വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. പുസ്തകങ്ങളും വായനയും ഏതൊരു വ്യക്തിക്കും നല്‍കുന്ന കൂട്ട് എത്രയോ വലുതാണ്. നമ്മുടെ മനസ്സിനെ സാന്ത്വനിപ്പിക്കാനും സന്തോഷിപ്പിക്കാനും
വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. പുസ്തകങ്ങളും വായനയും ഏതൊരു വ്യക്തിക്കും നല്‍കുന്ന കൂട്ട് എത്രയോ വലുതാണ്. നമ്മുടെ മനസ്സിനെ സാന്ത്വനിപ്പിക്കാനും സന്തോഷിപ്പിക്കാനും വായനക്ക് കഴിയുമെന്നുറപ്പ്. എബ്രഹാം ലിങ്കന്റെ മേശപ്പുറത്ത് എപ്പോഴും ഒരു ഹാസ്യപുസ്തകം ഉണ്ടാകുമായിരുന്നു. മനഃസംഘര്‍ഷങ്ങളില്‍നിന്ന് അദ്ദേഹത്തെ എപ്പോഴും മുക്തനാക്കിയിരുന്നത് അത്തരം പുസ്തകങ്ങളായിരുന്നു. തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്ന ഇറാസ്മസ് പറഞ്ഞത് 'എനിക്ക് പണം കിട്ടിയാല്‍ ഞാന്‍ ആദ്യം വാങ്ങുക പുസ്തകങ്ങളാണ്. വല്ലതും ബാക്കിയുണ്ടെങ്കില്‍ വസ്ത്രവും ഭക്ഷണവും വാങ്ങും' എന്നാണ്.
എഴുത്തുകാരന്‍ തുടങ്ങിവെക്കുന്ന പുസ്തകങ്ങള്‍ വായനക്കാരനാണ് പൂര്‍ത്തിയാക്കുന്നത്. എഴുത്തുകാരന്‍ മണ്ണില്‍ ചേര്‍ന്നാലും വായനക്കാരില്‍ അവരുടെ തൂലിക ജീവിക്കുന്നു. ഭക്ഷണപാനീയങ്ങള്‍ ശരീരത്തിന്റെ വിശപ്പും ദാഹവുമകറ്റുന്നു. മനസ്സിന്റെ പോഷണത്തിന് വായന അനിവാര്യമാണ്. വസ്ത്രം നഗ്നത മറക്കുന്നു. എന്നാല്‍ അജ്ഞതയെന്ന അപമാനം മറയ്ക്കാന്‍ വായനതന്നെ വേണം.
സാമുവല്‍ ബട്‌ലറിന്റെ വാക്കുകളില്‍, പുസ്തകങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളില്‍നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവക്ക് മോചനം സിദ്ധിക്കുന്നത്. ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന. വിശക്കുന്ന മനുഷ്യനോട് പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ് എന്ന് വിളിച്ചുപറഞ്ഞിട്ടുണ്ട് ജോസഫ് അഡിസണ്‍ എന്ന എഴുത്തുകാരന്‍.
പൊതുസമൂഹം നല്ലതെന്നു പറയുന്ന പുസ്തകങ്ങള്‍ പണം കൊടുത്തുവാങ്ങി ഷെല്‍ഫുകളില്‍ അടുക്കിവെക്കുന്നത് നമ്മുടെയെല്ലാം ഇഷ്ടമാണ്. നല്ല വായനക്കാരേക്കാള്‍ നല്ല പുസ്തക ഉടമകളാണ് നമ്മില്‍ പലരും.
കൈയില്‍ കിട്ടുന്ന പുസ്തകങ്ങള്‍ ഏതും വായിച്ചുതീര്‍ക്കുന്ന ഒരുപാടാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എഴുത്തുകാരും സാധാരണക്കാരും ഉദ്യോഗസ്ഥരും തുടങ്ങി പല മേഖലയിലുളളവര്‍. അവരില്‍ ചിലര്‍, പോയ വര്‍ഷം വായിച്ച പുസ്തകങ്ങളില്‍ ഒന്നിനെക്കുറിച്ച് എഴുതുന്നു.
തയാറാക്കിയത് /ബിശാറ മുജീബ്
********************
നേരത്തേ വായിക്കാമായിരുന്നു
-ഫര്‍സാന അലി-
(കഥാകൃത്ത്, കാക്കനാടന്‍ പുരസ്‌കാര ജേതാവ്)
വായന എന്നത് അനിര്‍വചനീയമായ ഒരു അനുഭവമാണ്. ദേശകാല വ്യത്യാസം ഉള്ളില്‍ ജനിപ്പിക്കാതെ, അക്ഷരങ്ങളിലൂടെ മനസ്സിനെ സഞ്ചരിപ്പിക്കാനാവുക എന്നത് ഒട്ടും ചെറിയ കാര്യമല്ല.
