''ഭൂകമ്പത്തില്‍ മൃതിയടഞ്ഞ കുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു?''
ഡോ. ജാസിം അല്‍ മുതവ്വ
ഏപ്രില്‍ 2023
പ്രകൃതി ദുരന്തങ്ങള്‍ ദൈവിക സന്ദേശങ്ങളാണ്.
തുര്‍ക്കിയിലും സിറിയയിലും ഈയിടെയുണ്ടായ ഭൂകമ്പത്തില്‍ ദുഃഖാകുലനായ എന്റെ മകന്‍ ചോദിക്കുകയാണ്, ''ആയിരക്കണക്കില്‍ കുഞ്ഞുങ്ങളും ഈ ഭൂകമ്പങ്ങള്‍ക്കിരയായി മരിച്ചു പോയല്ലോ. അപ്പോള്‍ എവിടെയാണ് ഉപ്പാ, അങ്ങ് പറയുന്ന അല്ലാഹുവിന്റെ കാരുണ്യം? കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് ശ്വാസം മുട്ടി മരിക്കേണ്ടി വന്ന ആ കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? സാധുക്കളും ദരിദ്രരുമായ ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറിയ അല്ലാഹു നീതിയാണോ ചെയ്തത്? ആ കുഞ്ഞുങ്ങളെച്ചൊല്ലി കണ്ണീരൊഴുക്കുന്ന മാതാപിതാക്കളുടെ ദുരിതത്തില്‍ എവിടെയാണ് കരുണ? എവിടെയാണ് നീതി?'' ഒറ്റ വീര്‍പ്പില്‍ അവന്റെ ചോദ്യശരങ്ങള്‍ എന്നെത്തേടിയെത്തി.
ഞാന്‍ പറഞ്ഞു: 'കുഞ്ഞേ, ഇതുപോലെ ഹൃദയഭേദകമായ പ്രകൃതി ദുരന്തങ്ങളും വിപത്തുകളും കാണുമ്പോള്‍, ഈ ദൃശ്യങ്ങളെ ബാഹ്യതലത്തിലേ നാം നോക്കിക്കാണുന്നുള്ളൂ. നമുക്ക് അജ്ഞാതവും ഗോപ്യവുമായ നിരവധി തത്ത്വങ്ങള്‍ അവയില്‍ അന്തര്‍ഭവിച്ചിട്ടുണ്ടാകും. അവന്‍ ചെയ്യുന്നതൊക്കെ കരുണയാണ്. അവന്‍ ആരോടും അക്രമം പ്രവര്‍ത്തിക്കില്ല. ഈ വിപത്തുകളില്‍ മരണമടയുന്ന കുഞ്ഞുങ്ങളുടെയെല്ലാം ആയുസ്സ് നേരത്തെ രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്. അവരുടെ വയസ്സും അവധിയുമൊക്കെ മുന്‍കൂട്ടി കണക്കാക്കിയിട്ടുള്ളതുമാണ്. കുഞ്ഞ് മരിക്കുമ്പോള്‍ അവന്‍ അവന്റെ സ്വര്‍ഗവാസം ഉറപ്പിക്കുകയാണ്. അത് അല്ലാഹു നല്‍കിയ ഉറപ്പാണ്. അതൊരു വലിയ അനുഗ്രഹമല്ലേ? നമുക്ക് അത് ഗ്രഹിക്കാന്‍ കഴിയുന്നില്ല. നാം വേദനയുടെയും സങ്കടങ്ങളുടെയും കാഴ്ചകള്‍ മാത്രമേ കാണുന്നുള്ളൂ.
ഭൂകമ്പത്തില്‍ തകര്‍ന്നടിയുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് മരണമടയുന്ന സത്യവിശ്വാസിയും തന്റെ നാഥന്റെ സന്നിധിയില്‍ ജീവിച്ചിരിക്കുന്നവനും രക്തസാക്ഷിയാണ്. ഭയവിഹ്വലരായി നാള്‍ കഴിക്കേണ്ടി വരുന്നവരെല്ലാം നാളെ പരലോകത്ത് ഉണ്ടാവുന്ന കൊടിയ ഭയ സംഭ്രാന്തികളില്‍നിന്നും വിഹ്വലതകളില്‍നിന്നും രക്ഷപ്രാപിക്കുന്നവരാകുന്നു. ഇഹലോകം പരീക്ഷണ ഗേഹമാണ്. വിശ്വാസിയെ അല്ലാഹു തീക്ഷ്ണ പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കുന്നത് അയാളുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനും അയാളുടെ പദവികള്‍ ഉയര്‍ത്താനും നന്മകള്‍ വര്‍ധിപ്പിക്കാനുമാണ്. ഈ ദുരന്തങ്ങള്‍ക്ക് വിശ്വാസി എന്നോ അവിശ്വാസി എന്നോ ഉള്ള വ്യത്യാസമില്ല. അതില്‍ ധാരാളം യുക്തികളുണ്ട്. പ്രാപഞ്ചിക നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ ജലപ്രളയത്തില്‍ മുങ്ങി. ആസ്‌ത്രേലിയയില്‍ കാട്ടുതീ പടര്‍ന്നു, സര്‍വം ചുട്ടുചാമ്പലാക്കി. ചില രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചയും ക്ഷാമവുമാണ്. ചിലയിടങ്ങളില്‍ ചുഴലിക്കാറ്റും അഗ്നിപര്‍വത സ്‌ഫോടനവുമാണ്. ജപ്പാന്‍ അണുബോംബ് വീണ്
പ്രകൃതി ദുരന്തങ്ങള്‍ ദൈവിക സന്ദേശങ്ങളാണ്. അവയില്‍ ഉണര്‍ത്തലുണ്ട്, ഭയപ്പെടുത്തലുണ്ട്, താക്കീതുണ്ട്, ശിക്ഷയുണ്ട്, അല്ലാഹുവിന് മാത്രം അറിയുന്ന യുക്തിയും രഹസ്യങ്ങളുമുണ്ട്. തന്റെ കൊച്ചു കുഞ്ഞ് മരിച്ചാലും സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അത് പരീക്ഷണമാണ്. സ്വര്‍ഗത്തിലെ പറവയായിരിക്കും ആ കുഞ്ഞ്. നബി(സ) ഒരിക്കല്‍ പത്‌നി ആഇശ(റ)യോടു ചോദിക്കുകയുണ്ടായി: 'നിനക്കറിയില്ലേ, അല്ലാഹു സ്വര്‍ഗവും നരകവും സൃഷ്ടിച്ചെന്നും ഓരോന്നിനും അവകാശികളെ നിര്‍ണയിച്ചെന്നും?' മുതിര്‍ന്നവര്‍ മരിച്ചാലും ദുരിതത്തിന് ഇരയായാലും അവര്‍ക്ക് അതിന്റെ പ്രതിഫലമുണ്ട്.
