വീറുറ്റ ശബ്ദം കേള്‍പ്പിച്ച വനിതകള്‍
യാസീന്‍ അശ്‌റഫ്
ജനുവരി 2020
മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചി ഒരു കാലത്ത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സ്വജീവിതം
മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചി ഒരു കാലത്ത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സ്വജീവിതം സമര്‍പ്പിച്ചിരുന്നയാളാണ്. എന്നാല്‍ മ്യാന്മറില്‍ ജനാധിപത്യം വന്നതോടെ അവര്‍ നായിക പദവിയില്‍നിന്ന് വില്ലന്‍ വേഷത്തിലേക്ക് മാറി. ഇന്ന് റോഹിങ്ക്യകള്‍ക്കെതിരെ ഭരണകൂട വേട്ട നടക്കുമ്പോള്‍ അതിനെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണവര്‍ ചെയ്യുന്നത്.
ഒരു കാലത്ത് തന്നെ 15 വര്‍ഷം തടവിലിട്ട മര്‍ദക സംവിധാനത്തിന്റെ വക്താവാണ് ഇന്ന് സൂചി. 1991-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അവര്‍, 2019 അവസാനിക്കുമ്പോള്‍ ലോക കോടതിയില്‍ കേസ് നേരിടുന്നു. 2017-ലെ റോഹിങ്ക്യ വംശഹത്യയുടെ പേരിലുള്ളതാണ് കേസ്.
നീതിയുടെ പക്ഷത്തെ വഞ്ചിച്ചതാണ് സൂചിയുടെ ചരിത്രമെങ്കില്‍, അനീതിക്കു മുമ്പില്‍ അന്തിച്ചുനിന്ന ലോകത്ത് വീറുറ്റ ശബ്ദം കേള്‍പ്പിച്ച വനിതകള്‍ കുറേ ഉണ്ട്. പോയവര്‍ഷം ചങ്കൂറ്റത്തിന്റെ പ്രതീകങ്ങളായി തലക്കെട്ടുകളില്‍ നിറഞ്ഞവര്‍.
യു.എസ് കോണ്‍ഗ്രസിലെ ധീരശബ്ദമാണ് 'ദ സ്‌ക്വാഡ്' എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘം; ഇല്‍ഹാന്‍ ഉമര്‍, അലക്‌സാണ്ട്രിയ ഒകാസ്യോ കോര്‍ട്‌സ്, അയന പ്രസ്‌ലി, റാശിദ തുലൈബ് എന്നിവര്‍. നാലും വെള്ളക്കാരല്ലാത്തവര്‍. അപരവല്‍ക്കരിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്തവരുടെ സ്വരമാണ് അവര്‍ കേള്‍പ്പിക്കുന്നത്. കേട്ട് പരിചയമില്ലാത്ത ഇത്തരം പ്രതിസ്വരങ്ങളെ എതിര്‍ക്കുന്നവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാത്രമല്ല, സ്വന്തം ഡെമോക്രാറ്റിക് പാര്‍ട്ടിയിലുമുണ്ട്. കോണ്‍ഗ്രസ് സമിതിയംഗമെന്ന നിലക്ക് വലതുപക്ഷ നേതാവ് ഏലിയട്ട് അബ്രാംസിനെ വിചാരണ ചെയ്യുകയും യു.എസിന്റെ ഇസ്രയേല്‍ വിധേയത്വത്തെ ചര്‍ച്ചക്കെടുക്കുകയും പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക രോഷം ഏറ്റുവാങ്ങുകയും ചെയ്ത ഇല്‍ഹാന്‍ ഉമര്‍ സമാന ചിന്താഗതിക്കാര്‍ക്കൊപ്പം അമേരിക്കന്‍ രാഷ്ട്രീയത്തിന് പുതിയ ദിശ നല്‍കാനുള്ള ശ്രമത്തിലാണ്.
ഭീകരാക്രമണങ്ങള്‍ വിഭാഗീയതക്കും വിദ്വേഷത്തിനും ഉപയോഗിക്കുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒരൊറ്റ പ്രതികരണം കൊണ്ട് ഇരകളുടെ ഹൃദയം കീഴടക്കിയ ഒരാളുണ്ട് - ജസിന്ത ആര്‍ഡേണ്‍. 2017-ല്‍ 37-ാം വയസ്സില്‍ ന്യൂസിലന്റ് പ്രധാനമന്ത്രിയായി. 2019 മാര്‍ച്ചില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകളില്‍ ഭീകരന്റെ വെടിയേറ്റ് 51 പേര്‍ കൊല്ലപ്പെട്ടു. ജസിന്ത ആര്‍ഡേണ്‍ അന്ന് ഇരകളായ മുസ്‌ലിം സമൂഹത്തോട് ചേര്‍ന്നു നിന്നത് അവരെ വാര്‍ത്താ താരമാക്കി.
