''ആണുങ്ങളെടുക്കുന്ന പണി പെണ്ണുങ്ങള്‍ക്കുമെടുക്കാം. ആണുങ്ങളേക്കാളേറെ ശക്തരാണ് സ്ത്രീകള്‍. മനക്കരുത്തുണ്ടെങ്കില്‍ ആര്‍ക്കും ഏത് പണിയും ചെയ്യാം. സംശയരോഗം വെച്ച് പുലര്‍ത്തുന്ന ആണുങ്ങളാണ് പെണ്ണുങ്ങളെ വീട്ടിലിരുത്തുന്നത്.
''ആണുങ്ങളെടുക്കുന്ന പണി പെണ്ണുങ്ങള്‍ക്കുമെടുക്കാം. ആണുങ്ങളേക്കാളേറെ ശക്തരാണ് സ്ത്രീകള്‍. മനക്കരുത്തുണ്ടെങ്കില്‍ ആര്‍ക്കും ഏത് പണിയും ചെയ്യാം. സംശയരോഗം വെച്ച് പുലര്‍ത്തുന്ന ആണുങ്ങളാണ് പെണ്ണുങ്ങളെ വീട്ടിലിരുത്തുന്നത്. എന്ത് പണിയുമെടുക്കാനുള്ള ആത്മവിശ്വാസവും കരുത്തുമാണ് ഈ ജീവിതത്തെ മുന്നോട്ട് നീക്കുന്നത്.''
മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം സ്വദേശിനി ഇല്ലിക്കല്‍ ആഇശയെന്ന മങ്കട കോഴിക്കോട്ടുപറമ്പുകാരുടെ സ്വന്തം 'പഞ്ചര്‍ താത്ത'യുടെ പ്രചോദനമേകുന്ന വാക്കുകളാണിത്. സ്ത്രീകളാരും നടക്കാത്ത കര്‍മവഴികളിലൂടെയാണ് അവര്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് അസാധ്യമെന്ന് തോന്നിപ്പോകുന്ന 'പഞ്ചര്‍' തൊഴിലില്‍. അങ്ങനെ ജിവിതത്തിന് വേറിട്ട വഴി വെട്ടിത്തെളിച്ചിട്ട് ഇരുപത്തൊന്ന് വര്‍ഷത്തോളമായി.
എന്തിനിങ്ങനെയൊരു സാഹസികതക്ക് മുതിരുന്നതെന്ന് ചോദിച്ചാല്‍ ജീവിതപ്രാരാബ്ധങ്ങള്‍ കൊണ്ടെന്ന് നിസ്സംശയം പഞ്ചര്‍ താത്ത എന്നു വിളിക്കുന്ന ആഇശ പറയും. അഞ്ചാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. 41 വയസ്സ് പിന്നിട്ട ഇവര്‍ നടന്നുതീര്‍ത്ത വഴികളില്‍ പലവിധ വേഷങ്ങളണിഞ്ഞിട്ടുണ്ട്. പെട്രോള്‍ പമ്പ് ജീവനക്കാരി, തേപ്പ് ജോലി, ഹോട്ടല്‍ ജോലി... ഒടുവിലത് വണ്ടിയുടെ പഞ്ചര്‍ അടക്കുന്ന മേഖലയിലേക്കെത്തിനില്‍ക്കുന്നു. അവരെ സംബന്ധിച്ചേടത്തോളം ഉറക്കത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു ഇങ്ങനെയൊരു ജോലി എന്നത്. ഭര്‍ത്താവൊക്കെ വലിയ ടയറുകള്‍ റിപ്പയര്‍ ചെയ്യുമ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുള്ള ഒരാളാണ് ഇന്നീ പണിക്കിറങ്ങിയിരിക്കുന്നത്. പക്ഷേ, ആണുങ്ങളേക്കാള്‍ ഉഷാറായിട്ട് ജോലി ചെയ്യുമെന്ന് അനുഭവസ്ഥരും പറയുന്നുണ്ട്.
കര്‍മരംഗത്തേക്ക്....
