മരച്ചീനി അട വേവിച്ചത് - കാല്‍ കിലോ
ശര്‍ക്കര (ഉരുക്കിയത്) - കാല്‍ കിലോ
ചൗവ്വരി (വേവിച്ചത്) - 50 ഗ്രാം
നെയ്യ് - 20 മില്ലിലിറ്റര്‍
ഏലക്ക പൊടിച്ചത് - ഒരു ടീസ്പൂണ്‍
ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - ഒരു മുറി തേങ്ങയുടേത്
മരച്ചീനി മുറിച്ചെടുത്ത്, തൊലികളഞ്ഞ്, അര ഇഞ്ച് നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് വെള്ളത്തില്‍ ഊറാനിടുക. 3 പ്രാവശ്യം കഴുകി വേവിച്ച് എടുത്ത മരച്ചീനി അട നെയ്യില്‍ വരട്ടി എടുക്കുക. ബാക്കിയുള്ള കിഴങ്ങും വേവിക്കുക (ജൈവവളമിട്ട കിഴങ്ങിന് കയ്പ് ഉണ്ടാവില്ല). വെന്ത കിഴങ്ങ് ഊറ്റി, ഉടച്ച്, മിക്‌സിയില്‍ അരച്ച് കുഴമ്പാക്കിയതില്‍ അല്‍പം വെള്ളം ചേര്‍ത്ത് കട്ടികുറച്ച് നെയ്യില്‍ വഴറ്റുക. കഴുകിയ ചൗവ്വരി തിളച്ച വെള്ളത്തില്‍ നല്ലവണ്ണം വേവിക്കുക. ശര്‍ക്കര ഉരുക്കി അരിച്ചുവെക്കുക.
ഒരു ഉരുളിയില്‍ അല്‍പം നെയ്യൊഴിച്ച് മരച്ചീനി വഴറ്റുക. ഇതിലേക്ക് ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക. വേവിച്ച ചൗവ്വരി കൂടി ചേര്‍ത്ത് വീണ്ടും വഴറ്റി, കുറുകി (കട്ടിയായി) വരുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് വഴറ്റി, തേങ്ങാപ്പാല്‍ രണ്ടാം പാലും പിന്നെ ഒന്നാം പാലും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി ഏലക്കാ പൊടിച്ചതും വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വരട്ടിയെടുത്ത മരച്ചീനി സ്ലൈസും ഇട്ട് ഇളക്കി തണുക്കുമ്പോള്‍ വിളമ്പുക.
കഞ്ഞിവെള്ളത്തില്‍നിന്ന് പാല്‍പ്പായസം
കഞ്ഞിവെള്ളം - അര ലിറ്റര്‍
പഞ്ചസാര - (125 ഗ്രാം മുതല്‍ 250 ഗ്രാം) ആവശ്യത്തിന്
ഏലക്കാ പൊടി - ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (ഒരു തേങ്ങയില്‍നിന്ന്) - 125 മില്ലിലിറ്റര്‍ (ഒന്നാം പാല്‍)
നെയ്യ്/വെളിച്ചെണ്ണ - ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - ആവശ്യത്തിന്
കഞ്ഞിവെള്ളം ഒരു ഉരുളിയില്‍ ഒഴിച്ച് അല്‍പം നെയ്യിലോ വെളിച്ചെണ്ണയിലോ വരട്ടുക. കട്ടി കൂടുമ്പോള്‍ അതില്‍ പഞ്ചസാര ഇട്ട് വീണ്ടും ഇളക്കുക. ഇതിലേക്ക് തേങ്ങാപ്പാലും വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി ഇറക്കുക.
നെല്ലിക്കാപ്പൊടി ചമ്മന്തി
നെല്ലിക്ക - 20 എണ്ണം
ഉപ്പ്, എണ്ണ - ആവശ്യത്തിന്
ഉലുവ, കായപ്പൊടി, കടുക് - ഒരു ചെറിയ സ്പൂണ്‍ വീതം
മുളക് (താളിക്കാന്‍) - 2 എണ്ണം
കറിവേപ്പില - ഒരു ഞെട്ട്
നെല്ലിക്ക ഓരോന്നും കുരുമാറ്റി മിക്‌സിയില്‍ പൊടിക്കുക. കൂടുതല്‍ ഉള്ള ചാറ് പിഴിഞ്ഞ് മാറ്റുക. അവശേഷിക്കുന്ന നെല്ലിക്കാപ്പൊടിയില്‍ ഉപ്പ് ചേര്‍ത്ത് വെക്കുക. ഒരു ഇരുമ്പ് പാനില്‍ അല്‍പം എണ്ണയൊഴിച്ച്, കടുകിട്ട് പൊട്ടിച്ച്, ഉലുവ അതിലിട്ട് വറുത്ത്, മുളകും കറിവേപ്പിലയും കായപ്പൊടിയും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് നെല്ലിക്ക (ഉപ്പിട്ടത്) പൊടിച്ചത് ചേര്‍ത്ത്, ചെറുതീയില്‍ ഇളക്കി ഈര്‍പ്പം മാറ്റുക. ഇതില്‍ ആവശ്യത്തിന് മുളകുപൊടി ചേര്‍ത്തിളക്കി ഇറക്കുക.
തണുക്കുമ്പോള്‍ ഓരോ ചെറിയ സ്പൂണ്‍ വീതം എടുത്ത് ഊണിനോടൊപ്പവും കഞ്ഞിക്കൊപ്പവും കഴിക്കാവുന്നതാണ്. കൂടുതല്‍ കാലം സൂക്ഷിക്കാനും ഉത്തമം.