നേരു പറഞ്ഞതിനും ഇരകളോട് ഐക്യപ്പെട്ടതിനും വര്‍ഗീയവാദികളുടെ ആക്രമണങ്ങള്‍ക്കിരയായ വനിതകളും പോയവര്‍ഷം കുറേയുണ്ട്. പ്രത്യേകിച്ച് മാധ്യമരംഗത്ത്. ഇസ്രയേലീ ചാനലിലിരുന്ന് ഇസ്രയേലിന്റെ ക്രൂരതകളെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ വാര്‍ത്താ അവതാരകയാണ് ഒശ്‌റത് കോട്‌ലര്‍. ഫലസ്ത്വീനീ തടവുകാരെ ഇസ്രയേല്‍ സൈനികര്‍ മര്‍ദിച്ചതിനെപ്പറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ വാര്‍ത്ത അവതരിപ്പിക്കവെ 'ചാനല്‍ 13'ലെ ഒശ്‌റത് ആ പട്ടാളക്കാരെ 'മനുഷ്യ മൃഗങ്ങള്‍' എന്ന് വിശേഷിപ്പിച്ചു. ബഹളമായി. ജൂണില്‍ ചാനല്‍ വിടേണ്ടിവന്നു.
ജെസിന്തയും ഒശ്‌റതും സാന്ദര്‍ഭിക പ്രതികരണങ്ങള്‍ കൊണ്ടാണ് വാര്‍ത്ത സൃഷ്ടിച്ചത്. നിലപാടു കാരണം വര്‍ഗീയ പക്ഷത്തിന്റെ ഭീഷണിയും ആക്രമണങ്ങളും നേരിടേണ്ടിവരുന്ന ഒരു ഇന്ത്യന്‍ ജേണലിസ്റ്റുണ്ട്, റാണ അയ്യൂബ്. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മോദിയുടെയും അമിത്ഷായുടെയും പങ്ക് വിവരിച്ച 'ഗുജറാത്ത് ഫയല്‍സ്' പുറത്തുവന്ന ശേഷം റാണക്കെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് പേരില്ലാക്കൂട്ടങ്ങള്‍ അഴിച്ചുവിട്ടത്. 2019-ല്‍ കശ്മീര്‍, പൗരത്വ ബില്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റി അവര്‍ 'വാഷിംഗ്ടണ്‍ പോസ്റ്റി'ല്‍ എഴുതിയ ലേഖനങ്ങള്‍ ധീരമായ തുറന്നുപറച്ചിലാണ്- വര്‍ഗീയ പക്ഷക്കാര്‍ക്ക് പുതിയ ആക്രമണം നടത്താനുള്ള പുതിയ പ്രകോപനവും.
'തെഹല്‍ക' വാരികയിലായിരിക്കെ പത്തുമാസത്തോളം മൈഥിലി ത്യാഗി എന്ന യുവതിയായി വേഷമിട്ട് ഗുജറാത്ത് വംശഹത്യയെപ്പറ്റി വിവരങ്ങള്‍ ചോര്‍ത്തി. ആ ഒളികാമറാ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് 'തെഹല്‍ക' പ്രസിദ്ധപ്പെടുത്തിയില്ല. അതാണ് പിന്നീട് 'ഗുജറാത്ത് ഫയല്‍സ്' എന്ന പേരില്‍ പുസ്തകമാക്കി ഇറക്കിയത്. 2010-ല്‍ അമിത്ഷാ കുറേ മാസം ജയിലില്‍ കഴിയാന്‍ കാരണമായത് റാണയുടെ റിപ്പോര്‍ട്ടായിരുന്നു.
ഇന്ന് റാണ അയ്യൂബ് 'വാഷിംഗ്ടണ്‍ പോസ്റ്റി'ന്റെ കോളമിസ്റ്റാണ്.
കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ 370-ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ സര്‍ക്കാറിനോടു വിധേയത്വം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ കശ്മീര്‍ ശാന്തമാണെന്നും നാട്ടുകാര്‍ സര്‍ക്കാറിനെ പിന്തുണക്കുന്നുണ്ടെന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് കടുത്ത വെല്ലുവിളികള്‍ക്കു മധ്യത്തില്‍ മുന്‍നിര പത്രപ്രവര്‍ത്തകര്‍ വരെ അറച്ചു നില്‍ക്കുമ്പോള്‍, റാണ കശ്മീരിലേക്ക് ചെന്ന് സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കാന്‍ തീരുമാനിക്കുന്നത്. 'ന്യൂയോര്‍ക്കര്‍' ലേഖകന്‍ ഡെക്സ്റ്റര്‍ ഫില്‍ക്കിന്‍സിനെയും ക്ഷണിച്ചു. അദ്ദേഹം ഒരു വടക്കേ ഇന്ത്യന്‍ മുസ്‌ലിമിന്റെ വേഷമണിഞ്ഞു. അവര്‍ നേരിട്ടു കണ്ടു; കശ്മീരിന്റെ ദയനീയാവസ്ഥ. നിറയെ പട്ടാളം. ആശുപത്രികളില്‍ സൈനികരുടെയും പോലീസിന്റെയും പെല്ലറ്റ് ആക്രമണങ്ങളുടെ ഇരകള്‍.
