സങ്കുചിതമായ പരമ്പരാഗത കാഴ്ചപ്പാടുകളില്‍നിന്ന് ഭിന്നമായ സംഗതികളെ കൂടി
ഉള്‍ക്കൊള്ളാനുള്ള മാനസിക വ്യാപ്തി സമൂഹം ശീലിക്കേണ്ടതുണ്ട്.
ഫാത്തിമക്ക് വലിയ സ്വപ്നമായിരുന്നു ഉന്നത കലാലയത്തിലെപഠനം
ഡിഗ്രി കഴിഞ്ഞതോടുകൂടി വിവാഹം ഉറപ്പിച്ചുവെക്കുകയോ കല്യാണം കഴിപ്പിക്കുകയോ ചെയ്യാം എന്നായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചിരുന്നത്. പഠനം തുടരുകയുമാവാം. എന്നാല്‍, പി.ജി പഠനം കഴിഞ്ഞ ഫാത്തിമ തനിക്ക് സ്വല്‍പം കൂടി സമയം വേണമെന്നും ചില പ്രിപ്പറേഷനുകള്‍ ഉണ്ടെന്നും അല്‍പം കൂടി ആലോചിക്കാനുള്ള സമയം തരണമെന്നും അപേക്ഷിച്ചു.
പ്രായം ഇരുപത്തിമൂന്ന് പിന്നിട്ടപ്പോള്‍ വീട്ടുകാരുടെ ആകുലത വര്‍ധിച്ചു. പലതരം കാരണങ്ങള്‍ പറഞ്ഞ് അവള്‍ വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു. പല മാരിറ്റല്‍ കൗണ്‍സിലര്‍മാരെയും കാണിച്ചു. വല്ല റിലേഷന്‍ഷിപ്പും ഉണ്ടോ എന്നായിരുന്നു വീട്ടുകാരുടെ സംശയം. ഇഷ്ടപ്പെടുന്ന വല്ല ബന്ധങ്ങളും ഉണ്ടെങ്കില്‍, യോജിക്കാന്‍ പറ്റുന്നതാണെങ്കില്‍ വിവാഹം കഴിപ്പിച്ചുതരാം എന്ന വാഗ്ദാനവും കൊടുത്തു.
പക്ഷേ, അവള്‍ക്ക് അത്തരത്തിലുള്ള റിലേഷന്‍ഷിപ്പുകളൊന്നും ഇപ്പോഴില്ല. ഉണ്ടായിരുന്ന ബന്ധം അധികകാലം നിലനിന്നുമില്ല. മാത്രമല്ല, ആ ബന്ധത്തില്‍നിന്നുണ്ടായ ചില തിക്താനുഭവങ്ങള്‍ അവളെ കൂടുതല്‍ മുന്‍വിധികള്‍ക്ക് കാരണമാക്കുകയും ചെയ്തു. ഫാത്തിമക്ക് തീരുമാനമെടുക്കാന്‍ ഇനിയും കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ഫാത്തിമയുമായി കുടുംബാംഗങ്ങള്‍ ക്ലിനിക്കിലെത്തുന്നത് അവള്‍ക്ക് ഇരുപത്തിനാല് വയസ്സ് കഴിഞ്ഞ സമയത്താണ്. അവള്‍ മനസ്സ് തുറന്നു: 'ഞങ്ങള്‍ കൂട്ടുകാരികള്‍ തമ്മില്‍ കുടുംബ ജീവിതത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകളുണ്ടാവും; പഠനവും ജോലിയും സ്ഥിര വരുമാനവുമൊക്കെയായതിനുശേഷം മാത്രം വിവാഹം കഴിച്ചാല്‍ മതി എന്നാണ് അതില്‍നിന്ന് എത്തിച്ചേര്‍ന്ന ധാരണ.
കല്യാണം എന്നത് അടച്ചിടപ്പെട്ട ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമോ എന്നായിരുന്നു ഞങ്ങളുടെ ഭയം. കൂടെയുണ്ടായിരുന്ന കൂട്ടുകാരികളില്‍ ചിലര്‍ വിവാഹിതരായതില്‍ പിന്നെ, അവര്‍ വിഹരിച്ചിരുന്ന മണ്ഡലങ്ങളില്‍നിന്നെല്ലാം അപ്രത്യക്ഷരായി. ചിലര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളുമായി ഒതുങ്ങി.'