നോബല്‍ സമ്മാന ജേതാവായ, ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചൈനയില്‍ ചെലവഴിച്ച, പേള്‍ എസ്. ബക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരി ഇരുപതാം നൂറ്റാണ്ടിലെ ചൈനയുടെ ജീവിതത്തെയും സംസ്്കാരത്തെയും അതിമനോഹരമായി ആവിഷ്‌കരിച്ച നോവലാണ് 1931-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ദി ഗോഡ് എര്‍ത്ത്'. ഡോ. എം.എന്‍ കാരശ്ശേരിയുമായുള്ള സംഭാഷണമധ്യേ, ഈ നോവലിനെക്കുറിച്ചുള്ള മാഷിന്റെ വിവരണം കേട്ടപ്പോഴാണ് വായിക്കാനുള്ള ആഗ്രഹം എന്റെ മനസ്സിലേക്കും കയറിപ്പറ്റിയത്.
ഹ്വാങ് എന്ന പ്രഭുകുടുംബത്തിലെ അടിമയായ ഒ ലാന്‍നെ ഭാര്യയാക്കി സ്വീകരിക്കാനായി പുറപ്പെടുന്ന വാങ് ലങ് എന്ന കഠിനാധ്വാനിയായ കര്‍ഷകനോടൊപ്പമാണ് നോവല്‍ ആരംഭിക്കുന്നത്. മണ്ണിന്റെ നിറവും വിടര്‍ന്ന കാല്‍പാദവും ചുണ്ടുകളുള്ള ഒ ലാന്‍ സുന്ദരി ആയിരുന്നില്ല. ഈ നോവലിന്റെ ജീവനാഡിയായി എനിക്ക് തോന്നിയത് ഒ ലാന്‍ ആണ്. സംസാരമോ വികാരപ്രകടനങ്ങളോ ഏതുമില്ലാത്ത ഒ ലാന്‍ കഠിനാധ്വാനി ആയിരുന്നു. വാങ് ലങിനെ കൃഷിഭൂമിയില്‍ സഹായിക്കുന്നതിനിടെ പേറ്റുനോവെടുത്ത് വീടിനുള്ളിലേക്ക് പോയി ഒരു കരച്ചില്‍ പോലും ഉതിര്‍ക്കാതെ ആറു കുഞ്ഞുങ്ങളെ പ്രസവിച്ച ഒ ലാന്‍ കരുത്തുറ്റ കഥാപാത്രമാണ്. കടുത്ത വരള്‍ച്ച നേരിട്ട്, ഭക്ഷണവും ഒരിറ്റു വെള്ളവുമില്ലാതെ ദുരിതമനുഭവിച്ചപ്പോള്‍ ജന്മം നല്‍കിയ കുഞ്ഞിനെ പ്രസവാനന്തരം കൊലപ്പെടുത്തുന്നുണ്ട് ഒ ലാന്‍. ഒരുനേരത്തെ ഭക്ഷണം കൊതിച്ചു തെക്കന്‍ പ്രവിശ്യയിലേക്ക് മക്കളെയും വൃദ്ധ പിതാവിനെയും കൂട്ടി ഒ ലാന്‍, വാങ് ലങിനൊപ്പം നടന്നുനീങ്ങുന്നത് സങ്കടത്തോടെയേ വായിക്കാനാവൂ. ഒരു മനുഷ്യ ജന്മത്തില്‍ അനുഭവിക്കാവുന്ന കഷ്ടതകളെല്ലാം വാങ് ലങും കുടുംബവും തെക്കന്‍ ദേശത്തു അനുഭവിക്കുന്നുണ്ട്. മോഷ്ടിച്ച മാംസവുമായി ഒരിക്കല്‍ മക്കള്‍ വന്നപ്പോള്‍ അത് നീട്ടിയെറിഞ്ഞ വാങ് ലങ് ജീവിതത്തില്‍ നേരും നെറിയുമുള്ള മനുഷ്യനാവണമെന്ന് മക്കളെ കാണിക്കുകയായിരുന്നുവെങ്കില്‍, ഒന്നും മിണ്ടാതെ ആ മാംസക്കഷ്ണം കഴുകിയെടുത്ത് മക്കള്‍ക്കായി പാകം ചെയ്തു നല്‍കിയ ഒ ലാന്‍ വിശപ്പിനോളം വലിയ നേര് ലോകത്ത് മറ്റൊന്നുമില്ലെന്ന് മക്കളെ കാണിക്കുകയാണ്.
ക്രിസ്ത്യന്‍ മിഷനറിമാരുടെ മത പ്രബോധനവും, ചൈനയെ ആക്രമിക്കാനായുള്ള ജപ്പാന്റെ പടയൊരുക്കവുമെല്ലാം തെക്കു ദേശത്തുനിന്നും വാങ് ലങ് കാണുന്നുണ്ട്. ഒരിക്കല്‍ ഭക്ഷണത്തിനായുള്ള കലാപം മൂത്തപ്പോള്‍, പണക്കാരനായ പ്രഭുവിന്റെ വീട് കൊള്ളയടിക്കാനായി ഇരച്ചു കയറിയ ജനക്കൂട്ടത്തില്‍ വാങ് ലങും ഉണ്ടായിരുന്നു. അവിടന്ന് കൈക്കലാക്കിയ പണവുമായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ വാങ് ലങ്, പ്രഭുക്കന്മാരില്‍നിന്നും ഭൂമി വിലയ്ക്കു വാങ്ങി അതിസമ്പന്നനായി മാറുന്നു. ഒ ലാനിലെ അഭംഗിയില്‍ അസംതൃപ്തനാവാന്‍ തുടങ്ങിയ വാങ് ലങ്, വേശ്യാഗൃഹത്തില്‍നിന്നും കണ്ടുമുട്ടുന്ന സുന്ദരിയായ 'ലോട്ടസിനെ' സ്വവസതിയിലേക്ക് കൊണ്ടുവന്നു. വേലക്കാരിയെയടക്കം ആവശ്യത്തിലേറെ സൗകര്യങ്ങള്‍ ലോട്ടസിനായി ചെയ്തു കൊടുത്തപ്പോഴും, വീടിന്റെ മറ്റൊരു ഭാഗത്തു ആഡംബരങ്ങളേതുമില്ലാതെ മക്കളെയും വാങ് ലങിന്റെ വൃദ്ധ പിതാവിനെയും പരിപാലിച്ചുകൊണ്ട് ഒ ലാന്‍ നിര്‍വികാരതയോടെ കഴിഞ്ഞുകൂടി. പലതും മറക്കാനും പണം മനുഷ്യനെ നിര്‍ബന്ധിതമാക്കും എന്നതിന് ഉദാഹരണമാണ് വാങ് ലങ്.
