പിതാവിന്റെ തണലില്‍ - 2
ലാഹോറും ഒരു അത്ഭുതനാട് തന്നെ. സൂഫീ ആധ്യാത്മിക ഗുരുക്കന്മാരും ഭൗതികസുഖം വെടിഞ്ഞ ഭക്തസത്തമന്മാരും ഒഴിഞ്ഞ ഒരുനാളും അവിടെ ഉണ്ടായിരുന്നില്ല. അനേകായിരങ്ങള്‍ അത്യാദരവോടെ കണ്ട സുപ്രശസ്ത ആത്മീയ പുരുഷന്‍ സയ്യിദ് അലി ഹുജ്‌വീരി (1009-1072) അവരിലൊരാളാണ്. തന്റെ ഗുരുവിന്റെ ഉപദേശപ്രകാരം സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി(971-1030 ഏപ്രില്‍ 8)യുടെ പുത്രന്‍ നാസിറുദ്ദീന്‍ മസ്ഊദി (ച. 1040)യുടെ കാലത്ത് മതപ്രബോധനാര്‍ഥം ലാഹോറില്‍ വന്നതായിരുന്നു ഹസ്രത്ത് ഹുജ്‌വീരിയെന്ന് ഖ്വാജ നിസാമുദ്ദീന്‍ ഔലിയ പറയുന്നു. അദ്ദേഹത്തിനു മുമ്പ് അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ ഹുസൈന്‍ സന്‍ജാവിയും ദീനീസേവനത്തിന് ഇവിടെ എത്തിയിരുന്നു. ലാഹോറിലേക്ക് യാത്ര തിരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ അവിടെ ഹുസൈന്‍ സന്‍ജാനിയുണ്ടല്ലോ എന്ന് അദ്ദേഹം പറയുകയുണ്ടായത്രെ. 'അല്ല, നീ പോകണം' എന്നായിരുന്നു അപ്പോള്‍ ഗുരുവിന്റെ പ്രതികരണം. ഹുജ്‌വീരി പറയുന്നു: 'ഞാന്‍ രാത്രി ലാഹോറിലെത്തിയപ്പോള്‍ നഗരകവാടം അടച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ രാത്രി നഗരത്തിനു പുറത്ത് കഴിച്ചുകൂട്ടേണ്ടിവന്നു. പിറ്റേന്ന് നഗരകവാടം തുറന്നപ്പോള്‍ ഹസ്രത്ത് ഹുസൈന്‍ സന്‍ജാനിയുടെ മൃതദേഹവും വഹിച്ച് ആളുകള്‍ നഗരത്തിന് പുറത്തേക്ക് വരുന്നതാണ് കണ്ടത്.' പിന്നീട് ഹസ്രത്ത് ഹുജ്‌വീരിയുടെ താമസവും പ്രവര്‍ത്തന കേന്ദ്രവും മാത്രമല്ല സംസ്‌കരണവും ലാഹോറില്‍തന്നെയായി.
പിന്നീട് ഹസ്രത്ത് അലി ഹുജ്‌വീരി നിര്യാതനായി നൂറ്റാണ്ടുകള്‍ക്ക് ശേഷം നിരാസക്തനായ, നിശാധ്യാനത്തില്‍ നിമഗ്നനായ വെട്ടിത്തിളങ്ങുന്ന വിളക്ക് പോലുള്ള മറ്റൊരു ആത്മീയ തേജോപുഞ്ജം ലാഹോറിലേക്ക് ഹിജ്‌റ ചെയ്ത് വരുന്നതായി നാം കാണുന്നു. വിളക്കില്‍നിന്ന് വിളക്ക് കൊളുത്തി ഇസ്‌ലാമിക വ്യവസ്ഥയുടെ വിജയത്തിനായി സമഗ്രമായൊരു പ്രസ്ഥാനത്തിന് അദ്ദേഹം നാന്ദി കുറിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ മഹാപ്രളയം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച കാലത്ത് വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ സമസ്ത മേഖലകളിലും സക്രിയമായൊരു ഉത്തമ വിപ്ലവത്തിന് വിത്തിറക്കാതെ പടിഞ്ഞാറിന്റെ പ്രഭാവത്തെ അതിജയിക്കാന്‍ സാധിക്കില്ലായിരുന്നു.
