'സമയവും കാലവും ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല' കേട്ടു ശീലിച്ചൊരു പഴമൊഴിയാണിത്. കാലവും ലോകവും അടുക്കുന്നതിനനുസരിച്ച് തിരക്കുകളും വര്‍ധിക്കുന്നു.
'സമയവും കാലവും ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല' കേട്ടു ശീലിച്ചൊരു പഴമൊഴിയാണിത്. കാലവും ലോകവും അടുക്കുന്നതിനനുസരിച്ച് തിരക്കുകളും വര്‍ധിക്കുന്നു. ആര്‍ക്കും ഒന്നിനും സമയമില്ലെന്ന പരിഭവം വേറെ. ആശകളും സ്വപ്‌നങ്ങളും ഏറെയുണ്ടായിട്ടും 'സമയമില്ലാത്തതുകൊണ്ട്' ആശിച്ചതു നേടാനാവില്ലെന്നു പറഞ്ഞു നിരാശയോടെ പിന്മാറുന്നത് ഏറെയും സ്ത്രീകളാണ്. സമയമില്ലാ കാലത്ത് ഞാനാഗ്രഹിച്ചതിന് എനിക്ക് സമയമുണ്ടെന്നു പറയുന്നവരുടെ ചില വര്‍ത്തമാനങ്ങള്‍.....
തയാറാക്കിയത് /ഫൗസിയ ഷംസ്
ചെടികളോടും പൂക്കളോടും സല്ലപിച്ച്
'സാധാരണ സ്ത്രീകള്‍ പറയാറുണ്ട്, വീട്ടുജോലിയെടുക്കുമ്പോള്‍ മറ്റൊന്നും ചെയ്യാന്‍ പറ്റില്ല. മറ്റെന്തെങ്കിലും ജോലിയുണ്ടെങ്കില്‍ വീടും കുടുംബവും മക്കളും അവരുടെ പഠിപ്പുമൊന്നും നടക്കില്ലായെന്ന്. എന്നാല്‍ എനിക്കിതിനോടൊന്നും യോജിപ്പില്ല. ഞാനിതെല്ലാം ചെയ്യുന്നുണ്ട്' എന്നാണ് സുവിജ കിരണിന്റെ നിലപാട്. സമയത്തെ ക്രിയാത്മകമായി ഉപയോഗിച്ചാല്‍ ആവശ്യമെന്നു തോന്നിയതെന്തും ചെയ്യാന്‍ വേണ്ടുവോളം സമയമുണ്ടെന്നവര്‍ പ്രവൃത്തിയിലൂടെ തന്നെ കാണിച്ചുതരുന്നുമുണ്ട്. 'പുലര്‍ച്ചെ അഞ്ചര മണിക്ക് ഞാന്‍ എണീക്കും. രാവിലെ മക്കളെ സ്‌കൂളില്‍ വിടാനും വീട്ടിലെ ജോലികളും ഉണ്ടാകും. എന്തുതന്നെ വന്നാലും രാവിലെ ഒമ്പത് മണിയാകുമ്പോഴേക്കും എന്റെ അടുക്കള ജോലി പൂര്‍ത്തിയാകും. അതിനു ശേഷം അടുക്കളജോലിയെടുക്കുന്നത് എനിക്കിഷ്ടമല്ല. പിന്നെ നീട്ടിക്കൊണ്ടുപോയാല്‍ എത്രതന്നെ ചെയ്താലും ആ പണിയൊന്നും തീരില്ല. അതുകൊണ്ട് അടിച്ചുവാരലും അലക്കലും തുടക്കലുമൊക്കെ ആ സമയത്തിനുള്ളില്‍ തീര്‍ക്കും. അതിനു ശേഷം ഞാനെന്റെ ചെടികളുടെ അടുത്തുപോകും.' ചെടികളോടും പൂക്കളോടും സല്ലപിച്ച് സന്തോഷവും സമ്പാദ്യവുമാക്കി സമയത്തെ രസകരമായി ഉപയോഗിക്കുന്ന സുവിജ ദിനചര്യകളെക്കുറിച്ച് പറഞ്ഞുതുടങ്ങുകയാണ്. 'ഇവിടെ വരുന്ന പണിക്കാരെ ശ്രദ്ധിക്കണം. കിരണേട്ടന്‍ അവരുടെ ജോലിക്ക് പോകും. അപൂര്‍വമായിട്ടുള്ള ഫ്രൂട്ട് പ്ലാന്റ് മാത്രമാണ് ഞങ്ങള്‍ കൃഷി ചെയ്യുന്നത്. ആ ചെടികളുടെ അടുത്തുപോയി നിത്യവും പരിപാലിച്ചില്ലെങ്കില്‍ അവക്ക് പുതിയ അസുഖങ്ങള്‍ വന്നാലൊന്നും നമ്മള്‍ക്കറിയില്ല. അതെന്റെ ഡ്യൂട്ടിയാണ്. പിന്നെ വളം കൊടുക്കണമെങ്കില്‍ പണിക്കാരെ കൊണ്ട് കൊടുപ്പിക്കണം. അല്ലെങ്കില്‍ ഞാന്‍ തന്നെ കൊടുക്കും. അതിനിടയില്‍ ചെടികളും കൃഷിയും കാണാന്‍ സന്ദര്‍ശകരും വരും. അവരോടൊപ്പവും കുറച്ചു സമയം