വ്യക്തിത്വ രൂപീകരണം, വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി നാം ചര്‍ച്ച ചെയ്യാറുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ചയെക്കുറിച്ചും പഠന-പെരുമാറ്റ പ്രശ്‌നങ്ങളെ കുറിച്ചും അതിന്റെ പരിഹാര
വ്യക്തിത്വ രൂപീകരണം, വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി നാം ചര്‍ച്ച ചെയ്യാറുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ചയെക്കുറിച്ചും പഠന-പെരുമാറ്റ പ്രശ്‌നങ്ങളെ കുറിച്ചും അതിന്റെ പരിഹാര മാര്‍ഗങ്ങളെ കുറിച്ചും നാം പ്രബുദ്ധരാവുമ്പോഴും പ്രായോഗിക തലത്തില്‍ എത്രമാത്രം ഈ പ്രബുദ്ധത നമ്മെ സഹായിക്കുന്നു എന്നതിലാണ് കാര്യം. ബാല്യ-കൗമാരാരംഭ കാലഘട്ടം മനുഷ്യവികാസ ചക്രത്തിലെ നിര്‍ണായക ഘട്ടമാവുന്നു. ശാരീരികമാറ്റങ്ങളോടൊപ്പം ബുദ്ധിപരമായ വികാസവും വൈകാരിക തലത്തിലെ വികാസവും വ്യക്തിത്വ വികാസവും സംഭവിക്കുന്ന കാലമാണിത്. ഈ ഘട്ടത്തില്‍ കിട്ടുന്ന വിഭവങ്ങളുടെ ഗുണനിലവാരമനുസരിച്ചായിരിക്കും ആരോഗ്യകരമായ ശരീരത്തിന്റെയും ആരോഗ്യപരമായ മനസ്സിന്റെയും സമന്വയം സാധ്യമാവുന്നത്.
പരീക്ഷ ഒരു പരീക്ഷണമാവുമ്പോള്‍
പുതിയ കാലത്ത് വിദ്യാഭ്യാസ കാലയളവ് കഴിഞ്ഞാലും പരീക്ഷകള്‍ അവസാനിക്കുന്നില്ല. മത്സരാധിഷ്ഠിത സമകാലിക സമൂഹത്തില്‍ ജോലി ലഭിക്കണമെങ്കിലും ഉദ്യോഗക്കയറ്റം കിട്ടണമെങ്കിലും പരീക്ഷകളെ നേരിടേണ്ടതുണ്ട്. സര്‍ക്കാര്‍ മേഖലയിലാണെങ്കില്‍ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകളും സ്വകാര്യ മേഖലകളില്‍ തനതായ പരീക്ഷകളും ഒരു സാധാരണ വ്യക്തിക്ക് ബാലികേറാമലയായി മാറിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു വ്യക്തിക്കും പരീക്ഷകളെ നേരിടാതെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടുതന്നെ ഓരോ വിദ്യാര്‍ഥിയെയും പരീക്ഷയെ നിര്‍ഭയം നേരിടുന്നതിന് ചെറുപ്രായത്തിലേ തന്നെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പരീക്ഷകളെ മികച്ച രീതിയില്‍ അഭിമുഖീകരിക്കണമെങ്കില്‍ വിദ്യാര്‍ഥിയോടൊപ്പം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടേതായ പങ്കുവഹിക്കാനുണ്ട്.
മാതാപിതാക്കളുടെ പങ്ക്
പരീക്ഷയെ നേരിടാന്‍ പഠിക്കുന്നത് കുട്ടികളാണെങ്കിലും രക്ഷിതാക്കള്‍ക്കും അനുകൂല സാഹചര്യമൊരുക്കുന്നതില്‍ വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്.
സമ്മര്‍ദതന്ത്രം വേണ്ട: പരീക്ഷക്കു മാര്‍ക്ക് കുറഞ്ഞാല്‍ വഴക്ക് പറയുമെന്നോ അടിക്കുമെന്നോ മാതാപിതാക്കള്‍ക്ക് മോശമാണെന്നോ പറഞ്ഞ് കുട്ടിയുടെ മേല്‍ സമ്മര്‍ദം ഉണ്ടാക്കരുത്. അതുപോലെ മറ്റു കുട്ടികളേക്കാള്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങിക്കണമെന്ന് പറഞ്ഞ് കുട്ടിയെ സമ്മര്‍ദത്തിലാക്കരുത്. കുട്ടിയെ അവന്റെ കഴിവിനനുസരിച്ച് പഠിച്ചാല്‍ മതിയെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുക. കൂടുതല്‍ മാര്‍ക്ക് നേടിയാല്‍ വലിയ സമ്മാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് മോഹിപ്പിക്കുന്നതും ദോഷകരമാണ്.