മറ്റുള്ളവരുടെ കൈകളില്‍നിന്നും യാചിച്ച് തിന്നുന്നതിനേക്കാള്‍ മഹത്തരം സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ച് തിന്നുന്നതാണെന്നും അതിലാണ് അന്തസ്സെന്നും ആത്മാഭിമാനത്തോടെ പറഞ്ഞു വെക്കുന്നുണ്ട് പഞ്ചര്‍ താത്ത. നിത്യരോഗിയായിരുന്ന ഉപ്പയുടെ കൈകള്‍ കൊണ്ട് അധ്വാനിച്ച് വിശപ്പടക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തമായി അധ്വാനിക്കുന്നതാണെന്ന തോന്നല്‍ കൂടിയാണ് അവര്‍ക്ക് കര്‍മരംഗത്തേക്കിറങ്ങാന്‍ പ്രേരണയേകിയത്. അങ്ങനെയാണ് ഇരുപത് വര്‍ഷം മുമ്പ്, ഇപ്പോള്‍ ഭര്‍ത്താവായി മാറിയ ഭര്‍ത്താവ് കുഞ്ഞിമുഹമ്മദിനൊപ്പം ഹോട്ടല്‍ പണിക്കാരിയായി രംഗത്തിറങ്ങുന്നത്. പിന്നെ ആഇശക്കൊപ്പം ഹോട്ടലില്‍ സഹായത്തിനുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ പോയതോടെ അവര്‍ പരസഹായത്തിനാളില്ലാതെ ഒറ്റപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചുനില്‍ക്കുമ്പോഴാണ് തൊട്ടടുത്ത പഞ്ചര്‍കടയില്‍ പണി ശരിയായി കിട്ടുന്നത്. അവിടെ നിന്ന് വേഗത്തില്‍ പണി പഠിക്കുകയും മലപ്പുറം മുണ്ടുപറമ്പില്‍ സ്വന്തമായി കട തുടങ്ങുകയും ചെയ്തു. പിന്നീട് ആ കട നല്ല ലാഭത്തില്‍ വില്‍ക്കുകയും ചെയ്തു. പിന്നെ മഞ്ചേരിക്കടുത്ത ആനക്കയത്ത് കട തുടങ്ങി. അതിനു ശേഷമാണ് മങ്കടക്കടുത്ത കോഴിക്കോട്ടുപറമ്പിലെത്തുന്നത്. ഇവിടെ കട തുടങ്ങിയിട്ട് പതിമൂന്ന് വര്‍ഷത്തോളമായി. ബൈക്ക് മുതല്‍ മണ്ണുമാന്തിയന്ത്രം വരെ അനായാസം റിപ്പയര്‍ ചെയ്യും. പ്രായമേറി വരുന്നതിനാല്‍ വാഹനങ്ങളുമായി വരുന്നവരുടെ സഹായവും ഇപ്പോള്‍ തേടാറുണ്ട്.
പേര് വന്ന വഴി
സ്വന്തം കടക്ക് നല്‍കിയ പേരാണ് ഇവരെ ഇത്രമേല്‍ പ്രസിദ്ധയാക്കിയത്. ആ പേരിന്റെ മുഴുവന്‍ ക്രെഡിറ്റും തൊട്ടടുത്ത് കട നടത്തുന്ന ആര്‍ട്ടിസ്റ്റ് ഉപാസന നാരായണന്‍ കുട്ടിക്കാണ്. പഞ്ചറൊട്ടിക്കുന്ന പണി വര്‍ഷങ്ങളായി തുടങ്ങിയിട്ടുണ്ടെങ്കിലും 'പഞ്ചര്‍ താത്ത'യായി അറിയപ്പെടുന്നത് മങ്കട കോഴിക്കോട്ടുപറമ്പിലെത്തിയ ശേഷമാണ്. 'ദിലു' എന്ന പേരിലായിരുന്നു പഞ്ചര്‍ കട തുടങ്ങിയത്. അങ്ങനെ കടക്ക് പുതിയൊരു ബോര്‍ഡ് വെക്കണമെന്ന ആവശ്യവുമായി തൊട്ടടുത്ത കടയിലുള്ള ആര്‍ട്ടിസ്റ്റ് ഉപാസന നാരായണന്‍ കുട്ടിയെ സമീപിച്ചു. അദ്ദേഹമാണ് ഈ വ്യതിരിക്തവും ഏറെ ആകര്‍ഷകവുമായ പേര് കണ്ടെടുത്തത്. അങ്ങനെയവര്‍ പഞ്ചര്‍ താത്തയായി നാടറിഞ്ഞ് തുടങ്ങി. താത്തക്കും ഈ പേര് വിളിക്കാനും ഇതേ പേരിലറിയപ്പെടാനുമായിരുന്നു ഏറെ ഇഷ്ടം. വൈകാതെ നാട്ടിന്‍പുറങ്ങളിലേക്കും താത്തയുടെ പ്രസിദ്ധി പരന്നു. അതുകൊണ്ടു തന്നെ അവരെ കുറിച്ചറിയാത്തവര്‍ ഇന്ന് തുലോം വിരളമായിരിക്കും. സ്ത്രീകള്‍ ആരും മുതിരാത്ത പണിയിലേര്‍പ്പെട്ടതുകൊണ്ട് തന്നെ നാടറിയാന്‍ അധികമൊന്നും വൈകിയില്ലെന്ന് ചുരുക്കം.