വേണം. നേരത്തേ എണീറ്റാല്‍ എല്ലാം കഴിയും. എനിക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയമില്ലായെന്ന് എനിക്കു തോന്നിയിട്ടേയില്ല.' കേരളത്തിലെ അപൂര്‍വ ഫലസസ്യങ്ങള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഫലങ്ങളും വളര്‍ത്തി പരിപാലിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന സുവിജക്ക് സമയനിയന്ത്രണത്തിലും നിറഞ്ഞ സംതൃപ്തി തന്നെ. 'ചെടികള്‍ കൂടാതെ എനിക്ക് ഗപ്പികളുമുണ്ട്. ചെടികളുടെ അടുത്ത് പോകുമ്പോള്‍ മാനസികമായി വളരെ സന്തോഷം കിട്ടുന്നുണ്ട്. അതില്‍നിന്ന് കിട്ടുന്ന സാമ്പത്തിക ലാഭത്തേക്കാള്‍ കൂടുതല്‍ സംതൃപ്തി അതില്‍നിന്നും കിട്ടുന്ന മാനസികമായ സംതൃപ്തിയാണ്. അതൊന്നും ആരോടും പറഞ്ഞാല്‍ മനസ്സിലാകില്ല. പിന്നെ എന്റെ ഭര്‍ത്താവ് മക്കളെ നോക്കുന്നതുപോലെ ഫ്രൂട്ട്‌സ് പ്ലാന്റ്‌സ് നോക്കുന്നയാളാണ്. ആ ഒരു താല്‍പര്യം കൊണ്ടാണ് ഞാന്‍ മൂപ്പരെ കല്യാണം കഴിച്ചതു തന്നെ എന്നുപറയാം. മക്കള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ ഞാനവരെ പഠിപ്പിക്കാനിരിക്കും. രാത്രി ഭര്‍ത്താവുമായി ചേര്‍ന്ന് നെറ്റില്‍ ഏതെങ്കിലും ചെടിയുമായി ബന്ധപ്പെട്ട പുതിയ പുതിയ കാര്യങ്ങള്‍ നോക്കും. വീട്ടിലിരുന്ന് വെറുതെ ബോറടിക്കാന്‍ ഞാന്‍ തയാറല്ല. എം.എ, ബി.എഡ്, സെറ്റ്, നെറ്റ് എല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദിവസവേതനത്തിന് ഹയര്‍ സെക്കന്ററിയില്‍ പോയിരുന്നു. അഞ്ചാറ് വര്‍ഷം പോയപ്പോള്‍ എനിക്ക് മടുപ്പായി. അങ്ങനെ അത് നിര്‍ത്തി. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ഒരു ജോലി കിട്ടിയില്ലായെന്ന് വിചാരിച്ച് ജീവിതം കളയാനള്ള താല്‍പര്യമൊന്നും എനിക്കില്ല. എന്തിലെങ്കിലും ശ്രദ്ധിക്കുക എന്നതാണെന്റെ പോളിസി. മാനസികമായ സംതൃപ്തിയാണെന്റെ ലക്ഷ്യം. പൈസ ഉണ്ടാക്കുന്നതിലല്ലല്ലോ കാര്യം. മാനസികമായി നമ്മള്‍ക്ക് എത്രത്തോളം സന്തോഷമാവുന്നോ അതാണ് ജീവിതത്തിന്റെ സന്തോഷം. എന്റെയും കുടുംബത്തിന്റെയും വിശ്വാസമതാണ്. സമയമില്ലായെന്നു പറഞ്ഞിട്ട് കാര്യമില്ല. അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. എനിക്ക് കൃഷിയിലാണ് താല്‍പര്യം. നമ്മളുടെ മക്കള്‍ക്ക് വിഷമില്ലാത്ത പച്ചക്കറി കൊടുക്കുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. ഞാന്‍ കോഴിക്കോട് ജില്ലക്കാരിയാണ്. കൃഷിയൊന്നും ഇല്ലാത്ത വീട്ടില്‍നിന്നാണ് ഞാന്‍ വരുന്നത്. വയനാട്ടിലെത്തിയപ്പോഴാണ് കൃഷി കണ്ടതും അറിഞ്ഞതും.' ഓരോ ചെടിയും വിത്തിടുന്നതും കായ്ക്കുന്നതും പൂക്കുന്നതും നോക്കി കാലവും സമയവും അറിഞ്ഞ് വളവും വെള്ളവും നല്‍കി പരിപാലിക്കുന്ന സുവിജയുടെ ജീവിതവും സമയത്തോടൊപ്പം നീങ്ങുകയാണ്.