ആത്മവിശ്വാസം നല്‍കുക: കുട്ടികളെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് കഴിവു കുറച്ചു സംസാരിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കാനേ സഹായിക്കൂ. അതുപോലെ മറ്റു കുട്ടികളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. മാത്രമല്ല, അഭിനന്ദനവും പ്രോത്സാഹനവും കൊടുക്കേണ്ട സാഹചര്യങ്ങളില്‍ ഒട്ടും പിശുക്ക് കാണിക്കുകയുമരുത്.
വൈകാരിക പിന്തുണ നല്‍കുക: പഠനത്തോടൊപ്പം മാതാപിതാക്കളുടെ മാനസികമായ സാന്ത്വനം കുട്ടികള്‍ക്ക് സമചിത്തതയോടെ പരീക്ഷയെ നേരിടുന്നതിന് സഹായിക്കുന്നു. കുട്ടികളെ മാനസികമായി വിഷമിപ്പിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോ വഴക്കുകളോ കുട്ടിയുടെ മുമ്പില്‍ വെച്ച് അവതരിപ്പിക്കാതെ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം: കുട്ടിക്ക് ഉറക്കം വരാതെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും പഠിക്കാന്‍ പരീക്ഷാ സമയത്ത് അമിതമായി ഭക്ഷണം കൊടുക്കാതെ സമീകൃതാഹാരം കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്.
അമിത ഇടപെടല്‍ ഒഴിവാക്കുക: ഓരോ പരീക്ഷ കഴിയുമ്പോഴും കുട്ടിയോട് പരീക്ഷയിലെ പ്രകടനത്തെ കുറിച്ച് ചോദിച്ച് പേടിപ്പിക്കാതെ അടുത്ത പരീക്ഷക്ക് ധൈര്യമായി തയാറെടുക്കുന്നതിന് സഹായിക്കുക. കുട്ടികള്‍ക്ക് ശാന്തമായി പഠിക്കാന്‍ ടി.വിയുടെ ശല്യമോ മറ്റു കുട്ടികളുടെ ഇടപെടലുകളോ ഇല്ലാത്ത സുഗമമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക.
കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഒത്തൊരുമയോടുകൂടിയുള്ള പരിശ്രമം ഭയവും ഉത്കണ്ഠയും മാറ്റി പരീക്ഷയെ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ മത്സര ബുദ്ധിയും വ്യക്തിത്വ വികാസവും കൂടെ നമ്മുടെ പാഠ്യപദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട ഉപോല്‍പ്പനങ്ങളാണ്. മാത്രമല്ല ഇങ്ങനെ നേടുന്ന ഉന്നതവിജയം ഉന്നതവിദ്യാഭ്യാസം നേടാനും മാന്യമായ ജോലി നേടിത്തരാനും സര്‍വോപരി ഉന്നതവ്യക്തിത്വമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനും സഹായിക്കുന്നു.
*************************************
വിദ്യാര്‍ഥിയുടെ പങ്ക്
ആത്മാര്‍ഥമായ താല്‍പര്യം: ഈ താല്‍പര്യം കുട്ടിയെ ഓരോ ദിവസവും ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ അന്നന്നുതന്നെ വീട്ടില്‍ വന്ന് പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. മാത്രമല്ല ദിനേനയുള്ള പഠനത്തോടൊപ്പം കുട്ടി പരീക്ഷക്ക് രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പുതന്നെ ഓരോ വിഷയങ്ങള്‍ക്കും അവക്കനുസൃതമായി ടൈംടേബ്ള്‍ തയാറാക്കണം. കൂടാതെ പരീക്ഷയോട് അടുക്കുന്ന ആഴ്ചകളില്‍ ടി.വി, പത്രം, മാഗസിന്‍, വിനോദം എന്നിവക്കായി മാറ്റിവെക്കുന്ന സമയം സാധാരണയേക്കാള്‍ നേര്‍പകുതി മാത്രമാക്കാനും ശ്രദ്ധിക്കണം.
