നോമ്പും പെരുന്നാളും അമേരിക്കയിലായാലോ
ഡോ: സറിന് പി.കെ
ഏപ്രില്‍ 2023
ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മോസ്‌കുകളെ അപേക്ഷിച്ച് യുഎസിലെ മുസ്ലീം പള്ളികളുടെ പ്രത്യേകത, യുഎസിലെ പള്ളികൾ കേവലം പ്രാർത്ഥനയ്ക്കുള്ള സ്ഥലമല്ല എന്നതാണ്. മതവും സംസ്‌കാരവും നോക്കാതെ ആർക്കും കടന്നു ചെല്ലാവുന്ന സ്ഥലമാണിത്. നിരവധി സാംസ്‌കാരിക സമ്മേളനങ്ങൾ, റമദാൻ, ഈദ് ബസാർ, റോബോട്ടിക്‌സ്, കുട്ടികൾക്കുള്ള ക്വിസ് മത്സരം എന്നിവ പള്ളികളിൽ നടക്കുന്നു. മതപരമായ കാര്യങ്ങളിൽ മാത്രമല്ല, ശാസ്ത്രീയവും മറ്റ് ലൗകികവും രാഷ്ട്രീയവുമായ വിഷയങ്ങളിലും ആളുകൾ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്യാൻ വരുന്ന ഒരു സ്ഥലം കൂടിയാണിത്.
അമേരിക്കയില്‍ എനിക്കിത് റമദാന്‍, ഈദ് ആചരണത്തിന്റെ നാലാം വര്‍ഷമാണ്. മുമ്പ് സുഊദിയിലും നാട്ടിലുമുള്ള അനുഭവങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമാണ് ഇവിടത്തെ റമദാന്‍, ഈദ് ദിനരാത്രങ്ങള്‍. ഒരു റമദാനില്‍ ആദ്യമായി യു.എസില്‍ കാലുകുത്തിയ ഞങ്ങളുടെ ആശങ്കയത്രയും പിന്നീട് അതിശയമായി മാറുകയായിരുന്നു.
അമേരിക്കയില്‍ ദക്ഷിണേഷ്യന്‍, അറബ് വംശജര്‍ക്കൊപ്പം മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം ആഫ്രോ അമേരിക്കക്കാരാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സംസ്‌കാരങ്ങള്‍ പിന്തുടരുന്ന ആളുകളെ ഇവിടെ കാണാം. ഓരോരുത്തര്‍ക്കും യു.എസിലേക്കുള്ള തങ്ങളുടെ യാത്രയെക്കുറിച്ച് പങ്കിടാന്‍ ആവേശകരമായ കഥകള്‍ ഉണ്ടായിരിക്കും. അഭയാര്‍ഥികളായും വിദ്യാര്‍ഥികളായും പ്രഫഷണലുകളായും വന്നവര്‍ കൂട്ടത്തിലുണ്ട്. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തെന്ന് പറയാവുന്ന മസ്ജിദ് അഞ്ച് കിലോമീറ്റര്‍ അകലെയാണ്. റമദാനിനായുള്ള ഒരുക്കങ്ങള്‍ വിശുദ്ധ മാസത്തിന് ഒന്നുരണ്ട് മാസം മുമ്പുതന്നെ ആരംഭിക്കും. ശാരീരികമായും മാനസികമായും റമദാന്‍ മാസത്തേക്കുള്ള തയ്യാറെടുപ്പിനായി പതിവ് വാരാന്ത്യ സെഷനുകള്‍ കാര്യക്ഷമമാക്കും. അതോടൊപ്പം ധനസമാഹരണ പരിപാടികളും ഉണ്ടായിരിക്കും. റമദാനിന് മുമ്പുള്ള വാരാന്ത്യങ്ങളില്‍, പള്ളികള്‍ കേന്ദ്രീകരിച്ച് ഇശാ മുതല്‍ ഫജ് ർ വരെ ഹദീസ് ക്ലാസ്സുകള്‍, ഖുര്‍ആന്‍ പാരായണം, ഭക്ഷണം, രസകരമായ ഗെയിമുകള്‍ പോലുള്ള പരിപാടികളുണ്ടാവും. ഖിയാമുല്ലൈലിനായി ആളുകള്‍ക്ക് പരിശീലനം നല്‍കാനാണ് ഇത് ചെയ്യുന്നത്. കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണം, ബാങ്കുവിളി മത്സരങ്ങളും നടക്കും. ഇഫ്ത്വാറിനും തറാവീഹിനുമായെത്തുന്ന ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകളെ ഞങ്ങള്‍ കണ്ടുമുട്ടുന്നത് പള്ളികളില്‍ വെച്ചാണ്.