രുചി വിളമ്പുന്ന ആര്‍സു
കുട്ടിക്കാലത്ത് മൈലാഞ്ചിയിടലും ഫാഷന്‍ ഡിസൈനിംഗ് മോഹവുമായി നടന്ന ആര്‍സു മികച്ചൊരു ഷെഫ് ആയി മാറിയത് സമയത്തെ വെറുതെ കളയല്ലേ എന്ന ഉമ്മയുടെ ഉപദേശത്തെ തുടര്‍ന്നാണ്. സമയവും സൗകര്യവുമൊക്കെ അറിഞ്ഞുപയോഗിച്ചാല്‍ ആത്മസംതൃപ്തി ഏറെയാണെന്ന അനുഭവ സാക്ഷ്യമാണ് ഫാത്തിമ ആര്‍സു നല്‍കുന്നത്. '2003-ല്‍ കല്യാണം കഴിയുമ്പോള്‍ ഫാഷന്‍ ഡിസൈനിംഗ് പഠനം പൂര്‍ത്തിയായിരുന്നില്ല. ദുബൈയിലുള്ള ഹസ്ബന്റിന്റെ അടുത്ത് പോയത് 2005-ല്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ്. ഒരു വര്‍ഷത്തിനു ശേഷം ആദ്യ കുട്ടിയെ ഗര്‍ഭം ധരിച്ചു. അതിനു വേണ്ടി നാട്ടില്‍ വന്നപ്പോ ഫാഷന്‍ ഡിസൈനര്‍ ജോലിക്കു വേണ്ടി ചെറിയ തോതില്‍ ശ്രമിച്ചു എന്നല്ലാതെ മോന് മൂന്ന് വയസ്സാകുന്നതു വരെ കാര്യമായി ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല, ഇടക്കെപ്പോഴെങ്കിലും ചെറിയ രൂപത്തില്‍ കുര്‍ത്തീസും വെറൈറ്റി അബായയും ഒക്കെ ചെയ്യും. അത്യാവശ്യം അടുത്ത വര്‍ഷത്തേക്കുള്ള കലക്ഷന്‍സും ഉണ്ടാക്കും. വല്ലപ്പോഴുമൊക്കെ എക്‌സിബിഷനുകളും. അല്ലാതെ കാര്യമായി സമയമുണ്ടെങ്കിലും അതിനെക്കുറിച്ചൊന്നും ഗൗരവമായി ആലോചിച്ചിരുന്നില്ല.
'വീട്ടില്‍ ഹസ്ബന്റ്് വരുമ്പോള്‍ ഒരുപാട് സുഹൃത്തുക്കളുമായാണ് വരാറ.് അവര്‍ക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും.' സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും രുചിയേറുന്ന ഭക്ഷണം നല്‍കണമെന്ന് ആര്‍സുവിന് നിര്‍ബന്ധം തന്നെയായിരുന്നു. അതുകൊണ്ട് 'എവിടെ പോയി ഭക്ഷണം കഴിച്ചാലും അതിന്റെ പാചകരീതി അന്വേഷിച്ച് അതൊന്നു പരീക്ഷിച്ചുനോക്കും. അറിയാത്തതൊക്കെ നാട്ടില്‍ ഉമ്മയെ വിളിച്ചാണ് അന്വേഷിക്കാറ്. ഉമ്മ നാട്ടില്‍ ചെറിയ തോതില്‍ കാറ്ററിംഗ് വര്‍ക്ക് ചെയ്യുന്നുായിരുന്നു. ഉമ്മയാണ് പറഞ്ഞത്, 'നീയിങ്ങനെ വെറുതെ സമയം കളയുന്നത് എന്തിനാ, ഉള്ള സമയത്ത് എന്തെങ്കിലും ചെയ്തൂടേയെന്ന്.'
