുപോവുന്നതുപോലെ' (ബുഖാരി).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top