പഠനമുറിയുടെ ക്രമീകരണം: പഠനമുറി തെരഞ്ഞെടുക്കേണ്ടത് നല്ല വായുവും വെളിച്ചവും ഉള്ള, ശബ്ദശല്യമില്ലാത്ത സ്ഥലത്തായിരിക്കണം. അതേസമയം രക്ഷിതാക്കളുടെ ശ്രദ്ധ കൂടി എത്തുന്ന രീതിയിലായിരിക്കണം. പഠിക്കാന്‍ വേണ്ട എല്ലാ പുസ്തകങ്ങളും അനുബന്ധ സാമഗ്രികളും പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ ഈ മുറിയില്‍ ക്രമീകരിക്കണം. പഠനമുറിയില്‍നിന്ന് മേശ, കസേര എന്നിവ ഒഴികെയുള്ള ഫര്‍ണിച്ചറുകള്‍ (കട്ടില്‍, കിടക്ക തുടങ്ങിയവ) ഒഴിവാക്കേണ്ടതാണ്. ഇവ ഒരു പക്ഷേ അല്‍പം കിടക്കാനും ഒന്നു മയങ്ങാനും ഉള്ള പ്രവണത ചിലരില്‍ ഉണ്ടാക്കിയേക്കാം.
പഠനസമയത്തിന്റെ ക്രമീകരണം: താരതമ്യേന പ്രയാസമേറിയ വിഷയങ്ങള്‍ വായിച്ചാല്‍ പെട്ടെന്നു മനസ്സിലാവുന്ന സമയത്തും ലളിതമായ വിഷയങ്ങള്‍ അല്ലാത്ത സമയങ്ങളിലും പഠിക്കാന്‍ ശ്രമിക്കുക. ചിലര്‍ക്ക് രാത്രി വൈകിയും പഠിക്കുന്നത് നന്നായി ഉള്‍ക്കൊള്ളാന്‍ പറ്റും എന്ന് പറയാറുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികള്‍ക്കും രാത്രി നേരത്തേ കിടന്ന് അതിരാവിലെ എണീറ്റുള്ള പഠനമാണ് അഭികാമ്യമായി കാണാറുള്ളത്. ഭക്ഷണം കഴിച്ച ഉടനെ വായിക്കരുത്. ഭക്ഷണം നന്നായി ദഹിക്കുന്നതിനും ഉത്സാഹത്തോടെ പഠിക്കുന്നതിനും ഇതു സഹായിക്കുന്നു.
റിവിഷന്‍ (ഞല്ശശെീി): പരീക്ഷക്ക് തൊട്ടുമുമ്പുള്ള ഒരാഴ്ചസമയം പാഠ്യവിഷയങ്ങള്‍ ഒരാവൃത്തി വായിക്കാനായി മാറ്റിവെക്കുക.
ഉത്കണ്ഠ നിവാരണം: ഉത്കണ്ഠ കൂടുതലുള്ള കുട്ടികളെ യോഗ, റിലാക്‌സേഷന്‍ തെറാപ്പി തുടങ്ങിയവ ചെയ്യാന്‍ വളരെ മുമ്പ് തന്നെ പരിശീലിപ്പിക്കുക. പരീക്ഷയുടെ തലേദിവസം ഉറങ്ങുന്നതിന് മുമ്പ് പേന, പെന്‍സില്‍, ഹാള്‍ ടിക്കറ്റ്, വസ്ത്രങ്ങള്‍ എന്നിവ തയാറാക്കിവെക്കുക. കൂടാതെ പരീക്ഷാ ദിവസം നേരത്തേ എഴുന്നേറ്റ് പ്രാഥമിക കര്‍മങ്ങള്‍ക്കുശേഷം സാധാരണ ദിവസങ്ങളേക്കാള്‍ അരമണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരുക. വാഹനം കിട്ടാന്‍ വൈകുക, ബ്ലോക്ക് ഉണ്ടാവുക, വാഹനം കേടാവുക തുടങ്ങി ഉത്കണ്ഠ കൂട്ടുന്ന കാര്യങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ഇത് സഹായിക്കും.