ആര്‍സുവിനെ ഉമ്മക്കറിയാം. സമയത്തെ ഒന്ന് ക്രമപ്പെടുത്തിയാല്‍ ആര്‍സുവിന് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്നും ഉറപ്പണ്ട്. അങ്ങനെ മിച്ചം കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി കാറ്ററിംഗ് ചെറിയ തോതിലെങ്കിലും ചെയ്യുന്ന ഉമ്മയുടെ നിരന്തരമുള്ള പ്രോത്സാഹനം ഫാത്തിമ ആര്‍സുവും ജീവിതത്തില്‍ പകര്‍ത്തി. സമയത്തെ ഇനി വെറുതെ കളയില്ലെന്നുറപ്പിച്ചപ്പോള്‍ അറിയപ്പെടുന്നൊരു ഷെഫായി. തുടക്കത്തില്‍ അഞ്ചു കിലോ ബിരിയാണി വരെ ഗള്‍ഫിലെ ഫഌറ്റിന്റെ ചെറിയ അടുക്കളയില്‍ ചെയ്തുകൊടുത്തിരുന്ന ആര്‍സു ഇന്ന് ദുബൈയിലെ 'ലല്ലുമ്മാസ്' എന്ന ഹോട്ടലിന്റെ ചീഫ് ഷെഫായി മുന്നേറുകയാണ്. നല്ല രുചിയുള്ള ബിരിയാണിയും വിഭവങ്ങളും കസ്റ്റമേഴ്‌സിന് വിളമ്പണമെന്നു നിര്‍ബന്ധമുള്ള ആര്‍സു ഗള്‍ഫീന്ന് ഇടക്കിടെ ഇങ്ങ് ഹൈദരാബാദിലും കോഴിക്കോട്ടും ബാംഗ്ലൂരും പറന്നെത്തി വ്യത്യസ്തമായ രുചിവിഭവങ്ങള്‍ നുണഞ്ഞ് അവയുടെ പൊരുളന്വേഷിച്ച് പരീക്ഷിക്കാനും സമയം കണ്ടെത്തുകയാണ്.
പുത്തന്‍ ഫാഷനുമായി കാലത്തോടൊപ്പം
കുടുംബവും കുട്ടികളുമായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നിനും സമയമില്ലെന്നാണ് പൊതുവെ സ്ത്രീകളുടെ പറച്ചില്‍. എന്നാല്‍ ഫ്‌ളോറന്‍സിന് നേരെ തിരിച്ചാണ്. താന്‍ നേടിയ വിദ്യയെ ചെത്തിമിനുക്കിയെടുത്ത് സമ്പാദ്യവും സായൂജ്യവും നേടിയത് ജീവിതത്തിന് പ്രതീക്ഷ നല്‍കി മോള്‍ വന്നതോടെയാണ്. ആ പറച്ചിലില്‍ അതുണ്ട്. 'എന്റെ ജീവിതത്തില്‍ മോള്‍ വന്നതോടെയാണ് ഞാന്‍ ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ ആഗ്രഹിച്ചത്. ആറുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിനു ശേഷം ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആത്മവിശ്വാസം കൂടുതലായിരുന്നു. എന്റെ ആത്മവിശ്വാസവും യൂനിയന്‍ ബാങ്കിലെ മുദ്ര ലോണും കൂടിയായപ്പോള്‍ എന്റെ ആഗ്രഹങ്ങള്‍ തുന്നിച്ചേര്‍ക്കപ്പെടുകയായിരുന്നു. രണ്ട് വര്‍ഷമായി പൂവാട്ടുപറമ്പില്‍ യാതൊരു പരസ്യവുമില്ലാതെ ഷോപ്പ് തുടങ്ങിയിട്ട്. പണത്തേക്കാള്‍ ഏറെ വലുതാണ് എനിക്ക് അതില്‍നിന്ന് കിട്ടുന്ന സംതൃപ്തി. ആത്മമിത്രങ്ങളായ കസ്റ്റമേഴ്‌സ് ഉണ്ട്. കിടപ്പുരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും സൗജന്യമായാണ് ഡ്രസ്സുകള്‍ ഡിസൈന്‍ ചെയ്തുകൊടുക്കുന്നത്. പ്ലാന്‍ ചെയ്ത് എല്ലാം ചെയ്യുന്നതുകൊണ്ട് എനിക്ക് ഒന്നിനും സമയക്കുറവ് എന്ന പ്രശ്‌നം നേരിടേണ്ടിവന്നിട്ടില്ല. ഫാഷന്‍ ഡിസൈന്‍ ജോലിക്കൊപ്പെം തന്നെ ഓമനമൃഗങ്ങളും അലങ്കാര മീനുകളും പൂച്ചെടികളും പച്ചക്കറികളും എല്ലാം നോക്കി നടത്താനും കഴിയുന്നുണ്ട്. വീട്ടില്‍നിന്നും കിട്ടുന്ന സപ്പോര്‍ട്ടാണ് എന്റെ ഊര്‍ജം. രാവിലെ നാലിന് എണീറ്റ് എല്ലാം കൃത്യനിഷ്ഠയോടെ ചെയ്തു തീര്‍ക്കുന്നതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങളൊക്കെ ചെയ്ത് രാത്രി എനിക്ക് വിശ്രമിക്കാന്‍ കഴിയുന്നുണ്ട്. പിന്നെ ഇപ്പോ വാട്‌സാപ്പും മറ്റും ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളും യഥാസമയം അറിയാന്‍ കഴിയുമല്ലോ. അതിനും സമയം കണ്ടെത്തുന്നുണ്ട്. സൗഹൃദങ്ങളെ നല്ലപോലെ സൂക്ഷിക്കാനും ഇതിനിടയില്‍ ഞാന്‍ സമയം കണ്ടെത്തും. ഓരോ മൂന്ന് മാസം കൂടുമ്പോഴും സൃഹുത്തുക്കളുമായി ഒരു ഒത്തുകൂടലിനും സമയം നീക്കിവെക്കും. ഒന്നുകില്‍ ആരുടെയെങ്കിലും വീട്ടിലോ അല്ലെങ്കില്‍ എല്ലാവര്‍ക്കും താല്‍പര്യമുള്ളിടത്തോ ഒത്തുകൂടി ആഘോഷങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കിടും. പിന്നെ എല്ലാവരുമായി ഒരു വണ്‍ഡേ ടൂര്‍. വെക്കേഷനിലാണ് ഫാമിലിയോടൊത്തുള്ള ടൂര്‍. എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റിയ കുടുംബവും സൗഹൃദങ്ങളും ഉള്ളത് വലിയൊരു കാര്യമാണ്.' ഒന്നിനും സമയമില്ലായെന്ന പരാതിയൊന്നും ഫ്‌ളോറന്‍സിനില്ല. കൃത്യമായ പ്ലാനിംഗോടെ ചെയ്ത് ആഗ്രഹിച്ചതൊക്കെ നേടുകയാണ് കുടുംബിനിയായ ഫ്‌ളോറന്‍സ്.
നേരമില്ലാത്തത് വേണ്ടാത്ത വര്‍ത്തമാനം കേള്‍ക്കാന്‍
കോഴിക്കോട് ഫറോക്ക് സ്വദേശിയായ സാജിദ നാല് മക്കളും ഭര്‍ത്താവുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് ഉള്ള സമയം ഉപയോഗപ്പെടുത്തി എന്നോ മുറിഞ്ഞുപോയ പഠനം തുടരാന്‍ തീരുമാനിച്ചത്. വീട്ടിലെ പണിയൊക്കെ അന്നുള്ളതുപോലെ ഇന്നുമുണ്ട്. സമയമില്ലെന്നു പറഞ്ഞു നടന്നാല്‍ ഒന്നും നേടാനാകില്ലെന്നാണ് സാജിദയുടെ പക്ഷം. ഒരു മകളെ ഫിസിയോതെറാപ്പിസ്റ്റും മറ്റൊരു മകളെ വക്കീലുമാക്കി മാറ്റിയ സാജിദക്ക് പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി നല്ല ബോധ്യമുണ്ട്. 