മറ്റു മാധ്യമങ്ങള്‍ സര്‍ക്കാര്‍ ഭാഷ്യം മാത്രം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ 'വാഷിംഗ്ടണ്‍ പോസ്റ്റി'ല്‍ റാണയുടെ നേരിട്ടുള്ള റിപ്പോര്‍ട്ട് വന്നു.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ വര്‍ഗീയവാദികളുടെ ഭീഷണികളും തെറികളും ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ള ഒരാള്‍ റാണ അയ്യൂബാണ്. ഡെക്സ്റ്റര്‍ ഫില്‍കിന്‍സ് അവരോട് പറഞ്ഞു: ''ഇന്ത്യ വിട്ടുപോകുന്നതല്ലേ നല്ലത്?''
''ഞാന്‍ പോകില്ല'' - റാണ പറഞ്ഞു.
''ഇവിടെത്തന്നെ നില്‍ക്കും. എല്ലാം എഴുതണം. എല്ലാവരെയും അറിയിക്കണം.''
ചങ്കൂറ്റത്തോടെയുള്ള തുറന്നുപറച്ചിലില്‍ വനിതകള്‍ തന്നെ മുന്നിലെന്ന് തെളിയിച്ച മറ്റൊരു ഇന്ത്യക്കാരിയാണ് അരുന്ധതി റോയ്. 2019 നവംബറില്‍ ന്യൂയോര്‍ക്കില്‍ അവര്‍ നടത്തിയ പ്രഭാഷണം പൊതുസമൂഹത്തിന്റെ ആത്മഹത്യാപരമായ മൗനത്തെപ്പറ്റിയായിരുന്നു.
മാധ്യമമേഖലയില്‍നിന്ന് മറ്റൊരു വനിതകൂടി വാര്‍ത്താ കേന്ദ്രമായി- ഇറാന്‍ ചാനലായ 'പ്രസ് ടി.വി'യുടെ മര്‍സിയ ഹാശ്മി. അര്‍ബുദരോഗം പിടിച്ച് യു.എസില്‍ ചികിത്സയിലായ സഹോദരനെ കാണാന്‍ ചെന്ന മര്‍സിയയെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി യു.എസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പത്തുദിവസം തടവില്‍ പാര്‍പ്പിച്ചു. ഏതോ കേസില്‍ അവര്‍ സാക്ഷിയാണെന്ന് പറഞ്ഞതല്ലാതെ മറ്റൊരു വിശദീകരണവും ഉണ്ടായില്ല. തടവിലായിരിക്കെ അപമര്യാദ നേരിട്ടു. ഏകാന്തതടവായിരുന്നു. ശിരോവസ്ത്രം അഴിപ്പിച്ചു. ഹലാല്‍ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. ഇടക്ക് ഒരു പ്രചാരണം പുറത്തു നടന്നു- മര്‍സിയ ഹശ്മി ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടെന്ന്. അവര്‍ക്ക് ഇത്തരമൊരു മാനസിക പ്രശ്‌നവുമുണ്ടായിരുന്നില്ല. പിന്നെ എന്തിനായിരുന്നു ആ പ്രചാരണം? അവരെ കൊല്ലാനും എന്നിട്ട് അത് 'ആത്മഹത്യാപ്രവണത'യില്‍ ചാരാനും ഗൂഢപദ്ധതി ഉണ്ടായിരുന്നോ? പിന്നീട് അവര്‍ പ്രകടിപ്പിച്ചതാണ് ഈ സംശയം.
അട്ടിമറിക്കപ്പെട്ട കാലാവസ്ഥ. ആര്‍ക്കും വേണ്ടാതായ മാനുഷിക മൂല്യങ്ങള്‍. ഇത്തരമൊരു ലോകം പൈതൃകമായി ഏറ്റെടുക്കേണ്ടിവന്ന പുതുതലമുറയുടെ (Millennial) പ്രതിനിധിയാണ് 2003 ജനുവരിയില്‍ ജനിച്ച ഗ്രേറ്റ തുന്‍ബര്‍ഗ്. സ്വീഡന്‍കാരി. 'ടൈം' മാഗസിന്‍ 2019 വര്‍ഷത്തെ വ്യക്തിയായി അവളെ തെരഞ്ഞെടുത്തത് വെറുതെയല്ല.