അബ്ബാജാന്റെ ഭാഷയില്‍: 'മുസ്‌ലിംകള്‍ പടിഞ്ഞാറിന്റെ രാഷ്ട്രീയ-സൈനിക ശക്തിക്ക് മുമ്പില്‍ മുട്ടുകുത്തിയതിനേക്കാള്‍ ആപല്‍ക്കരമായത് അതിന്റെ തത്ത്വശാസ്ത്രവും അവരുടെ മസ്തിഷ്‌കം കീഴടക്കി എന്നതത്രെ. കാരണം രാഷ്ട്രീയ മേധാവിത്തത്തിന് ശരീരം മാത്രമേ കീഴടക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ധൈഷണിക-സാംസ്‌കാരിക കടന്നാക്രമണം മനോ മസ്തിഷ്‌കങ്ങളെയും ചിന്താധാരകളെയുമാണ് മാറ്റിമറിക്കുക. ഇംഗ്ലീഷ് വിജ്ഞാനീയങ്ങളും സാഹിത്യവും തത്ത്വശാസ്ത്രങ്ങളും സംസ്‌കാര നാഗരികതകളും മുസ്‌ലിംകളുടെ ഹൃദയങ്ങളെ പൂര്‍ണമായും പിടിയിലൊതുക്കുംവിധം അവരില്‍ നുഴഞ്ഞുകയറിയിരിക്കുകയാണ്. പടിഞ്ഞാറ് അവതരിപ്പിച്ച രൂപമാതൃകയില്‍നിന്ന് തെല്ലും വ്യതിചലിച്ചു ജീവിതം നയിക്കാനുള്ള ഒരു താല്‍പര്യവും അവര്‍ക്കില്ല.'
ഹൈദറാബാദിലെ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ ലഭിച്ച ജോലി നിയമനം അബ്ബാജാന്‍ സ്വന്തം ജീവിതതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളഞ്ഞിരുന്നു; അക്കാലത്ത് കഠിനമായ ജീവിത പ്രാരാബ്ധങ്ങളിലായിരുന്നെങ്കിലും.
അല്‍ജിഹാദു ഫില്‍ ഇസ്‌ലാമിന്റെ രചനക്കു മുമ്പ് ഗീത, രാമായണം, മഹാഭാരതം, ബൈബിള്‍, തല്‍മൂദ് തുടങ്ങിയ ഗ്രന്ഥങ്ങളൊക്കെ അബ്ബാജാന്‍ നന്നായി വായിച്ചു പഠിച്ചിരുന്നു. അപ്പോള്‍ തന്നെയാണ് മൗലാനാ അശ്ഫാഖുര്‍റഹ്മാന്‍ കാന്ധലവിയുടെ അടുക്കല്‍ തിര്‍മിദി, മുവത്വ (ഇമാം മാലിക്) എന്നീ ഹദീസ് ഗ്രന്ഥങ്ങളുടെ പഠനവും നടന്നിരുന്നത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് അബ്ബാജാന്‍ എന്ന് നമുക്കറിയാം. ഖുര്‍ആന്‍, ഹദീസ്, ഇസ്‌ലാമിക നിയമശാസ്ത്ര (ഫിഖ്ഹ്) വിഷയങ്ങള്‍, ഇസ്‌ലാമിക ചരിത്രം, രാഷ്ട്രീയം, സാമൂഹിക ശാസ്ത്രം, നാഗരികത തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. രചനകളുടെ ആധിക്യം നിലവാരത്തെ ബാധിക്കുകയുണ്ടായില്ല. ഇതോടൊപ്പം തന്നെ അറബി സാഹിത്യം, തത്ത്വശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നീ വിഷയങ്ങളിലും അഗാധ ജ്ഞാനമുണ്ടായിരുന്നു. കൂടാതെ മനഃശാന്തിയും വിധിച്ചതിലുള്ള സംതൃപ്തിയും ശാന്തപ്രകൃതവും കൊണ്ട് അനുഗൃഹീതനായിരുന്നു അദ്ദേഹം.
നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെ ശക്തമായ കൊടുങ്കാറ്റില്‍ വിശ്വാസദാര്‍ഢ്യത്തിന്റെ ദീപനാളങ്ങള്‍ ഒന്നൊന്നായി കെട്ടു തുടങ്ങിയപ്പോള്‍ അബ്ബാജാന്‍ ജീവിതത്തിന്റെ മെഴുകുതിരി രണ്ടറ്റവും കത്തിച്ചു ധൈഷണിക ലോകം മാറ്റിമറിച്ചിട്ടു. അഭ്യസ്തവിദ്യരായ യുവതലമുറയെ പാശ്ചാത്യ സംസ്‌കാരത്തിന്റെ വിഭ്രാമകത്വത്തില്‍നിന്നും മാനസികാടിമത്തത്തില്‍നിന്നും മോചിപ്പിച്ചെടുത്തു. സമകാലിക യുവതലമുറയെ സ്വന്തം സംസ്‌കാരത്തില്‍ അഭിമാനമുള്ളവരാക്കിത്തീര്‍ത്തു. അഭ്യസ്തവിദ്യരായ യുവതലമുറയെ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിലൂടെ ഖുര്‍ആനുമായി ബന്ധിപ്പിച്ച് അവരുടെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു. ഇഖ്ബാല്‍ പറഞ്ഞതു പോലെ:
ചൂന്‍ ബജാന്‍ ദര്‍ റഫ്ത് ജാന്‍
ദീഗര്‍ ശോദ്
ജാന്‍ ചൂന്‍ ദീഗര്‍ ശുദ് ജഹാന്‍
ദീഗര്‍ ശോദ്
(ഈ ഖുര്‍ആന്‍ ഹൃദയാന്തരാളത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ മനുഷ്യനും മാറുകയായി, മനുഷ്യന്‍ മാറുമ്പോള്‍ സമസ്ത ലോകവും മാറുകയായി)
ഓരോ കാലഘട്ടത്തിലും ഓരോരോ കുഴപ്പങ്ങളുണ്ടാകും. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ കുഴപ്പം അഭ്യസ്തവിദ്യരുടെ ജാഹിലിയ്യത്ത് (മൂഢത്വം) ആണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറ ഏതെങ്കിലും സവിശേഷ ജ്ഞാനമണ്ഡലത്തില്‍ മാത്രം ബിരുദം നേടുന്നതോടെ തങ്ങള്‍ കാലഘട്ടത്തിലെ പ്ലാറ്റോയും ഹിപ്പോക്രാറ്റുമൊക്കെയാണെന്ന മിഥ്യാധാരണയില്‍ പെടുകയായി. ചിലപ്പോള്‍ അവരേക്കാളൊക്കെ വലിയ പ്രതിഭാശാലികളാണെന്നായിരിക്കും അവരുടെ മൂഢവിചാരം. എന്നാല്‍ അബ്ബാജാന്റെ പുസ്തകങ്ങള്‍ വായിക്കുന്നതോടെ ഈ മൂഢധാരണ മാറുന്നു. അപ്പോള്‍ അവരൊക്കെ കേവലം ശിശുക്കള്‍ മാത്രമാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നു. എല്ലാവരും സുഖശയ്യയില്‍ സ്വപ്‌ന ലഹരിയില്‍ മദിച്ചുകൊണ്ടിരുന്നപ്പോള്‍ രാവില്‍ ഉണര്‍ന്നിരുന്ന ഈ കര്‍മയോഗി ഇഹത്തിലും പരത്തിലും മുഹമ്മദീയ സമുദായത്തിന് വിജയപാത കാണിച്ചുകൊടുക്കുന്ന ഗ്രന്ഥങ്ങളുടെ രചനയില്‍ മുഴുകി കഴിയുകയായിരുന്നു. ട
(തുടരും)
വിവ: വി.എ.കെ