'വെറുതെ എന്തിനാ സമയം കളയുന്നേ? വീട്ടുജോലിയൊക്കെ എന്നുമുള്ളതു തന്നെയാ. അതു തന്നെ ചെയ്തിരുന്നാല്‍ മറ്റൊന്നിനും നേരം കാണില്ല.' അങ്ങനെയാണ് 25 വര്‍ഷം മുമ്പ് മുറിഞ്ഞുപോയ പഠനം വീണ്ടും തുടങ്ങിയത്. പത്താംതരം തുല്യതാ പരീക്ഷയെഴുതി എ ഗ്രേഡോടെ പാസ്സായപ്പോള്‍ +2 വിന് ചേര്‍ന്നു. ഇപ്പോള്‍ +1 പരീക്ഷയുടെ തയാറെടുപ്പിലാണ്. 'കല്യാണം കഴിഞ്ഞപ്പോ പഠിക്കണമെങ്കില്‍ പോയ്‌ക്കോന്ന് പറഞ്ഞതാ. അന്ന് ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. അന്നത് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ വല്യ കാര്യമാകുമായിരുന്നു. ഇപ്പോ പഠിച്ചിട്ട് ജോലിയൊന്നും നേടാനാകില്ലെങ്കിലും കുട്ടികളോടൊപ്പം പോകാനും ഒന്നിച്ചിരിക്കാനുമുള്ള സന്തോഷം ഒന്ന് വേറെ തന്നെയാ. പണ്ടത്തെ എസ്.എസ്.എല്‍.സി ബുക്ക് അല്ല ഇപ്പോള്‍. ഇപ്പോ ന്യൂ ജനറേഷന്റെ പ്രോഗ്രസ് കാര്‍ഡാണ് എന്റെ കൈയില്‍. വളരെയധികം സന്തോഷമാണ്. പിന്നെ അതു മാത്രമല്ല ക്ലാസിലെ എല്ലാ കാര്യത്തിലും ഇടപെടും. എല്ലാവരുടെയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. പണ്ടൊക്കെ എല്ലാറ്റിനും അതിര്‍വരമ്പല്ലേ. ഇപ്പോ അങ്ങനെയല്ല, കുട്ടികളാക്കെ ഉഷാറാണ്. എന്റെ പഠനകാര്യത്തില്‍ സഹായിക്കുന്നത് ന്യൂ ജന്‍ ആണ്. ഞായറാഴ്ച ഞങ്ങള്‍ക്കുള്ള ദിവസമാണ്, ശരിക്കും. അന്ന് ഞാന്‍ പതിവു പോലെ മക്കള്‍ക്കും ഭര്‍ത്താവിനും ഭക്ഷണമുണ്ടാക്കി ക്ലാസില്‍ പോകും.' സമയവും സൗകര്യവുമില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കാതെ അക്ഷര വഴിയിലൂടെ സഞ്ചരിച്ച് താനാഗ്രഹിച്ചത് നേടിയെടുക്കാന്‍ ശ്രമിക്കുന്ന സാജിദയുടെ ആത്മവിശ്വാസത്തിന്റെ വാക്കുകള്‍.
സാജിദക്ക് സമയമില്ലാത്തത്, 'ഓ ഇപ്പോഴല്ലേ പഠിപ്പ്' എന്നുപറഞ്ഞ് മുഖം തിരിക്കുന്നവരുടെ പറച്ചില്‍ കേട്ടിരിക്കാനാണ്. 'എന്റെ പ്രായത്തിലുള്ളവര്‍' 'ഓ ഇപ്പോ വേറെ പണിയില്ലേ' എന്ന ഭാവത്തില്‍ ഒരു നോട്ടമാണ്. അത് കേള്‍ക്കാനേ ഞാന്‍ തയാറല്ല.' സമയമില്ലായെന്നു പറഞ്ഞ് ആശിച്ചത് മാറ്റിവെക്കുന്നതിനോട് സാജിദക്ക് യോജിപ്പേ ഇല്ല. 'എല്ലാവര്‍ക്കും, ഏത് വലിയ വര്‍ക്കും ചെറിയവര്‍ക്കും ഇരുപത്തിനാലു മണിക്കൂറ് ആണ് സമയം. അത് വേണ്ട രീതിയില്‍ ഉപയോഗിക്കണം' എന്നാണവരുടെ പക്ഷം. 