നീണ്ട കാലത്തെ അസ്വസ്ഥതകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒ ലാന്‍ രോഗശയ്യയിലാവുമ്പോഴാണ് വാങ് ലങിനു തിരിച്ചറിവുണ്ടാകുന്നത്. കട്ടിലിനു ചാരെയിരുന്ന്, ഒ ലാന്റെ മിനുസമില്ലാത്ത കൈ തലോടി കണ്ണീരടക്കുന്ന വാങ് ലങ് തെറ്റുകള്‍ മനസ്സിലാക്കിയ പുതിയൊരു മനുഷ്യനാവുകയായിരുന്നു. ഒ ലാന്റെ മരണശേഷം ബുദ്ധിസ്ഥിരതയില്ലാത്ത, 'പുവര്‍ ഫൂള്‍' എന്ന് വാങ് ലങ് വിളിച്ചുപോന്ന മൂത്ത മകളെ ഏറെ സ്‌നേഹിക്കുന്ന വാങ് ലങ് എന്ന അഛനെ കാണാനാവും. വര്‍ഷങ്ങള്‍ കഴിയവെ, മക്കളെയെല്ലാം സമൂഹത്തിന്റെ ഉയര്‍ന്ന സ്ഥാനമാനങ്ങളില്‍ എത്തിച്ച വാങ് ലങ്, ഒ ലാന്‍ അടിമയായി കഴിഞ്ഞ പ്രഭുകുടുംബത്തിലെ അറുപത് മുറികളുള്ള വീടും സ്വന്തമാക്കുന്നുണ്ട്. ഒരു കാലത്ത് പട്ടിണി കിടക്കേണ്ടിവരുന്നതോര്‍ത്ത് യുദ്ധത്തെ ഭയപ്പെട്ടിരുന്ന ദരിദ്രനായ വാങ് ലങ്, കലവറ നിറയെ ധാന്യങ്ങളുള്ള ധനാഢ്യനായപ്പോള്‍ യുദ്ധം എങ്ങനെയെന്നറിയണം എന്നുള്ള താല്‍പര്യം പോലും കാണിക്കുന്നുണ്ട്. ആരംഭത്തിലെന്ന പോലെ, ഭൂമിയെ അതിയായി സ്‌നേഹിക്കുന്ന വൃദ്ധനായ വാങ് ലങിനെ കണ്ടു തന്നെയാണ് നോവല്‍ അവസാനിപ്പിക്കാനുമാവുക. വായിക്കാന്‍ വൈകിയല്ലോ എന്ന വിഷമത്തോടെയാണ് ചില വായനകള്‍ അവസാനിപ്പിക്കാറുള്ളത്. അത്തരത്തിലൊന്നാണ് ഇതും.
യുവാവ്, മകന്‍, ദരിദ്രന്‍, ഭര്‍ത്താവ്, അഛന്‍, കാമുകന്‍, ദുഷ്ടന്‍, സമ്പന്നന്‍, ദയാലു, വൃദ്ധന്‍ എന്നിങ്ങനെ വാങ് ലങിന്റെ ജീവിതത്തെ ഉടനീളം അനാവൃതമാക്കുന്ന ഈ നോവലിന് പിറകിലൊരു ചൈനീസ് വനിതയല്ല, വിദേശ വനിതയാണെന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ കാരശ്ശേരി മാഷിന്റെ വാക്കുകള്‍ കടമെടുത്തു തന്നെ പറയട്ടെ; പുഴയില്‍ മുങ്ങി നില്‍ക്കുന്നവര്‍ക്കല്ല, പാറപ്പുറത്തിരുന്ന് കാണുന്നവര്‍ക്കാണ് പുഴയെ കുറിച്ച് ഏറെ മനസ്സിലാക്കാനും അറിയാനുമാവുക.