പള്ളികളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. മസ്ജിദിലെ ഓരോ ചടങ്ങുകള്‍ക്കു ശേഷവും അവിടെ ഒത്തുകൂടിയ ആളുകള്‍ തന്നെ അവിടെയെല്ലാം വൃത്തിയാക്കി അടുത്ത ദിവസത്തേക്കാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും അതില്‍ സന്തോഷത്തോടെ പങ്കാളിയാവുകയും ചെയ്യും. കൂടാതെ സന്നദ്ധ പ്രവര്‍ത്തകനാകാനുള്ള ഫോമുകള്‍ അതുവരെ അംഗത്വമെടുക്കാത്തവര്‍ക്കെല്ലാം നല്‍കും. അതില്‍ സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തങ്ങള്‍ക്ക് സൗകര്യപ്രദമായ ദിവസവും സമയവും അതില്‍ കുറിക്കണം. നിരവധി കുട്ടികളും കോളേജ് വിദ്യാര്‍ഥികളും ഈ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നു.
ഈ ദിവസങ്ങളില്‍ മസ്ജിദ് സന്ദര്‍ശിക്കുന്ന മറ്റു മതക്കാരുമുണ്ട്. മുസ്‌ലിംകളല്ലാത്തവരെ സ്ഥിരമായി പള്ളികളില്‍ കണ്ട് ആശ്ചര്യം തോന്നിയിട്ടുണ്ട്. ചിലര്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും ആളുകളുമായി ഇടപഴകാനും വരുന്നു. മറ്റു ചിലര്‍ക്കിത് പുതിയ തിരിച്ചറിവുകളാണ്. ആളുകള്‍ അവിടെവെച്ച് ശഹാദത്ത് ചൊല്ലുന്നതും ഞങ്ങള്‍ കണ്ടു. അവരുടെ ജീവിത കഥകള്‍ കേള്‍ക്കുന്നത് കൗതുകമാണ്. ഇസ്ലാമിക പണ്ഡിതന്മാരുടെ പ്രതിവാര സെഷനുകള്‍ സജീവമായി നടത്തപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ഇസ്‌ലാമിക് കമ്യൂണിറ്റിയും ഞങ്ങള്‍ക്കുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്ത പ്രോഗ്രാമുകളും ഇസ്ലാമിക പ്രശ്‌നോത്തരിയും നടത്തപ്പെടുന്നു.
പെരുന്നാള്‍ ദിനത്തിനായി ആവേശകരമായ കാത്തിരിപ്പാണ്. അന്ന് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഘോഷിക്കുന്നവര്‍ക്ക് ആബ്‌സെന്റ് അടയാളപ്പെടുത്താതെ സ്‌കൂളുകളും ഓഫീസുകളും അവധി നല്‍കുന്നു. റമദാന്‍, ഈദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ ഗിഫ്റ്റ് ബാഗുകളുണ്ടാക്കി ഞങ്ങളെല്ലാം ജോലിസ്ഥലത്തെയും മറ്റും സുഹൃത്തുക്കള്‍ക്കായി കരുതിവെക്കും. കുട്ടികള്‍ അവരുടെ സ്‌കൂളുകളിലും അവ വിതരണം ചെയ്യുന്നു.
ഈദ് നമസ്‌കാരം തുറസ്സായ സ്ഥലങ്ങളിലും മസ്ജിദുകളിലും നടക്കുന്നു. ഞങ്ങളുടെ മസ്ജിദില്‍, മൂന്ന് തവണകളായാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുന്നത്. അതിനായി ഞങ്ങള്‍ ഞങ്ങളുടെ സ്ലോട്ട് ഓണ്‍ലൈനിലാണ് ബുക്ക് ചെയ്യുന്നത്. കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഈദ് ബസാര്‍, രസകരമായ ഗെയിമുകള്‍, മൈലാഞ്ചി പെയിന്റിംഗ് എന്നിവ മസ്ജിദ് സമുച്ചയത്തില്‍ സംഘടിപ്പിക്കും. വിവിധ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യപ്പെടും. ആളുകള്‍ ആശംസകളും അഭിവാദ്യങ്ങളും കൈമാറും. ഇതിനെല്ലാം പുറമെ ഞങ്ങള്‍ മലയാളികള്‍ക്ക് മാത്രമായി വേറെയും കൂട്ടായ്മകളുണ്ട്. അതില്‍ ഉച്ചഭക്ഷണവും അത്താഴ വിരുന്നും ഏര്‍പ്പാടുചെയ്ത് വിനോദങ്ങളും മറ്റു സന്തോഷങ്ങളുമായി ഈദ് ക്യാമ്പുകള്‍ ഒന്നോ രണ്ടോ ദിവസം വരെ നീണ്ടുനില്‍ക്കാറുണ്ട്.
l