'നമ്മളെ കാര്യത്തിന് നമ്മള്‍ തന്നെ മുന്നോട്ടു വന്നാലേ നടക്കൂ, അല്ലാതെ സമയമില്ലെന്നു പറഞ്ഞ് മാറിനിന്നാല്‍ ഒന്നും നേടാന്‍ കഴിയില്ലെ'ന്ന് വിശ്വസിക്കുന്ന സാജിദക്ക് വീട്ടുജോലിയോടൊപ്പം പുറത്തു പോയി ജോലിയെടുക്കുന്നവരോട് വലിയ മതിപ്പുമാണ്. 'വീട്ടിലിരിക്കുന്നവര്‍ക്കും പുറത്തു പോകുന്നവര്‍ക്കും 24 മണിക്കൂറാണ്. സമയത്തെ നന്നായി വിനിയോഗിക്കുന്നവരാണവര്‍' എന്ന് പറയാനും മടിയേതുമില്ല. അതുകൊണ്ട് പഠിക്കുന്നവരായാലും ജോലിക്കു പോകുന്നവരായാലും സ്വന്തം ആത്മസാക്ഷാത്കാരത്തിന് സമയത്തെ നല്ല നിലക്ക് വിനിയോഗിക്കുന്നവര്‍ക്ക് കുടുംബത്തിന്റെ സപ്പോര്‍ട്ട് ഉണ്ടാവണം എന്നാണ് അവര്‍ പറയുന്നത്. കല്യാണമായാലും സല്‍ക്കാരമായാലും കോഴിക്കോടുകാരിയായ അവര്‍ക്ക് നാലുനാള്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങാണ്. പഠിത്തത്തിന്റെ തിരക്കിനിടയിലും കോഴിക്കോടിന്റെ ഒത്തുകൂടലിനും സമയം കണ്ടെത്തുന്ന സാജിദക്ക് സമയവിനിയോഗത്തില്‍ നിറഞ്ഞ സംതൃപ്തി തന്നെ.
എല്ലാറ്റിനും സമയമുണ്ട്
വീടും ജോലിയും മാത്രമല്ല വിനോദയാത്രക്കും വിരുന്നു പോകാനും അയല്‍പക്കക്കാരോട് കൂട്ടുകൂടാനും എല്ലാറ്റിനും സൗദാബിക്ക് സമയമുണ്ട.് വേണ്ടതു പോലെ വിനിയോഗിച്ചാല്‍ സമയം ഏറെ എന്നാണ് നിലപാട്. 'പണ്ടത്തെ പോലെ അരി പൊടിക്കാനും ഇടിക്കാനുമൊന്നുമില്ലല്ലോ. മുമ്പൊക്കെ 15-ഉം 20-ഉം കിലോ അരി പൊടിച്ചും വറുത്തും വെക്കണം. ഇപ്പോള്‍ അഞ്ചു കിലോ അരി പൊടിച്ചുവെച്ചാല്‍ ഒരു മാസത്തേക്ക് ധാരാളം. കൂട്ടുകുടുംബവും ബഹളവുമില്ല. അണുകുടുംബത്തെ സഹായിക്കാന്‍ ആധുനിക മെഷീനുകളും.' ഇതൊക്കെയുള്ളപ്പോള്‍ ഒന്നിനും സമയമില്ലെന്ന പറച്ചില്‍ വെറുതെയെന്ന് സൗദാബി.
വീട്ടില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട്, കോഴിക്കോട് ചെറൂട്ടിറോഡിലെ ഗാന്ധിഗ്രാമം ഷോറൂമിലെത്താന്‍. അവിടെപോയി മാനേജര്‍ സീറ്റിലിരുന്ന് സര്‍ക്കാറുദ്യോഗം മാത്രമല്ല സൗദാബി ചെയ്യുന്നത്. സമയത്തെ വേണ്ടതുപോലെ വിനിയോഗിച്ച് മനസ്സിലെ ആഗ്രഹങ്ങളൊക്കെ സാക്ഷാത്കരിക്കുകയാണ്. കുടുംബത്തെയും മക്കളെയും പൊന്നുപോലെ നോക്കുമ്പോഴും സ്വന്തം കാര്യത്തിനും മറ്റുള്ളവര്‍ക്കും വല്ലതും ചെയ്യാന്‍ സമയം കണ്ടെത്തുന്നുമുണ്ട്. രാവിലെ ഓഫീസിലേക്ക് പുറപ്പെടുന്നത് മുതല്‍ തിരിച്ചു വീട്ടിലെത്തിയാലും ജീവിതത്തിന് കൃത്യമായ സമയക്രമം ഉണ്ട് സൗദാബിക്ക്.