ഫാത്തിമ തുടര്‍ന്നു..
'നിരവധി സിദ്ധികളുണ്ടായിരുന്ന, സമൂഹത്തില്‍ പല നിലക്കും ശോഭിക്കാന്‍ ശേഷിയുണ്ടായിരുന്ന പലരും കോംപ്രമൈസ് ചെയ്ത് പ്രഭവങ്ങളില്‍നിന്ന് അസ്തമിച്ചു പോയി. മറ്റൊരാളോട് എന്തിനും ഏതിനും സമ്മതം വാങ്ങി ജീവിക്കേണ്ട, സാമ്പത്തികമായി പൂര്‍ണ ആശ്രിതത്വവും ഒരുതരം 'അടിയറവ്' പറയേണ്ടുന്ന അവസ്ഥയുമാണത്. അതിനാല്‍, മനസ്സില്‍ ആഗ്രഹിച്ചതു പോലുള്ള അല്‍പം യാത്രകളും തുറസ്സും അനുഭവിച്ച ശേഷം മതി വിവാഹം എന്നാണ് ഞങ്ങള്‍ കൂട്ടുകാരികള്‍ എടുത്ത തീരുമാനം. ഈ തീരുമാനം വീട്ടുകാരെ അറിയിച്ചാല്‍ സമ്മര്‍ദം ശക്തമാവും, അതുകൊണ്ട് ഇക്കാര്യം അവരോട് പറഞ്ഞിട്ടുമില്ല.' നിരവധി ഫാത്തിമമാരാണ് സമാനമായ കാരണങ്ങളാല്‍ വിവാഹം വൈകിപ്പിക്കുന്നത്. അതിനവര്‍ വ്യത്യസ്തമായ കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
വിദേശത്തും സ്വദേശത്തും യൂനിവേഴ്സിറ്റികളില്‍ പഠനം തുടരുന്ന കുട്ടികള്‍ക്കിടയില്‍ വിവാഹ സങ്കല്‍പത്തെക്കുറിച്ച് പുതിയതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ധാരണകള്‍ ചര്‍ച്ച ചെയ്യാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഈ വിഷയത്തെ ആരോഗ്യകരമായി അഭിമുഖീകരിക്കേണ്ടതുണ്ട്.
പുതു തലമുറയുടെ നവീന ആശയങ്ങള്‍ കേള്‍ക്കുകയും ധാര്‍മിക- സാമൂഹിക മൂല്യങ്ങളുടെ അടിത്തറകളില്‍ നിന്നുകൊണ്ട്, അവ എങ്ങനെ കാലോചിതമായി നിര്‍വചിക്കാന്‍ കഴിയും എന്ന് ആലോചിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഫാത്തിമയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിലുള്ള നിരവധി പേര്‍ ക്ലിനിക്കില്‍ വന്നുകൊണ്ടിരിക്കുന്നു. അവരുടെ ആശങ്കകളില്‍ ചിലത് സങ്കീര്‍ണമാണ്. എങ്കിലും അവരെ ആഴത്തില്‍ മനസ്സിലാക്കാനായാല്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ നേരിടാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുന്നുണ്ട്. ചിലര്‍ ചോദിച്ചത് 'നിലനില്‍ക്കുന്ന സാമ്പ്രദായിക കുടുംബ ജീവിതം തന്നെ വേണ്ടതുണ്ടോ, എന്തിനാണ് അതിലിത്ര നിര്‍ബന്ധം പിടിക്കുന്നത്' എന്നാണ്.
കേവലം ഒരു സൗഹൃദ പങ്കാളി പോരേ, പരസ്പര ബാധ്യതകളില്ലാതെ സഹായമായി നിന്നുകൊണ്ട് ജീവിക്കാനാവില്ലേ, എന്നൊക്കെയുള്ള വേണ്ടത്ര ആലോചനകളില്ലാത്ത ചോദ്യങ്ങള്‍ വരെ ഉയര്‍ന്നുവരുന്നു.
ലിവിങ് ടുഗദറും, വിവാഹം കഴിക്കാതെ സ്വതന്ത്രമായി നിലനില്‍ക്കുന്നതിനെ കുറിച്ചും അവര്‍ ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെ പലരുടെയും വൈയക്തിക അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് ഇത്തരക്കാരില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്.