നിശ്ചിത സമയത്തിനുള്ളില്‍തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിക്കഴിഞ്ഞാലും നേരത്തേ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. എഴുതിയ ഉത്തരങ്ങള്‍ തന്നെ വീണ്ടും വായിച്ച് എവിടെയെങ്കലും തെറ്റ് വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പരീക്ഷ കഴിഞ്ഞാല്‍ കൂട്ടുകാരോട് കഴിഞ്ഞ പരീക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഉത്കണ്ഠ കൂട്ടുന്നതിനു പകരം അല്‍പസമയത്തെ വിശ്രമത്തിനു ശേഷം അടുത്ത ദിവസത്തെ പരീക്ഷക്ക് തയാറെടുക്കുക.
***************************************
അധ്യാപകരുടെ പങ്ക്
പരീക്ഷ കേവലം വിദ്യാര്‍ഥികളുടെ പഠനനിലവാരം മാത്രം അളക്കുന്ന അളവുകോലല്ല. മറിച്ച് അധ്യാപകന്റെ നൈപുണ്യവും പ്രാവീണ്യവും കൂടി അളക്കപ്പെടുന്നു. ഒരു വിദ്യാര്‍ഥിക്ക് മാര്‍ക്ക് കുറയുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള അധ്യാപകന്‍ അതില്‍ തനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.
പരസ്യ വിമര്‍ശനം അരുത്: മാര്‍ക്ക് കുറഞ്ഞ കുട്ടികളെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് അധിക്ഷേപിക്കാതെ സ്വകാര്യമായി വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കുട്ടിക്ക് അധ്യാപകനോടുള്ള ആദരവും ബഹുമാനവും കൂട്ടുന്നതിനും തന്മൂലം കൂടുതല്‍ ഉത്സാഹത്തോടെ പഠിക്കാനും പ്രാപ്തനാക്കുന്നു. അധ്യാപകന്‍ കുട്ടിയുടെ വൈഷമ്യങ്ങള്‍ മാതാപിതാക്കളുമായി പങ്കുവെക്കുകയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുകയും വേണം.
കൃത്യതയാര്‍ന്ന ആസൂത്രണം: പാഠ്യ സിലബസിനോടൊപ്പം വരാന്‍ പോകുന്ന പരീക്ഷകളെയും കുറിച്ച് അധ്യാപകന്‍ അധ്യയനവര്‍ഷാരംഭം തന്നെ കുട്ടികളെ ബോധവല്‍ക്കരിക്കണം. പരീക്ഷ അടുത്തെത്തിക്കഴിഞ്ഞ് ഇതിന് ശ്രമിച്ച് കുട്ടികളുടെ പിരിമുറുക്കം വര്‍ധിപ്പിക്കരുത്.
പരീക്ഷാഭയം അകറ്റുക: പരീക്ഷയില്‍ തങ്ങളെ എങ്ങനെ വിലയിരുത്തപ്പെടുമെന്ന ഭയമാണ് കുട്ടികള്‍ വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ചുള്ള ആധിക്ക് കാരണം. പരീക്ഷാ ഭാരം കുറയാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യണം. അവ ഉപയോഗിച്ച് ടെസ്റ്റുകള്‍ നടത്തണം. ഇപ്രകാരം ഡ്രില്‍ നടത്തുന്നതിലൂടെ കുട്ടികളുടെ പ്രകടനം വളരെ മെച്ചപ്പെടുത്താം.
മുന്‍വിധി സൃഷ്ടിക്കാതിരിക്കുക: പരീക്ഷയെക്കുറിച്ച് അനാവശ്യമായ മുന്‍വിധി സൃഷ്ടിക്കുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. തുടര്‍പഠനം, മികച്ച കോഴ്‌സുകള്‍ക്കുള്ള പ്രവേശനം എന്നിവയെക്കുറിച്ചുള്ള അനാവശ്യ ചിന്തകള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നത് പരീക്ഷാഭയം മാത്രമാണ്. പരീക്ഷാ സാഹചര്യങ്ങള്‍ക്കുമേല്‍ ഒരു പരിധിവരെ തങ്ങള്‍ക്ക് നിയന്ത്രണമുണ്ടെന്ന ബോധം കുട്ടിയില്‍ സൃഷ്ടിക്കുന്നതില്‍ അധ്യാപകര്‍ക്ക് ഒരു വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. ക്ലാസ് മുറികളിലെ അവസാന നാളുകളില്‍ ഇത്തരം ഭീതിയുളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രമിക്കേണ്ടതാണ്.