ചൈനയിലെ ജീവിതത്തിനിടയിലും കണ്ണില്‍ പെടാതെ പോയതായിരുന്നു ഈ പുസ്തകം. വായിക്കാന്‍ വൈകിയെങ്കിലും ഇപ്പോഴെങ്കിലും വായിച്ചല്ലോ എന്നത് നല്‍കുന്ന സന്തോഷമാണ് എനിക്കേറെ വലുത്.THE GOOD EARTH (1931)
Author: Pearl. S. Buck
അതിജീവനം അതിശ്രേഷ്ഠം
-അഞ്ജലി രാജന്‍ -
ഇതെന്റെ രക്തമാണിതെന്റെ
മാംസമാണെടുത്തുകൊള്ളുക - എച്ച്മുക്കുട്ടി
'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക', അനുഭവങ്ങളുടെ തീച്ചൂളയില്‍ പൊള്ളിയ സ്വന്തം ജീവിതം നമുക്ക് മുന്നില്‍ സത്യസന്ധമായി തുറന്നുവെച്ചിരിക്കുകയാണ് എച്ച്മു തന്റെ ആത്മകഥയിലൂടെ. ഗിമിക്കുകളൊന്നുമില്ലാത്ത ലളിതമായ ശൈലിയാണങ്കിലും, അലസമായി വായിച്ചു തീര്‍ക്കാവുന്നതായിരുന്നില്ല പുസ്തകം, വായന വേളയില്‍ മനസ്സാകെ കനല്‍ പൂക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം കടുത്ത വേദനയനുഭവിക്കുകയും ചെയ്തു.
വ്യത്യസ്ത മതസ്ഥരായ അഛനമ്മമാരുടെ മകളായതിനാല്‍ ചെറുപ്പത്തില്‍ നേരിടേണ്ടിവന്ന ജാതിക്കുരുക്കുകള്‍, ഗുരുവുമായുള്ള പ്രണയം, വിവാഹം, ഭാര്യയായതു കൊണ്ട് മാത്രം കേസില്ലാതായിപ്പോയ അറപ്പുളവാക്കുന്ന ലൈംഗികത, മതം മാറാന്‍ നിര്‍ബന്ധിക്കുന്ന ഭര്‍ത്താവും ബന്ധുക്കളും. ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ടുപോയ ചെറുപ്പക്കാരിയായിരുന്ന ഒരു പെണ്ണ്, പങ്കാളി നീട്ടിയ കരളു പൊള്ളിക്കുന്ന കനലുകള്‍!
ഭാര്യയെന്നാല്‍ ഭരിക്കപ്പെടേണ്ടവളെന്നു കരുതുന്ന ഭര്‍ത്താവിനെയും, അക്ഷരങ്ങളാല്‍ പൂക്കാലം തീര്‍ത്ത ചിലരുടെ പുഴുക്കുത്തേറ്റ മനസ്സും തുറന്നുകാട്ടിയിരിക്കുന്നു പുസ്തകത്തില്‍.
പത്ത് മാസം ഉദരത്തില്‍ സംരക്ഷിച്ചു തീവ്രവേദനയനുഭവിച്ച് ജന്മം നല്‍കിയ കുഞ്ഞിനെ ലാളിക്കാന്‍, സംരക്ഷിക്കാന്‍ നിയമയുദ്ധത്തിലേര്‍പ്പെടേണ്ടി വന്നത് ഒരു കുഞ്ഞിനായി രണ്ടു തവണ പ്രസവവേദനയനുഭവിക്കേണ്ടിവന്നതു പോലെയാണ്.
ആ കുഞ്ഞ് അതിനു സാധ്യമായ ഏറ്റവും നിഷ്‌കളങ്കമായ ഭാഷയില്‍ അതിന്റെ പിതാവില്‍നിന്നനുഭവിക്കേണ്ടി വന്ന രതിവൈകൃതം വിവരിക്കുമ്പോള്‍, അത് കേട്ടിരിക്കുന്ന അമ്മയുടെ ദയനീയാവസ്ഥ മനസ്സ് പൊള്ളിക്കുന്നു. പ്രമുഖരെന്ന് വിശേഷിപ്പിച്ചൊതുക്കാതെ പേരു പറഞ്ഞ് സ്ത്രീജിതരായ പലരുടെയും മൂടുപടം അഴിച്ചിടുമ്പോള്‍ വായനക്കാരുടെ മനസ്സിലും കൂടിയൊഴിപ്പിക്കലുകളും പുണ്യാഹം തളിക്കലും നടക്കുന്നു. 'നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രം.' എന്നിട്ടും നമുക്ക് പൊള്ളുന്നുവെങ്കില്‍ അനുഭവസ്ഥയുടെ അവസ്ഥ എന്തായിരുന്നിരിക്കണം!
ഭര്‍ത്താവിന്റെ കൂടെ താമസിക്കുന്ന സ്ത്രീ തന്റെ സ്ഥാനം കൈയടക്കിയവളായിട്ടു കൂടിയും മകളെ വിട്ടുതരാന്‍ തയാറായ അവര്‍ ദൈവത്തിനു തുല്യയാണെന്ന് എച്ച്മു പറയുന്നു. മകളും കണ്ണനും അമ്മയും അമ്മൂമ്മയും കണ്ണന്റമ്മയും ഭാഗ്യയും റാണിയും ദത്ത് മാഷും എച്ച്മുവിന്റെ ജീവിതത്തില്‍ തണല്‍ വിരിച്ച പച്ച ഇലകളുള്ള ചില്ലകളാണ്.