വിവാഹം, കുടുംബം
പഞ്ചര്‍ താത്തയുടെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളൂ. ഭര്‍ത്താവ് മഞ്ചേരി തുറക്കല്‍ സ്വദേശി കുഞ്ഞുമുഹമ്മദ്. അവരുടെ രണ്ടാം ഭാര്യയാണിവര്‍. ഇവര്‍ക്ക് കുട്ടികളില്ല. ആദ്യ ഭാര്യയില്‍ ഭര്‍ത്താവിന് രണ്ട് കുട്ടികളുണ്ട്. ജോലിയിലേക്ക് കാലെടുത്തുവെക്കുന്നത് തന്നെ ഇദ്ദേഹത്തിന് കീഴില്‍ ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടാണ്. അവിടെ നിന്ന് തുടങ്ങി പഞ്ചറൊട്ടിക്കുന്ന പണിയിലേക്ക് ഒപ്പം നടന്ന ഇവരിന്ന് ജീവിതത്തിലും ഒരുമിച്ചുവെന്നതാണ് യാഥാര്‍ഥ്യം. മഞ്ചേരി തുറക്കലിലെ വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ ഒരുമിച്ചാണ് വീട്ടില്‍നിന്നും പണിക്കിറങ്ങുന്നത്. ഭര്‍ത്താവിനിപ്പോള്‍ ചെറിയൊരു കടയുണ്ട്. കൂടാത്തതിന് കൂട്ടായി ഒട്ടേറെ രോഗങ്ങളും. മറ്റൊരു ഭാര്യയും മക്കളുമുണ്ടെങ്കിലും ഇപ്പോള്‍ തന്റെ കൂടെയുള്ളതിനാല്‍ നോക്കേണ്ട ബാധ്യത തനിക്കാണെന്ന നിലപാടാണ് പഞ്ചര്‍ താത്തയുടേത്. രാവിലെ ഏഴു മണിക്ക് വീട്ടില്‍നിന്നിറങ്ങിയാല്‍ തിരിച്ച് രാത്രി എട്ടാവും തിരിച്ചെത്താന്‍. പിന്നെ വീട്ടിലെ പണികളുമെടുക്കണം. ഈ പണിയില്‍ യാതൊരു മടുപ്പും അലട്ടുന്നില്ല, അതുകൊണ്ട് ഇതൊഴിവാക്കി വേറെ പണിക്ക് പോകാനൊന്നും അവര്‍ തയാറല്ല.
പണി കുറവ്; പരിഭവങ്ങള്‍ ബാക്കി
കടയില്‍ വരുന്നവര്‍ക്ക് മാത്രമല്ല, വഴിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും ആശ്വാസമാണ് പഞ്ചര്‍ താത്ത. നാട്ടുകാരായും വഴിയാത്രക്കാരായും കടയിലേക്ക് നിരവധി പേര്‍ എത്താറുണ്ടായിരുന്നു. പണി കുറഞ്ഞു വരികയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഏകമാര്‍ഗമാണിത്. വീട്ടുകാരുടെ എതിര്‍പ്പും, ഭര്‍ത്താവിന്റെ സഹായിയെ വെച്ച് തരാമെന്ന നിര്‍ദേശത്തെയുമൊക്കെ മറികടന്നാണ് ഇന്നീ അവസ്ഥയിലേക്കെത്തിയത്. നിത്യവൃത്തിക്കുള്ളതെല്ലാം ഈ പണി കൊണ്ട് കിട്ടുന്നുണ്ട്. വാടകകളും കറന്റ് ബില്ലും യാത്രാക്കൂലികളുമടക്കം കഴിഞ്ഞാല്‍ പിന്നെ കരുതിവെക്കാനൊന്നുമില്ലാത്ത അവസ്ഥ. സ്വന്തമായി വീടും സ്ഥലവുമില്ല. അത് സ്വപ്‌നമായി ഇന്നും അവശേഷിക്കുകയാണ്. ആ ഒരു സ്വപ്‌നസാക്ഷാത്കാരത്തിന് നിലവിലുള്ള ജോലിയൊന്നും മതിയാവില്ലെന്നു ഉറച്ച ബോധ്യവും അവര്‍ക്കുണ്ട്. ആഡംബര വീടല്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങളുള്ളൊരു വീടാണിപ്പോഴത്തെ ആഗ്രഹം.