ഈ ലോകത്തുണ്ടാവുന്ന സംഭവങ്ങളെയും ദുരന്തങ്ങളെയും നാം ഈ വിധമാണ് നോക്കിക്കാണുന്നത്. പരീക്ഷണങ്ങളിലെ തത്ത്വവും യുക്തിയും പലവിധത്തിലായിരിക്കും. പരീക്ഷണങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് പ്രധാനം. ദുരന്തങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ എന്തു വേണമെന്ന പാഠവും പഠിക്കാനുണ്ട്. ക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും വിപത്ത് വന്നപ്പോള്‍ യൂസുഫ് നബി(അ) അവ നേരിട്ട രീതി പഠിക്കേണ്ടതാണ്. അതിനെ നേരിടാന്‍ അദ്ദേഹം ആസൂത്രണം നടത്തിയും പദ്ധതി ആവിഷ്‌കരിച്ചും തല്‍സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചു. അതുപോലെ പ്രവാചകന്‍ നൂഹ് നബി(അ)യുടെ കഥയും. പ്രളയവും അത് ഉളവാക്കുന്ന നാശനഷ്ടങ്ങളും നേരിടാന്‍ അദ്ദേഹം ആസൂത്രണം നടത്തി. അദ്ദേഹം കപ്പല്‍ പണിതു. രക്ഷാദൗത്യമായിരുന്നു അത്. ജനങ്ങളെയും ജന്തുക്കളെയും അദ്ദേഹം രക്ഷിച്ചു. പക്ഷേ, ഇന്ന് നമ്മുടെ കഥയെന്താണ്? ദുരന്തങ്ങള്‍ നേരിടുന്നതില്‍ വളരെ പിറകിലാണ് നാം. ആസൂത്രണത്തിലും നാം വീഴ്ച വരുത്തുന്നു. ഭൂകമ്പത്തോടൊപ്പം ജീവിക്കാനും അതിനോട് താദാത്മ്യപ്പെട്ട് അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ തേടാനും ശാസ്ത്രവും സാങ്കേതിക വിദ്യയും ജപ്പാന്‍ വികസിപ്പിച്ചെടുത്തു. അവ മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ കഴിയുന്നത്ര കുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.'
എന്റെ മകന്‍ പറഞ്ഞു: 'ജീവിത സംഭവങ്ങളെ എങ്ങനെ നോക്കിക്കാണണമെന്ന് എനിക്ക് മനസ്സിലായി. എന്നാലും ഈ ദുരന്തങ്ങള്‍ കുടുംബാംഗങ്ങളെ വേര്‍പിരിച്ചുവല്ലോ. മക്കളെ മാതാപിതാക്കളില്‍നിന്ന് അകറ്റിയല്ലോ?''
ഞാന്‍: 'ഇഹലോകത്ത് ഇത് ശരിതന്നെ. ഇഹലോകത്ത് വേര്‍പെട്ടാലും പരലോകത്ത് അല്ലാഹു അവരെയെല്ലാം ഒന്നിച്ചു ചേര്‍ക്കും. ഇഹലോകത്തെ വിശ്വാസികുടുംബം പരലോകത്തും അങ്ങനെ തന്നെയാവും. 'സത്യവിശ്വാസികളും വിശ്വാസത്തില്‍ ഒരു അളവോളം അവരെ പിന്‍പറ്റിയ സന്താനങ്ങളും ആ സന്താനങ്ങളെ നാം സ്വര്‍ഗത്തില്‍ അവരോടൊപ്പം ചേര്‍ക്കും. അവരുടെ യാതൊരു കര്‍മത്തെയും കിഴിച്ചു കളയുന്നതല്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് പണയമാകുന്നു. '(അത്വൂര്‍ 21). നാം സംഭവങ്ങളെ ഇരുകണ്ണുകള്‍ കൊണ്ടും കാണണം;
വിവ: പി.കെ.ജെ