അതിജീവനം അതിശ്രേഷ്ഠമാണ്. പ്രതിസന്ധികളെ അതിജീവിച്ചു പുഞ്ചിരിക്കുന്ന എച്ച്മുവിന്റെ മുഖം അത്ഭുതവും ആഹ്ലാദവും സൃഷ്ടിക്കുന്നു.
കാരിരുമ്പിന്റെ കരുത്താണാ ഹൃദയത്തിനെന്ന് ഞാനൊരിക്കലും പറയുകയില്ല, അങ്ങനെയായിരുന്നുവെങ്കില്‍ ഈ പുസ്തകത്താളുകളില്‍ എച്ച്മുവിന്റെ പൊള്ളിയ ഹൃദയം കണ്ട് നമ്മള്‍ വിങ്ങുമായിരുന്നില്ല. പകരം ആരോ എഴുതിയ കഥയായി നിര്‍വികാരതയോടെ വായിച്ചുതീര്‍ത്തേനെ.
ജീവിതത്തില്‍ വിവാഹം ആണ് 'സുപ്രീം' എന്നൊരു പെണ്‍കുട്ടിയും കരുതരുത്. അത് ജീവിതത്തിലുള്ള ഒരു കൂട്ട് മാത്രം. സ്വയം ഇരിക്കാന്‍ സ്ഥലം കണ്ടെത്തിയതിനു ശേഷം മാത്രം കൂട്ടുകൂടുക.
ഒരിക്കല്‍ എച്ച്മുവിനെ കാണണമെന്നതൊരാഗ്രഹമാണ്. എഴുത്തുകാരിക്ക് ആശംസകള്‍.
ലങ്കായനം
-സിജി ശാഹുല്‍-
രാമനും സീതയും പ്രധാന കഥാപാത്രമായ രാമായണത്തിലെ മറ്റു കഥാപാത്രങ്ങളെ മനസ്സിലാക്കാന്‍ ഇതുവരെ ഞാന്‍ ശ്രമിച്ചിരുന്നില്ല. ചിത്രകഥാ പുസ്തകങ്ങളിലും കവിതകളിലും വില്ലാളിവീരനായ രാമന്‍ എന്നും ഹീറോ ആയിരുന്നു. നായകന്റെ കുറവുകളെ നാം കാണാറില്ലല്ലോ. എന്നും ജയിക്കാന്‍ വേണ്ടി ജനിച്ചവന്‍, നായിക കരയാന്‍ വിധിച്ചവളും. ഇതര കഥാപാത്രങ്ങള്‍ക്ക് രാമന്റെ നിഴലാവാനേ സാധിക്കുന്നുള്ളൂ. ഇവിടെ ഞാന്‍ പറയുന്നത്, തുഞ്ചത്തെഴുത്തഛന്‍ എഴുതിയ അധ്യാത്മ രാമായണത്തിലെ രാമനും സീതയുമാണ്. അത് അങ്ങനെ തന്നെ കാണാനാണ് എനിക്കിഷ്ടം.
വാത്മീകി രാമായണം അമാനുഷിക തലത്തിലേക്ക് എത്തിപ്പെട്ടത്, നാശോന്മുഖമായ ഒരു ജനതയുടെ ഉദ്ദാരണത്തിനായി ഉപകരിച്ചിട്ടുണ്ടാവണം. ഇന്നും അത് അങ്ങനെ തന്നെ. വാത്മീകി രാമായണം ഞാന്‍ വായിച്ചിട്ടില്ല. വളരെ വൈകിയാണെങ്കിലും എനിക്ക് വായിക്കാന്‍ സാധിച്ചത് അധ്യാത്മ രാമായണമാണ്. അതിലെ ഓരോ പ്രദേശങ്ങളിലുടെയും രാജകൊട്ടാരങ്ങളിലൂടെയും ഗ്രാമവും പട്ടണങ്ങളും യാഗശാലകളും കടന്നു പോകുമ്പോഴും അതിശയകരമായ ഒന്നിനെ തേടി എന്റെ മനസ്സ് വെമ്പല്‍ കൊണ്ടിരുന്നു, ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നിനെ. ചിത്രകൂട പര്‍വതത്തിലെത്തി നില്‍ക്കുമ്പോള്‍ ഞാന്‍ കരുതി, ഞാന്‍ തേടിയ സുന്ദരദേശം ഇതാവുമെന്ന്. രാമന്റെ ദുഃഖങ്ങളിലൂടെ കിഷ്‌കിന്ദയും കടന്ന് ശിശിരവും വസന്തവും അനുഭവിച്ചറിഞ്ഞ് കാനന വഴികളിലൂടെ എന്റെ വായന ലങ്കാദേശത്ത് എത്തുമ്പോള്‍, ഞാന്‍ ഇനി എവിടേക്കാവും എന്ന് ആകാംക്ഷ പൂണ്ടിരുന്നു. വിനയത്തിലൂടെ മുന്നോട്ടു നയിക്കാന്‍ വായുപുത്രനായ ഹനുമാന്‍ മാത്രം. പ്രതീക്ഷകള്‍ക്ക് വഴിയുണ്ടെന്ന് കരുതിയതേയില്ല, ഇനി എന്ത്? കാടന്മാരായ രാക്ഷസന്മാരുടെ രാജ്യം, വൃത്തിയും വെടിപ്പും അവര്‍ക്കറിയുമോ?