ദാമ്പത്യ ജീവിതത്തിലെ സ്വാതന്ത്ര്യം
വിദ്യാഭ്യാസപരമായും സാമൂഹികമായും വലിയ ഒരു തുറസ്സിലേക്ക് പുതു തലമുറ വന്നു എന്നത് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. എന്നാല്‍, ദാമ്പത്യ സങ്കല്‍പത്തില്‍ ഉണ്ടായിട്ടുള്ള വികലമായ ചില വീക്ഷണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയ തലമുറ അവരുടെ പങ്കാളികള്‍ക്കാവശ്യമായ ഒരു സ്പേസ് നല്‍കുന്നതില്‍ പരസ്പരം ധാരണയുള്ളവരാണ്. നാം ഇപ്പോള്‍ ഒരു ട്രാന്‍സിഷന്‍ പിരീഡിലാണ്, പഴയ തലമുറകളുടെ ആണ്‍ മേല്‍ക്കോയ്മാ സങ്കല്‍പത്തില്‍നിന്ന് റോളുകളുടെ കൃത്യമായ പങ്കുവെക്കലിലൂടെ പരസ്പര ധാരണയില്‍ ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാനുള്ള പരിശ്രമത്തിലാണ് പുതു തലമുറ.
മനസ്സില്‍ തറഞ്ഞുപോയ യാഥാസ്ഥിതിക കുടുംബസങ്കല്‍പങ്ങളുടെ അട്ടിപ്പേറുകളില്‍നിന്ന് പുതിയ കാലത്തെ കുടുംബ ജീവിതത്തിന്റെ പൊളിച്ചെഴുത്തുകളിലേക്ക് അവര്‍ നടന്നുതുടങ്ങുകയാണ്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ശക്തമായ ഊന്നല്‍ നല്‍കിയതുകൊണ്ട് ആ രംഗത്ത് മികച്ച മുന്നേറ്റം സാധ്യമായി. അതവര്‍ക്കു മുന്നില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്നുകൊടുത്തു. സാമ്പത്തിക അസ്തിത്വം അവരുടെ വ്യക്തിത്വത്തിന് കരുത്തു പകര്‍ന്നു. അവരില്‍ അത് ആത്മവിശ്വാസം വളര്‍ത്തി. ഇത് ഉള്‍ക്കൊള്ളാന്‍ ജീവിതപങ്കാളികളായി വരുന്ന ചെറിയ ശതമാനം പുരുഷന്‍മാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആയിട്ടില്ല എന്നത് വസ്തുതയാണ്. ഇത്തരത്തിലുള്ള സാമൂഹിക ക്രമത്തില്‍ വ്യക്തി, തൊഴില്‍, സമ്പത്ത്, ഉത്തരവാദിത്വങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ആലോചനകള്‍ ഉണ്ടാവേണ്ടതുണ്ട്.
വിദ്യാഭ്യാസ, തൊഴില്‍ രംഗത്ത് ഉയര്‍ന്ന സ്വപ്നങ്ങളുള്ള ഒരു തലമുറ, അവരുടെ ജീവിത ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നതിന് വിവാഹം തടസ്സമാകുമോ എന്ന് ഭയപ്പെടുന്നു. സ്വന്തമായി തൊഴില്‍ കണ്ടെത്തി അവനവന്റെ വരുമാനത്തില്‍ ജീവിതം കെട്ടിപ്പടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മറ്റൊരാളുടെ ആശ്രിതയായി നില്‍ക്കാന്‍ അവര്‍ തല്‍പരരല്ല. അവര്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നു. കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. തനിക്കായുള്ള ഇടങ്ങള്‍ എന്ന ചിന്ത കൂടുതലായി വികസിച്ചുവന്നിരിക്കുന്നു. സങ്കുചിതമായ പരമ്പരാഗത കാഴ്ചപ്പാടുകളില്‍നിന്ന് ഭിന്നമായി ഇത്തരം സംഗതികളെ കൂടി ഉള്‍ക്കൊള്ളാനുള്ള മാനസിക വ്യാപ്തി സമൂഹം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ധാര്‍മിക അടിത്തറകളിലൂന്നി നിന്നുകൊണ്ട് പുതു തലമുറയില്‍ അവര്‍ സ്വാംശീകരിക്കേണ്ട ചില ചിട്ടവട്ടങ്ങള്‍ കൂടി ചേര്‍ന്നാല്‍ മനോഹരമായ ഒരു സമവായത്തിന് കാരണമായേക്കും.
