ഉള്‍ത്താളുകളില്‍
ചിന്തയും പ്രവൃത്തിയും ഏറ്റം മെച്ചപ്പെട്ടതാക്കി, സമര്‍പ്പണ ഭാവത്തോടെ ഏകനായ ദൈവത്തിലേക്കടുക്കുകയാണ് ഓരോ നിമിഷവും
പരിശുദ്ധ മാസത്തിലാണ് നാം. ചിന്തയും പ്രവൃത്തിയും ഏറ്റം മെച്ചപ്പെട്ടതാക്കി, സമര്‍പ്പണ ഭാവത്തോടെ ഏകനായ ദൈവത്തിലേക്കടുക്കുകയാണ് ഓരോ നിമിഷവും. അടിച്ചും തെളിച്ചും വൃത്തിവരുത്തിയ വീടകങ്ങളും മസ്ജിദുകളും. മലിനമായതെല്ലാം നാം ഒഴിവാക്കുകയാണ്; ആദ്യം ശുദ്ധീകരിക്കുന്നത് മനസ്സാണ്; ആത്മീയത ഹൃദ്യതയോടെ അനുഭവിക്കാന്‍. ദൈവത്തിനുള്ള സമര്‍പ്പണം പ്രത്യക്ഷത്തില്‍ കാണുന്ന ആരാധന മാത്രമല്ല, ത്യാഗത്തിന്റെയും തിരസ്‌കാരത്തിന്റെയും വലിയൊരു ഭാഗം അതിലുണ്ടെന്നും തിരിച്ചറിയുന്ന ദിനരാത്രങ്ങളിലാണ് നാം. ആനന്ദവും ആസ്വാദനവും അനുഭവിക്കാന്‍ അനുവദിക്കപ്പെട്ടവനാണ് വിശ്വാസി. എങ്കിലും ഏറ്റം ഇഷ്ടപ്പെട്ടതിനെ അപരനുവേണ്ടി ത്യജിച്ച്, ഏറെ ആഗ്രഹിച്ചത് മറ്റുള്ളവര്‍ക്ക് നല്‍കി, കര്‍മങ്ങള്‍ സഫലമാക്കുന്ന പാഠങ്ങളാണ് ഓരോ നോമ്പിലൂടെയും പഠിച്ചെടുക്കുന്നത്.
റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫെന്ന ദൈവഭവനത്തിലെ രാപ്പാര്‍ക്കല്‍ ദൈവവും അടിമയും തമ്മില്‍ നേര്‍ക്കു നേരെയുള്ള ഭാഷണമാണ്. അന്യന് തിരിച്ചറിയാനാവാത്ത, അനുഭവിക്കുന്നവന് മാത്രം ആസ്വദിക്കാനാവുന്ന ആത്മീയ സാക്ഷാത്ക്കാരം. ഭാഷയും വേഷവും ആചാര പെരുമാറ്റ രീതികളും വ്യത്യസ്തമാണെങ്കിലും ലോകത്തെല്ലായിടത്തും വിശ്വാസികള്‍ ഒന്നിക്കുകയാണ്, നോമ്പിലൂടെയും നോമ്പിന്റെ പരിസമാപ്തിയായ പെരുന്നാളാഘോഷത്തിലൂടെയും.
ആത്മീയാരാധനയും ആഘോഷവും എല്ലാവര്‍ക്കും എവിടെയുമുണ്ടെങ്കിലും ഓരോരുത്തരും അതോരോന്നും അനുഭവിക്കുന്നതിന്റെ സൗന്ദര്യം വെവ്വേറെയാണ്. അതുകൊണ്ടുതന്നെയാണ് വായനക്കാര്‍ക്കായി വ്യത്യസ്ത നാടുകളിലെ പെരുന്നാളാഘോഷവും ഇഅ്തികാഫ് അനുഭവങ്ങളുമൊക്കെ ആരാമം ഒരുക്കിയത്.
ഓരോ നാടിന്റെയും സമ്പന്നതയും ദൈന്യതയും സംസ്‌കാരിക മുദ്രകളും നാം അറിയുന്നത് ആ നാടിന്റെ ഉള്ളറകളിലെ കാഴ്ചകള്‍ നമുക്കുമുന്നില്‍ വായനക്കായി എത്തുമ്പോഴാണ്. മുന്നില്‍ കാണുംപോലെ വരച്ചിടുന്ന യാത്രാ വിവരണങ്ങള്‍, ചരിത്ര ആഖ്യാനങ്ങള്‍, സാമൂഹിക പ്രശ്‌നമാകുമാറ് വ്യക്തിയും കുടുംബവും അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പ്രതിവിധിയേകുന്ന കൗണ്‍സലിംഗ് പംക്തികള്‍, സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടും പകച്ചുപോകുന്ന രോഗാവസ്ഥയെക്കുറിച്ച് അവബോധം നല്‍കുന്ന ആരോഗ്യക്കുറിപ്പുകള്‍. മനസ്സില്‍ ചേര്‍ത്തുനിര്‍ത്താന്‍ വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍ത്താളുകളിലൊരുക്കിയാണ് ഈ ലക്കം ആരാമം നിങ്ങള്‍ക്കു മുന്നിലേക്കെത്തുന്നത്.