അമരാവതിയും ഇന്ദ്രപുരിയും അയോധ്യാപുരിയും കടന്നുപോന്നിട്ടുള്ള എന്റെ വായനനത്സുക്യത്തിന് പൂട്ടു വീണു എന്ന് തന്നെ കരുതി. ലങ്കയുടെ കോട്ടവാതില്‍ക്കല്‍ ചെല്ലുമ്പോള്‍ ലങ്കാ ലക്ഷ്മി കാവലിനുണ്ട്. ആളിന്റെ പേര് ലങ്കിനി. സാഹിത്യകൗതുകങ്ങള്‍ക്കുമേല്‍ മനസ്സിന്റെ കടിഞ്ഞാണഴിച്ചുവിട്ടു. ലങ്കാ ദേവി - ലങ്കിനി, കൊള്ളാം, പ്രാസം നന്നായി. പതുക്കെ അകത്തേക്ക് പ്രവേശിച്ചു. ഞാന്‍ ഇതുവരെ കൂടെക്കൊണ്ടു പോന്നിട്ടുള്ള സര്‍വമാന കാഴ്ചകളെയും പതുക്കെ താഴത്തുവെച്ചു. ഇനിയും ഏതെങ്കിലും എഴുത്തുകാരുടെ തൂലികക്ക് ഇത്ര മനോഹരമായ രാജ്യം നിര്‍മിക്കാനാവുമോ? നിശ്ചയം ആവില്ലതന്നെ!
പരിഷ്‌കൃത സമൂഹമെന്ന് കരുതുന്ന ഇന്നത്തെ മനുഷ്യന്‍ സംഗീതത്തിന്റെ അനന്ത സാധ്യതകളെ പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍ ലങ്കാ രാജ്യത്തെ രാത്രികള്‍, വീടുകളില്‍ നേരിയ സംഗീതം അലയടിച്ചിരുന്നു. മൃദുലമായ നൃത്തച്ചുവടുകള്‍ക്ക് അരമനകള്‍ വേദിയായിരുന്നു. തെരുവീഥികള്‍ ചന്ദനം പുകഞ്ഞിരുന്നു. നിലാവില്‍ വെട്ടിത്തിളങ്ങുന്ന രത്‌നങ്ങളും പവിഴങ്ങളും തെരുവീഥികളെ അലങ്കരിച്ചിരുന്നു. അല്ലലെന്തെന്നറിയാതെ അവരുടെ സ്ത്രീകള്‍ പരവതാനികളില്‍ വീണുറങ്ങിയിരുന്നു. ഇനിയും ലങ്കാ നഗരിയോളം സുന്ദരമായ മറ്റൊരു നഗരം വര്‍ണിക്കാന്‍ എഴുത്തഛന് ആവുമായിരുന്നില്ല എന്നു തോന്നി. താനേ കവിത വിരിയുന്ന ഒരു രാജ്യം! ഞാന്‍ ഇനിയും കണ്ടിട്ടില്ലാത്ത, കാണാനിടയില്ലാത്ത ഒരു പട്ടണം.
രാവണനോ? പൊന്നു നിറഞ്ഞൊരു കൊട്ടാരം പോലെ, എന്നാലും തപ്തഹൃദയനായി വീണുകിടക്കുന്നു. എങ്കിലും പൊന്നില്‍ നിറച്ചാണ് അദ്ദേഹത്തെ വായനക്കാര്‍ക്ക് മുമ്പില്‍ അനാവരണം ചെയ്തിരിക്കുന്നത്. വെറുമൊരു കാട്ടാളനല്ല, നായകനായ രാമനോട് ഏറ്റുമുട്ടേണ്ടയാളാണ്, പ്രധാന വില്ലന്‍. അദ്ദേഹം യഥാര്‍ഥത്തില്‍ നായകനോടൊപ്പം പ്രാധാന്യമുള്ളയാളാണ്. അദ്ദേഹത്തിനു വേണ്ടിയാണ് രാമന്‍ ജന്മം കൊണ്ടത്. രാവണദേശം തന്നെ ഉണ്ടായത് രാമനെ പ്രതീക്ഷിച്ചാവാം. ഒരു സാധാരണ പോരാളിയോട് ഏറ്റുമുട്ടേണ്ടയാളാവരുതല്ലോ. പാപവും പുണ്യവും വേര്‍തിരിച്ചെടുത്ത ഒരു കഥയിലെ നായകന്‍- അദ്ദേഹം അസാധാരണമായ ഒരു കൃത്യം നിര്‍വഹിക്കാന്‍ അവതരിച്ചവനാണ്. ഒട്ടും തന്നെ മോശമായില്ല, എന്നു തന്നെയല്ല, അമാനുഷികമായ നിര്‍മിതിയിലൊന്നായിത്തീര്‍ന്നു ലങ്കാനഗരി. ഇനിയും ഉദയം ചെയ്യാനില്ലാത്തൊരു പഞ്ച നക്ഷത്ര നഗരം! രാവണന്‍ തൊട്ടത് തീയിലാണെന്ന് മാത്രം.