അതിരില്ലാത്ത മലിനീകരണം ഭൂമിയെ ശ്വാസം മുട്ടിക്കുന്നു. ആഗോളതാപനം റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. ഇതിന് ഉത്തരവാദികളായ മുതിര്‍ന്ന തലമുറ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ ഗൗനിക്കുന്നേ ഇല്ല. അതുകൊണ്ടുതന്നെ കാലാവസ്ഥാ സമരം ഇളം തലമുറയുടെ സമരമാണ്. 2011-ല്‍ എട്ട് വയസ്സുള്ളപ്പോഴാണ് ഗ്രേറ്റ കാലാവസ്ഥാ പ്രതിസന്ധിയെപ്പറ്റി കേള്‍ക്കുന്നത്. അത് പരിഹരിക്കാന്‍ ആരും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നതും അവള്‍ ശ്രദ്ധിച്ചു.
2018 മേയില്‍ സ്‌കൂളില്‍ നടന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ച ഒരു പ്രബന്ധ മത്സരത്തില്‍ (ഒരു സ്വീഡിഷ് പത്രമാണ് മത്സരം സംഘടിപ്പിച്ചത്) ഗ്രേറ്റ ഒന്നാം സ്ഥാനം നേടി. പത്രം അത് പ്രസിദ്ധപ്പെടുത്തി. ആക്ടിവിസ്റ്റുകള്‍ അത് ശ്രദ്ധിച്ചു. ആഗസ്റ്റില്‍ ഗ്രേറ്റ (അന്ന് ഒമ്പതാം ക്ലാസില്‍) ഒറ്റക്ക് സ്‌കൂള്‍ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്റിനു മുമ്പാകെ 'കാലാവസ്ഥാ സമരം' തുടങ്ങി. ആക്ടിവിസ്റ്റുകളും സന്നദ്ധ സംഘടനകളും അതിന് പിന്തുണയും പ്രചാരണവും നല്‍കി.
പിന്നീട് പഠിപ്പു മുടക്ക് സമരം വെള്ളിയാഴ്ചകളില്‍ മാത്രമാക്കിയെങ്കിലും അത് വിദ്യാര്‍ഥിലോകം കൂടുതലായി ഏറ്റെടുക്കാന്‍ തുടങ്ങി. 2018 ഡിസംബര്‍ ആകുമ്പോഴേക്കും ലോകത്ത് 270 നഗരങ്ങളിലായി 20,000-ത്തിലേറെ വിദ്യാര്‍ഥികള്‍ സമരത്തില്‍ ചേര്‍ന്നു. 2019 സെപ്റ്റംബറിലാകട്ടെ വിദ്യാര്‍ഥി പ്രക്ഷോഭകരുടെ എണ്ണം 70 ലക്ഷം കടന്നു.
ആഗോള കാലാവസ്ഥാ ഉച്ചകോടികളിലും ചര്‍ച്ചകളിലും ഗ്രേറ്റ സ്ഥിരം ക്ഷണിതാവാണ്. 2019 ആഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ഗ്രേറ്റ എത്തിയത് സൗരോര്‍ജ പാനല്‍ ഘടിപ്പിച്ച വഞ്ചിയിലാണ്. വിമാനങ്ങള്‍ മലിനീകരണം കൂട്ടുന്നതിനാലാണ് ഏതാനും മണിക്കൂറുകളുടെ വ്യോമസഞ്ചാരത്തിനുപകരം 15 ദിവസമെടുത്ത് കടല്‍ യാത്ര ചെയ്തത്.
അതിഭീഷണമായ പ്രതിസന്ധി മുന്നിലെത്തിയിട്ടും അനങ്ങാതിരിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തോട് മാഡ്രിഡില്‍ ഗ്രേറ്റ ഉയര്‍ത്തിയ രോഷാകുലമായ ചോദ്യം പിന്നീട് നിലച്ചിട്ടില്ല: 'നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വരുന്നു?'
ചൈനയിലെ സിന്‍ജ്യങ്ങില്‍ വീഗൂര്‍ മുസ്‌ലിംകളെ തടങ്കലിലിട്ട് പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ടാണ് 2019 അവസാനിക്കുന്നത്. അവിടെയുമുണ്ട് ധീരരായി ചെറുത്തുനില്‍ക്കുന്നവരും നേരു പറഞ്ഞ് പ്രതിരോധിക്കുന്നവരും. പലായനം ചെയ്ത് മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആസിയ അബ്ദുല്ല, ഗുല്‍ഷഹറ ഹോജ, സുംറത് ദാവൂദ് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ ചിലര്‍ മാത്രം.
പുതിയ വര്‍ഷം ഇത്തരം കൂടുതലാളുകളെപ്പറ്റി പറഞ്ഞുതരുമെന്ന് കരുതാം.