രണ്ട് തലമുറകള്‍ ഇരു ധ്രുവങ്ങളില്‍ നിന്ന് ഈ ട്രാന്‍സിഷന്‍ പിരീഡിലൂടെ കടന്നുപോകുന്നതിന് പകരം പരസ്പരം മനസ്സിലാക്കാനുള്ള സാധ്യതകള്‍ വികസിപ്പിക്കണം. കുട്ടികളുടെ ബുദ്ധിപരമായ വികാസങ്ങളെയും അവര്‍ക്ക് കാലം നല്‍കിയിട്ടുള്ള അവസരങ്ങളെയും നാം അല്‍പം കൂടി വിശാലമായി മനസ്സിലാക്കണം. പുതു തലമുറയെ സംബന്ധിച്ചേടത്തോളം മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുന്നതില്‍ അവരവരുടെ പങ്കും മറന്നുപോകരുത്. അവരെ മാനിച്ചുകൊണ്ടു തന്നെ തങ്ങളുടെ അഭിലാഷങ്ങളെ ബലി കഴിക്കാതെ ഒരു മധ്യമ നിലപാടാണ് സ്വീകരിക്കേണ്ടത്.
പുതു തലമുറ പങ്കാളികളെ കണ്ടെത്തുമ്പോള്‍ കൃത്യമായി അവരുടെ അഭിരുചികളെ പരസ്പരം പറഞ്ഞും ഇഷ്ടാനിഷ്ടങ്ങള്‍ കൃത്യമായി മനസ്സിലാക്കിയും മാത്രമേ മുന്നോട്ട് പോകാവൂ.
പലപ്പോഴും വിവാഹ ജീവിതം തുടങ്ങി അധിക നാള്‍ മുമ്പോട്ട് പോകുന്നതിനു മുമ്പ് തന്നെ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളും പിരിയുന്ന സാഹചര്യവും കാണാനിടയാവുന്നുണ്ട്. തന്റെ ഇഷ്ടാനിഷ്ടങ്ങളെയും സ്വപ്നങ്ങളെയും മാതാപിതാക്കള്‍ക്കും വിവാഹം കഴിക്കുന്ന ആള്‍ക്കും വേണ്ടി ബലികഴിച്ച് ജീവിതത്തെ അരിഞ്ഞ് പരുവപ്പെടുത്തി ഒതുങ്ങുകയായിരുന്നു പണ്ട്.
അത് ശരിയായ ഒരു രീതിയല്ലെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും സ്പേസും അവരുടെ ഇഷ്ടാനിഷ്ടങ്ങളും മാനിച്ചുകൊണ്ട് പരസ്പര ബഹുമാനത്തിലും ധാരണയിലും കുറെക്കൂടി മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാം എന്നത് പുതിയ തലമുറയിലെ കുട്ടികള്‍ നമുക്കു മുമ്പില്‍ ജീവിച്ചു കാണിച്ചു തരുന്നുമുണ്ട്.
രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ ഭാര്യ, ഭര്‍ത്താവ് ബന്ധങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന രീതിയില്‍നിന്ന് ഏറെ വ്യത്യസ്തമായി, പുരോഗമനപരവും ആരോഗ്യകരമായ ബന്ധത്തിന്റെ പുതിയ രസതന്ത്രം രൂപപ്പെട്ടുവരുന്നുണ്ട്. മുമ്പത്തെപ്പോലെ സഹനവും ക്ഷമയും സാമൂഹിക കെട്ടുപാടുകളും ഓര്‍ത്ത് ത്യാഗം ചെയ്യുന്നതിനും അവര്‍ക്ക് പരിധികളുണ്ട്.
കുറച്ചുകൂടി സ്വതന്ത്രമായ ആകാശം രൂപപ്പെട്ടിട്ടുള്ളതുകൊണ്ട് തന്നെ ബന്ധങ്ങള്‍ നിലനില്‍ക്കാതെ പോകുന്നു. അതുകൊണ്ട് അഭിരുചികളും അഭിലാഷങ്ങളും ജീവിതവീക്ഷണങ്ങളും മുന്‍കൂട്ടി കൃത്യമായി പരസ്പരം കൈമാറുന്നത് ഏറെ ആരോഗ്യകരമായ കുടുംബ ജീവിതത്തിന് സഹായകരമാവും.