അതിജീവനത്തിന്റെ പെണ്‍കരുത്താണ് പഞ്ചര്‍ താത്ത. സ്ത്രീകള്‍ അടുക്കളയിലടങ്ങിയിരിക്കേണ്ട കാലം കഴിഞ്ഞുവെന്ന് അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ട്. മത യാഥാസ്ഥിതിക വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനുള്ള ധൈര്യവും അവര്‍ കാണിച്ചിട്ടുണ്ട്. ജഗന്നിയന്താവില്‍ അര്‍പ്പിച്ച അചഞ്ചല വിശ്വാസമാണ് ജീവിതപഥങ്ങള്‍ക്ക് ഊക്ക് കൂട്ടുന്നതെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങനെ വലിയ പാഠപുസ്തകമായി അവരുടെ ജീവിതം മാറി. ആത്മവിശ്വാസം, ദൃഢനിശ്ചയം, മനക്കരുത്ത് ഇവയുടെ പര്യായപദമായി അവര്‍ മാറിയെന്ന് വേണം കരുതാന്‍. മുമ്പ് കാലത്ത് പുരുഷന്മാര്‍ ചെയ്തിരുന്ന ജോലികളിലേറെയും ഇന്ന് സ്ത്രീകളും ചെയ്തു വരുന്നുണ്ട്. തെങ്ങുകയറ്റം, കിണര്‍ കുഴിക്കല്‍... അങ്ങനെ നിരവധി തൊഴിലുകള്‍. ഇതൊക്കെയും സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയുമോയെന്ന് സങ്കല്‍പിക്കാന്‍ കഴിയാത്തിടത്ത് നിന്നാണ് പഞ്ചറൊട്ടിച്ച് താത്ത ശ്രദ്ധേയയായത്. ഒരാളും ജനിക്കുമ്പോള്‍ തന്നെ ഒരു പണിയുമറിയാത്തവരാണെന്നും, പിന്നീടോരോ പണികളും സാഹചര്യങ്ങള്‍ക്കൊത്തു പഠിക്കലാണെന്നുമുള്ള മനോഭാവങ്ങള്‍ തന്നെയാണ് വഴിമാറി നടക്കാനുള്ള അവരുടെ തീരുമാനങ്ങളിലും സ്വാധീനിച്ചിട്ടുള്ളത്. ഇന്നേത് മേഖലയിലും ഏത് പെണ്ണുങ്ങള്‍ക്കും പണിയെടുക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ സമൂഹത്തോട് അവര്‍ പങ്കു വെക്കുന്നു. സ്ത്രീകള്‍ അശക്തരാണെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന പൊതുബോധ സങ്കല്‍പങ്ങള്‍ തിരുത്തിയെഴുതാന്‍ മാത്രം പോന്നതാണ് പഞ്ചര്‍ താത്തയുടെ ജീവിതം. അസാധ്യമായവയെയാണവര്‍ സാധ്യമാക്കിയത്. ജീവിതത്തിലെ ഏക സ്വപ്‌നമായ, ആഗ്രഹമായ വീട് എന്നെങ്കിലുമൊരിക്കല്‍ പൂവണിയുമെന്ന പ്രതീക്ഷയില്‍ മങ്കടയിലെ കോഴിക്കോട്ടുപറമ്പില്‍ അവരിപ്പോഴും പഞ്ചറൊട്ടിച്ചുകൊണ്ടിരിക്കുകയാണ്.