സീതാദേവിയുടെ ലങ്കാവാസം രാവണനെ മൂഢത്വത്തിലേക്ക് നയിക്കുന്നു, പരിഹാസ്യനാക്കുന്നു. അതല്ല, ഹനുമാന്‍ ഒന്നു തുള്ളിക്കളിച്ചപ്പോഴേക്ക് ലങ്ക ചില്ലുകൊട്ടാരം ഉടഞ്ഞ പോലെ ആകെ അലങ്കോലമാകുന്ന കാഴ്ച പുറമെ വായനക്കാരെ രസിപ്പിച്ചുവെങ്കിലും ഇത്ര മനോഹരമായ ഒരു നഗരത്തിന്റെ തകര്‍ച്ച ഹൃദയത്തെ മുറിവേല്‍പ്പിച്ചവരുമുണ്ട്. ഉത്തമ സാഹിത്യത്തിന്റെ പൂര്‍ണത ഉള്‍ക്കൊള്ളാത്തവരെ അത് കരയിക്കുന്നുണ്ട്, അതിശയിപ്പിക്കുന്നുമുണ്ട്. കാരണം, ലങ്കാനഗരി കണ്ടുകണ്ട് വായനക്കാരന്‍ മദോന്മത്തനായിരിക്കുന്ന അവസരത്തിലാണ് ആ ഭയങ്കരമായ തകര്‍ച്ച കാണാനിടയായത്. ലങ്കക്ക് തൊടുകുറി പോലെയാണ് സീതാദേവി കുറച്ചു കാലം അവിടെ കഴിഞ്ഞത.് രാമായണം പുതിയ വായനക്കാരിലൂടെ വളരട്ടെ.
രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭൂമികയില്‍ വായിക്കുമ്പോള്‍..
- സുഫീറ എരമംഗലം -
'അധികാരം എല്ലാറ്റിന്റെയും അവസാനവാക്കാണ്. അത് എല്ലാത്തിനെയും അപ്പപ്പോള്‍ ഒതുക്കുന്നു കുറച്ചുകാലമെടുത്തെങ്കിലും നാം ഇപ്പോള്‍ അതു മനസ്സിലാക്കിയിരിക്കുന്നു. നമ്മുടെ യൂറോപ്പ് കണ്ടില്ലേ- ഇപ്പോള്‍ ശരിയായ രീതിയിലാണ് പ്രതികരിക്കുന്നത്. ക്ലിഷ്ടമില്ലാതിരുന്ന പഴയകാലത്തെപ്പോലെ നമ്മള്‍ പറയുന്നേയില്ല. 'ഇതാണെന്റെ അഭിപ്രായം. എന്തൊക്കെയാണ് തടസ്സവാദങ്ങള്‍? ആ കാലം പോയി. നമുക്ക് കുറേക്കൂടി വ്യക്തത വന്നിരിക്കുന്നു. ഇപ്പോള്‍ സംഭാഷണങ്ങളും സംവാദങ്ങളുമില്ല. ഡയലോഗിനു പകരം അറിയിപ്പുകളാണ്.' ഇതാണ് സത്യം- നമ്മള്‍ പറയുന്നു: നിങ്ങള്‍ക്ക് ആകാവുന്നിടത്തോളം അതേപ്പറ്റി ചര്‍ച്ചയുമാവാം. പക്ഷേ ഞങ്ങള്‍ക്ക് അതില്‍ ഒരു താല്‍പര്യവുമില്ല. കുറച്ചുകാലം കൂടി കഴിഞ്ഞോട്ടെ. ഞാന്‍ പറയുന്നതാണ് ശരിയെന്ന് നിങ്ങളെ കാണിച്ചുതരാന്‍ പോലീസും ഉണ്ടാവും' (അല്‍ബേര്‍ കമ്യൂ: പതനം)
2012 മാര്‍ച്ചില്‍ പ്രതീക്ഷ ബുക്‌സ് പുറത്തിറക്കിയ കെ.ഇ.എന്നിന്റെ 'സംസ്‌കാരത്തിലെ സംഘര്‍ഷങ്ങള്‍' എന്ന പുസ്തകത്തിലെ 'ഡയലോഗിനു പകരം അറിയിപ്പുകളോ' എന്ന അധ്യാത്തിലെ പ്രഥമ ഖണ്ഡികയാണ് മുകളിലുദ്ധരിച്ചത്.
ഫാഷിസ്റ്റ് അധികാരം കല്‍പിക്കുന്ന ശരികളോട് കലഹിക്കുന്ന ഈ ചരിത്രസന്ധിയില്‍ കെ.ഇ.എന്‍ എന്ന സാംസ്‌കാരിക വിമര്‍ശകന്റെ ശരികള്‍ പുലരുന്നതിന് കൂടിയാണ് നാം അനുഭവ വേദ്യരാകുന്നത്.
ഓരോ മനുഷ്യനും സ്വന്തത്തോട് സത്യസന്ധരാകുന്നതിനെക്കുറിച്ച് അദ്ദേഹം മുഖവുരയില്‍ ഉന്നയിക്കുന്നുണ്ട്. സര്‍ഗാത്മകതയും സംവാദവും കീഴ്‌മേല്‍ മറിച്ചിട്ട ഇടത്തിലാണ് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം അതിന്റെ വേരുകള്‍ പടര്‍ത്തിയിരിക്കുന്നത് ഇന്ത്യ എന്ന ആശയം അര്‍ധപ്രാണനിലെങ്കിലും അവശേഷിക്കുന്നു എന്ന ശുഭ വിശ്വാസമാണ് ഇന്നത്തെ ജനകീയ പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നത്.