പുലര്‍ച്ചെ എഴുന്നേറ്റ് നമസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞാല്‍ എല്ലാ പെണ്ണുങ്ങളെയും പോലെ അടുക്കളയിലേക്ക്. എട്ടു മണിയാകുമ്പോഴെക്കും വീട്ടിലെ പണി കഴിച്ച് 'സഫാ' ബസില്‍ കയറിയൊരു യാത്രയാണ്. മലപ്പുറം ജില്ലയിലെ കീഴുപറമ്പില്‍നിന്ന് 9.30-ന് കോഴിക്കോട് ടൗണിനെ ലക്ഷ്യം വെച്ചെത്തുന്ന ആ ബസിലെ യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സഫാ ബസ് ജീവനക്കാരും സൗദയെ പോലുള്ള സ്ഥിരം യാത്രികരും ബസ്സില്‍ ഒരു കൂട്ടാണ്. ജോലിത്തിരക്കിനിടയില്‍ ആ കൂട്ടത്തോടൊപ്പം യാത്രകള്‍ പോകാനും സമയം നീക്കിവെക്കുന്നുണ്ട്. കൂട്ടുകാരുടെ വീടുകളിലെ പരിപാടികളിലും പ്രശ്‌നങ്ങളിലും പരസ്പരം ഇടപെടുകയും ചിലപ്പോള്‍ സമ്മാനങ്ങള്‍ കൈമാറി ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യാറുണ്ട്. 'പതിനൊന്ന് വര്‍ഷമായി ഈ ബസ്സില്‍ യാത്ര തുടങ്ങീട്ട്. എന്നെപ്പോലുള്ള ദൂരയാത്രക്കാരായ സ്ഥിരം യാത്രക്കാരും ബസ്സിലെ ജീവനക്കാരും നല്ല കമ്പനിയാണ്. അങ്ങോട്ടുമിങ്ങോട്ടും പരസ്പരം അറിയാം. വിശേഷങ്ങള്‍ പങ്കുവെച്ചും സന്തോഷം പങ്കിട്ടും കുറേ കാലമായി ഒന്നിച്ചു യാത്ര ചെയ്യുന്നു. അങ്ങനെ യാത്രയില്‍ കമ്പനിയായവരോടൊപ്പം കൂടി ഇടക്കെല്ലാം ഒരു ടൂറുമുണ്ട്. ചാലക്ക, കണ്ണൂര്‍, തുഷാരഗിരി, ഊട്ടി അങ്ങനെ പല സ്ഥലത്തും പോയി, ഈ മാസം ആലപ്പുഴയിലേക്കൊരു യാത്രയാണ് വിചാരിച്ചിരിക്കുന്നത്.'
കലാകാരനായ ഭര്‍ത്താവിന് പ്രോത്സാഹനവും സഹായവുമായി കൂടെ നടക്കാനും സമയം കണ്ടെത്തുന്നു. 'അദ്ദേഹം ഗാനമേളക്കും നാടകത്തിനുമൊക്കെ പോകുന്ന ആളാണ്. പോരാത്തതിന് നല്ലൊരു ഡാന്‍സറും. ചവിട്ടുനാടകമൊക്കെ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ഞാനും കൂടെ പോവും.' സമയത്തെ സൗദ രസകരമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ താല്‍പര്യമുള്ളതിനാല്‍ പത്രങ്ങളും ചാനല്‍ ന്യൂസുകളും കൃത്യമായി ഫോളോ ചെയ്യുന്നതോടൊപ്പം മറ്റു വായനകളും ഉണ്ടെങ്കിലും ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും അടിമയുമൊന്നുമല്ല സൗദ. അതുകൊണ്ടാണ് സമയത്തെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നതെന്നാണ് അവരുടെ നിലപാട്. കുടുംബത്തിലെ മിക്കവരും സര്‍ക്കാര്‍ ജോലിക്കാരായതിനാല്‍ ജോലി എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി കരുതുന്നേയില്ല. അഥവാ ഈ ജോലിയില്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുമെന്ന തോന്നലാണ്. ജോലി ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയാല്‍ നമസ്‌കാരവും ഖുര്‍ആന്‍ ഓത്തും ദിക്‌റുമൊക്കെയായി രാത്രിയെ മറ്റൊരു തരത്തിലാക്കാന്‍ ശ്രമിക്കും. അയല്‍പക്കവും കുടുംബസന്ദര്‍ശനവും ഒന്നും മുടക്കാനും തയാറല്ല. അതിനുവേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നത് വീട്ടുജോലിയാണ്. അലക്കലും തുടക്കലുമൊക്കെ ഒരു ദിവസം മാറ്റിവെച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനുള്ളൊരു ദിവസം. സമയമില്ലാ പരാതിക്കാലത്ത് എല്ലാറ്റിനും സമയമുണ്ടെന്ന സ്വയം സാക്ഷ്യമാണ് സൗദയുടേത്.