ചരിത്രങ്ങളും സാമൂഹിക പഠനങ്ങളും ഊര്‍ജമായി സ്വീകരിച്ചുകൊണ്ട് വെളിപാടുകളെന്നോണമുള്ള നിരീക്ഷണങ്ങളും ഫാഷിസ്റ്റ് വിശകലനങ്ങളുമാണ് കെ.ഇ.എന്‍ കൈകൊണ്ടത്.
ഓരോ മനുഷ്യനും സ്വന്തത്തോട് സത്യസന്ധരാവുന്നതിനെക്കുറിച്ച് 'ഒരു തിരുത്തിനുള്ള പൂച്ചെണ്ട്' എന്ന മുഖവുരയില്‍ അദ്ദേഹം എഴുതി. സൗഹൃദത്തിന്റെ രാഷ്ട്രീയം വ്യത്യസ്തകളുടെ ആഘോഷമാണ്. പരസ്പരം ആശയപരമായ വ്യത്യസ്തതകളില്‍ നില്‍ക്കുമ്പോഴും സ്വന്തം എന്നത് വിശാലതയിലേക്ക് വ്യാപിക്കുന്ന സര്‍ഗാത്മക അനുഭൂതിയാകുന്നത് ഇന്നത്തെ ഇന്ത്യന്‍ ജനകീയ പ്രക്ഷോഭത്തിന്റെ സൗന്ദര്യമാണ്. ഫാഷിസം ഇല്ലാതാക്കിയ വൈവിധ്യങ്ങളുടെ പൊതു ഇടങ്ങളായി പ്രതിഷേധ മാര്‍ച്ചുകള്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ ചരിത്ര സാക്ഷികളാണ് നാം.
സ്റ്റേറ്റിന്റെ ശരികളെ ശക്തമായി അവതരിപ്പിക്കുന്ന പോലീസ് സംവിധാനവും സ്റ്റേറ്റ് മീഡിയകളും സത്യാനന്തര കാലത്തെ കരാളതകളായി ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന കാഴ്ചകള്‍. ഇന്റെര്‍നെറ്റ് നിര്‍ത്തലാക്കി യും സിവിലിയന്മാര്‍ക്കെതിരില്‍ വെടിയുണ്ടകള്‍ ഉതിര്‍ത്തുകൊണ്ടും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ വ്യാപൃതമാകുന്ന ഫാഷിസ്റ്റ് ഭരണകൂടം. ഫാഷിസത്തിന്റെ കരാളതകള്‍ പ്രത്യക്ഷമായിത്തുടങ്ങിയതിന്റെ പ്രഹര ശേഷി ഓരോ പൗരന്റെയും അസ്തിത്വത്തെ ചോദ്യംചെയ്യുന്ന തലത്തിലേക്ക് മൂര്‍ച്ചപ്പെട്ടു.
കെ.ഇ.എന്‍ വായനകള്‍ ഇന്നത്തെ ഇന്ത്യയുടെ മുന്നറിയിപ്പുകളായി മാറുന്ന പശ്ചാത്തലത്തില്‍ വായനകള്‍ ഇന്ത്യന്‍ അവസ്ഥയുടെ തീക്ഷ്ണതകളിലേക്ക് വഴിമാറുകയാണ്. മരണത്തോടൊപ്പം സര്‍വമൂല്യങ്ങളും ശ്മശാനത്തിലേക്ക് പോകുമ്പോള്‍, നീതി മാത്രം പിന്നെയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് വായിച്ചതോര്‍മയുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. നീതി തന്നെയാണ് നീരുറവ. അതില്‍ വിഷം കലര്‍ന്നാല്‍ മുഴുവന്‍ ജീവിതത്തിന്റെയും നിറം കെടുമെന്ന് അദ്ദേഹം തുടര്‍ന്നെഴുതുന്നുണ്ട്.
മനുഷ്യാവകാശം എന്നത് എന്നുമെന്നും നിലനില്‍ക്കേണ്ട, ജനാധിപത്യ നീതിയുടെ മറ്റൊരുപേര് മാത്രമാണ്. വിവേചനങ്ങളുടെ നിഴല്‍ വീഴുമ്പോഴാണ് മഹത്തായ മനുഷ്യാവകാശങ്ങള്‍ക്കകത്തും മാലിന്യക്കൂമ്പാരങ്ങള്‍ ഉണ്ടാവുന്നത്.
നിലപാടുകളും അക്ഷരങ്ങളും സമരമുഖത്തെ ഊര്‍ജമായി മാറുന്നത് അനീതിക്കെതിരിലുള്ള ഐക്യപ്പെടലിന്റെ സമരാനുഭൂതി പകരുന്നതുകൊണ്ടുകൂടിയാണ്. ഇത്തരമൊരു പ്രതിരോധ കാലത്താണ് സംസ്‌കാരത്തിലെ സംഘര്‍ഷങ്ങള്‍ എന്ന കെ.ഇ.എന്നിന്റെ പുസ്തക വായന പ്രസക്തമാകുന്നത്.